Friday, May 04, 2018

ചാന്ദോഗ്യോപനിഷത്ത്-14
മേഘങ്ങള്‍ പൊങ്ങുന്നത് ഹിംകാരമാണ്. അത് മഴക്കാറായിത്തീരുന്നത് പ്രസ്താവമാണ്. മഴപെയ്യുന്നത് ഉദ്ഗീഥമാണ്. ഇടി മിന്നുന്നതും വെട്ടുന്നതും പ്രതിഹാരമാണ്. മഴ ശമിക്കുന്നത് നിധനമാണ്. ഈ വൈരൂപ സാമം മേഘത്തില്‍ പ്രതിഷ്ഠിതമാണ്. മേഘങ്ങള്‍ ഉണ്ടാകുന്നത് സൂര്യന്‍ കാരണമായതിനാല്‍ സൂര്യനുമായി ബന്ധപ്പെട്ട ബ്രഹത് സാമത്തിനു ശേഷം വൈരൂപ സാമം പറഞ്ഞിരിക്കുന്നു.
വൈരൂപ സാമത്തെ അറിഞ്ഞു ഉപാസിക്കുന്നവന്‍ സുരൂപവും വിരൂപവുമായ പശുക്കളുടെ(വിവിധ നാല്‍ക്കാലികളുടെ) ഉടമയാകുന്നു. പ്രശസ്തിയോടെ ജീവിതം നയിക്കുന്നു. സന്തതി, സമ്പത്ത്, കീര്‍ത്തി  എന്നിവയാല്‍ മഹാനായിത്തീരുന്നു. വര്‍ഷിക്കുന്ന മേഘങ്ങളെ നിന്ദിക്കരുത് എന്ന വ്രതം ഇയാള്‍ക്കുണ്ട്.
വസന്തം ഹിംകാരവും ഗ്രീഷ്മം പ്രസ്താവവും വര്‍ഷം! ഉദ്ഗീഥവും ശരത് പ്രതിഹാരവും ഹേമന്തം നിധനവുമാണ്. വൈരാജമെന്ന ഈ സാമം ഋതുക്കളില്‍ പ്രതിഷ്ഠിതമാണ്. മേഘത്തില്‍ നിന്നുള്ള വര്‍ഷത്തെ ആസ്പദമാക്കിയാണ് കാലം മാറുന്നത്. അതിനാല്‍ വൈരൂപം കഴിഞ്ഞു വൈരാജം.വിവിധം രാജതേ വൈരാജം. ഋതുക്കളെപ്പോലെ വിരാജിക്കുന്നു. വൈരാജ സാമത്തെ അറിഞ്ഞു ഉപാസിക്കുന്നയാള്‍ സന്തതി, സമ്പത്ത്, തേജസ് എന്നിവയാല്‍ ശോഭിക്കും. പ്രശസ്ത ജീവിതം ഉണ്ടാകും. പ്രജ, പശു, കീര്‍ത്തി എന്നിവയാല്‍ മഹാനാകും. ഋതുക്കളെ ഒരിക്കലും നിന്ദിക്കരുത് എന്നത് അയാളുടെ വ്രതമാണ്.
ഭൂമി ഹിംകാരവും അന്തരീക്ഷം പ്രസ്താവവും ആകാശം ഉദ്ഗീഥവും ദിക്കുകള്‍ പ്രതിഹാരവും സമുദ്രം നിധനവുമാണ്. ഇത് ശക്വരികള്‍ എന്ന സാമമാണ്. ഇത് ലോകങ്ങളില്‍ പ്രതിഷ്ഠിതമാണ്. ശക്വരി സാമത്തെ അറിയുന്നവര്‍ ലോകങ്ങളിലെ നല്ല ഫലങ്ങള്‍ക്ക് അധികാരിയാകും. മറ്റുള്ളവര്‍ക്ക്  ഉപകാരം ചെയ്ത് ജീവിക്കും. പ്രജ, പശു, സമ്പത്ത് എന്നിവയാല്‍ മഹാനാകും. ലോകങ്ങളെ നിന്ദിക്കാതിരിക്കുക എന്നതാണ് ഇയാളുടെ വ്രതം.
കോലാടുകള്‍ ഹിംകാരവും ചെമ്മരിയാടുകള്‍ പ്രസ്താവവും പശുക്കള്‍ ഉദ്ഗീഥവും കുതിരകള്‍ പ്രതിഹാരവും പുരുഷന്‍ നിധനവുമാണ്. രേവതികള്‍ എന്ന ഈ സാമം പശുക്കളില്‍ പ്രതിഷ്ഠിതമാണ്.
ലോകങ്ങളില്‍ നിന്നും പശുക്കള്‍ ഉണ്ടാകുന്നു എന്നതിനാലാണ് അടുത്തതായി രേവതി സാമത്തെ പറഞ്ഞത്. രേവതി സാമത്തെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് ധാരാളം പശുക്കളുണ്ടാകും. പ്രശസ്തനായി ജീവിതം. സന്തതിയും സമ്പത്തും കീര്‍ത്തിയും കൊണ്ട് മഹാനാകും. പശുക്കളെ നിന്ദിക്കരുത് എന്നാണ് വ്രതം.
രോമം ഹിംകാരവും ത്വക്ക് പ്രസ്താവവും മാംസം ഉദ്ഗീഥവും അസ്ഥി പ്രതിഹാരവും മജ്ജ നിധനവുമാണ്. യജ്ഞായജ്ഞീയം എന്നതാണ് ഈ സാമം. ദേഹാവയങ്ങളില്‍ പ്രതിഷ്ഠിതമാണിത്.
പശുക്കളടേയും മറ്റും പാലുകൊണ്ട് ദേഹപുഷ്ടി വരുന്നു. അതിനാലാണ് അടുത്തതായി ഈ സാമത്തെ പറഞ്ഞത്. ഈ സാമത്തെ ഉപാസിക്കുന്നയാള്‍ എല്ലാ അംഗങ്ങളും തികഞ്ഞവനാകും. പ്രശസ്തനാകും അംഗവൈകല്യം ഉണ്ടാകില്ല. സന്തതി സമ്പത്ത് കീര്‍ത്തി എന്നിവയാല്‍ മഹാനാകും. മത്സ്യമാംസാദികള്‍ ഒരിക്കലും കഴിക്കുകയില്ല എന്നത് അയാളുടെ വ്രതമാണ്.
 9495746977

No comments:

Post a Comment