Wednesday, May 30, 2018

സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ ഭഗവാന്‍ പരമാത്മാവായി അവരുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും സാക്ഷിയായി നിലകൊള്ളുന്നു എന്ന് ഭഗവാന്‍ ആവര്‍ത്തിച്ചു തന്നെ ഗീതയില്‍ പറയുന്നുണ്ട്:-
അഹമാത്മാ ഗുഡാകേശ!
സര്‍വ്വഭൂതാശയസ്ഥിതഃ (10-20)
(ഞാന്‍ സര്‍വ്വപ്രാണികളുടേയും ഹൃദയത്തില്‍ നില്‍ക്കുന്നു.)
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി
സര്‍വ്വക്ഷേത്രേഷു ഭാരത (13-3)
(സര്‍വ്വശരീരങ്ങളിലും ക്ഷേത്രജ്ഞനായി നില്‍ക്കുന്നുമെന്ന് അറിയണം)
പക്ഷേ ആസുരസ്വഭാവികള്‍ ആ വാക്കുകളൊന്നും കേള്‍ക്കാന്‍പോലും ഒരുമ്പെടുകയില്ല. ഭഗവാനെ നിന്ദിക്കുക. ഭഗവാന്റെ വാക്കുകളായ വേദപുരാണേതിഹാസങ്ങളെയും ദേഹത്തിലും ഭാര്യാപുത്രാദികളുടെ ദേഹത്തിലും  ഭഗവാന്‍ അധിവസിക്കുന്നു എന്ന ആശയത്തെ തന്നെ എതിര്‍ക്കും; അതില്‍ ദോഷാരോപണം ഉന്നയിക്കും. ''അന്നത്തെ സര്‍വ്വപ്രാണി ഹൃദയത്തിലും ഈശ്വരന്‍ ഉണ്ടെങ്കില്‍, ഒന്നും ചെയ്യാത്ത എന്നെക്കൊണ്ട് ഈ ഈശ്വരന്റെ ഇഷ്ടപ്രകാരം ചെയ്യിച്ചുകൂടേ? എന്തെങ്കിലും ചെയ്യുന്ന എന്റെ പ്രവൃത്തികള്‍ക്ക് തടസ്സം സൃഷ്ടിച്ചുകൂടേ? എന്താണ് അങ്ങനെ ചെയ്യാത്തത്? അതുകൊണ്ട് ഈശ്വരനും ഇല്ലേ ഇല്ല.'' എന്ന് അവര്‍ മുദ്രാവാക്യം വിളിക്കും; സമ്മേളനങ്ങളില്‍ പ്രസംഗിക്കും; പത്രങ്ങളില്‍ എഴുതുകയും ചെയ്യും.
ഭഗവാന്റെ അവതാരരൂപങ്ങളായ മത്സ്യ-കൂര്‍മ്മവരാഹാദി ദേഹങ്ങളെയും, വസുദേവ പുത്രന്‍, ദശരഥ നന്ദനന്‍ തുടങ്ങിയ നാമങ്ങളെയും നിന്ദിക്കും''- അവയെല്ലാം മൃഗങ്ങളും സാധാരണ മനുഷ്യരും മാത്രമാണ്. പ്രഹ്ലാദന്‍, ധ്രുവന്‍, ഹനുമാന്‍ മുതലായ ഭക്തന്മാരെയും അവര്‍ ശകാരിക്കും.
എന്നാല്‍ ജ്ഞാനികള്‍ക്കോ ഭക്തന്മാര്‍ക്കോ അവരെ ഉപദേശിച്ചു സന്മാര്‍ഗ്ഗത്തിലേക്കുനയിച്ചുകൂടേ? എന്നാണെങ്കില്‍-
''അഭ്യസൂയകാഃ''
അവരുടെ-സന്മാര്‍ഗ്ഗവൃത്തികളായ ആചാര്യന്മാരുടെ-സദ്ഗുണങ്ങളെല്ലാം ദുര്‍ഗുണങ്ങളായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കും, അടുത്തു ചെല്ലാന്‍ പോലും അനുവദിക്കില്ല. അതുകൊണ്ട്-
''പതന്തി നരകേ അശുചൗ''
അവര്‍ നിശ്ചയമായും നരകത്തില്‍ വീഴും; വൃക്ഷങ്ങളായും പക്ഷികളായും പുഴുക്കളായും ജനിച്ചും മരിച്ചും തന്നെ സംസാരത്തില്‍ കഴിഞ്ഞുകൂടും..
janmabhumi

No comments:

Post a Comment