Sunday, April 29, 2018

പ്രാചീനശിലായുഗം മുതല്‍ മധ്യശിലായുഗം, നവീനശിലായുഗം, ലോഹയുഗം തുടങ്ങിയ കാലഘട്ടങ്ങളിലെല്ലാം തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെപ്പോലെ ഈ ഹിന്ദുസ്ഥാനത്തിലും ജനവാസം ഉണ്ടായിരുന്നു എന്നും സൈന്ധവ (വടക്ക്)- കീഴടി (തെക്ക്)  നാഗരികതയുടെ കാലമായപ്പോഴേക്കും വനം, ഗ്രാമം, പുരം എന്ന മൂന്നു തലത്തിലുമുള്ള ആവാസവ്യവസ്ഥകളും ഇവിടെ നിലവില്‍ വന്നു എന്നും ഗണതന്ത്രം, രാജതന്ത്രം എന്നിങ്ങനെ പല തരം ഭരണവ്യവസ്ഥകള്‍ സമകാലികങ്ങളായി ഇവിടെ പരീക്ഷിക്കപ്പെട്ടിരുന്നു എന്നും നാം കണ്ടു.
അതോടൊപ്പം തന്നെ അതിപ്രാചീനകാലം മുതല്‍ ബാഹ്യവും ആന്തരവും ആയ പ്രകൃതിയെ സ്വാധീനിച്ചോ, നിയന്ത്രിച്ചോ, സമരസപ്പെട്ടോ ജീവിതദു:ഖങ്ങളെ അതിജീവിക്കുവാനും ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായ സുഖം നേടുവാനുമുള്ള ഉപായങ്ങളെ, യുക്തിയുടേയും അനുഭവത്തിന്റെയും വെളിച്ചത്തില്‍, പരീക്ഷണ- നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, കണ്ടെത്തുവാനും പ്രയോഗിക്കുവാനും ഉള്ള പരിശ്രമങ്ങളും ഇവിടെ നടന്നുവന്നു എന്നും നാം മനസ്സിലാക്കി. തല്‍ഫലമായി നിരവധി വിശ്വാസപദ്ധതികള്‍ രുപം കൊള്ളുകയും അവ ക്രമേണ പരിഷ്‌കരിക്കപ്പെട്ടുവരികയും ചെയ്തു വന്നു എന്നും നാം കണ്ടു. 
അത്തരത്തില്‍ ചില ഹിന്ദുഗോത്രങ്ങളില്‍ പില്‍ക്കാലത്തു പ്രചാരത്തില്‍ വന്ന വൈദികം എന്ന വിശ്വാസപദ്ധതിയെപ്പറ്റി നാം അല്‍പം വിശദമായി അറിഞ്ഞു. ഇഹലോകവും, പിതൃ, സ്വര്‍ഗാദി പരലോകങ്ങളും, അവയെ സൃഷ്ടിക്കുകയോ, നിലനിര്‍ത്തുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്ന നിരവധി ദേവതാസങ്കല്‍പ്പങ്ങളും, യാഗം മുതലായ സങ്കീര്‍ണ്ണച്ചടങ്ങുകളും, മരണാനന്തരമുള്ള ആത്മാവിന്റെ ഗതി, പുനര്‍ജ്ജന്മസിദ്ധാന്തം, ബ്രഹ്മവാദം, ജരാ, രോഗ, ദു:ഖാദികള്‍ നിറഞ്ഞ ജനനമരണചക്രത്തില്‍ നിന്നും ഉള്ള ശാശ്വതമോചന (മോക്ഷം- ഇത് ഒരു ഋണാത്മകമായ-നെഗറ്റീവ് ആയ - കല്‍പ്പനയാണെന്നു പണ്ഡിതമതം) ത്തിനായി അനുഷ്ഠിക്കേണ്ട സന്ന്യാസം, ബ്രഹ്മത്തെപ്പറ്റിയുള്ള ശ്രവണ-മനന-നിദിധ്യാസനങ്ങള്‍ എന്നിവയെല്ലാം ആണ് അതിന്റെ ഉള്ളടക്കം എന്നും നാം കണ്ടു. 
ഈ വൈദികത്തിനു പില്‍ക്കാലത്തുണ്ടായ പ്രചാരം നിമിത്തം ആകാം യാഗവും സന്ന്യാസവും ആണ് ഹിന്ദുവിന്റെ മുഖമുദ്ര എന്ന ഒരു ധാരണ വിദേശികളുടെയും സ്വദേശികളുടെയും ഇടയില്‍ രൂഢമൂലമായി. ജൈന, ബൗദ്ധ വിശ്വാസപദ്ധതികളുടെ ലൗകികജീവിതത്തില്‍ നിന്നും, വൈദികോപനിഷത്തുകളിലെ സന്ന്യാസതുല്യമായ, പിന്‍വാങ്ങലിലുള്ള ഊന്നലും കൂടി ആയപ്പോള്‍, ഹിന്ദുക്കള്‍ പ്രപഞ്ചയാഥാര്‍ത്ഥ്യത്തേയും (റിയാലിറ്റി) വസ്തുനിഷ്ഠത (ഒബ്ജക്റ്റിവിറ്റി) യെയും അതു വഴി ശാസ്ത്രീയസമീപന (റാഷണല്‍ അപ്രോച്ച്) ത്തിനെയും നിഷേധിക്കുന്നവരും ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരും ആയ കേവലം സ്വപ്‌നജീവികളാണെന്നാണ് പലരുടെയും വിലയിരുത്തല്‍. െ്രപാഫസര്‍ നക്കാമുറാ  ദി വേയ്‌സ് ഓഫ് ഈസ്റ്റേണ്‍ പീപ്പിള്‍- ഇന്ത്യ- ചൈന- ടിബറ്റ്- ജപ്പാന്‍ എന്ന തന്റെ പുസ്തകത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള ഭാഗത്ത് പ്രിഫെറന്‍സ് ഫോര്‍ ദി നെഗറ്റീവ് എന്ന ഒരു അദ്ധ്യായം തന്നെ എഴുതിയിരിക്കുന്നതു കാണാം.
പ്രസിദ്ധ ചരിത്ര പണ്ഡിതനായ എം. ജി. എസ്. നാരായണന്‍ ഭാരതസംസ്‌കാരത്തിന്റെ ഭൗതികവശങ്ങള്‍ എന്ന ഒരു ലേഖനം 1964-ല്‍ ദേശപോഷിണിയില്‍ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു- ഭാരതത്തിന്റെ പഴയസംസ്‌കാരത്തെ ആര്‍ഷസംസ്‌കാരമെന്നാണ് പറഞ്ഞുവരാറുള്ളത്. ഋഷിമാരുടെ സംസ്‌കാരം. ഋഷിമാരെന്നു വെച്ചാല്‍,  ഇക്കാണുന്ന ഇന്ദ്രിയവേദ്യമായ ലോകത്തെ പുറംകാല്‍ കൊണ്ടു തട്ടിയെറിഞ്ഞു കളഞ്ഞശേഷം വല്ല കാട്ടിലും ചെന്ന് താടിയും തലയും നീട്ടി തപസ്സു ചെയ്യുന്നവരാണ് എന്നൊരു ധാരണയും പൊതുവേ കാണപ്പെടുന്നു. ഇതു മുഴുവന്‍ ശരിയല്ല. 
അദ്ദേഹം തുടരുന്നു- സിന്ധുനദീതീരത്തിലെ മണ്‍മറഞ്ഞ ചരിത്രാതീത മഹാസമൂഹങ്ങളുടെ കാലം തുടങ്ങി മൗര്യഗുപ്തസാമ്രാജ്യങ്ങളുടെ കാലഘട്ടത്തിലും അതിനു ശേഷവും പുരാതനഭാരതത്തില്‍ അനുസ്യൂതമായി നിലനിന്നുവന്ന ഭൗതികപ്രയത്‌നത്തിന്റെ പാരമ്പര്യം എന്തുകൊണ്ടാണിന്നും എറക്കുറെ അവഗണിക്കപ്പെട്ടുവരുന്നത്? വേദോപനിഷത്ഗ്രന്ഥങ്ങളോടൊപ്പം തന്നെ കാമസൂത്രവും അര്‍ത്ഥശാസ്ത്രവും ആയുര്‍വേദവും ജ്യോതിശ്ശാസ്ത്രവും തലമുറ തലമുറയായി മാനിക്കപ്പെട്ടുവന്നതിന്റെ പൊരുള്‍ - അതിന്റെ പിന്നിലുള്ള സമഗ്രമായ ജീവിതവീക്ഷണത്തിന്റെ മഹത്വം- എന്തുകൊണ്ടാണ് നവീനഭാരതത്തില്‍ വേണ്ടത്ര മനസ്സിലാക്കപ്പെടാത്തത്? വിലമതിക്കപ്പെടാത്തത്?
ഇതിനു കാരണം ആദ്ധ്യാത്മികതയെക്കുറിച്ചുള്ള നമ്മുടെ ധാരണപ്പിശകു തന്നെ. എം. ജി. എസ്സു തന്നെ മേല്‍പ്പറഞ്ഞ ലേഖനത്തില്‍ ആദ്ധ്യാത്മികത എന്നാല്‍ ഭൗതികജീവിതത്തില്‍ നിന്നും പിന്തിരിയലാണെന്ന തരത്തില്‍ അതിനെ പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടത് ഡോ. എസ്. രാധാകൃഷ്ണന്റെ - ആദ്ധ്യാത്മിക അനുഭൂതി ആണ് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികചരിത്രത്തിന്റെ അടിത്തറ (Spiritual experience is the foun-dation of India's rich cultural history, S. Radh-akrishnan, p.41, Indian Philosophy,vol.1, 1923) - എന്ന വാക്കുകളാണ്. നേരിട്ടുള്ള അനുഭവം ആണല്ലോ പ്രത്യക്ഷഗുരു. ഇതാണല്ലോ ശ്രീരാമകൃഷ്ണദേവനെ കണ്ടുമുട്ടാനുള്ള മഹാഭാഗ്യം സിദ്ധിച്ച നരേന്ദ്രനെ വിവേകാനന്ദനാക്കിയത്! ജീവിച്ചിരിക്കെത്തന്നെ ആ അനുഭവത്തിന്റെ, അനുഭൂതിയുടെ സാക്ഷാല്‍ക്കാരം, അതായത് ജീവന്‍മുക്തി എന്നതാണ് ഹിന്ദു ലക്ഷ്യം വെച്ചത്.
തികച്ചും ഭാവാത്മകമായ ആ ലക്ഷ്യം വ്യക്തികളുടെ അഭിരുചിക്കനുസൃതമായി നേടാനുള്ള ഉപായങ്ങള്‍ എന്ന നിലയ്ക്ക് തുല്യമായിട്ടാണ് എല്ലാ വിശ്വാസപദ്ധതികളെയും ഹിന്ദു കണ്ടിരുന്നത്. ഓരോ ഉപായത്തിന്റേയും പ്രാധാന്യവും, മഹത്വവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു വിശ്വാസപദ്ധതി എത്രമാത്രം ചേരും എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. സാധാരണജീവിതത്തിലും വസ്ത്രം, ഭക്ഷണം തുടങ്ങിയ പല കാര്യങ്ങളിലും ഈ ചേരുംപടി ചേര്‍ക്കല്‍ നാം നടത്താറുണ്ടല്ലോ. ഈ അനുയോജ്യമായ പദ്ധതിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് അധികാരിവാദം, യോഗ്യതാവാദം എന്നെല്ലാം ആദ്ധ്യാത്മികശാസ്ത്രത്തില്‍ പറയും. ഇതിനെപ്പറ്റി ആദ്ധ്യാത്മികതയെക്കുറിച്ചുള്ള ലേഖനഭാഗത്തു വിശദമാക്കാം.
ചുരുക്കിപ്പറഞ്ഞാല്‍ ഏതെങ്കിലും ഒരു വിശ്വാസപദ്ധതിയുടെ ജീവിതവീക്ഷണത്തെയോ പ്രയോഗപദ്ധതിയെയോ അല്ല പ്രപഞ്ചത്തിന്റെ ആന്തരസത്തയുടെ പ്രത്യക്ഷാനുഭൂതിയെയാണ് ഹിന്ദുവിന്റെ ഉപബോധത്തിന്റെ ശാശ്വതമായ സ്ഥായീഭാവം ആയി കരുതേണ്ടത്. ആ അനുഭൂതിയേയാണ് പരമപുരുഷാര്‍ത്ഥമായി ഹിന്ദു കണ്ടത്. അല്ലാതെ മായാവാദവും അതിന്റെ അനുഷ്ഠാനവശമായ സന്ന്യാസവും ചേര്‍ന്ന സമ്പ്രദായത്തെയോ അല്ലെങ്കില്‍ ബൗദ്ധ, ജൈന പദ്ധതികളില്‍ ഏതെങ്കിലും ഒന്നിനെയോ, അല്ലെങ്കില്‍ നാഥ, തന്ത്രാദി പഥങ്ങളില്‍ ഒന്നിനെയോ മാത്രം മഹത്വം കല്‍പ്പിച്ച് പുല്‍കുന്ന ഏകശിലാത്മകസമീപനം (സെമിറ്റിക് മതങ്ങളുടെ രീതി) ഹിന്ദു സ്വീകരിക്കുന്നില്ല. 
janmabhumi

No comments:

Post a Comment