Monday, April 02, 2018

അമ്മാവന്മാർക്ക് മരുമക്കളെ നന്നാക്കാൻ തത്രപ്പാടു തോന്നുന്നത് ശുഭകരമാണ്. എന്നാൽ അത് ഒരു ശിക്ഷ നൽകി വേണമോ എന്നത് ആലോചിക്കണം. ഒരു കടുത്ത ശിക്ഷാകർത്താവായ അമ്മാവനോട് അദ്ദേഹത്തിന്റെ മരുമകൻ പറഞ്ഞ മറുപടി പ്രസിദ്ധമാണ്. ‘എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാവില്ല. ‘
എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായി
അമ്മാവന്റെ പ്രേമ പൂർണ്ണ മാർഗ്ഗദർശനത്തിനു മുന്നിലും ഞാൻ നന്നാവില്ലെന്ന് ശാഠ്യം പിടിക്കുന്ന മരുമകൻ വിപരീത ജീവിത തീരുമാനത്തിനുടമയാണ്. വളരെ ആഴത്തിലുള്ള ഒരു മാനസിക ശസ്ത്രക്രിയ അയാളുടെ കാര്യത്തിൽ ആവശ്യമായി വരും. ശസ്ത്രക്രിയക്ക് പക്ഷേ അനുമതി കിട്ടാൻ നന്നേ പ്രയാസമാണ്. എടുത്തു പോയ വിപരീത നിശ്ചയത്തിൽ ഒരു തരം അപകടകരമായ സുരക്ഷിതത്വബോധം ഈ മരുമകൻ കാത്തു സൂക്ഷിക്കുമെന്നതാണ് തടസ്സം.
അമ്മാവൻ തൊട്ട് അനവധി പേർ ആവർത്തിച്ച് ഉപദേശിച്ചിട്ടും ജീവിതം തുലക്കാനുള്ള പിടിവാശിയിൽ നിന്ന് പിൻവാങ്ങാത്ത പ്രതാപശാലിയായ മരുമകനാണ് വാൽമീകി രാമായണത്തിലെ പ്രതിനായകൻ. രാവണൻ കരുത്തും, വരബലങ്ങളും ഒത്തിണങ്ങിയ ശിവഭക്തനായിരുന്നല്ലോ. കൈലാസമെടുത്തമ്മാനമാടിയ ചന്ദ്രഹാസത്തിന്റെ ഉടമക്ക് രാക്ഷസ ബുദ്ധിയായിരുന്നു. എല്ലാം പിടിച്ചടക്കാനുള്ള അതിമോഹവും അത് അനായാസം സാധിക്കുന്നതിനുള്ള കുതന്ത്രവും, കരുത്തും സഹജം. ദേവേന്ദ്രൻ പോലും ലങ്കാധിപനായ രാക്ഷസേന്ദ്രനെ പേടിച്ചിരുന്നു. ദശാനനൻ പുഷ്പകവിമാനവും ലങ്കയും സ്വാധീനത്തിലാക്കിയത് ന്യായമാർഗ്ഗത്തിലൂടെ ആയിരുന്നില്ല. ഹിംസയിൽ രമിച്ചിരുന്ന ദശഗ്രീവൻ മുനി ജനങ്ങളെ ഹനിക്കാൻ ജനസ്ഥാനത്ത് രാക്ഷസ വൃന്ദത്തെ നിയോഗിച്ചിരുന്നു. കാനനവാസ പ്രതിജ്ഞ നിറവേറ്റാൻ ജടാവൽക്കലധാരിയായി എത്തിയ ദാശരഥി മുനി വൃന്ദത്തെ രക്ഷോ ഗണത്തിൽ നിന്നും രക്ഷിച്ചോളാമെന്നു വാഗ്ദാനം ചെയ്യുന്നുണ്ട്. ശൂർപ്പണഖ കാരണമാണെങ്കിലും ഖരദൂഷണ ത്രിശിരാക്കളുടെ വധം പ്രതിജ്ഞാ പാലനത്തിന്റെ ഭാഗമായി നടത്തിയതാണെന്നു കരുതണം. വിവരമറിഞ്ഞതിനെ തുടർന്ന് സീതാപഹരണ നിശ്ചയം ചെയ്തപ്പോൾ രാവണൻ സ്വന്തം വധം ആവാഹിക്കുകയായിരുന്നു.
സ്വന്തം മാതുലനായ മാരീചനോട് മാനായി വന്ന് സീതാപഹരണ കാര്യത്തിൽ സഹായം ചെയ്യാൻ രാവണൻ അഭ്യർത്ഥിക്കുന്നു. രണ്ട് പ്രാവശ്യം ഇതുണ്ടായി. രണ്ടു പ്രാവശ്യവും മരുമകനെ മാതുലൻ നിരുത്സാഹപ്പെടുത്തി നേർവഴി ഉപദേശിച്ചു. ശ്രീരാമ പ്രഭാവത്തെ ക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ബോധ്യമാക്കിക്കൊടുക്കാൻ ഉത്സാഹിച്ചു.   നന്നാവാൻ നിശ്ചയിച്ചിട്ടില്ലാത്ത മരുമകന്റെ കരവാൾ കൊണ്ടുള്ള മരണത്തേക്കാൾ ശ്രീരാമബാണമാണു ഭേദം എന്നു മാരീചന് ഒടുവിൽ തീരുമാനിക്കേണ്ടി വന്നു. മാതുലനായ മാരീചനും, ജടായുവും, സീതയും, ഹനുമാനും, വിഭീഷണനും, ശുക സാരണന്മാരും, കുംഭകർണ്ണനും,  കേകസിയും , മാല്യവാനും, ഭാര്യ മണ്ഡോദരിയും ഹിതമുപദേശിച്ചത് രാക്ഷസരാജാവായ രാവണന്റെ പിടിവാശി കേട്ടതേയില്ല. സീതയെ തിരികെ നൽകി സമസ്താപരാധം ഏറ്റുപറഞ്ഞ് നമിച്ചാൽ രാവണനും മാപ്പു നൽകുന്ന പ്രതിപക്ഷ ബഹുമാനത്തിനുടമയാണ് ശ്രീരാമചന്ദ്ര പ്രഭു. പക്ഷേ ആ കാരുണ്യാതിശയം നുകരാൻ ദശാനനനു യോഗ്യതയില്ലാതെ പോയി. ഒടുവിൽ ശ്രീ രാമചന്ദ്രന്റെ നിശിത ശരത്താൽ ശിരസ്സുകൾ ഛേദിക്കപ്പെട്ട് ഹൃദയം തകർന്ന് ദശഗ്രീവൻ കാലപുരി പൂകി.
ഇതിഹാസം വിപരീത നിശ്ചയമെടുത്ത് ദുർവിധിയെ ആവാഹിച്ച രാവണന്റെ ദുർവിധി ചരിത്രം അവതരിപ്പിക്കുന്നത് നമുക്ക് ആ ഗതി വരരുതെന്ന് കരുതിയിട്ടാണ്. വാല്മീകി രാമായണ രചനക്കുദ്യമിച്ചത് ലോക കല്യാണമുദ്ദേശിച്ചാണ്. മാതാപിതാക്കളുടേയും മാതുലന്മാരുടേയും ഗുരുജനങ്ങളുടേയും കാരുണ്യാതിരേകവും,  അനുഭവസമ്പത്തും നമുക്ക് ശ്രദ്ധിക്കാം. പിടിവാശി കളഞ്ഞ് മുൻവിധികൾ തിരുത്താൻ മനസ്സിരുത്താം.
‘ഞാൻ നന്നാവില്ലെന്ന് ‘ ആവർത്തിച്ച് സ്വയം നശിക്കാതിരിക്കാം. സ്വാധ്യായവും സത്സംഗങ്ങളും ദൃഢമായി എടുത്തു പോയ വിപരീത നിശ്ചയങ്ങളെ തിരുത്താനുള്ള ശസ്ത്രക്രിയക്ക് ആക്കം കൂട്ടും.
കർക്കിടക മാസം കഴിഞ്ഞു, രാമായണ വായന കഴിഞ്ഞു എന്ന് അടച്ചു വെക്കാതെ, വായിച്ച് ബോധ്യമായ ഉദാത്ത മൂല്യങ്ങൾ പ്രയോഗത്തിൽ വരുത്താം. ചർച്ചകൾ തുടരാൻ നിശ്ചയിക്കാം.  ജീവിതം ശ്രീരാമ ജയമായി മാറട്ടെ.
പ്രേമോദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments:

Post a Comment