Tuesday, May 08, 2018

ഛാന്ദോഗ്യോപനിഷത്ത്-18
ആദിത്യന്റെ മുകളിലേക്കുള്ള രശ്മികളാണ് മുകളിലെ മധുനാഡികള്‍. രഹസ്യങ്ങളായ ഉപദേശങ്ങളാണ് തേനീച്ചകള്‍. പ്രണവമാണ് പൂക്കള്‍. അതില്‍നിന്നുണ്ടാകുന്ന അപ്പുകള്‍ അമൃതങ്ങളാണ്. ലോകവുമായി ബന്ധപ്പെട്ട വിധികളും കര്‍മ്മാംഗ വിഷയങ്ങളായ ഉപാസനകളുമാണ് രഹസ്യ ഉപദേശങ്ങള്‍. രഹസ്യ ഉപദേശങ്ങള്‍ പ്രണവത്തെ ചൂട് പിടിപ്പിച്ചു. അതില്‍നിന്ന് കീര്‍ത്തിയും തേജസ്സും ഇന്ദ്രിയ ബലവും വീര്യവും അന്നവും രസമായി ഉണ്ടായി. രസം ഒഴുകി സൂര്യന്റെ മുകള്‍ഭാഗത്തെ ആശ്രയിച്ചു. സൂര്യന്റെ നടുക്ക് ഇളകുന്നതുപോലെ കാണുന്നു. സൂക്ഷ്മദൃഷ്ടി ഉള്ളവര്‍ക്ക് ഇതു കാണാം.
സൂര്യന്റെ രോഹിതം തുടങ്ങിയ രൂപങ്ങള്‍ രസങ്ങളുടേയും രസമാണ്. വേദങ്ങള്‍ ഈ ലോകങ്ങളുടെ സാരഭൂതമായതിനാല്‍ അവ രസങ്ങളാണ്. ഈ രൂപങ്ങള്‍ അവയുടേയും സാരഭൂതമാണ്. ഈ രൂപങ്ങള്‍ അമൃതങ്ങളുടേയും അമൃതമാണ്. എന്തെന്നാല്‍ നിത്യമായതുകൊണ്ട് വേദങ്ങള്‍ അമൃതങ്ങളാണ്. ഇവ അവയുടെയും അമൃതമാണ്. വേദങ്ങളില്‍ വിധിക്കപ്പെട്ട കര്‍മ്മങ്ങളുടെ ഫലമാണ് സൂര്യനിലെ രോഹിതം തുടങ്ങിയ രൂപങ്ങള്‍. വേദങ്ങളുടെ കൂടി സാരമായ യജ്ഞം മുതലായ കര്‍മ്മങ്ങളുടെ ഫലം അമൃതമാണെന്ന് പറഞ്ഞ് അതിനെ സ്തുതിക്കുന്നു. ഈ അമൃതത്വം സൂര്യനിലെ വിവിധ രൂപങ്ങളെ ഉപാസിക്കുന്നതിലൂടെ ലഭിക്കും.
അവയില്‍ ഒന്നാമത്തെ അമൃതത്തെ വസുക്കള്‍ അഗ്‌നിയാകുന്ന മുഖംകൊണ്ട് അനുഭവിക്കുന്നു. ദേവന്മാര്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. അവര്‍ ഈ അമൃതത്തെ കണ്ടിട്ട് തന്നെ തൃപ്തരാകുന്നു.
മധു ആസ്വദിക്കുന്ന ദേവന്മാരുടെ ഉപാസനയാണ് ഇനി പറയുന്നത്. പ്രാതസ്സവനത്തിന്റെ ഈശന്മാരായ വസുക്കള്‍ അഗ്‌നിയെ പ്രധാനനാക്കി ഒന്നാമത്തെ അമൃതം അനുഭവിക്കുന്നു. മന്ത്രത്തില്‍ 'ദൃഷ്ട്വാ' ദര്‍ശിക്കുക എന്ന് ഉപയോഗിച്ചത് വെറുതെ കാണാന്‍ മാത്രമല്ല. എല്ലാ കരണങ്ങളെക്കൊണ്ടും അനുഭവിക്കലാണ്. യശസ്സിനെ കാതുകൊണ്ടും തേജസ്സിനെ കണ്ണുകൊണ്ടും അനുഭവിക്കുന്നു. ദേവന്മാര്‍ ആദിത്യനെ ആശ്രയിച്ചാണ് ഇതെല്ലാം ആസ്വദിക്കുന്നത്.
വസുക്കളെന്ന ദേവന്മാര്‍ ഭോഗാവസരം വരുന്നതുവരെ ഈ രൂപത്തെ നോക്കി ഉദാസീനരായിരിക്കും. ഭോഗാവസരം വരുമ്പോള്‍ ഈ അമൃതത്തെ കഴിക്കുന്നതിന് ഉത്‌സാഹമുള്ളവരാകുന്നു. ഇങ്ങനെ ഈ അമൃതത്തെ അറിയുന്നവന്‍ വസുക്കളില്‍ തന്നെ ഒരുവനായി അഗ്‌നിയാകുന്ന മുഖംകൊണ്ട് രോഹിത രൂപമാകുന്ന അമൃതത്തെ ദര്‍ശിച്ച് തൃപ്തനാകുന്നു. അയാള്‍ ഈ രൂപത്തെ നോക്കിയിരിക്കും. പിന്നെ അതിനെ അനുഭവിക്കാന്‍ ഉത്‌സാഹമുള്ളവനാകും. വസുക്കളെപ്പോലെ ഇയാളും അഗ്‌നിയാകുന്ന മുഖംകൊണ്ട് അനുഭവിക്കുകയും ദര്‍ശനംകൊണ്ട് തൃപ്തനാകുകയും ചെയ്യുന്നു. വിദ്വാന്‍ എത്രകാലത്തേക്ക് അമൃതത്തെ അനുഭവിക്കുന്നുവെന്ന് പറയുന്നു. ആദിത്യന്‍ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തിമിക്കുകയും ചെയ്യുന്ന കാലത്തോളം വസുക്കള്‍ക്കുള്ള ആധിപത്യത്തേയും സ്വരാജ്യത്തേയും അനുഭവിക്കാം.
ഇൗ ഉപാസനയിലെ വിദ്വാന് ചന്ദ്രമണ്ഡലത്തില്‍ എത്തുന്ന കേവല കര്‍മ്മിയെപ്പോലെ പരതന്ത്രനോ ദേവന്മാര്‍ക്ക് അന്നഭൂതനോ ആകുകയില്ല.
രണ്ടാമത്തെ അമൃതത്തെ രുദ്രന്മാര്‍ ഇന്ദ്രനെ പ്രധാനനാക്കി ഉപജീവിക്കുന്നു. ഈ ദേവന്മാരും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. അവര്‍ അമൃതത്തെ ദര്‍ശിച്ച് തൃപ്തരാകുന്നു. അനുഭവിക്കാനുള്ള അവസരം വരെ ഉദാസീനരായി നോക്കിയിരിക്കും. പിന്നെ  ഉത്‌സാഹത്തോടെ അമൃതം കഴിക്കും. ഈ അമൃതത്തെ ശുക്ലരൂപമായ അമൃതമായാണ് പറയുന്നത്. ഈ അമൃതത്തെ അറിയുന്നവന്‍ രുദ്രന്മാരില്‍ ഒരാളായിത്തീരും. ഇന്ദ്രനെ പ്രധാനിയാക്കി ശുക്ലരൂപ അമൃതത്തെ ദര്‍ശിച്ച് തൃപ്തനാകും. ആദ്യം രൂപം നോക്കി ഉദാസീനനായി ഇരിക്കുന്ന ഇയാള്‍ പിന്നീട് ഉത്‌സാഹത്തോടെ അമൃതം അനുഭവിക്കും.
സൂര്യന്‍ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നതിലിരട്ടി കാലം തെക്ക് ഉദിച്ച് വടക്ക് അസ്തമിക്കുന്നു. അത്രയും കാലം അയാള്‍ രുദ്രന്മാരുടെ ആധിപത്യത്തേയും സ്വരാജ്യത്തേയും പ്രാപിക്കുന്നു. രുദ്രന്മാരുടെ ഭോഗകാലം വസുക്കളുടേതിന്റെ ഇരട്ടിയാണ്. അത്രയും കാലം ഉപാസകനും ആധിപത്യമുണ്ടാകും.janmabhumi

No comments:

Post a Comment