Saturday, April 28, 2018

അറിയുന്നതിനെ നാം സ്‌നേഹിക്കുന്നു. സ്‌നേഹിക്കുന്നതിനെ നാം വിശ്വസിക്കുന്നു. വിവാഹം മരണം വരെ പരസ്പര സ്‌നേഹത്തില്‍ ഒന്നായി കഴിയേണ്ട യാഥാര്‍ഥ്യമാണെന്നുള്ള ബോധ്യവും അത് ദൈവത്തിന്റെ കൃപാവരത്താല്‍ മാത്രമാണ് യോജിക്കപ്പെട്ടിരിക്കുന്നതെന്നുള്ള ഉറപ്പുമായിരിക്കണം കുടുംബ ജീവിതം നയിക്കേണ്ടവര്‍ക്ക് ഉണ്ടാകേണ്ടത്. വിവാഹജീവിതത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന് പറയുമ്പോള്‍ അതിന്റെ വിശുദ്ധിക്ക് നിരക്കാത്തതൊന്നും തന്നെ ആ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ല.
വിവാഹജീവിതം വിശ്വാസത്തിന്റെ ജീവിതം എന്നുപറയുമ്പോള്‍ ദൈവമാണ് എന്റെ വിവാഹജീവിതത്തെ ആശീര്‍വദിച്ചിട്ടുള്ളതെന്ന ബോധ്യം ഉണ്ടാകണം ഓരോ ജീവിതപങ്കാളിക്കും. ”ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ”.
വിശ്വാസത്തിന്റെ ഈ തലത്തിലേക്ക് ദൈവം പ്രത്യേകമായി ദമ്പതികളെ ക്ഷണിക്കുന്നുണ്ട്. സുഖത്തിന്റെയും ദുഃഖത്തിന്റെയും തീവ്രവ്യത്യായനമാണല്ലോ ജീവിതം. സ്വാഭവികമായി സുഖവും സന്തോഷവും ആഞ്ഞുപുല്‍കുവാന്‍ നാം വെമ്പല്‍കൊള്ളും. എന്നാല്‍ ദുഃഖവും സഹനവും എങ്ങനെയെങ്കിലും, എത്രയും പെട്ടെന്ന് ദുരീകരിക്കപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നു. അല്‍ഫോന്‍സമ്മയും വീട്ടമ്മയും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂവെന്ന ഒരിക്കല്‍ ഒരു വൈദീകന്‍ പ്രസംഗത്തില്‍ പറയുന്നതും കേട്ടു. അല്‍ഫോന്‍സമ്മ പ്രാര്‍ഥിച്ചത് ”എനിക്ക് സഹനങ്ങള്‍ തരിക”. വീട്ടമ്മ പ്രാര്‍ഥിക്കുന്നത് ”എന്റെ സഹനങ്ങള്‍ മാറ്റി തരിക”. ജീവിതത്തിന്റെ വേദന നിറഞ്ഞ കയ്‌പേറിയ യാഥാര്‍ഥ്യങ്ങളെ സ്വീകരിക്കാനുള്ള ആത്മശക്തിയും ആത്മധൈര്യവും ആത്മവിശ്വാസവും ഓരോ ജീവിതപങ്കാളിയും നേടിയെടുക്കേണ്ടതുണ്ട്.
”അനുഗ്രഹത്തിന്റെ കവാടങ്ങളുടെ താക്കോല്‍ വേദനയാണെന്ന് അനുഭവസാക്ഷ്യം. വേദന ഹൃദയത്തിലറിയുമ്പോഴാണ് അനുഗ്രഹത്തിന്റെ മൂല്യം ബോധ്യമാവുന്നത്” വിവാഹ ജീവിതത്തില്‍ സഹന യാഥാര്‍ഥ്യങ്ങളോടുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ് അതിന് തനിമയും തെളിമയും നല്‍കുന്നത്. സഹനത്തിന്റെ തീ ചൂളയിലാണ് സ്‌നേഹത്തിന്റെ മാറ്റ് തെളിയിക്കപ്പെടുന്നത്. ജീവിതപങ്കാളിയുടെ മാറാരോഗം, സാമ്പത്തികപരാജയം, വിവിധ ദുഃശീലങ്ങള്‍ക്ക് അടിമപ്പെട്ട മക്കളുടെ ജീവിതം, കുടുംബത്തിലെ അംഗങ്ങളുടെ പെട്ടെന്നുള്ള വിയോഗം ഇവയെല്ലാം വിവാഹജീവിതം നയിക്കുന്നവരെ തളര്‍ത്തുകയും മാനസികമായി അവര്‍ തകരുകയും ചെയ്യുന്നു.
ഇവിടെയാണ് വിശ്വാസജീവിതത്തിന്റെ പ്രസക്തി. ”എമശവേ ശ െവേല ൗഹശോമലേ ൗെൃൃലിറലൃ ീേ വേല ാ്യേെലൃശല െീള ഹശളല.” ജീവിതത്തിന്റെ ആത്യന്തികമായ നിഗൂഢ രഹസ്യങ്ങളോടുള്ള പൂര്‍ണ്ണമായ കീഴടങ്ങല്‍. അതാണ് വിശ്വാസത്തിന്റെ ജീവിതം. എന്റെ ജീവിതത്തില്‍ ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല. ദൈവത്തെകൂടാതെ എനിക്ക് ഒന്നും ചെയ്യാനും സാധിക്കുകയില്ല. ഇതാകട്ടെ കുടുംബജീവിതം നയിക്കുന്നവരുടെ വിശ്വാസ സമീപനം. നാം എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണെന്നുള്ള ഉറച്ചബോധ്യത്താല്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ജീവിതം. എന്റെ ജീവിതത്തിലെ ദുരിതങ്ങളും ദുരന്തങ്ങളും ദൈവിക പദ്ധതിയുടെ ഭാഗമായി ദൈവനിയോഗമായി കാണുവാനുള്ള കരളുറപ്പ്. ഇതാണ് കുടുംബജീവിതം നയിക്കുന്നവരുടെ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതശൈലി.
പരസ്പര വിശ്വസ്തതയുടെ ജീവിതമാണ് വിവാഹജീവിതം. അതിന് വിഘ്‌നമായി നില്‍ക്കുന്നതെന്തും വിവാഹജീവിതത്തെ കളങ്കപ്പെടുത്തുന്നു. വിവാഹത്തില്‍ ദമ്പതികളുടെ സ്‌നേഹത്തിന്റെയും ജീവന്റെയും സമ്പൂര്‍ണ്ണമായ ഐക്യവും കൂട്ടായ്മയുമാണ് പ്രകടമാകേണ്ടത്. പൂര്‍ണ്ണമായും അവികലമായും എന്നേന്നേയ്ക്കുമായി ദമ്പതികള്‍ പരസ്പരം വിട്ടുകൊടുക്കുന്നു, സ്വയം സമര്‍പ്പിക്കുന്നു, അവര്‍ ഏകശരീരമാണ്. വിശ്വസ്തത എന്നാല്‍ ഒരാള്‍ക്ക് നല്‍കിയ വാക്ക് നിരന്തരം പാലിക്കുക എന്നാണര്‍ഥം. ദൈവം വിശ്വസ്തനായിരിക്കുന്നതുപോലെ ദമ്പതികളും വിശ്വസ്തരായിരിക്കണം. സ്രഷ്ടാവായ ദൈവത്തിന്റെ സ്‌നേഹത്തില്‍ ദമ്പതികള്‍ പങ്കുച്ചേരുന്നത് വിശിഷ്ടമായ ദാമ്പത്യസ്‌നേഹവും സന്താനോല്‍പാദനവും വഴിയാണ്.
മക്കള്‍ ദൈവത്തിന്റെ ദാനമാണെന്ന് അവര്‍ മനസിലാക്കണം. വ്യഭിചാരം വിശ്വസ്തതയ്ക്ക് ഭംഗംവരുത്തുന്നു. പ്രതിബദ്ധതയുടെ വിഘ്‌നമാണ് ഇവിടെ സംഭവിക്കുന്നത്. വിവാഹ ഉടമ്പടിക്ക് മുറിവേല്‍പ്പിക്കുന്നു. ജീവിതപങ്കാളിയുടെ  അവകാശങ്ങളെ നിഷേധിക്കുന്നു. വിവാഹമെന്ന സ്ഥാപനത്തിന്റെ അന്തസ് കുറയ്ക്കുന്നു.
വിവാഹമോചനം പ്രകൃതി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. അത് കുടുംബത്തിലും സമൂഹത്തിലും ക്രമരാഹിത്യം സൃഷ്ടിക്കുന്നു. നിഷ്‌കളങ്കയായ ജീവിതപങ്കാളിയെ ദുരിതത്തിലേക്ക് നയിക്കുന്നു. മക്കളുടെ ജീവിതത്തെ ഭീതിതമാക്കുന്നു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒരു പ്ലേഗാണിത്.
വിവാഹജീവിതത്തിന്റെ അന്തസിനു ചേരാത്തതാണ് ബഹുഭാര്യാത്വം. ഇത് ദൈവിക പദ്ധതിയെ നിഷേധിക്കുന്നു. സമ്പൂര്‍ണവും അനന്യവും അവിഭാജ്യവുമായ പുരുഷ-സ്ത്രീ സ്‌നേഹ ബന്ധത്തിന്റെ ശ്രേഷ്ഠതയെ ഇത് മലിനപ്പെടുത്തുന്നു. ഏറ്റവും അടുത്ത കുടുംബബന്ധത്തിലെ വ്യക്തികള്‍ തമ്മിലുള്ള വിവാഹം വിവാഹജീവിതത്തിന്റെ മാഹാത്മ്യത്തെ കളങ്കപ്പെടുത്തുന്നു.
മനുഷ്യന്‍ അവന്റെ മൃഗീയതയിലേക്കുള്ള തിരിച്ചുപോക്കായിട്ടാണ് സഭാപഠനങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതു ഇതിനോടനുബന്ധിച്ചുള്ള ഗൗരവമായ തെറ്റാണ്. കാരണം അത് അവരുടെ ശാരീരിക ധാര്‍മ്മിക സമഗ്രതയെ തകര്‍ക്കുന്നു. ആ മുറിപാടുകള്‍ ഒരിക്കലും ഉണക്കാന്‍ മാനുഷികശക്തികള്‍ കൊണ്ട് സാധിക്കുകയില്ല.
സ്വതന്ത്ര വേഴ്ചകളില്‍ സംഭവിക്കുന്നത് പങ്കാളികളില്‍ യാതൊരുവിധ പ്രതിബദ്ധതയില്ല എന്നുള്ളതാണ്. പരസ്പര വിശ്വാസമില്ലാത്ത, ഭാവിയെകുറിച്ചുള്ള യാതൊരു ചിന്തയുമില്ലാത്തവരാണ് അവര്‍. പിന്നീട് വിവാഹം കഴിക്കാമെന്നുള്ള ലക്ഷ്യത്താല്‍ പരീക്ഷണ വിവാഹം നടത്തുവാന്‍ പരിശ്രമിക്കുന്നവരെയും ആധുനിക ലോകത്തില്‍ കാണാം.
ഇത് പരസ്പരമുള്ള ആത്മാര്‍ഥതയ്ക്കും വിശ്വസ്തതയ്ക്കും കളങ്കം ചാര്‍ത്തുന്നു. യഥാര്‍ഥസ്‌നേഹം ഒരിക്കലും പരീക്ഷണവിവാഹത്തെ സാധൂകരിക്കില്ല. ഇത്തരം വ്യക്തികള്‍ക്ക് അവരുടെ ശാരീരിക ആഗ്രഹങ്ങളെ വൈകാരിക സങ്കല്‍പങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. സ്ഥിരതയുള്ള ഒരു ജീവിതം ഇവര്‍ക്ക് നയിക്കാന്‍ സാധിക്കുകയില്ല.
ദൈവകൃപയില്‍ ആശ്രയിച്ച് സമര്‍പ്പണ മനോഭാവത്തോടെ, ജീവിതത്തിന്റെ ഭാവാത്മകവും സഹനാത്മകവുമായ യാഥാര്‍ഥ്യങ്ങളെ സ്വീകരിക്കുവാന്‍ സന്മനസുള്ളവര്‍ മാത്രമേ വിവാഹമെന്ന കുദാശയ്ക്ക് അണയാന്‍ പാടുള്ളൂ. എങ്കില്‍ മാത്രമേ നല്ല കുടുംബങ്ങള്‍, ഉത്തമമായ സംസ്‌കാരം എന്നീ സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമാകൂ.
keralasabha

No comments:

Post a Comment