Wednesday, May 23, 2018

(നിര്‍മ്മലാനന്ദഗിരി മഹാരാജ് എര്‍ണാകുളം സൗത്ത് ചിന്മയാമിഷനില്‍ 20 ഒക്ടോബറില്‍ എടുത്ത ക്ലാസ്സ്)
ഇന്ദ്രിയങ്ങളും മനസ്സും ചേര്‍ന്ന് ഉളവാക്കിയതിനെയാണ് ഏതു പണ്ഡിതനും അനുഭവം എന്ന് വിളിക്കുന്നത്. ശാസ്ത്രം എങ്ങനെയെല്ലാം പഠിക്കുമ്പോഴും; ഒരുവന് അവന്റെ ഇന്ദ്രിയജനിതമായ അറിവിനെ നിരാകരിക്കുവാനും, ആത്മാനുഭവത്തെ അംഗീകരിക്കുവാനും കഴിയുന്നില്ല എന്നുളളതാണ് വസ്തുത. നിത്യമായ, നിരന്തരമായ ആത്മാവിലല്ല അവനിരിക്കുന്നത്. ശബ്ദസ്പര്‍ശരൂപരസഗന്ധാദികളെന്ന വിഷയങ്ങളുമായി ഇടപ്പെടുമ്പോള്‍ ബാഹ്യമായ ചിത്തവൃത്തിയിലേക്കു കടന്നു പോകുന്ന മനസ്സ് സങ്കല്പവികല്പങ്ങളിലൂടെ ഇന്നത് അനുഭവിക്കണം എന്ന് സങ്കല്പിക്കുകയും, ബുദ്ധി അതിനായി കണക്കെഴുതുകയും ചെയ്യുമ്പോള്‍ എവിടെടെവിടെയാണോ പൂര്‍വ്വപുണ്യവും പാപവും പങ്കു വഹിക്കുന്നത് അതിനുതകും തരത്തിലല്ലാതെ വരുന്ന ബാഹ്യാനുഭവങ്ങളാണ് ശരാശരി മനുഷ്യന്റെ അറിവും വ്യക്തിത്വും എല്ലാം. ഇതിനെക്കറിച്ചാണ് പരസ്പരം സംസാരിക്കുന്നത്. ഇതിനെക്കുറിച്ചാണ് പരാതിപ്പെടുന്നത്. ഇതിലുളള പോരായ്മകള്‍ പരിഹരിക്കുവാനാണ് നിരന്തരം ഓടുന്നത്.
ഇതില്ലാതെ ഒരാളെയും കണ്ടുപിടിക്കാന്‍ പറ്റില്ല എന്നതാണ് വസ്തുത. മറ്റുളളവരോട് സംസാരിക്കുമ്പോള്‍ താല്‍ക്കാലികമായി വേദാന്തപരങ്ങളായ, അനുഷ്ഠാനപരങ്ങളായ,അന്തര്‍മുഖമായ സന്ദേശങ്ങളൊക്കെ നമ്മള്‍ ഉയര്‍ത്തിയാലും അതിനിടയില്‍ ഒരവസരം കിട്ടുമെങ്കില്‍ (അതിനിടയില്‍ വിഷയം വിട്ട് സംസാരിക്കുമെങ്കില്‍) എന്റെ അനുഭവങ്ങള്‍ അതില്‍ കടന്നുവരുന്നിടത്തെല്ലാം, നിങ്ങളുടെ അനുഭവങ്ങള്‍ അതില്‍ കടന്നു വരിന്നിടത്തെല്ലാം ഇന്ദ്രിയവും വിഷയവും ചേര്‍ന്ന് ഒരുക്കിയതിലെ പോരായ്മകളും, അനുഭവങ്ങളും, ദുഃഖങ്ങളും ഒക്കെതന്നെയാണ് മനസ്സില്‍ കോറിയിട്ടിരിക്കുന്നത്. അതിന്റെ പരാതികളില്‍ നിന്നുണ്ടാവുന്ന രോഗങ്ങളും, പ്രശ്‌നങ്ങളും, സങ്കീര്‍ണ്ണതകളുമാണ് നമ്മുടെ ലോകം.
ഇതൊക്കെ എത്ര പഠിക്കുമ്പോഴും, എത്ര പറയുമ്പോഴും മാറ്റം ഉണ്ടാവുന്നില്ല. അശാന്തിയുടെ അടിസ്ഥാനകാരണവും അതു തന്നെയാണ്. ‘ഞാന്‍ അയാളോട് ഇടപ്പെട്ടു’, ‘ഇയാളോട് ഇടപ്പെട്ടു’, ‘ഞാന്‍ അവിടെ പോയി’ ‘ ഇവിടെ പോയി’ അപ്പോഴൊക്കെ ഇന്ദ്രിയം അതിന്റെ ഗുണമനുസരിച്ചുളള വിഷയങ്ങളില്‍ (ശബ്ദഗുണകമായിരിക്കുന്ന ശ്രവണേന്ദ്രിയം ശബ്ദഗുണകമായിരിക്കുന്ന ആകാശത്തോട് ബന്ധപ്പെടുകയും, സ്പര്‍ശഗുണകമായിരിക്കുന്ന ത്വക്ക് സ്പര്‍ശ ഗുണകമായിരിക്കുന്ന വായുവിനോട് ബന്ധപ്പെടുകയും, രൂപഗുണകമായിരിക്കുന്ന നേത്രങ്ങള്‍ രൂപഗുണകമായിരിക്കുന്ന ദൃശ്യങ്ങളോട് ബന്ധപ്പെടുകയും, രസഗുണകമായിരിക്കുന്ന രസനേന്ദ്രിയം രസഗുണകമായിരിക്കുന്ന ജലത്തോട് ബന്ധപ്പെടുകയും, ഗന്ധഗുണകമായിരിക്കുന്ന ഘ്രാണേന്ദ്രിയം ഗന്ധഗുണകമായിരിക്കുന്ന പൃത്ഥ്വംശത്തോട് ബന്ധപ്പെടുകയും, സമഗ്രമായി ഇവ ഒത്തു ചേരുകയും അതില്‍ ആ പോരായ്മകള്‍ (ചിലതില്‍ രൂപപോരായ്മകള്‍, ചിലതില്‍സ്പര്‍ശപോരായ്മകള്‍. ചിലതില്‍ രസപോരായ്മകള്‍ ) അനുഭവിക്കുമ്പോള്‍ ഒരു ഭാഗത്ത് ഒര്ന്ദ്രിയം കൂടുതലായി അനുഭവിക്കുന്ന വിഷയങ്ങള്‍ കൊണ്ട് ആ ഇന്ദ്രിയം തൃപ്തിപ്പെടുമ്പോഴും, മറ്റൊരിന്ദ്രിയത്തിന്റെ അതൃപ്തി ജീവിതത്തില്‍ നിലനില്‍ക്കുകയും ആ അതൃപ്തിയെ, മനസ്സിനെ അറിയിക്കുന്നതോടുകൂടി മനസ്സ് അതൃപ്തിയുടേതായ ഒരു ലോകമായിരുന്നു തന്റേതെന്ന് കണ്ടത്തുകയും അപ്പുറത്തുളള തൃപ്തികളെ വിസ്മരിക്കുകയും ചെയ്തുകൊണ്ട് തന്റെ അനുഭവത്തിന്റെ വൈകല്യങ്ങളിലാണ് ഏതൊരാളും നിരന്തരമായി സാധനയനുഷ്ഠിക്കുന്നത്.
അറിഞ്ഞും അറിയാതെയും. ഇത് അനസ്യൂത നടക്കുകയാണ്. ജന്മജന്മാന്തരങ്ങളായി നടക്കുകയാണ്.  അതിനിടയില്‍ പോയിരുന്ന് അരമണിക്കൂര്‍ കണ്ണടച്ചിട്ട് എന്ത് കാര്യം? കണ്ണടക്കണ്ടന്നല്ല പറഞ്ഞത്. സ്വാമി അനുഷ്ഠാനത്തിനൊക്കെ എതിരാണ് എന്നാണ് നിങ്ങള്‍ എത്തിച്ചേരുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റും. മറിച്ച് ഇരുപത്തിന്നാലു മണിക്കൂറും ഈ സാധനയില്‍ നില്‍ക്കാന്‍ പറ്റിയാല്‍ മാത്രമേ  പ്രയോജനമുളളൂ എന്നും, വിഷയലോകങ്ങളുമായുളള ബന്ധം നിരന്തരമായത് കുറയ്ക്കുക എന്നതാണ് പരിഹാരമെന്നും പറഞ്ഞൂ എന്നെങ്ങാനും കേട്ടാല്‍ രക്ഷപ്പെടും. ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിന്റെ മുഴുവന്‍ സമയവും നിരന്തരമായി വിഷയലോകത്തിലാണ് നില്‍ക്കുന്നത്. അതിനിടയില്‍ മാസത്തില്‍ ഒരു ദിവസമോ, ഒരു മണിക്കൂറോ, അരമണിക്കൂറോ, അല്ലെങ്കില്‍ വര്‍ഷത്തില്‍ രണ്ടു മണിക്കൂറോ, ഒക്കെ ഏതെങ്കിലും സ്വാമിമാരുടെയടുക്കലോ, ആചാര്യന്മാരുടെ അടുക്കലോ പോയിരുന്ന് കേട്ടാല്‍, കേള്‍ക്കുമ്പോള്‍ എല്ലാം ശരിയാണെന്ന് തോന്നും. പക്ഷേ അനുഭവം തിരിഞ്ഞ് പോകും. ഇതാണിതിന്റെ പ്രശ്‌നം. നിങ്ങളിത്രയും പേര്‍ ക്ലാസ്സ് കേള്‍ക്കാന്‍ വന്നിട്ടുണ്ട്. ഇവിടെ വരാന്‍ തുടങ്ങിയിട്ട് ഇത്രയും വര്‍ഷമായി, ഇത്രയും വര്‍ഷം ഇവിടെ വന്നിട്ടും, ഇതിന്റെ കല്ല്, മരം, ജനല്‍, ഇത് തുടയ്ക്കുന്നത്, തൂക്കുന്നത്, ഇവിടെ താമസിക്കുന്ന ആളക്കാര്‍, ഇതുണ്ടാക്കിയത്, അതിന്റെ പോരായ്മകള്‍ ഒക്കെ തലയില്‍ കയറി കൂടിയിടത്തോളം നിങ്ങളിരുന്ന കേട്ട ക്ലാസ്സ് കയറിയിട്ടുണ്ടോ എന്ന് നോക്കിയാല്‍ മതി! അതിനിടയില്‍ നിങ്ങള്‍ മറ്റൊരാളോട് ചോദിച്ചു ‘പേരെന്താണ്?’ പേരവിടെ പതിഞ്ഞു. അവിടെ പതിയണ്ട പേര് കൃഷ്ണനായിരിക്കും.  ‘ഭഗവദ്ഗീത’യും കൃഷ്ണനുമായിരിക്കും. പക്ഷേ ക്ലാസ്സു തുടങ്ങുന്ന ഒമ്പത് മണിക്ക് മുന്‍മ്പ് വരെ അയാളുടെ പേര്, അയാളുടെ നാള്, അയാള്‍ പോയ നാള്‍വഴികള്‍, ഇതൊക്കെ നിങ്ങളുടെ ഭാവനയില്‍ കയറിക്കൂടുകയാണ്. ഇതെല്ലാം കയറിക്കുടിക്കഴിഞ്ഞിട്ടാണ് ക്ലാസ്സിലേക്ക് വന്നിരിക്കുന്നത്. അതനുസരിച്ചുളള ബന്ധങ്ങള്‍ , മക്കള്‍ എന്ത് ചെയ്യുന്നു.എവിടെയാ ജോലി. ചോദിക്കുന്നതു മാത്രമല്ല ചോദിച്ചു കഴിഞ്ഞ് വളരെ ആഴത്തില് ആ ബന്ധങ്ങള്‍ അതില്‍ നിന്ന് രൂപന്തരപ്പെട്ടുത്തി നില്‍ക്കുന്നതാണ് നമ്മുടെ പൂര്‍വ്വകാലവും ഭാവികാലവും ചേരുന്ന വര്‍ത്തമാനം.ഈ സാധന നിരന്തരം നടക്കുകയാണ്. ഇതിനൊരു തടസ്സമില്ല. കാരണം ഇതിനു നമ്മള്‍ പായെടുക്കണ്ട. വിളക്കുകത്തിക്കണ്ട. പത്മാസനത്തില്‍ ഇരിക്കണ്ട. ഇത് നിന്നോണ്ടാകാം. ഇരുന്നോണ്ടാകാം.കിടന്നോണ്ടാകാം, നടന്നോണ്ടാകാം. ഈ സാധനയാണ് ലോകത്ത് നടന്നോണ്ടിരിക്കുന്നത്. ഈ നിരന്തര സാധനയില്‍ ഇന്ദ്രിയങ്ങളില്‍ വാസനകളായി പൂര്‍വ്വികമായി കിടക്കുന്നതും,വര്‍ത്തമാനത്തില്‍ ഇന്ദ്രിയങ്ങള്‍ തേടിപ്പിടിച്ചു കൊണ്ട് വരുന്നതും,മനസ്സും ചേര്‍ന്നുണ്ടാക്കുന്ന സ്വന്തം സൃഷ്ടിയായ ഒരു ലോകത്ത് നിന്നുകൊണ്ട് (സൃഷ്ടിക്കുവെളിയിലുളള തന്റെ വാസനകള്‍ മായാവൃതമായി സൃഷ്ടിച്ചെടുത്ത ,സൃഷ്ടിക്കു വെളിയിലുളള,) സൃഷ്ടമല്ലാത്ത അഥവാ നിത്യസൃഷ്ടമായ-അജാതമായ-അഥവാ നിത്യജാതമായ ആത്മതലത്തെ എങ്ങനെ ചിന്തിക്കും?

No comments:

Post a Comment