Monday, April 23, 2018

“യമാദൃഷ്‌ടാംഗയോഗസങ്കല്‌പോ ബന്ധഃ”. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ടംഗങ്ങള്‍ യോഗശരീരത്തെ സൃഷ്‌ടിക്കുകയും സാധകനെ മുക്തിയിലേക്കു നയിക്കുകയും ചെയ്യുന്നു.
അഹിംസ, സത്യം, അസ്‌തേയം (കക്കാതിരിക്കല്‍) ബ്രഹ്മചര്യം (വീര്യാധാരണം), അപരിഗ്രഹം (ആവശ്യത്തില്‍ക്കവിഞ്ഞ്‌ സ്വീകരിക്കാതിരിക്കുക) ഇവ യമങ്ങള്‍ എന്നറിയപ്പെടുന്നു. (“അഹിംസാസത്യാസ്‌തേയ ബ്രഹ്മചര്യാപരിഗ്രഹാ യമാഃ”) ശൗചം, സന്തോഷം (സംതൃപ്‌തി), തപസ്സ്‌, സ്വാധ്യായം, ഈശ്വരപ്രണിധാനം (ഈശ്വരസങ്കലുള്ള അര്‍പണം) ഇവ നിയമങ്ങള്‍. (“ശൗചസന്തോഷതപഃസ്വാധ്യായേശ്വരപ്രണിധാനാനി നിയമാഃ”)
യമം, നിയമം, ആസനം, പ്രാണായാമം (പ്രാണശക്തികളെ സ്വാധീനമാക്കല്‍) പ്രത്യാഹാരം (ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്ന്‌ പിന്‍വലിക്കല്‍) ധാരണ (ഒരേ കാര്യത്തെതന്നെ മനസ്സില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്‌) ധ്യാനം (ഇടതുമിറിയാതെയുള്ള ധാരണ), സമാധി (അനുഭൂതിയെന്ന അതീന്ദ്രിയാവസ്ഥ) ഇവയിലുള്ള സങ്കല്‌പവും ബന്ധം തന്നെ. അഷ്‌ടാംഗയോഗസങ്കല്‌പങ്ങള്‍ മുഖ്യമായും മോക്ഷേച്ഛുവായ സാധകനെ ഉദ്ദേശിച്ചുള്ളതാണ്‌. ക്രമാനുസൃതമായ സാധനകൊണ്ട്‌ സാധകന്‌ കൈവരിക്കാന്‍ കഴിയുന്ന ഉന്മനീഭാവവും സമാധിയും യോഗസങ്കല്‌പങ്ങളിലൂടെയുള്ള പരിസമാപ്‌തിയിലേക്ക്‌ സാധകനെ നയിക്കുന്നു. എന്നാല്‍ ലോകസംഗ്രഹം എന്നുള്ള ധര്‍മപ്രചരണസങ്കല്‌പം ധര്‍മസംസ്ഥാപനത്തിനുവേണ്ടി ജനിച്ച അവതാരപുരുഷന്‍മാര്‍ നിര്‍വഹിച്ചിട്ടുള്ളതാണ്‌. തന്മൂലം ലോകത്തെ നിഷിദ്ധമായി തള്ളിക്കളയലല്ല യോഗപരിണാമം; പ്രജ്ഞാവികാസംകൊണ്ട്‌ മനസ്സിന്റെ കാമനകളെ ജയിക്കുവാനും ലോകത്തിന്‌ വന്നിട്ടുള്ള ധര്‍മവിപര്യയം എങ്ങനെയെന്നറിയുവാനും കഴിയുകയെന്നുള്ളതാണ്‌.
ധര്‍മവിപര്യയങ്ങളെ അറിയുന്നതോടുകൂടി അതിനുപരിഹാരം കാണേണ്ട ആവശ്യവും ലോകസംഗ്രഹാര്‍ത്ഥം നിലകൊള്ളുന്ന ഒരുയോഗിയുടേതാണ്‌. അഷ്‌ടാഗയോഗപരിശീലനത്തിലൂടെ സിദ്ധിക്കുന്ന സിദ്ധികളോ മുക്തിപദമോ സ്വാര്‍ത്ഥതയുടെ പരിമിതിയില്‍ ഒതുങ്ങുന്നുവെങ്കില്‍ അതു കാമസങ്കല്‌പത്തില്‍ നിന്ന്‌ വ്യത്യസ്‌തമല്ല. മുക്തിക്ക്‌ പ്രേരകമായ അഷ്‌ടാഗയോഗപരിശീലനം ലോകസംഗ്രഹംകൊണ്ടു നഷ്‌ടപ്പെട്ടുവെന്ന്‌ ഭയപ്പെട്ടാല്‍ യോഗവിരോധിയായ ഭയം അയാളെയും പിടികൂടി എന്നാണല്ലോ അര്‍ത്ഥം. നിര്‍ഭയത്വം, നിരാമയത്വം, നിര്‍ഗുണത്വമെന്നിങ്ങനെ വളര്‍ന്നു ചെല്ലേണ്ട യോഗി, യോഗഭ്രംശം വരുമെന്നുള്ള ഭയത്തിന്‌ വിധേയനാകുന്നത്‌ അംഗീകരിക്കാന്‍ സാധ്യമല്ല. തന്മൂലം ലോകസംഗ്രഹാര്‍ത്ഥമുള്ള യോഗിയുടെ സങ്കല്‌പം കര്‍മബാദ്ധ്യതകള്‍ സൃഷ്‌ടിക്കുന്നതോ പുനര്‍ജന്മ ബാദ്ധ്യതകള്‍ക്കിടയാകുന്നതോ ആകാന്‍ പാടില്ല. എന്നാല്‍ അഷ്‌ടാംഗ യോഗസങ്കല്‌പങ്ങള്‍ക്കും ചില ബന്ധങ്ങളുണ്ട്‌. മൂര്‍ത്തമായ അര്‍ത്ഥത്തില്‍ അഷ്‌ടാംഗയോഗസാധനകളെ എടുക്കുമ്പോള്‍ അവയ്‌ക്കുള്ള ക്ലേശങ്ങളും പരിമിതികളും ബന്ധമായിത്തന്നെ അവശേഷിക്കുന്നു. ഒന്നിനെ മാത്രം ആശ്രയിച്ച്‌ അനുഭൂതി നേടേണ്ടതിന്‌ പകരം യമനിയമാദി എട്ടംഗങ്ങളെ അനുസരിച്ച്‌, ചെയ്യേണ്ടതിനാലും ബന്ധം തന്നെ. മറ്റുപാസനാമാര്‍ഗങ്ങളേയും സിദ്ധാന്തങ്ങളേയും പുറന്തള്ളിക്കൊണ്ട്‌ എട്ടംഗങ്ങളില്‍ ഒതുങ്ങുന്നു എന്നുള്ളതും ബന്ധനം തന്നെ...punyabhumi

No comments:

Post a Comment