Friday, April 27, 2018

ഹനുമാന്റെ ശ്രീരാമഭക്തി അവര്‍ണ്ണനീയമാണ്. നിസ്വാര്‍ത്ഥമായ സേവനംകൊണ്ട് ശ്രീരാമചന്ദ്രന്റെ ഹൃദയം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന വാത്സല്യനിധിയാണ് ആ ഭക്തശ്രേഷ്ഠന്‍. ലങ്കാപുരിയില്‍ ചെന്ന് സീതാദേവിയെ സന്ദര്‍ശിച്ച് ജനകപുത്രിക്കും തനിക്കും ഒരുപോലെ ആശ്വാസവും ആനന്ദവും നല്‍കിയ അജ്ഞനാനന്ദനോട് ശ്രീരാമചന്ദ്ര പ്രഭു അരുളിചെയ്തു. ''അല്ലയോ ആഞ്ജനേയാ! ലങ്കാപുരിയില്‍ ചെന്ന് സീതാദേവിയെ ദര്‍ശിച്ച് നമ്മുടെ സന്ദേശമുണര്‍ത്തിച്ച് ജാനകിയുടെ വിവരങ്ങള്‍ നമ്മെ ധരിപ്പിച്ചതുകൊണ്ട് രഘുവംശത്തെയും വീരനായ ലക്ഷ്മണനെയും സര്‍വ്വോപരി നമ്മെയും ദുഃഖസാഗരത്തില്‍ നിന്ന് അങ്ങ് കരകയറ്റിയിരിക്കുകയാണ്. ഇതിന് പ്രത്യുപകാരമായി അങ്ങേയ്ക്ക് നല്‍കുവാന്‍ യാതൊന്നും ഞാന്‍ കാണുന്നില്ല. ഹൃദയംഗമമായ സ്‌നേഹവിശ്വാസങ്ങളോടെ അങ്ങയെ ആലിംഗനം ചെയ്തു ഞാന്‍ ബഹുമാനിക്കുന്നു. ഇതുപോലെതന്നെ മറ്റൊരിക്കല്‍കൂടി ശ്രീരാമചന്ദ്രന്‍ ഹനുമാനോട് അരുളിചെയ്തിട്ടുണ്ട്. ''അല്ലയോ കപിശ്രേഷ്ഠാ അങ്ങ് ചെയ്യുന്ന ഓരോ ഉപകാരങ്ങള്‍ക്കും പ്രത്യുപകാരമായി നമ്മുടെ ജീവന്‍പോലും നല്‍കുവാന്‍ നാം സന്നദ്ധനാണ്. ഇനിയും അനേകമനേകം ഉപകാരങ്ങള്‍ അങ്ങ് ചെയ്യുവാന്‍ ബാക്കിയുണ്ട്. നാം അങ്ങേയ്ക്ക് പ്രത്യുപകാരം ചെയ്യുകയില്ല. പ്രത്യുപകാരം ചെയ്യുന്നതില്‍കൂടി നാം തമ്മിലുള്ള ആത്മബന്ധം അകന്നുപോകുമെങ്കില്‍ അതു നമുക്ക് തീരാനഷ്ടമാണ്. അപ്രകാരം ഒരു സംഭവം സ്വപ്നത്തില്‍പോലും ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല''. ശ്രീസീതാരാമ പട്ടാഭിഷേക സമയത്ത് വൈദേഹി വായുപുത്രനായ ഹനുമാന് ഒരു അപൂര്‍വമായ രത്‌നഹാരം പാരിതോഷികമായി നല്‍കി. ആ ദിവ്യരത്‌നഹാരം ധരിച്ചുനിന്ന ഹനുമാന്‍ പത്തിരട്ടി പ്രശോഭിച്ചു. മഹാതേജസ്വിയും ധൈര്യശാലിയും സമര്‍ത്ഥനും വിനയനും വീരപരാക്രമിയും സര്‍വ്വോപരി പരമഭക്തനുമായ വാനരശ്രേഷ്ഠന്‍ സീതാദേവി നല്‍കിയ നവരത്‌നഹാരമണിഞ്ഞ്, പല കോടി പൂര്‍ണ്ണചന്ദ്രന്മാരുടെ ശോഭ ഒരുമിച്ചു മഹാമേരു പര്‍വതത്തില്‍ പതിച്ചാലെന്നതുപോലെ ദൃഢഗാത്രനായ ഹനുമാന്‍ അത്യന്തം പ്രശോഭിച്ചു. അപ്രകാരമുള്ള അമൂല്യമായ രത്‌നഹാരത്തിനുള്ളില്‍പോലും ആഞ്ജനേയന്‍ തന്റെ ആശ്രയദേവനായ ശ്രീരാമചന്ദ്രനെ അനേ്വഷിച്ച കഥ പ്രസിദ്ധമാണല്ലോ. ആഞ്ജനേയന്റെ ആ പ്രവര്‍ത്തി കണ്ട് വിസ്മയാധീനനായ ശ്രീരാമന്‍ ചോദിച്ചു. ആഞ്ജനേയാ! അങ്ങ് നമ്മെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് നമ്മുടെ നാമത്തെയാണോ എന്ന്. തന്റെ അന്തരംഗം മടികൂടാതെ ഹനുമാന്‍ ശ്രീരഘുരാമനെ ഉണര്‍ത്തിച്ചു. മഹാപ്രഭോ അങ്ങയെക്കാള്‍ അങ്ങയുടെ തിരുനാമം ശ്രേഷ്ഠമായതുതന്നെ. ഇത് അടിയന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന വ്യക്തമായ അഭിപ്രായമാണ്. അങ്ങ് ഇപ്പോള്‍ അയോദ്ധ്യാ വാസികളുടെ രാജാവാണ്. പക്ഷേ അവിടുത്തെ തിരുനാമങ്ങള്‍ ത്രിലോകങ്ങളിലും ധ്വനിക്കുന്ന ദിവ്യ മന്ത്രങ്ങളാണ്. ഹനുമാന്റെ സുദൃഢമായ രാമനാമനിഷ്ഠ ഇപ്രകാരമാണ്. ശ്രീരാമനാമജപവും രാമായണ കഥാശ്രവണവും വളരെ എളുപ്പത്തില്‍ ശ്രീരാമപാദകമലങ്ങളെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണെന്ന് മറ്റാരെക്കാളും അനുഭവം പൂര്‍ണമായി മനസ്സിലാക്കിയിരുന്ന ഉത്തമഭക്തനാണ് ഹനുമാന്‍.
janmabhunmi

No comments:

Post a Comment