Wednesday, April 18, 2018

മുഴുവന്‍ ബ്രഹ്മാണ്ഡങ്ങളും അതിലെ വസ്തുക്കളും ഉണ്ടാവുന്നതും നശിക്കുന്നതും തന്നെ ആശ്രയിച്ചാണ്, പ്രകൃതിയുടെ പ്രവര്‍ത്തനം മൂലമാണെന്ന് പറഞ്ഞു.
 (പ്രഭവഃ പ്രളയഃ തഥാ) അവയില്‍ തന്മാത്ര രൂപേണ ഞാന്‍ പ്രവേശിച്ച് നിലനിര്‍ത്തുകയാണ്. അങ്ങനെ ജഗത്തിന്റെ സൃഷ്ടിയും സ്ഥിതിയും പ്രയോഗവും ഞാന്‍ തന്നെയാണ്. എന്റെ ബഹുവിധത്തിലുള്ള ശക്തിയുടെ പ്രവര്‍ത്തനം കാരണമാണ്. അഞ്ചുശ്ലോകങ്ങളിലൂടെ ഭഗവാന്‍ വിശദീകരിക്കുന്നത് ഇതാണ്. ''ജ്ഞാനം തേഹം സവിജ്ഞാനം'' (ജ്ഞാനവും വിജ്ഞാനവും ഞാന്‍ പറഞ്ഞുതരാം എന്ന് വ്യക്തമാക്കിയ ജ്ഞാനവിജ്ഞാനങ്ങളും ഇതുതന്നെയാണ്.) രസഃ അപ്‌സു അഹം- വെള്ളത്തിലെ രസം ഞാനാകുന്നു. വെള്ളത്തിന് ഒരു രസവും ഇല്ല; പഞ്ചസാരയോ ഉപ്പോ ഇട്ടാല്‍ മധുര രസവും ഉപ്പു രസവും ഉണ്ടാകുന്നു എന്നാണ് നാം പറയുക പതിവ്. പക്ഷേ ആധ്യാത്മിക ശാസ്ത്രങ്ങളില്‍ പറയുന്നത് അങ്ങനെയല്ല. വെള്ളത്തിന് രസമുണ്ട്; അത് നമുക്ക് നാക്കുകൊണ്ട് ആസ്വദിക്കാന്‍ കഴിയുകയില്ല. 'രസതന്മാത്രം' എന്ന് നാമം, അത് വെള്ളത്തിന്റെ കാരണമാണ്; ആ കാരണം ഞാനാണ്. തന്മാത്രയുടെ ഭാവത്തില്‍ ഭഗവാന്‍ വെള്ളത്തില്‍ ഇല്ല എന്നുവരികില്‍, വെള്ളത്തിന് പഞ്ചസാരയുടെ മധുരരസവും ഉപ്പിന്റെ ഉപ്പുരസവും തന്നിലേക്ക് ലയിപ്പിക്കാന്‍ കഴിയില്ല. തന്മാത്ര രൂപത്തില്‍ വെള്ളത്തിലെല്ലാം വ്യാപിച്ചു നില്‍ക്കുന്നതുകൊണ്ട് വെള്ളം വെള്ളമായി നിലനില്‍ക്കുന്നു. ഈ രീതിയില്‍ എന്നില്‍ എല്ലാം കോര്‍ത്തുനിര്‍ത്തുന്നു. സര്‍വവ്യാപിയായ ഭഗവാന്‍ തന്മാത്ര രൂപത്തില്‍ വെള്ളത്തില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണ് നമുക്ക് വെള്ളം കുടിച്ചാല്‍ ദാനം മാറുകയും തളര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്നത് എന്ന് നാം ഓര്‍ക്കുക. ശശു സൂര്യയോഃ പ്രഭാ അസ്മി ചന്ദ്രനില്‍നിന്ന് സൂര്യനില്‍നിന്ന് പൊഴിയുന്ന രശ്മികളില്‍നിന്ന് നമുക്ക് കിട്ടുന്ന പ്രകാശം ഭഗവാന്റെ പ്രകാശം തന്നെയാണ് എന്ന് ഭഗവാന്‍ പറയുന്നു. ഭഗവാന്റെ മഹാപ്രകാശത്തിന്റെ ഒരു അണു മാത്രമാണ് സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശം എന്നു നാം മനസ്സിലാക്കണം. സര്‍വവേദേഷു പ്രണവഃ അസ്മി പ്രണവം അതായത് ഓംകാരം-ഭഗവാന്റെ ശബ്ദരൂപത്തില്‍ ആവിര്‍ഭവിച്ച മന്ത്രമാണ്. ഓങ്കാരത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വികസിച്ച് ശബ്ദമയ രൂപമാണ് വേദങ്ങളും വേദമന്ത്രങ്ങളും. വേദമന്ത്രങ്ങളുടെ ആരംഭത്തില്‍ പ്രണവം ഉച്ചരിക്കണമെന്നത് നിര്‍ബന്ധമാണ്. ശബ്ദഃഖേ-ആകാശത്തിലെ ശബ്ദ തന്മാത്രം ഞാനാണ്. ശബ്ദതന്മാത്ര എന്ന ഭഗവദംശം, ആകാശത്തിലുള്ളതുകൊണ്ടാണ്, നമുക്ക് ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നത്. കതകുകളും ജനാലകളും അടച്ച് മുറിക്കുള്ളില്‍നിന്ന് സംസാരിച്ചാല്‍ പുറത്തുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല. പുറത്തുള്ള ആകാശത്തിലെ ശബ്ദതന്മാത്രയ്ക്ക്, അകത്തുള്ള ശബ്ദവുമായുള്ള ബന്ധം വിഛേദിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നു. നൃഷു പൗരുഷം പുരുഷന്മാരില്‍ കാണുന്ന ആണത്തം, കര്‍മസാമര്‍ത്ഥ്യം മുതലായ ഗുണങ്ങളാണ് പൗരുഷം. ആ പുരുഷഭാവം, ഭഗവാനില്‍നിന്നുണ്ടായതും ഭഗവാനാകുന്ന ചരടില്‍ കോര്‍ത്തുവച്ച മണികളും ആകുന്നു. (7-9) നാം ജീവിക്കുന്ന ഈ ഭൂമിയില്‍-വിശുദ്ധമായ-അതായത് കല്‍പ്പില്ലാത്ത-ഗന്ധതന്മാത്രയായിട്ട് വര്‍ത്തിക്കുന്നത് ഞാനാണ്. കഴിഞ്ഞ ശ്ലോകത്തില്‍ ജലത്തില്‍ രസം എന്ന തന്മാത്രമായി -കലര്‍പ്പില്ലാത്ത രസമായി ഭഗവാന്‍ നിലകൊള്ളുന്നു എന്നുതന്നെയാണ് പറഞ്ഞത്. 'പുണ്യം' എന്ന പദത്തിന് കലര്‍പ്പില്ലാത്തത് എന്ന് പ്രത്യേകമായ അര്‍ത്ഥമാണുള്ളത്. വിഭാവസൗ തേജഃ-അഗ്നിയെ അഗ്നിയായി നിലനിര്‍ത്തുന്നത്, ചൂടും പ്രകാശവുമാണ്. തന്മാത്രാരൂപത്തില്‍ ചൂടും പ്രകാശവുമായി ഭഗവാന്‍ നിലകൊള്ളുന്നു. എവിടെ ചൂട് അനുഭവപ്പെടുന്നുവോ, അവിടെ അഗ്നിയുണ്ട്, ഭഗവാനുണ്ട് എന്ന് മനസ്സിലാക്കാം. നാം കഴിക്കുന്ന ആഹാരം വയറ്റിലെ ചൂടിലാണ് പാകം ചെയ്യപ്പെടുന്നത്. ചൂട് ഉള്ളിടത്ത് അഗ്നിയുണ്ട്, അഗ്നിയില്‍ തന്മാത്രാരൂപത്തില്‍ ഭഗവാനുണ്ട്, ആ ഭഗവാന്‍ തന്നെയാണ് നമ്മുടെ വയറ്റിലെ പാചകക്കാരന്‍.

No comments:

Post a Comment