Monday, April 23, 2018

സമാധിസിദ്ധനായയോഗി നാല് അവസ്ഥകളിലൂടെയാണ് സാക്ഷാത്കാരം നേടുന്നത്. ഈ ശ്ലോകം മുതല്‍ നാലുശ്ലോകങ്ങളിലൂടെ ആ അവസ്ഥകള്‍ ഉപദേശിക്കുന്നു. യോഗയുക്താത്മാ ഈ പദത്തിന് ഇന്ദ്രിയങ്ങളെയും അന്തഃകരണത്തെയും ജീവത്മാവിനെയും പരമപുരുഷനായ ഭഗവാനുമായി യോജിപ്പിച്ചുനിര്‍ത്തുന്ന യോഗി എന്നര്‍ത്ഥം. ആ യോഗിയുടെ ഭഗവത്സാക്ഷാത്കാരം തുടങ്ങുന്നത് ഇങ്ങനെയാണ്. ആത്മാനം സര്‍വ്വഭൂതസ്ഥം ഈക്ഷതേ ബ്രഹ്മാവ് മുതല്‍ കീഴ്‌പോട്ട് പുഴുക്കള്‍ വരെയുള്ള സര്‍വ ജീവസ്തുക്കളിലും സ്ഥാവരങ്ങളിലും ആത്മാവിനെ, ശ്രീകൃഷ്ണഭഗവാനെ യോഗപരിശീലനം നീങ്ങിയ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുന്നു. ''ഈശ്വരഃസര്‍വ്വഭൂതാനാം ഹൃദ്ദേശേളര്‍ജ്ജുന തിഷ്ഠതി'' (ഗീ 18-61) സര്‍വജീവികളുടെയും ഹൃദയത്തില്‍, ആ ജീവികളുടെ ഇന്ദ്രയങ്ങളെയും അന്തഃകരണത്തെയും നിയന്ത്രിച്ചുകൊണ്ട് പരമാത്മാവ് സ്ഥിതിചെയ്യുന്നു) എന്ന് ഭഗവാന്‍തന്നെ, ഇനി പറയുന്നുണ്ട്. ബ്രാഹ്മണന്റെയും ഗോവിന്റെയും നായയുടെയും ഹൃദയത്തില്‍, കൂടത്തില്‍ കത്തിച്ചുവെച്ച ദീപനാളം പോലെ ഭഗവാന്‍ ശോഭിക്കുന്നു. ഭൗതികതലത്തിലുള്ള ഉച്ചനീചത്വങ്ങളോ, ശുദ്ധശുദ്ധികളോ, ഭഗവാനെ ബാധിക്കുന്നില്ല. ഇതാണ് യോഗിയുടെ പുര്‍ണാവസ്ഥയിലെ ആദ്യത്തെ അവസ്ഥ. ആത്മനി സര്‍വ്വഭൂതാനി ഈക്ഷതേ പരിപൂര്‍ണ്ണനും സച്ചിദാനന്ദരസരൂപനും ഭൗതികമായ ശരീരം ഇല്ലാത്തവനുമായ ശ്രീകൃഷ്ണഭഗവാനില്‍ സൂക്ഷ്മ സ്ഥലഭാവത്തില്‍ വര്‍ത്തിക്കുന്ന സര്‍വ്വഭൂതങ്ങളെയും യോഗി സാക്ഷാല്‍ ദര്‍ശിക്കുന്നു. നദികളില്‍ പൊങ്ങിവരുന്ന തിരമാലകളും നുരയും പതയും നദീജലത്തിന്റെ തന്റെ രൂപഭേദങ്ങള്‍ മാത്രമായി നമുക്കുകാണുവാന്‍ കഴിയുന്നതുപോലെയും, സര്‍പ്പത്തിന്റെ ഫണം, പുച്ഛം, ഇഴയുന്ന ഭാഗം എന്നിവ സര്‍പ്പത്തിന്റെ ശരീര ഭാഗങ്ങളായികാണാന്‍ കഴിയുന്നതുപോലെയും എന്നുപറയാം. ഇതെങ്ങനെ സാധിക്കുന്നു? സര്‍വ്വത്ര സമദര്‍ശനഃ ഏറ്റക്കുറച്ചിലുകള്‍ എന്ന വിഷമഭാവം ഇല്ലാത്ത, സര്‍വ്വത്ര- എല്ലാ ഭൗതിക പ്രപഞ്ചവസ്തുക്കളിലും സത്യത്തെകണ്ടുശീലിച്ച വ്യക്തിയാണ് സമാധിസ്ഥനായ യോഗി. വൈദ്യുതിലൈനില്‍കൂടി പ്രവഹിക്കുന്ന വിദ്യുച്ഛക്തി എല്ലായിടത്തും സമമാണ്. ഇരുപത്തഞ്ചുവോള്‍ട്ട് ബള്‍ബിലുടെയും നൂറുവോള്‍ട്ട് ബള്‍ബിലൂടെയും നമുക്ക് കാണാന്‍ കഴിയുന്ന പ്രകാശങ്ങള്‍ക്കുമാത്രമാണ് വിഷമാവസ്ഥ എന്നു നമുക്ക് അറിയാന്‍ കഴിയുന്നതുപോലെ, എന്നു പറയാം. താനും, തന്റെ ശരീരവും ഇന്ദ്രിയങ്ങളും എല്ലാം പരമാത്മാവിന്റെ ഭാഗം തന്നെ എന്നും യോഗി അറിയുന്നു, കാണുന്നു, അനുഭവിക്കുന്നു.

No comments:

Post a Comment