Tuesday, April 17, 2018

ദര്‍ഭ മാഹാത്മ്യം" ദര്‍ഭ നന്മയുടേയും അമരത്വത്തിന്റേയും ഇരിപ്പിടമാണ്
ദര്‍ഭ സ്പര്‍ശനത്താല്‍ കലശം ശുദ്ധീകരിക്കുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.ദര്‍ഭ ശുദ്ധിയുള്ളതാണ്. എങ്കിലും പ്രേതബാധയേറ്റാല്‍ അശുദ്ധിയുള്ളതാകും. ഇടി, മിന്നല്‍ എന്നിവയില്‍നിന്നും രക്ഷിക്കാന്‍ ദര്‍ഭ ഒരു മിന്നല്‍ ചാലകം പോലെ പ്രവര്‍ത്തിക്കുമെന്നും വിശ്വസിക്കപ്പെടുന്നു
'ദര്‍ഭ' വനാന്തരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ കുളക്കരയിലും പാടത്തിന്റെ കരയിലും കൃഷിക്കൂട്ടങ്ങള്‍ക്കിടയിലും കണ്ടുവരുന്ന ഒരു പ്രത്യേകതരം പുല്ലാണ്. അതുകൊണ്ടുതന്നെ അതിനെ 'ദര്‍ഭപ്പുല്ല്' എന്നാണ് പറയുന്നത്.
ദര്‍ഭ നന്മയുടേയും അമരത്വത്തിന്റേയും ഇരിപ്പിടമാണ്. നാഗങ്ങളുടെ നാവ് രണ്ടായി കീറുവാന്‍ കാരണവും ഈ ദര്‍ഭ തന്നെ. അതിന്റെ കഥയിങ്ങനെ:
പണ്ട് നാഗങ്ങളുടെ ദാസ്യവൃത്തി ചെയ്തിരുന്ന വിനിതയെ ആ ജോലിയില്‍നിന്നും മോചിപ്പിക്കുവാന്‍ വിനിതയുടെ മകന്‍ ഗരുഢന്‍ തീരുമാനിച്ചു.
ഗരുഢന്‍ സ്വര്‍ഗത്തു ചെന്ന് ദേവേന്ദ്രന്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന 'അമൃത്' എടുത്തുകൊണ്ടുവന്ന് നാഗലോകത്ത് ദര്‍ഭയുടെ മുകളില്‍ വച്ചു. അമൃത് ദര്‍ഭയുടെ മുകളില്‍ വച്ച അന്നു മുതല്‍ ദര്‍ഭയ്ക്ക് ശുദ്ധിയും ദിവ്യത്വവും ശ്രേഷ്ഠതയും കൈവന്നു. സകലര്‍ക്കും സ്വീകാര്യമാകുകയും ചെയ്തു.
ഇതറിഞ്ഞ ദേവേന്ദ്രന്‍ നാഗലോകത്തുവന്ന് 'അമൃത് എടുത്ത് സ്വര്‍ഗത്തിലേക്കുപോയി. അമൃത് ലഭിക്കാത്തതിലുള്ള നിരാശയും സങ്കടവും അമൃതിനോടുള്ള കൊതിയും മൂലം നാഗങ്ങള്‍ അമൃതു വച്ചിരുന്ന ദര്‍ഭയില്‍ നക്കി. അരമുള്ളതും പരുപരുത്തതുമായ ദര്‍ഭയില്‍ നക്കിയതിനാലാണ് നാഗങ്ങളുടെ നാക്ക് രണ്ടായി കീറിയതെന്ന് വിശ്വസിക്കപ്പെടുന്നു.
ദര്‍ഭയുടെ ഉപയോഗങ്ങള്‍ ഏറെയുണ്ട്. നാഗങ്ങളുടെ ഗ്രഹങ്ങളായ രാഹു-കേതുക്കള്‍; സൂര്യ ചന്ദ്രന്മാരെ ഗ്രസിക്കുന്നതാണ് ഗ്രഹണം എന്നു പറയുന്നത്. ഗ്രഹണത്തിന്റെ പ്രതിഫലനം ലോകം മുഴുവന്‍ അനുഭവപ്പെടും.
ഈ സമയത്ത് പ്രതികൂല ഊര്‍ജ്ജത്തെ തടയുവാനുള്ള ശക്തി ദര്‍ഭയ്ക്കുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ താന്ത്രികപരമായ കൊടിയേറ്റിനുശേഷം കൊടിമരത്തില്‍ ആല്, മാവ് എന്നിവ ചുറ്റിനും കെട്ടിയശേഷം ദര്‍ഭകൊണ്ട് തയ്യാറാക്കിയ ദര്‍ഭക്കയര്‍ ചുറ്റും. കൊടിയേറ്റിനു തലേന്ന് ശ്രീകോവിലിനു ചുറ്റും ദര്‍ഭക്കയര്‍ കെട്ടും.
ശിവക്ഷേത്രങ്ങളില്‍ ധാരയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന വിശേഷപ്പെട്ട വസ്തുവും ദര്‍ഭതന്നെ. അമരത്വത്തിന്റെ പ്രതീകമായ ദര്‍ഭയുടെ മാഹാത്മ്യം ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്.
ഉത്സവാദികള്‍ക്കും, പവിത്രം, കൂര്‍ച്ചം എന്നിവ നിര്‍മ്മിക്കുന്നതിനും, കലശപൂജയ്ക്കും ദര്‍ഭ ഒരു അനിവാര്യഘടകമാണ്. ദര്‍ഭ സ്പര്‍ശനത്താല്‍ കലശം ശുദ്ധീകരിക്കുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
ദര്‍ഭ ശുദ്ധിയുള്ളതാണ്. എങ്കിലും പ്രേതബാധയേറ്റാല്‍ അശുദ്ധിയുള്ളതാകും. ഇടി, മിന്നല്‍ എന്നിവയില്‍നിന്നും രക്ഷിക്കാന്‍ ദര്‍ഭ ഒരു മിന്നല്‍ ചാലകം പോലെ പ്രവര്‍ത്തിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
മരണാനന്തര ശരീരത്തെ ദര്‍ഭയില്‍ കിടത്തുന്നത് പരേതാത്മാവിന് ആത്മശാന്തി ലഭിക്കാന്‍ കൂടിയാണെന്ന് അമരവാണി പറയുന്നു. സ്വര്‍ണ്ണമോതിരം ഉണ്ടെങ്കിലും കലശപൂജാദികള്‍ക്ക് പൂജാശ്രേഷ്ഠന്മാര്‍ 'ദര്‍ഭപ്പുല്ല്' കൊണ്ട് തീര്‍ത്ത മോതിരമാണ് അണിയുകയെന്നതും ശ്രദ്ധേയമാണ്. ദര്‍ഭപ്പുല്ലുകൊണ്ട് നിര്‍മ്മിച്ച മോതിരത്തെ 'പവിത്രം' എന്നാണ് പറയാറുള്ളത്.
ഇന്ന് 'ദര്‍ഭപ്പുല്ല്' കിട്ടുക എന്നതുതന്നെ മഹാഭാഗ്യം. കാരണം ഇതിന്റെ മഹത്വം, ഉപയോഗം ഇവ അറിയാതെ മറ്റു പുല്ലുകളുടെ കൂടെ ഇവയും വെട്ടിയോ, കിളച്ചോ നശിപ്പിക്കുന്നു. ക്ഷേത്രപരിസരങ്ങളിലോ, ആശ്രമപ്രാന്തങ്ങളിലോ ദര്‍ഭ കൂടുതല്‍ വളരുവാന്‍ സാഹചര്യം ഉണ്ടാക്കേണ്ടതാണ്...fb

No comments:

Post a Comment