Tuesday, May 01, 2018

ശ്രീരാമകൃഷ്ണ ദേവന്‍ : വേദത്തില്‍ സപ്ത ഭൂമികകളുടെ പ്രസ്താവമുണ്ട് .ഈ ഏഴു ഭൂമികകളും മനസ്സിന്‍റെ സ്ഥാനമാണ് . മനസ്സ് വിഷയാസകതമായിരിക്കുംപോള്‍ ലിംഗവും ഗുഹ്യവും നാഭിയുമാണ് മനസ്സിന്‍റെ സ്ഥാനങ്ങള്‍ . മനസ്സിനിപ്പോള്‍ ഊര്‍ദ്ധ്വ ദൃഷ്ടി ഉണ്ടായിരിക്കുകയില്ല . അത് കാമിനീ കാഞ്ചനത്തില്‍ മാത്രം തങ്ങുന്നു . മനസ്സിന്‍റെ നാലാമത്തെ തലം ഹൃദയമാണ് . ചൈതന്യത്തിന്‍റെ പ്രഥമ ബോധം അപ്പോളുണ്ടാകുന്നു ; നാലുപാടും ജ്യോതിസ്സ് കാണുന്നു. അപ്പോള്‍ ആ വ്യക്തി ദിവ്യജ്യോതിസ്സ് കണ്ടു സ്തബ്ദമൂകനായി, ' ഇതെന്ത് ! ഇതെന്ത് ! ' എന്ന് ചോദിക്കുന്നു .പിന്നെ അതിനു താഴോട്ട് , സംസാരതലത്തിലേക്ക് , മനം പോവുകയില്ല .
മനസ്സിന്‍റെ അഞ്ചാമത്തെ സ്ഥാനം കണ്ഠമാകുന്നു. മനസ്സ് കണ്ഠദേശത്തെത്തിയ ആളുടെ അവിദ്യയും അജ്ഞാനവുമെല്ലാം പോയി . അയാള്‍ക്ക് പിന്നെ ഈശ്വര കഥകളൊഴിച്ച് വേറൊന്നും കേള്‍ക്കാനോ പറയാനോ താത്പ്പര്യമുണ്ടായിരിക്കയില്ല . വേറാരെങ്കിലും മറ്റു കാര്യങ്ങള്‍ പറഞ്ഞാല്‍ അവിടെനിന്നു എഴുന്നേറ്റു പോകും.
മനസ്സിന്‍റെ ആറാമത്തെ പടി ഭ്രൂമദ്ധ്യമാകുന്നു. മനസ്സിവിടെ എത്തിയാല്‍ രാപകല്‍ ഈശ്വരരൂപം കാണാം . അപ്പോഴും അല്‍പ്പം ' ഞാന്‍ ' ഉണ്ടായിരിക്കും . ആ നിരുപമ ദര്‍ശനം കൊണ്ട് ഉന്മത്തനായി ആ വ്യക്തി ആ രൂപത്തെ സ്പര്ശിക്കുന്നതിനും ആലിംഗനം ചെയ്യുന്നതിനും ഓടിയണയുന്നു ; പക്ഷെ സാധിക്കുന്നില്ല .ചിമ്മിനി വിളക്കിലെ നാളം പോലെയാണത് ; നാളം ഇതാ തൊടാം എന്ന് തോന്നും ; പക്ഷെ ചിമ്മിനിയുടെ തടസ്സം കൊണ്ട് തൊടാനൊക്കുന്നില്ല.
മൂര്‍ദ്ധാവാണ് ഏഴാമത്തെ ഭൂമിക. മനസ്സവിടെ ചെന്നാല്‍ സമാധിയായി ; ബ്രഹ്മജ്ഞാനി ബ്രഹ്മത്തെ പ്രത്യക്ഷമായി ദര്‍ശിക്കുന്നു . പക്ഷെ ആ അവസ്ഥയില്‍ ശരീരം അധികം നാള്‍ നിലനില്‍ക്കുകയില്ല . സര്‍വ്വദാ ബാഹ്യ ബോധ ശൂന്യനായിരിക്കും .ഒന്നും കഴിക്കാനാവില്ല. പാല് വായിലൊഴിച്ചാല്‍ ഒഴുകിപ്പോകും . ഈ ഏഴാമത്തെ ഭൂമികയില്‍ എത്തിയാല്‍ ഇരുപത്തൊന്നു നാള്‍ കൊണ്ട് മുത്യു സംഭവിക്കുന്നു.
ബ്രഹ്മജ്ഞാനിയുടെ ഈ മാര്‍ഗ്ഗം കഠിനമാണ് . അത് നിങ്ങള്‍ക്കുള്ളതല്ല . നിങ്ങള്‍ക്കു ഭക്തിപഥം. ഭക്തിമാര്‍ഗ്ഗം വളരെ നല്ലത് , എളുപ്പം .
(ശ്രീരാമകൃഷ്ണ വചനാമൃത സംഗ്രഹത്തില്‍ നിന്നും ).
harid sarma

No comments:

Post a Comment