Friday, April 27, 2018

ചാതുര്‍വര്‍ണ്ണ്യം ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ദൃഢമാകുന്നതിനും മുമ്പ് ഈ ഗുപ്തധാരകള്‍ ഹിന്ദുഗോത്രങ്ങളിലെല്ലാം തന്നെ സാര്‍വത്രികമായി ചര്‍ച്ച ചെയ്യപ്പെടുകയും ആചരിക്കപ്പെടുകയും ചെയ്തിരിക്കണം. ഋഗ്വേദത്തിലെ ഒരു സൂക്തത്തില്‍ പില്‍ക്കാല നാഥസമ്പ്രദായികളെപ്പോലുള്ളവരുടെ വര്‍ണ്ണന ഉണ്ടത്രേ ( കേശിസൂക്തം, എന്‍. എന്‍. ഭട്ടാചാര്യ, ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍). അവയില്‍ ചിലതാണ് പില്‍ക്കാലത്ത് കര്‍മ്മകാണ്ഡത്തിന് അടിസ്ഥാനമായത്. ചിലത് ആരണ്യകങ്ങളിലും മറ്റും കാണപ്പെടുന്ന ഉപാസനാകാണ്ഡത്തിന് അടിത്തറയായി. മറ്റു ചിലത് ഉപനിഷത്തിലെ ചിന്തകള്‍ക്കു (ജ്ഞാനകാണ്ഡം) തിരി കൊളുത്തി. വൈദികഗോത്രങ്ങളില്‍ ഇവയ്ക്ക് കാലം, സാഹചര്യം മുതലായവയ്ക്കനുസൃതമായി പരിഷ്‌കാരങ്ങളും സങ്കീര്‍ണ്ണതകളും ഉണ്ടായിക്കൊണ്ടിരുന്നു. സമാന്തരമായി ഇതര ഹിന്ദുഗോത്രങ്ങളിലും ഈ ഗുപ്തധാരകള്‍ക്ക് സൈദ്ധാന്തികവും അനുഷ്ഠാനപരവും ആയ പലതരം ബാഹ്യരൂപങ്ങള്‍ കൈവന്നുകൊണ്ടുമിരുന്നു.
പില്‍ക്കാലത്ത് വര്‍ണ്ണാശ്രമവ്യവസ്ഥ ഘനീഭവിച്ചശേഷം, അതായത് വൈദികഗോത്രങ്ങള്‍ക്ക് തനതു രൂപഭാവങ്ങള്‍ കൈവന്നശേഷം, ഇതര ഹിന്ദുഗോത്രങ്ങളുമായി ഇടപഴകാന്‍ ബ്രാഹ്മണ വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍  അവസരം ലഭിച്ചത് ത്രൈവര്‍ണ്ണികരിലെ ക്ഷത്രിയ, വൈശ്യവര്‍ണ്ണങ്ങള്‍ക്കായിരുന്നു. തന്മൂലം ഇതരഗോത്രങ്ങളില്‍ ഈ ഗുപ്തധാരകള്‍ക്ക് ക്രമേണ ഉണ്ടായ വേഷപ്പകര്‍ച്ചകളെ വൈദികഗോത്രങ്ങളിലെ ബ്രാഹ്മണദാര്‍ശനികരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഈ രണ്ടു വര്‍ണ്ണങ്ങളും വൈദികഗോത്രങ്ങളിലെ സങ്കരവര്‍ണ്ണങ്ങളും ആയിരുന്നിരിക്കണം. വൈദികദാര്‍ശനികസദസ്സുകളിലെ ചര്‍ച്ചകളെ തിരിച്ച് ഇതരദാര്‍ശനികമണ്ഡലങ്ങളിലെത്തിച്ചതും ഇക്കൂട്ടര്‍ തന്നെയാകണം. 
ഈ കൈമാറ്റ പ്രക്രിയയുടെ തെളിവാണ് ശ്വേതാശ്വതരോപനിഷത്ത്. അതിന്റെ തുടക്കത്തില്‍ത്തന്നെ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള വിവിധ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. ദാസ്ഗുപ്ത ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപോലെ സാംഖ്യം, യോഗം, ശൈവസമ്പ്രദായം മുതലായവയും അതില്‍ വിശദമായി പ്രതിപാദിക്കുന്നു. ഈ നിഗമനത്തെ ശരിവെക്കുന്ന തരത്തിലാണല്ലോ ഈ ഉപനിഷത്തിനെക്കുറിച്ചുള്ള മൃഡാനന്ദസ്വാമിയുടെ അഭിപ്രായവും. അതു നാം കണ്ടു.
 ബ്രഹ്മസൂത്രത്തിന്റെ യോഗസമ്പ്രദായവുമായിട്ടുള്ള ബന്ധത്തെ ശുക്‌ളാജി ചൂണ്ടിക്കാട്ടിയതും നാം കണ്ടു. മറ്റൊരു സുപ്രധാന വസ്തുത ശങ്കരപരമ്പരയുടെ യോഗ, തന്ത്ര ബന്ധമാണ്. ഗൗഡപാദരുടെ കൃതികളായ സുഭഗോദയസ്തുതി, ശ്രീവിദ്യാരത്‌നസൂത്രം എന്നിവ, മഠങ്ങളിലെ ശ്രീചക്രപൂജ, ആചാര്യകൃതദേവീസ്‌തോത്രങ്ങള്‍ തുടങ്ങിയവ മേല്‍പ്പറഞ്ഞ ഗുപ്തധാരകളില്‍ വേരൂന്നിയ ശ്രീവിദ്യാസമ്പ്രദായവുമായി ആ പരമ്പരയുടെ ഗാഢബന്ധത്തെ കാണിക്കുന്നു. ആചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളിലും ശ്രീവിദ്യാസമ്പ്രദായം അനുഷ്ഠിക്കപ്പെട്ടുവരുന്നതിനാല്‍ പില്‍ക്കാലത്തെ ഏതോ ശങ്കരമഠത്തിലെ ഏതോ ശങ്കരാചാര്യര്‍ തുടങ്ങിവെച്ചതാവാം ഇവയെല്ലാം എന്ന വാദത്തിനു ന്യായീകരണമില്ല. 
 ആചാര്യര്‍ എഴുതിയ യോഗതാരാവലി എന്ന കൃതി ഗൗഡപാദപരമ്പരയ്ക്ക് ആ ഗുപ്തധാരകളിലെ പില്‍ക്കാലത്തെ പ്രമുഖരൂപമായ നാഥപരമ്പരയുമായുള്ള ബന്ധത്തെയും വെളിവാക്കുന്നു. മുഖ്യഹഠയോഗക്രിയകള്‍, അമനസ്‌കയോഗം തുടങ്ങിയ നാഥസമ്പ്രദായത്തിന്റെ മര്‍മ്മങ്ങള്‍ ഈ സ്‌തോത്രത്തില്‍ ഭഗവല്‍പാദര്‍ പരാമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ ദേവീസ്തുതികളില്‍ കുണ്ഡലിനീയോഗരഹസ്യങ്ങളും അടങ്ങിയിരിക്കുന്നു. ദശോപനിഷത്തുകള്‍ കൂടാതെ മേല്‍പ്പറഞ്ഞ ശ്വേതാശ്വതരോപനിഷത്തും ആചാര്യര്‍ വ്യാഖ്യാനിച്ചു എന്നും നമുക്കറിയാം. 
 ലളിതാത്രിശതി എന്ന ശ്രീവിദ്യാപരമായ സ്‌തോത്രത്തിന് ഭഗവത്പാദര്‍ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ആചാര്യര്‍ എഴുതിയ മന്ത്രശാസ്ത്രഗ്രന്ഥമാണ് പ്രപഞ്ചസാരം. ഇതിലും യോഗശാസ്ത്രത്തെ പ്രതിപാദിക്കുന്നുണ്ട്. ത്രൈപുരമന്ത്രങ്ങളുടെ ഉപാസനയെയും വിവരിക്കുന്നുണ്ട്. അതിന്റെ ആദ്യത്തെ ഒമ്പത് അദ്ധ്യായങ്ങള്‍ക്ക് ഗൂഢാര്‍ത്ഥദീപിക എന്ന ഒരു വ്യാഖ്യാനമുണ്ട്. അതില്‍ ശങ്കരാചാര്യരുടെ ശ്രീവിദ്യാസമ്പ്രദായത്തിലെ ദീക്ഷാനാമം കൊടുത്തിട്ടുണ്ട്.
ശ്രീരാമകൃഷ്ണദേവന്റെ വേദാന്തഗുരുവായ തോതാപുരി വഴി ഈ പാരമ്പര്യം രാമകൃഷ്ണപരമ്പരയിലേക്കും പില്‍ക്കാലത്തു പകരപ്പെട്ടു എന്നും കാണാം. ഇന്നും രാമകൃഷ്ണമഠങ്ങളില്‍ ആചരിച്ചുവരുന്ന ഫലഹാരിണീ കാളീപൂജ ഇതിനു തെളിവാണ്. പരമഹംസന്‍ ശാരദാമണീദേവിയെ ശ്രീവിദ്യാസമ്പ്രദായത്തിലെ മുഖ്യദേവതയായ ത്രിപുരസുന്ദരിയുടെ ഷോഡശീഭാവമായി കണ്ട് ശ്രീചക്രപൂജ ചെയ്തതിനെ അനുസ്മരിച്ചാണ് മഠങ്ങളിലെ ഈ പൂജ. ഭൈരവിബ്രാഹ്മണി എന്ന യോഗിനി വഴി താന്ത്രികപാരമ്പര്യം ആദ്യമേ രാമകൃഷ്ണപരമഹംസനു സിദ്ധിച്ചിരുന്നുവല്ലോ.
 ഈ ഗുപ്തധാരകളില്‍ നിന്നും ഉരുത്തിരിഞ്ഞ നാഥ, സിദ്ധ (തമിഴ് സിദ്ധപരമ്പര ഉള്‍പ്പടെ), തന്ത്രാദി സമ്പ്രദായങ്ങളുടെ ലോകവീക്ഷണങ്ങളും സാധനാപദ്ധതികളും അതേ ധാരകളില്‍ നിന്നു തന്നെ ഉയിര്‍ക്കൊണ്ട ഈ വൈദിക കര്‍മ്മ, ജ്ഞാനകാണ്ഡങ്ങളില്‍ നിന്നും തുലോം വിഭിന്നങ്ങളാണ്. വര്‍ണ്ണാശ്രമവ്യവസ്ഥകളെ അവ അംഗീകരിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്തില്ല. ജ്ഞാനകാണ്ഡത്തിലെപ്പോലെ ലൗകികജീവിതത്തെ അവ തള്ളിക്കളഞ്ഞില്ല. തന്ത്രമാകട്ടെ ലൗകിക ജീവിതത്തെ തന്നെ സാധനയാക്കി മാറ്റുന്ന ഒരു കാഴ്ച്ചപ്പാടും പ്രയോഗപദ്ധതിയുമാണ് മുന്നോട്ടു വെച്ചത്. എന്നാല്‍, പില്‍ക്കാലത്ത് സങ്കീര്‍ണ്ണമാക്കപ്പെട്ട, ഏറെ വ്യത്യസ്തതകള്‍ പുറമേക്കു കാണിക്കുന്ന കര്‍മ്മകാണ്ഡത്തില്‍പ്പോലും, അതിന്റെ ബാഹ്യതലങ്ങളെ, ഏച്ചുകെട്ടലുകളെ, അഴിച്ചുമാറ്റിയാല്‍, പ്രത്യേകിച്ചും സോമപാനം പോലുള്ള ചില യാഗച്ചടങ്ങുകള്‍, സാമഗാനാലാപനം മുതലായവയില്‍, ഈ ഗുപ്തധാരകളുടെ സ്വാധീനം നമുക്ക് പ്രകടമാകും. 
പ്രത്യക്ഷത്തില്‍ തികച്ചും വ്യത്യസ്തങ്ങള്‍ എന്ന തോന്നല്‍ ഉളവാക്കുന്ന വൈദികവും നാഥ, സിദ്ധ (തമിഴ് സിദ്ധമാര്‍ഗങ്ങളും), തന്ത്ര, കാശ്മീരശൈവ, ജൈന, ബൗദ്ധാദി നിരവധി വൈദികേതരവും ആയ പഥങ്ങള്‍ക്കെല്ലാം തന്നെ മൗലികമായ, ആന്തരമായ, ഏകാത്മത നല്‍കുന്ന ഈ ഗുപ്തധാരകളെ നമുക്കൊന്നു പരിചയപ്പെടാം. വൈദികത്തിന്റെ അടിത്തറയില്‍ പില്‍ക്കാലത്തു പടുത്തുയര്‍ത്തിയ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം മുതലായ മറ്റ് വിശ്വാസപദ്ധതികളിലും ഈ ഗുപ്തധാരകള്‍ അന്തര്‍ലീനമാണ്. ഹിന്ദു ഉപബോധത്തിന്റെ സ്ഥായീഭാവമായ ആത്മാനുഭൂതിയെ നേരിട്ടു ലക്ഷ്യമാക്കുന്ന ഇവയെക്കുറിച്ചുള്ള ശരിയായ ധാരണ ഉണ്ടായാലേ ഇന്ന് നാം, അല്ലെങ്കില്‍ നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍, എത്രമാത്രം അന്യവല്‍ക്കരിക്കപ്പെട്ടുപോയി, സ്വത്വത്തില്‍ നിന്നും അകന്നു പോയി എന്നു നമുക്ക് ബോധ്യം വരുകയുള്ളൂ. സന്ദര്‍ഭോചിതമായ, കാലോചിതമായ, തിരുത്തലുകള്‍ നടത്താനും ഈ ഗുപ്തധാരകളെ അറിയേണ്ടത് ആവശ്യമാണ്. ഈ ധാരകളുമായി (വൈദികവുമായി താരതമ്യം ചെയ്യുമ്പോള്‍) ഇപ്പോഴും പ്രകടമായ ബന്ധം വെക്കുന്ന നാഥ, സിദ്ധ, തന്ത്രാദി മാര്‍ഗ്ഗങ്ങളെയാണ് ഇതിനായി ഈ ലേഖനപരമ്പരയില്‍ അവലംബിക്കുന്നത്.
janmabhumi

No comments:

Post a Comment