Wednesday, April 18, 2018

ജ്ഞാനേന്ദ്രിയങ്ങള്‍

പ്രത്യക്ഷമായ അറിവിന്റെ ഉത്പത്തിക്കുള്ള അസാധാരണ കാരണങ്ങള്‍ (കരണങ്ങള്‍). ശബ്ദജ്ഞാനത്തിന് ശ്രോത്രവും സ്പര്‍ശജ്ഞാനത്തിനു ത്വക്കും രൂപജ്ഞാനത്തിനു ചക്ഷുസ്സും രസജ്ഞാനത്തിനു രസനയും ഗന്ധജ്ഞാനത്തിനു ഘ്രാണവും കാരണമാണ്. ന്യായദര്‍ശനപ്രകാരം ഈ ഇന്ദ്രിയങ്ങള്‍ പഞ്ചഭൂതാത്മകങ്ങളാണ്. മൂക്കിന്റെ അറ്റത്തു സ്ഥിതിചെയ്യുന്ന ഘ്രാണം പാര്‍ഥിവവും നാക്കിന്റെ അറ്റത്തു സ്ഥിതിചെയ്യുന്ന രസനം ജലീയവും കൃഷ്ണതാരാഗ്രവര്‍ത്തിയായ ചക്ഷുസ്സ് തൈജസവും സര്‍വശരീരവര്‍ത്തിയായ ത്വക്ക് വായവ്യവും ചെവിയുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ശ്രവണം ആകാശവുമാണ്. സുഖ ദുഃഖാദി ജ്ഞാനത്തിനു കാരണം മനസ്സാണ്. അതു ഭൂതമയമല്ല. അത് അന്തഃകരണമെന്നും പറയപ്പെടുന്നു. ഇവയെല്ലാം അണുരൂപങ്ങളും അതുകൊണ്ടുതന്നെ അതീന്ദ്രിയങ്ങളും ആകുന്നു. ഇവ ഗന്ധാദിജ്ഞാനം കൊണ്ട് അനുമേയങ്ങളെന്നു പറയണം. ഇവന് ഗന്ധജ്ഞാനമുള്ളതുകൊണ്ട് ഘ്രാണേന്ദ്രിയമുണ്ട്. എന്നിങ്ങനെ കാര്യം കൊണ്ട് കാരണത്തെ അനുമാനിക്കുന്നു. ഇന്ദ്രിയങ്ങള്‍ പദാര്‍ഥവുമായുള്ള സന്നികര്‍ഷം നിമിത്തം പ്രത്യക്ഷജ്ഞാനത്തെ ജനിപ്പിക്കുന്നു. അതുകൊണ്ട് പ്രത്യക്ഷജ്ഞാന കാരണങ്ങളായ ഇവ പ്രത്യക്ഷപ്രമാണമാണ്.

സത്വരജസ്തമോഗുണാത്മീകയായ പ്രകൃതിയില്‍ നിന്നും മഹത്തത്വ(ബുദ്ധതത്ത്വ)വും അതില്‍ നിന്നും ത്രിഗുണാത്മകമായ അഹങ്കാരവും സാത്ത്വികാഹങ്കാരത്തില്‍ നിന്നുണ്ടാകുന്ന പഞ്ചതന്മാത്രകളില്‍ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ഉദ്ഭവിക്കുന്നുവെന്ന് സാംഖ്യന്മാര്‍ അഭിപ്രായപ്പെടുന്നു. തന്മാത്രകള്‍ സൂക്ഷ്മഭൂതങ്ങളാണ്; ശബ്ദ തന്മാത്രത്തില്‍ നിന്നു ശ്രോത്രവും സ്പര്‍ശ തന്മാത്രത്തില്‍ നിന്നും ത്വക്കും രൂപതന്മാത്രത്തില്‍ നിന്നു ചക്ഷുസ്സും രസ തന്മാത്രത്തില്‍ നിന്നും രസനവും ഗന്ധ തന്മാത്രത്തില്‍ നിന്നു ഘ്രാണവും ഉണ്ടാകുന്നു. സത്ത്വഗുണം പ്രകാശമാകയാല്‍ സാത്ത്വികങ്ങളായ ഈ ഇന്ദ്രിയങ്ങളും പ്രകാശകങ്ങളാണ് - ജ്ഞാനജനകങ്ങളാണ്. മിളിതങ്ങളായ ഈ സാത്ത്വിക തന്മാത്രകളില്‍ നിന്ന് ഉണ്ടാകുന്ന അന്തഃകരണം (അന്തരിന്ദ്രിയം) എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുന്നു. അന്തഃകരണത്തിന്റെ സാന്നിധ്യമില്ലെങ്കില്‍ ചക്ഷുരാദികള്‍ രൂപാദ്രിഗ്രഹണത്തിനു ശക്തങ്ങളല്ല. അതുകൊണ്ടാണ് ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിക്കുന്ന കടിഞ്ഞാണാണു മനസ്സെന്നു കഠോപനിഷത്തില്‍ അഭിപ്രായപ്പെട്ടത്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ മനസ്സിനെ നിയന്ത്രിക്കണം. മനസ്സ് നിയന്ത്രിതമാകുമ്പോള്‍ ഇന്ദ്രിയങ്ങളും സ്വാധീനങ്ങളാകുന്നു. ഈ ഇന്ദ്രിയങ്ങള്‍ക്ക് അധിഷ്ഠാത്രികളായ ദേവതകള്‍ ഉണ്ട്. ആ ദേവതകളാണ് ഇന്ദ്രിയങ്ങള്‍ക്ക് ചൈതന്യം പകര്‍ന്ന് തത്തദ്വിഷയങ്ങളെ ഗ്രഹിക്കുവാന്‍ അവയെ ശക്തങ്ങളാക്കുന്നത്. ശ്രോത്രാദികളുടെ അധിഷ്ഠാതൃദേവതകള്‍ യഥാക്രമം ദിക്ക്, വായു, സൂര്യന്‍, വരുണന്‍, അശ്വിനീദേവതകള്‍ എന്നിവരാണ്.

ഈ ഇന്ദ്രിയങ്ങളില്‍ രൂപഗ്രാഹകമായ ചക്ഷുസ്സും സ്പര്‍ശഗ്രാഹകമായ ത്വക്കും ഒന്നിലധികം വിഷയങ്ങളെ ഗ്രഹിക്കുവാന്‍ കഴിവുള്ളവയാണ്. സംഖ്യ, പരിമാണം, സംയോഗം, വിഭാഗം മുതലായവയും ഇവയ്ക്കു വിഷയമാണ്. ഇന്ദ്രിയങ്ങള്‍ സ്വസ്വവിഷയവുമായി ബന്ധപ്പെട്ടാണ് ആ വിഷയങ്ങളെ ഗ്രഹിപ്പിക്കുന്നത്. രസനവും ഘ്രാണവും ത്വക്കും സ്വസ്ഥാനത്തു വന്നുചേരുന്ന വിഷയങ്ങളെ മാത്രമേ ഗ്രഹിപ്പിക്കുന്നുള്ളു. അതുകൊണ്ട് ഇവ പ്രാപ്യകാരികളാണ്. ചക്ഷുസ്സു സ്വവിഷയദേശത്തെ പ്രാപിച്ച് രൂപത്തെ ഗ്രഹിപ്പിക്കുന്നു, അതുകൊണ്ട് ഇത് പ്രാപ്യകാരിയാണ്. ശ്രോത്രവും ശബ്ദദേശത്തെ പ്രാപിച്ചു ശബ്ദത്തെ ഗ്രഹിപ്പിക്കുന്നതുകൊണ്ട് പ്രാപ്യകാരിയാണെന്ന് ചില ദാര്‍ശനികര്‍ അഭിപ്രായപ്പെടുന്നു. നൈയായികന്മാര്‍ ശ്രോത്രം സ്വസ്ഥാനത്ത് എത്തുന്ന ശബ്ദത്തെ മാത്രമേ ഗ്രഹിപ്പിക്കുന്നുള്ളുവെന്നും അതു വിഷയദേശത്തെ പ്രാപിക്കുന്നില്ലെന്നും അതുകൊണ്ട് രസനാദികളെപ്പോലെ ശ്രോത്രവും അപ്രാപ്യകാരിയാണെന്നും അഭിപ്രായപ്പെടുന്നു.

'പരാഞ്ചിഖാനിവ്യതൃണത്സ്വയംഭു സ്തസ്മാത്പരാങ് പശ്യതിനാന്തരാത്മന്‍' (കഠോപനിഷത്ത്) ബ്രഹ്മാവ് ഇന്ദ്രിയങ്ങളെ ബാഹ്യാഭിമുഖങ്ങളായിട്ടാണ് സൃഷ്ടിച്ചത്. അതുകൊണ്ട് അവ പുറമെയുള്ള രൂപാദികളെ മാത്രം ഗ്രഹിക്കുന്നു. അന്തരാത്മാവിനെ അറിയുന്നില്ല എന്നാണ് ഇന്ദ്രിയങ്ങളെക്കുറിച്ചു പ്രസ്താവിച്ചു കാണുന്നത്. അതുകൊണ്ട് ഈ ഇന്ദ്രിയങ്ങളെ ബാഹ്യങ്ങളായ രൂപാദികളില്‍ നിന്നും പ്രത്യാഹരിച്ച് അന്തര്‍മുഖങ്ങളാക്കിയാലേ ആത്മദര്‍ശനം സാധ്യമാകൂ എന്ന് പാതഞ്ജലന്മാര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ പ്രത്യാഹാരമെന്ന യോഗാങ്ഗം ശീലിച്ചവന്‍ മാത്രമേ ആത്മസാക്ഷാത്കാരയോഗ്യനാകൂ എന്നു വന്നു കൂടുന്നു. നോ. ഇന്ദ്രിയങ്ങള്‍

(പ്രൊഫ. ആര്‍. വാസുദേവന്‍ പോറ്റി)

No comments:

Post a Comment