Sunday, April 01, 2018

അതിഥി ദേവോ ഭവ'- അതിഥിയെ ദേവനായി കണ്ട് പൂജിക്കണം. നമ്മുടെ വീട്ടില്‍ വരുന്ന ഒരാളേയും നിരാശരാക്കി മടക്കിയയക്കരുത്. താമസവും ഭക്ഷണവും കൊടുക്കണം. അത് ഗൃഹസ്ഥന്റെ ധര്‍മമാണ്. അതിഥി പൂജനത്തിന് വേണ്ടി വളരെ ധനവും അന്നവും ഗൃഹസ്ഥന്‍ കരുതിവയ്ക്കണം.
തൈത്തീരിയോപനിഷത്ത്-34
അന്നത്തിന്റെ മാഹാത്മ്യം തുടരുന്നു-
ഏതദ് വൈ മുഖതോളന്നം 
രാദ്ധം മുഖതോളസ്മാ അന്നം രാധ്യതേ
ഏതദ് വൈ മധ്യതോളന്നം 
രാദ്ധയം മധ്യതോളസ്മാ അന്നം
രാധ്യതോ ഏതദ് വാ അന്നതോളന്നം 
രാദ്ധം അന്നതോളസ്മാ 
അന്നം രാധ്യതേ യ ഏവം വേദ.
നല്ല രീതിയില്‍ അതിഥിക്കും വിശക്കുന്നവനും മറ്റും ഭക്ഷണം കൊടുക്കുന്നയാള്‍ക്ക് അതുപോലെതന്നെ തിരിച്ചുകിട്ടുന്നു. മധ്യമമായ ഉപചാരത്തോടെയാണെങ്കില്‍ ആ നിലയിലും താഴ്ന്ന നിലവാരത്തിലാണെങ്കില്‍ അങ്ങനേയും തിരിച്ചുകിട്ടുന്നു. മുഖതഃ, മധ്യത, അന്തതഃ എന്നീ വാക്കുകളാണ് ഇവയെ സൂചിപ്പികാന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്. ആചാര്യസ്വാമികള്‍ മുഖതഃ എന്നതിന് ചെറുപ്പകാലത്ത് എന്നും മധ്യതഃ എന്നതിന് മധ്യവയസ്സിലെന്നും അന്തതഃ എന്നതിന് പ്രായംചെന്നിട്ടും എന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു. ഓരോ കാലത്ത് ചെയ്യുന്നതിനും അതിനനുസരിച്ച് ഫലം ഉണ്ടാക്കുന്നു. ഇങ്ങനെ അന്നത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി ചെയ്യുന്നയാള്‍ക്ക് ഇത്തരത്തിലുള്ള ഫലത്തെ ലഭിക്കുന്നുവെന്ന് ഉപനിഷത്ത് ഉറപ്പിച്ച്പറയുന്നു.
ഗൃഹസ്ഥന്‍ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാണ് അതിഥിയജ്ഞം. ഇതിന് ഹൃയജ്ഞം, മനുഷ്യയജ്ഞം എന്നും പേരുണ്ട്. 'അതിഥി ദേവോ ഭവ'- അതിഥിയെ ദേവനായി കണ്ട് പൂജിക്കണം. നമ്മുടെ വീട്ടില്‍ വരുന്ന ഒരാളേയും നിരാശരാക്കി മടക്കിയയക്കരുത്. താമസവും ഭക്ഷണവും കൊടുക്കണം. അത് ഗൃഹസ്ഥന്റെ ധര്‍മമാണ്. അതിഥി പൂജനത്തിന് വേണ്ടി വളരെ ധനവും അന്നവും ഗൃഹസ്ഥന്‍ കരുതിവയ്ക്കണം. അതിഥിയെ സത്കരിക്കുന്നതിനെപ്പറ്റിയും ഭക്ഷണം നല്‍കിയില്ലെങ്കിലുണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയും കഠോപനിഷത്തില്‍ നാം കണ്ടതാണ്. ഉത്തമമായ രീതിയിലും മധ്യമമായ തരത്തിലും അധമമായും ദാനം നല്‍കുന്നയാള്‍ക്ക് അതിനനുസരിച്ചാകും ഫലം ഉണ്ടാകുക. ഇതറിഞ്ഞ് ഏറ്റവും നല്ലപോലെ അന്നം നല്‍കാന്‍ നമുക്ക് കഴിയണം.
ഇനി ബ്രഹ്‌മോപാസനത്തിനെപ്പറ്റി പറയുന്നു-
ക്ഷേമ ഇതി വാചി യോഗക്ഷേമ 
ഇതി പ്രാണാപാനയോ
കര്‍മ്മേതി ഹസ്തയോഃ ഗതിരിതി 
പാദയോ വിമുക്തി രിതി
പായൗ ഇതി മാനുഷീ സമാജ്ഞാഃ
ഓരോ അവയവത്തിലും എങ്ങനെ ബ്രഹ്‌മോപാസന ചെയ്യാം- വാക്കില്‍ ക്ഷേമം എന്ന രൂപത്തിലും പ്രാണ അപാര വായുക്കളില്‍ യോഗക്ഷേമം എന്ന തരത്തിലും കൈകളില്‍ കര്‍മ്മമായും കാലുകളില്‍ ഗതി എന്നിങ്ങനേയും മലദ്വാരത്തില്‍ വിസര്‍ജമെന്ന മട്ടിലും ബ്രഹ്മത്തെ ഉപാസിക്കണം. ഇവയെല്ലാം മാനുഷികങ്ങളായ അഥവാ മനുഷ്യനെപ്പറ്റിയുള്ള ആധ്യാത്മിക ഉപാസനകളാണ്.
ബ്രഹ്മം വാക്കില്‍ ക്ഷേമരൂപത്തിലാണിരിക്കുന്നത്. അതിന്മേല്‍ അത്തരത്തില്‍ ഉപാസിക്കണം. ്രപാണാപനങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ യോഗക്ഷേമങ്ങള്‍ ഉണ്ടാകൂ. നേടാത്തത് നേടുന്നത് യോഗം. നേടിയതിനെ സംരക്ഷിക്കുന്നത് ക്ഷേമം. ബ്രഹ്മമാണ് യോഗക്ഷേമങ്ങള്‍ക്ക് നിമിത്തമായിരിക്കുന്നത്. കര്‍മ്മം നടക്കുന്നതിനു കാരണം ബ്രഹ്മമാണ്. അതിനാല്‍ കര്‍മ്മം ചെയ്യുന്ന കൈകളെ ബ്രഹ്മരൂപത്തില്‍ ഉപാസിക്കണം. നടക്കാനും ചരിക്കാനും ബ്രഹ്മംതന്നെ നിമിത്തമായത്. അതിന് സഹായിക്കുന്ന കാലുകളെ ബ്രഹ്മമായി കണ്ട് ഉപാസിക്കണം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി നമ്മുടെ ആരോഗ്യത്തെ കാക്കുന്ന മലദ്വാരത്തേയും ഇങ്ങനെ നോക്കുമ്പോള്‍ ബ്രഹ്മമായി കാണണം. ബ്രഹ്മഭാവനയോടെ ഇവയെയൊക്കെ പരിപാലിക്കുന്നത് മനുഷ്യനെ സംബന്ധിച്ച ഉപാസനകളാണ്. അവനവനെ സംബന്ധിച്ചത് എന്ന അര്‍ത്ഥത്തില്‍ ഇവയെ ആധ്യാത്മിക ഉപാസനങ്ങള്‍ എന്നു പറയുന്നു.
ഇനി ആധി ദൈവീക ഉപാസനയെ പറയുന്നു.
അഥ ദൈവീ തൃപ്തിരിതി വൃഷ്ടാ 
ബലമിതി വിദ്യുതി
യശ ഇതി പശുഷു ജ്യോതിരിതി 
നക്ഷത്രശ്രേഷ്ഠ പ്രജാതിര-
മൃതമാനന്ദ ഇത്യുപസ്‌ഥേ 
സര്‍വ്വമിത്യാകാശേ തത് പ്രതിഷ്‌ഠേ-
ത്യുപാസീത പ്രതിഷ്ഠാവാന്‍ ഭവതി.
ഇനി ദേവന്‍മാരിലുള്ള ഉപാസനയെ പറയുന്നു. വൃഷ്ടിയില്‍ തൃപ്തി എന്നും വിദ്യുത്തില്‍ ബലമെന്നും പശുക്കളില്‍ യശസ്സെന്നും നക്ഷത്രങ്ങളില്‍ ജ്യോതിസ്സെന്നും ഉപസ്ഥത്തില്‍ പ്രജാപതിയെന്നും അമൃതമെന്നും ആനന്ദമെന്നും ആകാശത്തില്‍ സര്‍വമെന്നും അതിനെ പ്രതിഷ്ഠയെന്ന് ഉപാസിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ പ്രതിഷ്ഠാവാനായിത്തീരും.
വൃഷ്ടി അഥവാ മഴ അന്നത്തിന് കാരണമായി തൃപ്തിയെ നല്‍കുന്നതിനാല്‍ ബ്രഹ്മത്തെ തൃപ്തി രൂപത്തില്‍ ഉപാസിക്കണം. വിദ്യുത്തില്‍ അഥവാ ഇടിമിന്നലില്‍ ബലരൂപത്തിലാണ് ബ്രഹ്മം. പശുക്കളില്‍ യശസ്സ് എന്ന നിലയിലാണ് ബ്രഹ്മത്തെ കാണേണ്ടത്. നക്ഷത്രങ്ങളിലത് ജേ്യാതിസ്സാണ്. ഉപസ്ഥം അഥവാ ജനനേന്ദ്രിയത്തില്‍ സന്താനോല്‍പത്തിയായ പ്രജാപതിയും അമൃതത്വവും ആനന്ദവുമാണ്. ബ്രഹ്മം പുത്രനെക്കൊണ്ട് പിതൃകടം വീട്ടുമെന്നതിനാലാണ് അമൃതത്വപ്രാപ്തിയും ആനന്ദവും ഉപസ്ഥം വഴിയുണ്ടാകുന്നത്. എല്ലാം ആകാശത്തില്‍ പ്രതിഷ്ഠിതമായതിനാല്‍ സര്‍വ്വം ബ്രഹ്മമാണ്. ആകാശത്തെ എല്ലാറ്റിനും പ്രതിഷ്ഠയായി ഉപാസിക്കണം. അങ്ങനെയായാല്‍ പ്രതിഷ്ഠയുള്ളവനാകും. ബ്രഹ്മത്തില്‍ വേണ്ടത്ര ഉറപ്പിച്ചിരിക്കാനാവും. ഇതുപോലെ എല്ലാറ്റിലും ബ്രഹ്മത്തെ കണ്ട് ഉപാസിക്കുക എന്നതാണ് വേണ്ടത്.

No comments:

Post a Comment