രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളും പുരാണങ്ങളും വൈദികത്തിനു നല്‍കിയ ഊന്നലും വലിയ ഘടകം ആയിരുന്നു. പില്‍ക്കാലത്ത് യാഗം മുതലായ വൈദികചടങ്ങുകള്‍ ഏറെക്കുറെ നിലച്ചെങ്കിലും പുരാണപ്രവചനം നടത്തുന്നവരിലൂടെ വൈദികത്തിനോടുള്ള ആദരവ് നിലനിന്നുപോന്നു എന്നു കാണാം.
ഇത്തരത്തിലെല്ലാം യാഗത്തിനും വൈദികമാര്‍ഗത്തിനും പ്രാമുഖ്യം കൈവന്നപ്പോള്‍ അവയുടെ എല്ലാം (രാജഭരണം ഉള്‍പ്പടെ) താക്കോല്‍സ്ഥാനം കൈയ്യാളിയിരുന്ന ബ്രാഹ്മണന്, ബ്രാഹ്മണസമൂഹത്തിന്, ലഭിച്ച മാന്യത, പദവി, സമ്പത്ത്, സ്വീകാര്യത എന്നിവ വര്‍ണ്ണനാതീതമായിരുന്നു. തന്മൂലം ബ്രാഹ്മണനാകുക എന്നത് ഇന്നല്ലെങ്കില്‍ നാളെ സഫലമാക്കേണ്ട സ്വപ്നമായി ഹിന്ദുസമൂഹത്തിലെ വിവിധസമുദായങ്ങളുടെ ഉപബോധത്തില്‍ പതിഞ്ഞു.
മറ്റു ഹിന്ദുവിശ്വാസപദ്ധതികള്‍ പ്രധാനമായും വ്യക്തിപരമായ തത്വജ്ഞാനം, ആദ്ധ്യാത്മിക അനുഭൂതി എന്നിവയ്ക്കും അതിനുള്ള പഠന, ഉപാസനാപദ്ധതികള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. കുടുംബ-സാമൂഹ്യതലങ്ങള്‍ക്ക് അവയില്‍ പ്രായേണ ഊന്നല്‍ കുറവാണല്ലോ. പില്‍ക്കാലത്ത് ഹിന്ദുസമൂഹത്തിലെ ഭൂരിഭാഗവും പിന്തുടര്‍ന്നത് (ഇന്നു പിന്തുടരുന്നതും) വൈദിക-താന്ത്രികം (ഇതേപ്പറ്റി നമുക്ക് പിന്നീട് കൂടുതല്‍ മനസ്സിലാക്കാം) എന്ന ഒരു സമ്മിശ്ര വിശ്വാസപദ്ധതിയാണ്. അതിലെ ക്ഷേത്രപദ്ധതി ആണ്, ഇന്ന്, വൈദികയാഗത്തിനു ബദലായി ജനങ്ങളെ ആകര്‍ഷിക്കുന്ന, ജനപങ്കാളിത്തമുള്ള ഒരു സാമൂഹ്യസ്ഥാപനം. തന്ത്രസമുച്ചയം പോലുള്ള ഇതിന്റെ പ്രാമാണികഗ്രന്ഥങ്ങളില്‍ ക്ഷേത്രം പ്രതിഷ്ഠിച്ച് നിത്യപൂജാദികള്‍ ചെയ്തുവരുന്നത് വൈദികയാഗം നടത്തുന്നതിനു തുല്യമായിത്തന്നെയാണ് വിലയിരുത്തിയിരിക്കുന്നതും.
വേദം (ഋഗ്‌വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നു നാല്) എന്നത് ഋക്കു (മന്ത്രം) കളെ സമാഹരിച്ചിരിക്കുന്ന സംഹിത, കര്‍മ്മപദ്ധതി വിശദീകരിക്കുന്ന ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്ന നാല് ഭാഗങ്ങള്‍ ചേര്‍ന്നതാണ്. ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, കല്‍പ്പം (ശ്രൗത, ഗൃഹ്യ, ധര്‍മ്മസൂത്രങ്ങള്‍ അടങ്ങിയത്) എന്നീ ആറു വേദാംഗങ്ങള്‍ സംഹിതാബ്രാഹ്മണങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വേണ്ടവിധത്തില്‍ അറിയാനും പ്രയോഗിക്കാനും സഹായിക്കുന്നു. ഇവയില്‍ സംഹിതയും ബ്രാഹ്മണവും ചേര്‍ന്ന ഭാഗം, വൈദികം എന്ന പേരില്‍ ഈ ലേഖനത്തില്‍ ചുരുക്കത്തില്‍ അവതരിപ്പിച്ച, ഒരു പ്രത്യേക ഹിന്ദുവിശ്വാസപദ്ധതിയെ വിശദമാക്കുന്നു. വേദത്തിന്റെ ഈ ആദ്യഭാഗത്തിന് കര്‍മ്മകാണ്ഡം എന്നും പറഞ്ഞുവരുന്നു.
ഭൂമി, അന്തരീക്ഷം, ആകാശം എന്ന മൂന്നു തലങ്ങളെയാണ് ഈ വിശ്വാസപദ്ധതിയില്‍ പ്രധാനമായും കണക്കിലെടുത്തിരിക്കുന്നത്. ഈ മൂന്നു തലങ്ങളും അവയില്‍ അധിവസിക്കുന്നതോ, അവയുടെ ഘടകങ്ങളോ ആയി കണക്കാക്കാവുന്ന എല്ലാറ്റിനേയും ചേര്‍ത്ത് ഒരു സംഘടന ആയി (ആധുനികശാസ്ത്രത്തിന്റെ ഭാഷയില്‍ സിസ്റ്റം) ഈ ദര്‍ശനം കാണുന്നു. ഈ വ്യവസ്ഥിതി അനാദിയും അനന്തവും ആണ്. ഇതിന്റെ ഇത്തരത്തിലുള്ള നിലനില്‍പ്പിനു കാരണം ഋതം എന്ന തത്വം, എന്ന വ്യവസ്ഥ ആണ്. ഈ വ്യവസ്ഥയ്‌ക്കൊത്ത് ജീവിതം നയിച്ചാല്‍ മനുഷ്യര്‍ക്ക് ലൗകികമായ സമ്പല്‍സമൃദ്ധികളും സുഖവും കൈവരും.
മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ സിസ്റ്റത്തിലടങ്ങുന്ന ഭൂലോകം, പിതൃലോകം, സ്വര്‍ഗലോകം എന്ന മൂന്നു ലോകങ്ങള്‍ പ്രധാനങ്ങള്‍ ആണ്. ഈ മൂന്നു ലോകങ്ങളിലും സുസ്ഥിതി നേടാന്‍ ഋതത്തിനൊത്തു ജീവിക്കണം. അതിനുള്ള ഉപായങ്ങളാണ് ഗര്‍ഭാധാനാദിക്രിയകളും യാഗങ്ങളും. അതുകൊണ്ട് അവയെ വിധിയാംവണ്ണം അനുഷ്ഠിക്കലാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം അഥവാ കര്‍ത്തവ്യം.
ഈ കര്‍ത്തവ്യം വേണ്ടതുപോലെ നിറവേറ്റണമെങ്കില്‍ ജീവിതത്തിന്റെ കുടുംബ, സാമൂഹ്യതലങ്ങളില്‍ സ്വസ്ഥത കൂടിയേ തീരൂ. അതിനാല്‍ ഈ വിശ്വാസപദ്ധതിയില്‍ ഈ തലങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കൈവന്നു. സ്വസ്ഥതയ്ക്കും സുരക്ഷയ്ക്കും സല്‍ഭരണം അനിവാര്യമാണല്ലോ. തന്മൂലം രാജനൈതികകാര്യങ്ങളും ഈ വിശ്വാസപദ്ധതിയുടെ ഉപജ്ഞാതാക്കളുടെ മുന്നില്‍ പ്രധാനങ്ങളായി.
ധര്‍മ്മനിഷ്ഠ, താല്‍പ്പര്യവും കഴിവും അടിസ്ഥാനമായുള്ള തൊഴില്‍വിഭജനം, സാമൂഹിക ജീവിതത്തിന്റെ സുസ്ഥിതിക്കായി ഭരണകര്‍ത്താവും പ്രജകളും അനുസരിക്കേണ്ട രാജനീതിപരമായ നിയന്ത്രണങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഈ വിശ്വാസപദ്ധതിയെ ഇന്നും മാര്‍ഗദീപമായി കരുതാം.
vamanan
No comments:
Post a Comment