Monday, April 02, 2018

ടീച്ചർക്ക് ആത്മാർത്ഥതയുണ്ട്. കുട്ടികൾക്ക് ടീച്ചറെ ഇഷ്ടമാണ്. അവർ ആവോളം സഹകരിക്കുന്നുമുണ്ട്.
പക്ഷേ പഠനം തൃപ്തികരമല്ല!!!
ഏവരും പൊതുവെ പറയാറുള്ള പ്രശ്നങ്ങളെക്കുറിച്ച് ടീച്ചർ ആലോചിച്ചു
‘വിഷയത്തിൻറെ കാഠിന്യമോ, പാഠനത്തിൻറെ പരിമിതിയോ, കുട്ടികളുടെ ഗ്രാഹകശേഷിക്കുറവോ?- എന്താവാം കാരണം.’
ഉത്തരവും ടീച്ചർക്ക് തെളിഞ്ഞു കിട്ടി-:
വിഷയത്തിൻറെ
കാഠിന്യത്തെക്കുറിച്ച് പരാതി പറഞ്ഞുകൂടാ. കാരണം കാഠിന്യമെന്നത് ഒരു  മനോഭാവം മാത്രമാണ് എന്ന വസ്തുത മറക്കരുതല്ലോ..
( ചിലർക്ക് വളരെ ലളിതമായി തോന്നുന്നതാണ് മറ്റു ചിലർക്ക് കഠിനമായി അനുഭവപ്പെടുന്നത് )
പരിമിതികളറ്റ പാഠന രീതിയെന്നൊന്നില്ലതാനും
കുട്ടികളുടെ ഗ്രാഹകശേഷി കുറവ് പ്രശ്നമായി എണ്ണുന്നതും ശരിയല്ല..അദ്ധ്യാപകരവസരത്തിനൊത്തുയരണം.
പാഠന  രംഗത്ത് ഒരു   പുരോഗതിയും ഇല്ലല്ലൊ എന്നതിനെക്കുറിച്ച് ചിന്തിച്ച് ഏറെ നാളുകളായി ടീച്ചർക്ക് ഉറക്കം നഷ്ടമാവുന്നു.
വളരെ ആലോചനകൾക്കു ശേഷം അന്ന് ടീച്ചർ പുതിയ സമീപനവുമായി ക്ലാസ്സിലെത്തി.
‘ ഒന്നും പഠിപ്പിക്കില്ലെന്ന നിശ്ചയം’
പകരം പഠിക്കാനുള്ള നിശ്ചയം!!
അതിനടുത്ത ദിവസങ്ങളിലും അതു തുടർന്നു….കുട്ടികൾ അത്ഭുതത്തോടെ പുതിയ സമീപനം ആസ്വദിച്ചു. ടീച്ചറുടെ ക്ലാസ്സിൽ ഏവരും ഏറെ ഊർജജസ്വലരായി. പഠിപ്പിക്കലിനു പകരം പഠിക്കാൻ തുടങ്ങിയപ്പോൾ  ചെയ്യുന്ന കാര്യത്തിൽ ടീച്ചർക്കു തൃപ്തി തോന്നി. കുട്ടികൾ പഠിച്ചു തുടങ്ങിയെന്നതാണ് വിസ്മയകരമായ വസ്തുത.
കുട്ടികൾക്കറിയാവുന്നത് ടീച്ചർ  അന്വേഷിച്ചു മനസ്സിലാക്കി. അവർ പുതിയതായി അറിയേണ്ടതെന്തെന്ന് ടീച്ചർ  ആലോചിച്ചു കണ്ടെത്തി.
കുട്ടികൾക്കറിയുന്നേടത്തു നിന്നും ആരംഭിക്കാൻ ടീച്ചർ തീരുമാനിച്ചു. അവർക്ക് അടുത്തതായി പഠിക്കാനുള്ള കാര്യങ്ങൾ തനിക്കും അറിയില്ലെന്ന മട്ടിൽ ടിച്ചർ  തുടങ്ങും!!!
കുട്ടികളിലൂടെ ടീച്ചർ അറിയാനുള്ള കാര്യങ്ങളെ  ചോദ്യം ചെയ്തു. ചോദ്യങ്ങൾക്കു മുമ്പിൽ ഉത്തരങ്ങളായി അറിവുണർന്നു.
കുട്ടികളിലൂടെ ( കുട്ടികളേയും ) പഠിക്കാനുള്ള ആവേശത്തിൽ പഠിപ്പിക്കാൻ മറന്ന ടീച്ചർക്കു മുമ്പിൽ കുട്ടികൾ പഠിക്കേണ്ടതു പഠിച്ചു മിടുക്കരായി.
ടീച്ചർ രാത്രികളിൽ തൃപ്തികരമായുറങ്ങാനും പ്രഭാതങ്ങളിലേക്ക് സകൗതുകം ഉണരാനും തുടങ്ങി.
മറ്റുള്ളവർക്ക് ടീച്ചർ അത്ഭുതവും മാതൃകയുമായി…
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments:

Post a Comment