''തന്മയാഃ''
അതുതന്നെയായിത്തീരുന്നു എന്നതാണ് ഭക്തിയുടെ വളര്‍ച്ചയുടെ പാരമ്യം.
ശബരിമല ദര്‍ശനം നടത്തുന്ന ഭക്തന്മാര്‍, കൊടിമരത്തിനടുത്ത് തത്വമസി എന്ന് എഴുതിക്കാണുമ്പോള്‍ സ്വയം ഉള്ളിലേക്ക് നോക്കാനുള്ള പ്രേരണ അവിടെ ലഭിക്കുന്നു. അതു നീയാകുന്നു. നീ ആരെ അന്വേഷിച്ചാണോ വന്നിരിക്കുന്നത് ആ ആള്‍ നീ തന്നെയാണ് എന്ന സന്ദേശം.
അതുതന്നെയാണ് ശബരിമലദര്‍ശനത്തിനു ചെല്ലുന്നവര്‍ പരസ്പരം അഭിസംബോധന ചെയ്യുന്നത് സ്വാമി, അയ്യപ്പാ, മാളികപ്പുറം എന്നിങ്ങനെ തന്നെയാണ്. ഭക്തന്മാരെല്ലാം അയ്യപ്പന്മാര്‍ തന്നെ എന്ന് പരസ്പരം മനസ്സിലാക്കാനുള്ള പ്രചോദനമാണിത്. ഞാനും അയ്യപ്പന്‍, നീയും അയ്യപ്പന്‍, അവനും അയ്യപ്പന്‍ എന്നു തിരിച്ചറിയുമ്പോള്‍ എല്ലാവരും അയ്യപ്പന്‍ തന്നെ എന്നു വ്യക്തമാക്കപ്പെടുന്നു. ഉത്തമപുരുഷന്‍, മധ്യമ പുരുഷന്‍, പ്രഥമ പുരുഷന്‍ എന്നിവരെല്ലാം അയ്യപ്പന്മാര്‍.
അപ്പോള്‍ ചോറ്റാനിക്കര ക്ഷേത്രത്തിലെ ബലിക്കല്‍പുരയില്‍, നാലമ്പലവാതിലിനു മുന്നില്‍ എഴുതിയിരിക്കുന്നതുപോലെയുള്ള അവസ്ഥ.
''ഞാന്‍ താനിതെല്ലാം മറ്റൊന്നുമില്ല, നൂനം സനാതനം'' എന്ന വരികള്‍ പ്രകടമാക്കുന്നു. കാണുന്നതും കേള്‍ക്കുന്നതും എല്ലാം ഭഗവന്‍ മയം. അപ്പോള്‍ താനും ഭഗവന്മയം തന്നെ. ഈ ഭാവം തന്നെയാണ് തന്മയീഭാവം.
ഈ ഭാവത്തിലെത്തിയവര്‍ക്ക് എന്തെല്ലാം സംഭവിച്ചാലും അവര്‍ വിഷ്ണുരൂപം തന്നെയായിത്തീരുന്നു. പിന്നെ അവരെക്കൊണ്ടാണ് വീടും നാടുമെല്ലാം അറിയപ്പെടുക. മള്ളിയൂര്‍ തിരുമേനിയുടെ ജന്മംകൊണ്ട് ആ കുടുംബത്തിലെ എല്ലാവരും മള്ളിയൂര്‍ എന്ന പേരിലും, ഗ്രാമം മുഴുവന്‍ ആ പേരിലും അറിയപ്പെടുന്നു.
ചങ്ങമ്പുഴ കൃഷ്ണ പിള്ള എന്ന ഒരു സാഹിത്യകാരനെക്കൊണ്ട് ചങ്ങമ്പുഴ കുടുംബം മുഴുവന്‍ അറിയപ്പെട്ടു. ഇടപ്പള്ളി രാഘവന്‍ പിള്ളയുടേയും കൂടി പേരുയര്‍ന്നതോടെ ഇടപ്പള്ളി കവികളുടെ നാടായി അറിയപ്പെട്ടു. അവരും നാടും ഒന്നായി മാറുന്നു. ശങ്കരാചാര്യരെക്കൊണ്ട് കാലടിയും പേപ്പതിയും അറിയപ്പെട്ടു. ആദിത്യയോഗി യുപി മുഖ്യമന്ത്രിയായതോടെ യോഗിയുടെ യുപി എന്ന പേരായി മാറി.
ഭക്തന്മാരുടെ സായുജ്യത്തിന്റെ ആദ്യഭാവങ്ങള്‍ സാരൂപ്യം, സാമീപ്യം ഇവയാണ്. സാമീപ്യം കൂടുംതോറും ക്രമേണ അതുതന്നെയായിത്തീരുകയാണ്. സിന്ധുനദിയും ഗംഗാനദിയുമെല്ലാം സിന്ധുമഹാസമുദ്രത്തില്‍ എത്തിച്ചേരുന്നതോടെ പിന്നെ അവര്‍ സമുദ്രത്തിന്റെ ഭാഗമായി.
ഭക്തന്മാരുടെ വാക്കുകള്‍ ഭഗവാന്‍ സത്യമാക്കിത്തീര്‍ക്കുന്നു. അതിനാല്‍ പൊതുജനങ്ങള്‍ ഭക്തന്മാരുടെ വാക്കുകളെ ഭഗവാന്റെ വാക്കുകളായി കാണുന്നു. ഭക്തന്മാരെ ഭഗവാനായും കാണും. അവര്‍ ഭഗവാനെ ആരാധിക്കുംപോലെ ഭക്തന്മാരെയും ആരാധിക്കുന്നു. ഫലത്തില്‍ അവര്‍ ഭഗവാന്‍ തന്നെയായിത്തീരുന്നു. അതാണ് തന്മയീഭാവം.
janmabhumi
No comments:
Post a Comment