Monday, April 30, 2018

മരം വളർന്നു പന്തലിക്കുന്നത് ലോകത്തിനു തണലേകാനല്ല. അങ്ങനെ കരുതിയാൽ അത് അഹങ്കാരമാണ്. മരത്തിൽ ഉള്ള ധർമ്മം അതിനെ ആശ്രയിക്കുന്നവർക്ക് കിട്ടുന്നു. അതു പോലെയാണ് നമ്മുടെ ജീവിതവും പ്രവൃത്തികളും വിലയിരുത്തപ്പെടേണ്ടത്. നാം ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യുന്നു എന്ന ഭാവത്തിൽ ജീവിക്കേണ്ട. നാം വല്ലതും ചെയ്യുന്നതു കൊണ്ട് ഈ ലോകം നന്നാകുമോ എന്നു ചിന്തിക്കുകയും വേണ്ട. എന്താണോ സ്വയം ചെയ്യേണ്ടത് അത് ചെയ്യുകയാണ് വേണ്ടത്. ഫലത്തെ കുറിച്ചു ചിന്തയോ ആശങ്കയോ വേണ്ടല്ലോ.
നാം നമ്മുടെ ഉള്ളിലെ സന്തോഷം കൊണ്ട് ആനന്ദത്തോടെ കാണപ്പെടുന്നത് മറ്റാരെയും സന്തോഷിപ്പിക്കാനല്ല. എന്നാൽ വിഷമിച്ചിരിക്കുന്ന ഒരാൾക്ക് നമ്മുടെ ആനന്ദകരമായ ഭാവം കാണുമ്പോൾ ആശ്വാസം തോന്നും. അങ്ങനെ സ്വന്തം ആനന്ദത്തെ നിലനിർത്തി പ്രകാശിപ്പിക്കുവാനായാൽ ഒരു മനുഷ്യന് ഈ ജീവിതത്തിൽ തനിക്കോ ലോകത്തിനോ വേണ്ടി മറ്റെന്താണ് ചെയ്യാനുള്ളത്? മരം തണലേകുംപോലെ പുഴ ജലമേകുംപോലെ സ്വന്തം ഗുണത്തെ പ്രകാശിപ്പിച്ച് നിരഹങ്കാരിയായ് ജീവിക്കുന്നതാണ് തനിക്കും ലോകത്തിനും ആനന്ദപ്രദം. സ്വസ്ഥചിത്തനായ ഒരു ആചാര്യനെ സമീപിക്കുമ്പോൾ നമുക്കും ആ സ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. അദ്ദേഹം എന്തെങ്കിലും സംസാരിക്കുമ്പോൾ നമ്മുടെ മനസ്സിൽ വിക്ഷേപം ഉണ്ടാകുകയോ നമ്മുടെ മനസ്സ് ഇളകുകയോ ചെയ്യുന്നില്ല, മറിച്ച് മനസ്സ് അടങ്ങുന്നു. എന്നാൽ നമ്മുടെ മനസ്സ് അടങ്ങുന്നതും നമ്മിൽ ആനന്ദം നിറയുന്നതും ആചാര്യനെ സംബന്ധിച്ച് അഭിമാനത്തെ വളർത്തി അഹങ്കാരത്തെ പോഷിപ്പിക്കുന്ന വിഷയമേ അല്ല. ആചാര്യൻറെ ഭാവം സ്വാഭാവികമായി പ്രവഹിക്കുകയും അവിടെ എത്തിയ നമ്മിൽ അത് പ്രകടമാവുകയും ചെയ്തു എന്നതാണ് സത്യം. ഇത്തരത്തിൽ സർവ്വ കർമ്മങ്ങളുടെയും ഫലത്തെ മനസ്സാൽ പരിത്യജിച്ച് ഈശ്വരീയതയുടെ സ്വാഭാവികമായ പ്രകടനമായ് നിർമ്മലചിത്തരായ് നിരഹങ്കാരിയായി നിലകൊള്ളാൻ നമുക്ക് കഴിയണം. പ്രകൃതിയിൽ എല്ലാം അങ്ങനെയാണ്. നാം മാത്രം എന്തിനാണ് എന്തെങ്കിലും ഗുണത്തിൻറെ പേരിൽ അഹങ്കരിക്കുന്നത്. ഈശ്വരീയമായ മഹനീയഭാവത്തെ വിട്ട് ഞാനാണ് എല്ലാം ചെയ്യുന്നത് എന്ന അഹങ്കാരം മനസ്സിൽ പാപക്കറയായ് അജ്ഞതയെ വളർത്തുകയേയുള്ളു. എല്ലാം ഭഗവാനിൽ അർപ്പിച്ചു ജീവിക്കുന്നതാണ് ജ്ഞാനമാർഗ്ഗം. എല്ലാം എൻറെ സ്വന്തമാണ് എന്നു ചിന്തിച്ചു സത്യം അറിയാതെ ജീവിക്കുന്നതാണ് ദുഃഖകാരണം.
"സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ്വപാപേഭ്യോ
മോക്ഷയിഷ്യാമി മാ ശുചഃ" (ഭഗവദ്ഗീത- 18:66)
ഓം...
krishnakumar

No comments:

Post a Comment