Monday, April 02, 2018

വിടർന്ന പുഞ്ചിരിയുടെ അകമ്പടിയുള്ള തിളങ്ങുന്ന കണ്ണുകളുമായാണ് അയാൾ ഓടി വന്നത്. ‘സ്വാമിജി വിശ്വസിക്കുമോ എന്നറിയില്ല. ഇന്നു കാലത്ത് ട്രെയിൻ കയറുമ്പോൾ യാദൃശ്ചികമെന്നോണം ഞാൻ സ്വാമിജിയെ ഓർത്തു. ഇക്കഴിഞ്ഞ സ്റ്റേഷനിൽ നിന്നും സ്വാമിജി ഇതേ കംപാർട്ട്മെന്റിൽ കയറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.’
മുഖവരയായി അദ്ദേഹം ഇത്രയും പറഞ്ഞു. പരസ്പരം യാത്രോദ്ദേശങ്ങൾ ഞങ്ങൾ കൈമാറി. അദ്ദേഹം ഒര കോൺട്രാക്റ്ററാണ്. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നു. ‘എനിക്ക് തീർത്ഥാടനത്തിൽ വലിയ താത്പര്യമാണ്. വിശേഷിച്ചും തിരുവണ്ണാമലയിൽ ഭഗവാൻ രമണ മഹർഷിയുടെ ആശ്രമത്തിൽ പോവുക എന്നത് എന്റെ വലിയൊരാവേശമാണ്.’
സത്സംഗ കുതുകിയായ അദ്ദേഹം സംസാരം തുടരുന്നതിനുള്ള ആഗ്രഹം  ധ്വനിപ്പിച്ചു കൊണ്ട് തുടക്കമിട്ടു.
‘സ്വാമിയുടെ കഠോപനിഷദ് പ്രഭാഷണം ടിവിയിൽ വന്നത് ഞാൻ സമയം കണ്ടെത്തി മുഴുവൻ കേട്ടിട്ടുണ്ട്. ചില വാക്യങ്ങൾ ഞാൻ ഹൃദിസ്ഥമാക്കിയിട്ടുമുണ്ട്. ഏറെ ശ്രദ്ധേയമായ വാക്യങ്ങൾ എന്റെ മേശപ്പുറത്ത് വൃത്തിയായി എഴുതി വച്ചിട്ടുണ്ട്. ” മരണം ഒരു അനിവാര്യതയാണ്. മരണഭയം അസ്ഥാത്താണ്. മരണഭയത്തിന്റെ നിഴലിൽ ജീവിക്കേണ്ടി വരുന്നത് സങ്കടകരമാണ് ” എന്ന് തുടങ്ങി. സ്വാമിജി ചെയ്ത മരണ വിശകലനം ഗംഭീരമായിരുന്നു.’
ഇതിനടയിൽ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. വിനയപൂർവ്വം ക്ഷമ ചോദിച്ചു കൊണ്ട് അദ്ദേഹം സ്വകാര്യ സംസാര സൗകര്യത്തിന് എഴുന്നേറ്റ് പോയി..
പറഞ്ഞ കാര്യങ്ങൾ അയാൾ ഓർമ്മയിൽ നന്നായി ശേഖരിച്ചിരിക്കുന്നു. ഈ സ്മൃതി ഒരു അനുഗ്രഹമാണ്. ഗുരു അനുഗ്രഹവും ശാസ്ത്രാനുഗ്രഹവും സ്മൃതി ലാഭത്തിന് അനിവാര്യമാണ്. ശ്രേയസ്കര ജീവിത പാതയിലെ ഏറ്റവും വലിയ ശാപം സ്മൃതി ഭ്രംശവും ബുദ്ധിനാശവുമാണല്ലോ! (ഭഗവത് ഗീത – 2.63) ശാസ്ത്ര പഠനവും സത്സംഗങ്ങളും തത്ക്കാല ശാന്തിക്കുള്ള കേവലം ഉത്തേജന ഔഷധമായി കാണുന്നത് അവയോടു കാണിക്കുന്ന അനാദരവായിരിക്കും. അവ ശാന്തി ദായകങ്ങളാകുമെന്നത് തർക്കമറ്റ കാര്യമാണ്. പക്ഷേ അതിനപ്പുറത്ത് ജന്മസാഫല്യത്തിന് സത്സംഗങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധ പുലർത്തണം. (ശ്രദ്ധ = വിശ്വാസം. വേദാന്ത പാഠങ്ങളിലും സദ്ഗുരു കാരുണ്യത്തിലും ഉള്ള വിശ്വാസവും ആശ്രയത്വവും ) കഥയും നോവലും വായിക്കുന്ന ലാഘവ ഭാവമോ വിനോദോപാധിയായ സിനിമകൾ കാണുന്ന കൗതുകുമോ പുലർത്തിയാൽ പോരാ.
പ്രതിദിന അനുഭവ പ്രവാഹത്തെ കിടക്കുന്നതിന് മുമ്പ് വിലയിരുത്തുന്ന ശീലം നമ്മെ പക്വമതികളാക്കും.
പക്വത നേടുന്നവർക്ക് സഗൗരവം തത്വചിന്തയെ സമീപിക്കാൻ കഴിയും. ഇക്കാര്യങ്ങൾ ആലോചിച്ച് കൊണ്ടിരിക്കേ അയാൾ ഫോൺ സംഭാഷണം കഴിഞ്ഞ് തിരിച്ചെത്തി. വന്നിരുന്നതും അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ‘ഇനി ഇത് ശല്യം ചെയ്യരുത് ‘ അയാൾ ഉച്ചത്തിൽ ആത്മഗതം ചെയ്തു. ‘യന്ത്രങ്ങൾക്ക് ഔചിത്യബോധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കൂടാ. അതുപയോഗിക്കുന്ന മനുഷ്യൻ യന്ത്രത്തിന് അടിമയായപ്പോകരുത്. ഇതാണെന്റെ പക്ഷം’ അനുബന്ധമായി ഒരു തത്വചിന്തയും കൂടി പങ്കു വെച്ച് കൊണ്ട് അയാൾ ചോദിച്ചു. ‘സ്വാമിജിക്ക് സംസാരം തുടങ്ങുന്നതിൽ അസൗകര്യമില്ലല്ലോ?’
( തുടരും…..)
(ഭാഗം 2 … )
‘ഇല്ല. പറയൂ. മരണഭയത്തെക്കുറിച്ചാണ് അങ്ങു പറഞ്ഞു തുടങ്ങിയത്. ‘
സ്വാമി അയാളെ പ്രോത്സാഹിപ്പിച്ചു. ‘ശരിയാണ്. ഞാൻ അതോർക്കുന്നു. തുടർന്ന് അങ്ങ് രമണ മഹർഷിയുടെ മരണാനുഭവ ചരിത്രം വിസ്തരിച്ചു. ഭഗവാൻ രമണ മഹർഷി എനിക്കൊരു നിശ്ശബ്ദ പ്രശാന്തിയുടെ സാനന്ദ നിലാവാണ്.’
ഇത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണു നിറഞ്ഞു. കർച്ചീഫ് എടുത്ത് കണ്ണുകൾ തുടച്ച് കൊണ്ട് അദ്ദേഹം ക്ഷമാപണം ചെയ്തു. രമണ മഹർഷിക്ക് അദ്ദേഹം നൽകിയ വിശേഷണം കേട്ടപ്പോൾ ആളൊരു സാഹിത്യ രസികനും കൂടിയാണെന്നുറപ്പായി. സാഹിത്യം എന്നത് അതിന്റെ ശരിയായ അർത്ഥത്തിൽ ആത്മ ചിന്തയുമായി ബന്ധപ്പെട്ടതാണല്ലോ. ഒരു സത്സംഗം ആസ്വദിക്കുന്ന നിർവൃതിയോടെയാണ് അദ്ദേഹത്തെ കേട്ടത്. ആരുടെ പ്രഭാഷണത്തെത്തിച്ചാണ് പറയുന്നത് എന്ന കാര്യം ഗൗനിച്ചതേയില്ല. അല്ലെങ്കിലും നാം ചെയ്യുന്ന പ്രഭാഷണങ്ങളിൽ നമുക്ക് അഭിമാനിക്കാനേറെയില്ലല്ലോ. വ്യാസപീഠത്തിൽ ഇരുന്ന് പ്രാർത്ഥനാ പൂർവ്വം പറയുമ്പോൾ ഗുരുപരമ്പരാ കാരുണ്യം നമ്മിലൂടെ ഒഴുകും എന്നതാണല്ലോ വസ്തുത.
‘ തുടർന്ന് സ്വാമിജി രമണ മഹർഷിയുടെ സദ്ദർശനത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചു. മൃത്യുഭയമുള്ളവർ മൃത്യുംജയനെ ഉപാസിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശ്ലോകം. ശരീരമാണ് മരിക്കുന്നത്. അത് തടയാൻ മിനക്കെടേണ്ടതില്ല. സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുടെ മരണത്തെ അനുവദിക്കുകയാണ് വേണ്ടത്. ആത്മാവ് അമൃത സത്തയാണെന്ന ശാസ്ത്ര സത്യം സദ്ഗുരുവിൽ നിന്നറിഞ്ഞ് മനന ധ്യാനത്തിലൂടെ ഉറപ്പിക്കണം. പിന്നെ മറ്റുള്ളവരുടെ ദേഹവിയോഗങ്ങളേയും സ്വന്തം മരണത്തേയും ഒരു ലീലയായി ആസ്വദിക്കാൻ കഴിയും. ഇക്കാര്യങ്ങൾ സ്വാമിജി തികഞ്ഞ ആധികാരിതയോടെയും വാത്സല്യത്തോടെയുമാണ് അന്ന് പറഞ്ഞത്. ഞാനീ വഴിക്ക് മനനം ചെയ്തു വരുന്നു.’
അദേഹം ഒന്നു നിർത്തി. തെല്ലൊന്ന് ഓർമ്മകളിൽ ചികയുകയാണെന്ന് തോന്നിയതിനാൽ നിശ്ശബ്ദതയെ അനുവദിച്ചു.
‘അന്നു സ്വാമിജി അങ്ങയുടെ ഗുരു ബോധാനന്ദജിയെ ഉദ്ധരിച്ചു കൊണ്ട് അടിയില്ലാത്ത സിലിണ്ടറിൽ വീഴുന്ന ഒരനുഭവത്തെ ആലോചിക്കാനും നിർദ്ദേശിച്ചു. ഹോ…. അന്നത്തെ പ്രഭാഷണം ശ്രവിച്ച ശേഷം എനിക്ക് ജോലിക്ക് പോവാൻ തോന്നിയില്ല. ഭാര്യയും കുട്ടികളും സമയമായപ്പോൾ സ്കൂളിൽ പോയി. അവൾ ടീച്ചറാണ്. എനിക്കു രണ്ടു പെൺമക്കളാണ്. മൂത്തയാൾ +2 വിന് പഠിക്കുന്നു. രണ്ടാമത്തെ ആൾ എട്ടിലും. അവർക്ക് ഈ വക കാര്യങ്ങളിലൊന്നും വല്യ താത്പര്യമില്ല… ഞാൻ നിർബന്ധിക്കാറില്ല. അവരവർക്ക് തോന്നാതെ ഇതൊന്നും അടിച്ചേൽപ്പിക്കുന്നത് ശരിയല്ല എന്നാണെന്റെ വിശ്വാസം. എന്റെ നാലപാട് ശരി തന്നെയല്ലേ സ്വാമിജീ? ‘
എത്ര അനായാസമായാണ് അദ്ദേഹം ധ്യാനാത്മക ചിന്താ ലോകത്തിൽ നിന്ന് കുടുംബ പരിസരത്തിലേക്ക്‌ ഇറങ്ങി വന്നതെന്ന് അത്ഭുതപ്പെടുമ്പോഴേക്കും ആ ചോദ്യം ഉന്നയിക്കപ്പെട്ടു. ‘തീർച്ചയായും ശരിയാണ്. പക്ഷേ ഭാര്യയേയും കുട്ടികളേയും ഈ ദിശയിൽ ചിന്തിപ്പിക്കുന്നതിന് പ്രേരകമായ ചർച്ചകൾ കുശലതയോടെ ആരംഭിക്കാവുന്നതാണ്. പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ ആരും പകച്ചു പോകും. അത്തരമൊരവസരത്തിൽ അവരുടെ കൂടെ ധൈര്യം പകർന്ന് നിൽക്കുക, പക്വതയോടെ മാർഗ്ഗദർശ്ശനം നൽക്കുക പിന്നീട് ഇത് ബോധപൂർവ്വം ചർച്ചാ വിഷയമാക്കുക. ഇങ്ങിനെ ഒരു പദ്ധതി വേണം. ജീവിതം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെന്ന വസ്തുത അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. അനിശ്ചിതത്വങ്ങളെ ആത്മീയാവബോധക്കരുത്ത് കൊണ്ട് നേരിടാൻ കഴിയുമെന്ന് ഉദ്ബോധിപ്പിക്കണം. ആത്മീയതയും ഭൗതീകതയും പരസ്പര വിരുദ്ധങ്ങളല്ലല്ലോ. ആത്മീയാടിത്തറയിൽ പടുത്തുയർത്തേണ്ടതാണ് ഭൗതിക ജീവിതമെന്ന സന്ദേശം അവരിലെത്തിക്കണം. അനന്തമായ സാദ്ധ്യതകൾ അനുവദിക്കുന്ന ഒരു കാഴ്ചപ്പാടാണിത് .’
മറുപടി അദ്ദേഹത്തിനിഷ്ടപ്പെട്ടു. ‘ഞാനീ വഴിക്ക് ആലോചിച്ചിട്ടില്ല. ചിലപ്പോഴൊക്കെ എനിക്ക് അവരോട് നീരസം തോന്നാറുണ്ട്. മറ്റു ചിലപ്പോൾ അനുകമ്പയും. പക്ഷേ ഇടപെടേണ്ട ഒരു ശൈലിയെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല ഇപ്പോൾ നല്ലൊരു വ്യക്തത കിട്ടിയതു പോലെയുണ്ട്. വലിയ ഒരു ആശ്വാസം തോന്നുന്നു. ‘ കേട്ട പുതിയ കാര്യം സ്വാംശീകരിക്കാനെന്നോണം അദ്ദേഹം കുറച്ചു നേരം മിണ്ടാതിരുന്നു. ഈ സമയം വണ്ടി ഒരു സ്റ്റേഷനിൽ നിർത്തി. ആളുകൾ കയറിയിറങ്ങുന്ന തിരക്കുണ്ടായിരുന്നു. തിരക്കൊഴിഞ്ഞതും അയാൾ നിർത്തിയേടത്തു നിന്നും കൃത്യമായി ആരംഭിച്ചു.
( തുടരും…..)
(ഭാഗം 3……)
‘അടിയില്ലാത്ത സിലിണ്ടറിൽ വീഴുന്ന അവസ്ഥ… അതാലോചിച്ചിരുന്നന്ന് ഞാൻ പ്രഭാത ഭക്ഷണം കഴിച്ചില്ല. പൂജാമുറിയിൽ കുറച്ചു നേരം പോയിരുന്നു. എന്റെ ഇങ്ങിനെയുള ചില ഭാവ മാറ്റങ്ങളെ ഭാര്യയും മക്കളും ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യാറില്ലെന്നത് വലിയ കാര്യമാണ്. ‘ ഇന്ന് ഞാൻ എവിടേയും പോവുന്നില്ല. വീട്ടിലിരിക്കുകയാണ്. ഉച്ചഭക്ഷണം എന്തെങ്കിലും ഉണ്ടാക്കിക്കഴിച്ചോളാം ‘ എന്ന് എല്ലാവരും കേൾക്കെ ഞാൻ അറിയിച്ചു. ഭാര്യ സാധനങ്ങൾ എവിടെയയൊക്കെ ഇരിക്കുന്നു എന്നതിനെ കുറിച്ച് ചില നിർദ്ദേശങ്ങൾ നൽകിയ ശേഷം തിരക്കിട്ട്  വിദ്യാലയത്തിലേക്ക് പോയി. എന്റെ വീട് ഒരു കുന്നിന്റെ മുകളിലാണ്. സ്വീകരണമുറിയോടനുബന്ധിച്ച് ഒരു ബാൽക്കണിയുണ്ട് അവിടെ ഇരുന്നാൽ താഴ്വാരത്തിന്റെ മനോഹരക്കാഴ്ച സാധിക്കും.. ഏതു നേരവും കടൽക്കാറ്റിന്റെ പരിചരണവും ആസ്വദിക്കാം. അവിടെ ചെന്നിരുന്ന എനിക്ക് സമയ ബോധം തീരെ ഉണ്ടായിരുന്നില്ല.  “മരണഭയമെന്ന പ്രശ്നത്തിന് ആത്മരമണപരിഹാരം.” അങ്ങ് അന്ന് കാലത്ത് പറഞ്ഞ വാക്യം ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു രമിച്ചു…..’
പിന്നേയും നിശ്ശബ്ദതയുടെ ഒരു ഇടവേള. തുടർന്ന്
‘സ്വാമിജി രമണാശ്രമത്തിൽ പോയിട്ടുണ്ടോ’? എന്ന അന്വേഷണം ഉണ്ടായി. പല പ്രാവശ്യം പോയിട്ടുള്ള കാര്യം അറിയിച്ചു. അദ്ദേഹത്തിന് രമണാശ്രമ യാത്രകൾ ഒരു ബാറ്ററി ചാർജ് ചെയ്യുന്നത് പോലെയാണത്രെ.
‘ ഞാനധികമൊന്നും പഠിച്ചിട്ടില്ല സ്വാമിജി. അതിലെനിക്ക് സന്തോഷമുണ്ട്. മുൻവിധികൾ വളരെ കുറവാണ്.എനിക്ക് കാര്യങ്ങൾ വളരെ ലളിത സുന്ദരമായിട്ടാണ് അനുഭവപ്പെടുന്നത് ‘
അദ്ദേഹം ചെയ്ത ആത്മ വിശകലനം നന്നായിത്തോന്നി.
പലരും പലതും പഠിച്ച് സങ്കീർണ്ണമായ മുൻ വിധികളോടെ വേദാന്ത വിഷയം ഉൾക്കൊള്ളാൻ പ്രയാസപ്പെടാറുള്ളത് ഓർമ്മയിൽ തികട്ടി വന്നു..
വീട്ടുകാർ ഇദ്ദേഹത്തെ സഹിക്കുന്നു എന്ന അവസ്ഥയുണ്ടോ? കുടുബ കാര്യങ്ങളിൽ അനാസ്ഥ കാണിക്കാറുണ്ടോ? ഈ വക സംശയങ്ങൾ ഉള്ളിലുണർന്നത് തുറന്നു തന്നെ ചോദിച്ചു.. അദ്ദേഹം നൽകിയ മറുപടി തൃപ്തികരമായിരുന്നു.
‘ഞങ്ങൾ വീട്ടിൽ എല്ലാവരും സന്തുഷ്ടരാണ് സ്വാമിജി. എന്റെ ഈ അദ്ധ്യാത്മിക താത്പര്യം ഒരിക്കലും അതിരു വിടാറില്ല. കുടുംബക്കാരുമായി വളരെ ആഘോഷമായി ഞാൻ സമയം ചിലവഴിക്കാറുണ്ട്. മാളുകളിൽ പോക്കും സിനിമക്ക് പോകും ഒക്കെ വലിയ താത്പര്യമില്ലാത്ത കാര്യങ്ങളാണെങ്കിലും അവരെല്ലാവരും ആലോചിച്ചു നിശ്ചയിച്ചാൽ ഞാൻ മാറി നിൽക്കാറില്ല. ‘അദ്ധ്യാത്മികത എന്നത് ഭൗതീക ഉത്തരവാദിത്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല’ എന്ന് സ്വാമിജി ഒരു പ്രഭാഷണ മദ്ധ്യേ നൽകിയ ആദേശം ഞാൻ എപ്പോഴും ഓർമ്മിക്കും. ജോലിത്തിരക്കും കുടുംബ പ്രാരബ്ധവും ഒക്കെ വല്ലാതെ തലയിൽ കയറി ഊർജ്ജ നഷ്ടം വളരെ സംഭവിക്കുന്നു എന്നു തോന്നിയാൽ രമണാശ്രമത്തിലേക്ക് ഒരു പോക്ക് പോവും. മൂന്നു ദിവസത്തേക്കായിരിക്കും  ഈ ഒരു മുങ്ങൽ. അവിടെ സ്കന്ദാശ്രമത്തിൽ പോകുന്ന വഴിക്ക് ഇടതു വശത്തേക്ക് ഒരു പാതയുണ്ട്. അതു വഴി പോയാൽ ഒരു മരച്ചുവടുണ്ട്. അവിടെ ചെന്നിരുന്നാൽ ആരുടെ ശല്യവും ഉണ്ടാവില്ല. ചിലപ്പോൾ ഞാൻ അവിടെ ചെന്ന് മലർന്ന് കിടക്കും. ഒരു  ‘സ്കാനിംഗിനു’ കിടന്നു കൊടുക്കുന്നതു പോലെയുള്ള അനുഭവമാണ്. ഒരു പകൽ അങ്ങിനെ ചിലവഴിച്ചു കഴിഞ്ഞാൽ  ആന്റിവൈറസ്സ്  പ്രോഗ്രാം വൈറസ്സുകളെ ഡിലീറ്റ് ചെയ്ത് പുനരുജ്ജീവനം നൽക്കി നമ്മെ യോഗ്യരാക്കും. ഉച്ചഭക്ഷണത്തിന് ഞാൻ ആഗ്രഹിക്കാറും ആവശ്യപ്പെടാറും ഇല്ല. പക്ഷേ സ്കന്ദാശ്രമത്തിലെ സ്വാമിജി ആളെ വിട്ട് അങ്ങോട്ടേക്ക് വിളിപ്പിക്കും. സ്വാമിജി എങ്ങിനെയാണ് ഞാൻ അവിടെ ചെന്നിരിക്കുന്നതും കിടക്കുന്നതും മനസ്സിലാക്കുന്നതെന്നറിയില്ല.
പുത്തൻ ഊർജ്ജവുമായി തിരിച്ചു വന്നാൽ പിന്നെ കുറേക്കാലത്തേക്ക് അകത്ത് പ്രശാന്തി നിലനിർത്തിക്കൊണ്ട് ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ച് ഓടി നടക്കാൻ കഴിയും.’
അദ്ദേഹം പ്രതികരണമാഗ്രഹിച്ച് നിർത്തി.
‘അങ്ങയെപ്പോലുള്ളവർ തീർച്ചയായും നല്ല മാതൃകയാണ്  കാഴ്ച്ചവെക്കുന്നത്. ഇത് ശരിയായ വഴിയാണ്. മുന്നോട്ട് പോകൂ. ഗുരുപരമ്പര അനാഗ്രഹിക്കട്ടെ.’ വണ്ടി മറ്റൊരു സ്റ്റേഷനിൽ കിതച്ചു നിന്നു. ധാരാളം ആളുകൾ തിക്കിത്തിരക്കി കയറി . ഇനി സംഭാഷണം തുടരാൻ പ്രയാസമാണെന്നറിഞ്ഞ് അയാൾ എഴുന്നേറ്റു. കാൽ തൊട്ടു തൊഴുത് ‘ഇനിയും കാണാൻ ഇടവരട്ടെ’ എന്ന് ആശംസാ വാചകം ഉദ്ധരിച്ചു കൊണ്ട് സ്വന്തം ഇരിപ്പിടത്തിലേക്ക് തിരിച്ച് പോയി. സംതൃപ്തികരമായ സത്സംഗം കൊണ്ട് സമ്പന്നമായി ആ ട്രെയിൻ യാത്ര.
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments:

Post a Comment