Sunday, May 13, 2018

ഛാന്ദോഗ്യോപനിഷത്ത് -23
ദ്വാരപാലോപസന ചെയ്യുന്നവര്‍ക്ക് വീര്യവാനായ പുത്രനണ്ടാകും എന്ന് പറഞ്ഞിരുന്നു .ഇയാള്‍ വേദാധ്യയനവും മറ്റും ചെയ്യാന്‍ ദീര്‍ഘായുസ്സുള്ളവനാകണം. അതിന്നാവശ്യമായ കോശ വിജ്ഞാനത്തെയാണ് ഇനി പറയുന്നത്.
 അന്തരീക്ഷമാകുന്ന വയറോട് കൂടിയും ഭൂമിയാകുന്ന ചുവടോട് കൂടിയും ഉള്ള ഈ കോശത്തിന് (ഖജനാവിന് )  നാശമില്ല.
 ഇതിന്റെ മൂലകള്‍ ദിക്കുകളാണ്. മുകളിലെ സുഷിരം ദ്യോവാണ്. ഈ കോശം ധനം വെയ്ക്കാനുള്ളതാണ്.
ഈ വിശ്വം കോശത്തെ ആശ്രയിച്ച് നിലകൊള്ളുന്നു.
ഭൂമി, അന്തരീക്ഷം, ദ്യോവ് എന്നിങ്ങനെ ത്രൈലോക്യാത്മകമായ ഈ കോശം നശിക്കുന്നില്ല എന്ന് പറഞ്ഞാല്‍  അനേകം യുഗങ്ങളോളം നില നില്‍ക്കുന്നു എന്ന് അര്‍ത്ഥം എടുത്താല്‍ മതി. നാശമില്ലാത്തത് ബ്രഹ്മത്തിന് മാത്രമാണ്.
എല്ലാ ജീവജാലങ്ങളേയും അവയുടെ കര്‍മ്മങ്ങളേയുമൊക്കെയാണ് ധനമായി സൂക്ഷിക്കുന്നത്.
 ആ കോശത്തിന്റെ കിഴക്കേദിക്ക് ജുഹു എന്നും തെക്കേദിക് സഹമാന എന്നും പടിഞ്ഞാറെ ദിക് രാജ്ഞി എന്നും വടക്കേ ദിക് സുഭൂത എന്നും അറിയപ്പെടുന്നു.
ആ ദിക്കുകളുടെ മകനാണ് വായു. ഇങ്ങനെ വായുവിനെ ദിക്കുകളുടെ മകനായി അറിയുന്നയാള്‍ക്ക് പുത്ര ദു:ഖം ഉണ്ടാകില്ല.
 മകന്റെ ദീര്‍ഘായുസ്സിനായി ഞാന്‍ വായുവിനെ പുത്രനായി ഉപാസിക്കുന്നു. എനിക്ക് പുത്ര ദുഃഖമുള്‍പ്പടെ ഒന്നും  വരാതിരിക്കട്ടെ.
 കര്‍മ്മികള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഹോമിക്കുന്നതിനാലാണ് കിഴക്കേ ദിക്കിന് ജൂഹു എന്ന്. പേര് വന്നത്. ജീവികള്‍ കര്‍മ്മഫലം സഹിക്കുന്ന സ്ഥലമായതിനാലാണ് തെക്കേദിക്കിനെ സഹമാന എന്ന് വിളിച്ചത്. വരുണന്‍ രാജാവായിരിക്കുന്നതിനാല്‍ പടിഞ്ഞാറെ ദിക്കിന് രാജ്ഞി എന്ന് വിശേഷണം. ഭൂതിയുടെ അധിപനായ കുബേരന്റെ ആസ്ഥാനമായ തുകൊണ്ട്  വടക്കിന്  സുഭൂത എന്ന് പേര് കിട്ടി.
 ഈ നാല് ദിക്കിനും സ്ത്രീയുടെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. വായു അവരുടെ മകനും ഇങ്ങനെ കണ്ട് ഉപാസിക്കുന്നവര്‍ക്ക് പുത്ര ദു:ഖം ഉണ്ടാകില്ല. വായുവിനെ മരണമില്ലാത്ത പുത്രനായാണ് സങ്കല്‍പ്പിച്ച് ഉപാസിക്കുന്നത്. ഇനി അതിന്റെ ഭാഗമായ ജപത്തെ പറയുന്നു. തന്റെ മകന്റെ ദീര്‍ഘായുസ്സിനെ മുന്നില്‍ കണ്ട് മകന്റെ പേര് പറഞ്ഞ് അവനു വേണ്ടി.. അവനുവേണ്ടി... അവനു വേണ്ടി... എന്നി എന്നിങ്ങനെ മൂന്ന് തവണ ചൊല്ലി കോശത്തെ ആശ്രയിക്കണം. പിന്നെ ഇതുപോലെ തന്നെ പ്രാണന്‍, ഭൂര്‍ലോകം, ഭുവര്‍ ലോകം, സ്വര്‍ലോകം   എന്നിവയെ ആശ്രയിച്ച് ജപിക്കണം.
ഓരോന്നിലും മകന്റെ പേര് ചേര്‍ത്ത് ജപിക്കണം. ഇത് വല്‍സരൂപോ പാസനയിലെ മന്ത്രജപമാണ്.
പ്രാണനെ ശരണം പ്രാപിക്കുന്നുവെന്നാല്‍ പ്രാണനെ തന്നെയാണ് ലക്ഷ്യംവെച്ചത്. ഭൂര്‍ ലോകത്തെ ശരണം പ്രാപിച്ചുവെന്ന് പറഞ്ഞത് ഭൂമി, അന്തരിക്ഷം, ദ്യോവ് എന്നിവയെ ഉള്‍പ്പെടുത്തിയാണ്.ഭുവര്‍ലോക ശരണം അഗ്‌നി, വായു, ആദിത്യന്‍ എന്നിവയെ കരുതിയാണ്. സ്വര്‍ലോകത്തെ  ശരണം പ്രാപിക്കുകയെന്നാല്‍ ഋക്, യജുസ്, സാമം എന്നീ വേദങ്ങളെ ആശ്രയിക്കലാണ്. ഇവയെ പറഞ്ഞ അവസാന മന്ത്രങ്ങളും പുത്രന്റെ ദീര്‍ഘായുസ്സിന് ജപിക്കണം..
janmabhumi

No comments:

Post a Comment