കല്‌കി
ഹൈന്ദവ വിശ്വാസമനുസരിച്ച്, മഹാവിഷ്‌ണുവിന്റെ പത്തവതാരങ്ങളില്‍ അവസാനത്തേത്. ഖഡ്‌ഗി എന്നും പറയാറുണ്ട്. കലിയുഗാവസാനത്തില്‍ ലോകമെങ്ങും ധര്‍മത്തിന് ഗ്ലാനിയും അധര്‍മത്തിന് അഭ്യുത്ഥാനവും ഉണ്ടാകുമ്പോള്‍ ദുഷ്‌കൃതികളുടെ വിനാശത്തിനായി ശാംഭള ഗ്രാമത്തില്‍ വിഷ്‌ണുയശസ്സെന്ന (വിഷ്‌ണുയശസ്സിന്റെ പുത്രനെന്നും ചിലേടത്ത് കാണുന്നു) ബ്രാഹ്മണനായി വിഷ്‌ണു അവതരിച്ച് അശ്വാരൂഢനായി തന്റെ വാളുകൊണ്ട് പാപികളെയെല്ലാം സംഹരിച്ച് ധര്‍മം പുനഃസ്ഥാപിക്കുമെന്ന് മഹാഭാരതം, അധ്യാത്മരാമായണം, ഭാഗവതം, പദ്‌മപുരാണം, അഗ്‌നിപുരാണം, കല്‌കിപുരാണം തുടങ്ങിയ പ്രാചീന പുരാണേതിഹാസങ്ങളില്‍ വിവരിച്ചിരിക്കുന്നു. മഹാഭാരതപ്രകാരം കല്‌കിയുടെ അവതാരത്തിന് ഇനി നാലുലക്ഷത്തി ഇരുപത്താറായിരത്തിത്തൊള്ളായിരത്തില്‍പ്പരം സംവത്‌സരങ്ങള്‍ കഴിയേണ്ടതുണ്ട്.
"മിന്നുന്ന കല്‌കി തനു പൂണ്ടൊരുവാളുമേന്തി സ്‌സന്നദ്ധനായ് കുതിരമേലേഴുന്നെള്ളുവോന്‍ നീ'
എന്ന് പുനം നമ്പൂതിരി രാമായണചമ്പുവില്‍ കല്‌കിയെ സ്‌തുതിക്കുന്നു. അവതാരസങ്കല്‌പത്തില്‍ അധര്‍മസംഹാരത്തിന്റെയും ധര്‍മപ്രതിഷ്‌ഠയുടെയും മൂര്‍ത്തീകരണമായാണ് കല്‌കി നിലകൊള്ളുന്നത്. കല്‌കി എന്ന പദത്തിന് ദുഷ്ടമായ, പാപമുള്ള എന്നൊക്കെ അര്‍ഥം പറഞ്ഞുകാണുന്നുണ്ട് (കല്‌കം = പാപം). തലപ്പാവില്‍ പിടിപ്പിക്കുന്ന ഒരു അലങ്കാരത്തിനും കല്‌ക്കി (പേര്‍ഷ്യന്‍) അല്ലെങ്കില്‍ കല്‌കി എന്നു പേരുണ്ട്
No comments:
Post a Comment