Monday, April 23, 2018

ത്വിട്ടോലുമക്ഷികള്‍, നരച്ചു വളര്‍ന്ന മാറില്‍- ത്തൊട്ടോരു താടി ചുളി വീണു പരന്ന നെറ്റി മുട്ടോളമെത്തിയ ഭുജാമുസലങ്ങളെന്നീ- മട്ടോടവന്‍ വിലസി മേദുര ദീര്‍ഘകായന്‍ ചിന്മയാനന്ദ സ്വാമിയെ സ്മരിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് മഹാകവി വള്ളത്തോളിന്റെ ഈ കാവ്യശകലമാണ്. ഏറെ ആകര്‍ഷകമാണ് ആ രൂപവും ഭാവവും. ഭഗവദ്ഗീതയുടെ സന്ദേശം ലോകമഹാസദസ്സില്‍ പ്രഹര്‍ഷേണ പ്രോജ്വലിപ്പിച്ച മഹാത്മാവായിരുന്നു, ശ്രീമദ് ചിന്മയാനന്ദസ്വാമികള്‍. ആ തിരുനാമാചാര്യന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെ സമഗ്രതയോടെ ഡോ.രാജീവ് ഇരിങ്ങാലക്കുട ഈ ജീവചരിത്രഗ്രന്ഥത്തില്‍ ആവിഷകരിച്ചിരിക്കുന്നു. ജനനം, വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, സന്ന്യാസം, ജ്ഞാനയജ്ഞപ്രഭാഷണം, വിദേശപര്യടനം, ചിന്മയാമിഷന്‍, സാന്ദീപനീ സാധനാലയം, ശങ്കരനിലയ കേന്ദ്രസ്ഥാപനം എന്നിങ്ങനെയുള്ള ചിന്മയാനന്ദ കര്‍മ്മമണ്ഡലങ്ങളെ അര്‍പ്പണസന്നദ്ധതയോടെ വിവരിച്ച ഈ ഗ്രന്ഥം സഫലവായനയ്ക്ക് ഉതകുന്നതാണ്. യശസ്വിയായ ആചാര്യന്മാരെപ്പറ്റി ഓര്‍മക്കുറിപ്പുകള്‍ എഴുതുക പോലും അത്ര എളുപ്പമല്ല. വിശാലമായ ക്യാന്‍വാസില്‍ തെളിഞ്ഞു കടന്നുപോകുന്ന മഹാരഥന്മാരുടെ ചിത്രം പുനരാവിഷ്‌കരിക്കുകയെന്നത് അതിലും ക്ലേശകരമാണ്. ഒരു മഹാഗോപുരം നയനങ്ങള്‍കൊണ്ടു കയറിയിറങ്ങിയ ഒരാള്‍ ഗോപുരത്തിലെ പല ചിത്രങ്ങള്‍ കൊരുത്ത വലിയ ചിത്രം  മനസ്സില്‍ ഓര്‍മ്മിച്ചുവെയ്ക്കുന്നതു പോലെ ചിന്മയാനന്ദജിയുടെ മഹദ്ജീവിതത്തിലെ മനസ്സുകുളിര്‍പ്പിക്കുന്ന അര്‍ത്ഥതലങ്ങളെ അനുവാചകനു പകര്‍ന്നുതരാന്‍ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരന് കഴിഞ്ഞിരിക്കുന്നു. മാനവ ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും വരുംതലമുറയ്ക്കു മാതൃകയാക്കുവാനും ഉതകുന്ന ഒരു മഹാജീവിതമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ഒരു പ്രതിഭയും ശൂന്യതയില്‍നിന്നും കിളിര്‍ക്കുന്നില്ല. ജീവിതം ഒരു യജ്ഞമാക്കി മാറ്റിയ ഒരാള്‍ക്കേ ദു:ഖോപശാന്തിക്കുതകുന്ന മഹച്ചരിതമാകാന്‍ കഴിയൂ. ചിന്മയാനന്ദസ്വാമി എന്ന തേജോരൂപം കേരളീയ മനസ്സുകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. അതിവിശാലമായ യജ്ഞശാല... നിറഞ്ഞുകവിഞ്ഞ സദസ്സ്.... അവിടേയ്ക്കു ഒരു തേജസ്വി കടന്നുവരുന്നു.  എങ്ങും നിതാന്ത നിശ്ശബ്ദത.. കോമളനും ഊര്‍ജ്ജസ്വലനുമായ സ്വാമി അല്‍പനേരം ധ്യാനിക്കുന്നു. അതിനുശേഷം വിശാലവും ചൈതന്യവുമുള്ള നയനങ്ങള്‍ തുറക്കുന്നു. ആരെയും ആകര്‍ഷിക്കുന്ന ഘനഗംഭീരമായ ശബ്ദം. അത് മധുരതരമായി സദസ്സിലേക്കു ചടുലമായി പ്രവഹിക്കുന്നു. ആ വാഗ്‌ദ്ധോരണിയില്‍ എത്രനേരം എല്ലാവരും മതിമറന്ന് ഇരുന്നുപോകുന്നു. ആ മനോഹര ശബ്ദം പാരെങ്ങും വ്യാപരിച്ചു. തുടര്‍ന്ന് പലയിടങ്ങളിലും ചിന്മയ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ദേശാതീതവും ഭാഷാതീതവുമായി സനാതനധര്‍മ്മം ചിന്മയപ്രസ്ഥാനത്തിലൂടെ പ്രചരിച്ചു. 1916 മെയ് 8 ന് ബാലകൃഷ്ണന്‍ ജനിച്ചു. വീട്ടില്‍ വല്ലപ്പോഴും വരാറുണ്ടായിരുന്ന പരമഭട്ടാര ചട്ടമ്പിസ്വാമികള്‍ കൊച്ചു ബാലനുമായി ആര്‍ക്കും പിടികിട്ടാത്ത ഭാഷയില്‍ സംസാരിക്കുമായിരുന്നത്രേ! ഇതില്‍ പരം ഒരു സൗഭാഗ്യം ഒരു കുട്ടിക്ക് വേറെ കിട്ടാനുണ്ടോ? വിദ്യാഭ്യാസകാലത്ത് സില്‍ക്ക് ബാലന്‍ ടൈഗര്‍ ആയി. ലക്‌നൗ പഠനകാലത്ത് സ്വാതന്ത്രസമരസേനാനിയായി. തടവും കഷ്ടപ്പാടുമെല്ലാം സഹിച്ചു. കുറേക്കാലം പത്രപ്രവര്‍ത്തകനായി. ഋഷികേശ് ശിവാനന്ദാശ്രമത്തില്‍ എത്തിയതോടെ ആ ജീവിതം സന്ന്യാസ മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. തപസ്വാദ്ധ്യായനിരതനായി ജീവിച്ച അദ്ദേഹം ആചാര്യപദവിയിലേക്ക് ഉയര്‍ന്നു. ഭൗതികതയും ആദ്ധ്യാത്മികതയും യോജിപ്പിച്ചുകൊണ്ടുള്ള പരമമായ അറിവിലെത്തിച്ചേരാന്‍ ഉപകരിക്കുന്ന ഉപദേശസംഹിതയാണ് ഭഗവദ്ഗീത. സാര്‍വ്വദേശീയമായ അംഗീകാരം നേടിയ ഈ ഗ്രന്ഥത്തിന്റെ അത്യുല്‍ക്കൃഷ്ടമായ സമീപനമാണ് ചിന്മയാനന്ദനെ ഏറെ ആകര്‍ഷിച്ചത്. പ്രപഞ്ച സത്യങ്ങളെ സംക്ഷേപിച്ചു വ്യക്തമാക്കിയ ഗീതയെ അരനൂറ്റാണ്ടുകാലം ലോകസമക്ഷം ചിന്മയാനന്ദസ്വാമികള്‍ വ്യാഖ്യാനിച്ചു-പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും. ഗീതയിലൂടെ കര്‍മ്മത്തിന്റെ പൊരുള്‍ കണ്ടെത്തിയ സ്വാമികള്‍ ഒരു കൊടുങ്കാറ്റുപോലെ ലോകമെമ്പാടും സഞ്ചരിച്ച് ജനങ്ങള്‍ക്ക് ഉണര്‍വ്വേകി. ഭൗതികത മ്ലേച്ഛമായ ഒന്നല്ലെന്നും ആത്മീയതയുടെ അടിത്തറയില്‍ ഭൗതിക ജീവിതം കെട്ടിപ്പെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗംഗാപ്രവാഹം പോലെ പവിത്രവും ഗഹനവുമായിരുന്നു, ചിന്മയാനന്ദജിയുടെ പ്രഭാഷണം. ശ്രീകൃഷ്ണന്റെ മുഖകമലത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച ഗീതാമൃതം ലോകജനതയ്ക്ക് മധുരമായി പാനം ചെയ്യാന്‍ കഴിയുന്നവിധം സ്വാദിഷ്ടമായിരുന്നു, ആ വചനങ്ങള്‍. ചൈതന്യമയനും ആനന്ദമയനുമായ ഗുരുശ്രേഷ്ഠനെ ഓര്‍മ്മിച്ചു താലോലിക്കാന്‍ ഒരു സുവര്‍ണ്ണാവസരം ഈ ഗ്രന്ഥത്തിലൂടെ ലഭിക്കുന്നതാണ്. ശ്രേഷ്ഠമായതിനെ സ്വീകരിക്കുക, ഉള്‍ക്കൊള്ളുക. തനതുരൂപത്തെ പുഷ്‌കലമാക്കുവാന്‍ അത് ഉപകരിക്കും. അങ്ങനെ ആത്മവിശ്വാസത്തോടെ ലോകസമക്ഷം അനുയാത്രികന് പങ്കുചേരാന്‍ സാധിക്കും. മനോവികാസത്തിനുതകുന്ന വിചാര വികാര മണ്ഡലങ്ങള്‍ വായനകൊണ്ട് വര്‍ദ്ധിപ്പിക്കാന്‍ രാജീവ് ഇരിങ്ങാലക്കുടയുടെ ഈ ജീവചരിത്ര ഗ്രന്ഥം സഹായകമാണ്. പ്രമേയത്തിന്റെ ഗാംഭീര്യത്തിനു ചേര്‍ന്ന സരളമായ പ്രതിപാദനം സുഗമമായ ഗ്രന്ഥവായനക്ക് സഹായകമാണ്. ഒരിരിപ്പിനു വായിച്ചതീര്‍ക്കാന്‍ തോന്നുന്ന ശൈലീരസം വരികളില്‍ തങ്ങിനില്‍ക്കുന്നു. കേരളത്തിലെ ചിന്മയാ മിഷന് നേതൃത്വം നല്‍കുന്ന വിവിക്താനന്ദസ്വാമികളുടെ അവതാരിക ഗ്രന്ഥത്തെ അലങ്കരിക്കുന്നുണ്ട്. ചിന്മയാനന്ദസ്വാമികളുടെ ജീവിത രേഖയും, പ്രഥമ പ്രസംഗവും കൂടാതെ ശിവാനന്ദസ്വാമികള്‍, തപോവനസ്വാമികള്‍ എന്നിവരുടെ ലഘുജീവചരിത്രക്കുറിപ്പും ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്വന്തം ജീവിതം സംഗ്രഹിച്ച് സ്വാമി ചിന്മയാനന്തന്‍ പറഞ്ഞത് രേഖപ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകം അവസാനിക്കുന്നത്. അത് ഇപ്രകാരമാണ്: കേരളത്തില്‍ ജനിച്ചു. ഉത്തരേന്ത്യയില്‍ ജീവിച്ചു. ഉത്തരകാശിയില്‍ പുനര്‍ജനിച്ചു. എല്ലായിടത്തും വിമര്‍ശിക്കപ്പെട്ടു. ചില സ്ഥലങ്ങളില്‍ അഭിനന്ദിക്കപ്പെട്ടു. ഒടുവില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടു. എനിക്കു തന്നെ ഞാനൊരു കടങ്കഥയാണ്. സനാതന ധര്‍മ്മ പ്രചാരണം ഭഗവദ്ഗീതാസന്ദേശത്തിലൂടെ സാധനയാക്കിയ ചിന്മയാനന്ദ സ്വാമികളുടെ ഈ ജീവചരിത്രം ഒരു കാലഘട്ടത്തിന്റെ ചരിത്രവും ചൈതന്യവും അനാവരണം ചെയ്യുന്നു. നവനീതം നുകരുന്ന ഹൃദ്യതയോടെ വായനക്കാര്‍ക്ക് ഈ ഗ്രന്ഥം ആസ്വദിക്കാം. സ്വാമി ചിന്മയാനന്ദനെപ്പെറ്റി പി.കുഞ്ഞിരാമന്‍ നായര്‍ എഴുതിയ ഒരു ശ്ലോകം ഇപ്രകാരമാണ്. ഏതോ മായിക വിദ്യതന്‍ കടുംവിഷക്കാറ്റേറ്റുണങ്ങും, നെടും - ചൈതന്യം വിളയിച്ച ഭാരതചരിത്രത്തിന്‍ കടമ്പിന്നു മേല്‍ പുത്തന്‍ കൂമ്പു കിളിര്‍ക്കുവാന്‍ മുരളിയൂതിക്കൊണ്ടു ലീലാരസം നൃത്തം ചെയ്യുക പത്തിതോറുമിനിയും നീ ചിന്മയാനന്ദമേ!’...janmabhumi

No comments:

Post a Comment