Saturday, May 26, 2018

നമുക്ക് അന്യരോടുള്ള കര്‍ത്തവ്യമെന്നുവെച്ചാല്‍ അവരെ സഹായിക്കുക, ലോകത്തിനു നന്മ ചെയ്യുക, എന്നര്‍ത്ഥം. ലോകത്തിനു നാം എന്തിനു നന്മ ചെയ്യണം? ബാഹ്യവീക്ഷണത്തില്‍ ലോകരെ സഹായിക്കാന്‍: എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മെത്തന്നെ സഹായിക്കാന്‍. ലോകത്തെ സഹായിക്കാന്‍ നാമെപ്പോഴും ശ്രമിക്കണം. അതായിരിക്കണം നമ്മുടെ സമുന്നതമായ പ്രേരകശക്തി: എന്നാല്‍ ഗാഢമായി ചിന്തിച്ചുനോക്കുമ്പോള്‍ ലോകത്തിനു നമ്മുടെ സഹായം ഒട്ടുംതന്നെ ആവശ്യമില്ലെന്നു കാണാന്‍ കഴിയും.
നിങ്ങളോ ഞാനോ ചെന്നു സഹായിക്കുമെന്നുവെച്ചല്ല ഈ ലോകം സൃഷ്ടിക്കപ്പെട്ടത്. ഞാന്‍ ഒരു ധര്‍മ്മപ്രഭാഷണത്തില്‍ ഇങ്ങനെ വായിക്കയുണ്ടായി; 'മനോഹരമായ ഈ ലോകം മുഴുവന്‍ വളരെ നല്ലതുതന്നെ: കാരണം, അതു നമുക്കു പരോപകാരം ചെയ്യാന്‍ സമയവും സന്ദര്‍ഭവും തന്നരുളുന്നു.' ബാഹ്യവീക്ഷണങ്ങളില്‍ ഈ ആശയം വളരെ സുന്ദരമാണ്. എന്നാല്‍ ലോകത്തിനു നമ്മുടെ സഹായം ആവശ്യമുണ്ട് എന്നു പറയുന്നതു ധിക്കാരമല്ലെ? ലോകത്തില്‍ കഷ്ടപ്പാടു വളരെയുണ്ടെന്നുള്ളതു നിഷേധിക്കാവതല്ല. അതുകൊണ്ട്, ലോകത്തിലിറങ്ങി അന്യരെ സഹായിക്കുകയെന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തമകാര്യം. എങ്കിലും അന്യരെ സഹായിക്കുകയെന്നാല്‍ നമ്മെത്തന്നെ സഹായിക്കുകയാണെന്ന് കാലാന്തരത്തില്‍ നമുക്കു മനസ്സിലാകും.
എന്റെ കുട്ടിക്കാലത്ത് എനിക്കു കുറെ വെള്ളെലികള്‍ ഉണ്ടായിരുന്നു. അവയെ ഒരു ചെറിയ കൂട്ടില്‍ സൂക്ഷിച്ചിരുന്നു. അതില്‍ കറങ്ങുന്ന ചെറിയ ചക്രങ്ങള്‍ ഘടിപ്പിച്ചിരുന്നു. എലികള്‍ ചക്രങ്ങളില്‍ കയറുമ്പോഴേയ്ക്കും അവ കറങ്ങിത്തുടങ്ങും. അതിനാല്‍, എലികള്‍ക്ക് ആദ്യം നിന്നിടത്തു നില്‍ക്കാനല്ലാതെ മുകളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. ഇതുപോലെയാണ് ലോകത്തിന്റേയും നമ്മുടെ ലോകോപകാരത്തിന്റേയും കഥ. നമുക്ക് ധര്‍മ്മം അഭ്യസിയ്ക്കാം എന്നുള്ള ഉപകാരം മാത്രമാണ് ഉണ്ടാകുന്നത്.
ഈ ലോകം നല്ലതോ ചീത്തയോ അല്ല: ഓരോരുത്തരും അവനവന്റെ ലോകം നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഒരു കണ്ണുപൊട്ടന്‍ ലോകത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍, അയാള്‍ക്കതു മൃദുവായിട്ടോ കടുപ്പമായിട്ടോ തണുപ്പായിട്ടോ ചൂടായിട്ടോ തോന്നും. നമ്മള്‍ ഓരോരുത്തരും സുഖത്തിന്റേയോ ദുഃഖത്തിന്റെയോ ഒരു കൂടാണ്: ഈ സംഗതി നാം നൂറുനൂറു തവണ നമ്മുടെ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. സാമാന്യേന പറഞ്ഞാല്‍, യുവജനങ്ങള്‍ ശുഭദൃക്കുകളും വൃദ്ധജനങ്ങള്‍ അശുഭദൃക്കുകളും ആണ്. യുവജനങ്ങള്‍ക്കു മുമ്പില്‍ ജീവിതം കിടക്കുന്നു. വൃദ്ധന്മാര്‍ തങ്ങളുടെ നല്ല കാലം പൊയ്‌പ്പോയി എന്ന് ആവലാതിപ്പെടുന്നു. നിറവേറ്റാന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ ശതക്കണക്കിന് അവരുടെ മനസ്സില്‍ക്കിടന്നു തിരക്കുകൂട്ടുന്നു. എന്നാല്‍ ഈ രണ്ടുതരക്കാരും ബുദ്ധിശൂന്യരാണ്.
നാം ജീവിതത്തെ ഏതുതരം മാനസികാവസ്ഥയില്‍ നിന്നു നോക്കുന്നുവോ അതനുസരിച്ച് അതു നല്ലതോ ചീത്തയോ ആയിത്തീരുന്നു - സ്വതവേ അതു നല്ലതുമല്ല, ചീത്തയുമല്ല. അഗ്‌നി സ്വതവേ നല്ലതോ ചീത്തയോ അല്ല. അതു ചൂടു തരുമ്പോള്‍, 'അഗ്‌നി എത്ര വിശേഷം!' എന്നു നാം വാഴ്ത്തുന്നു. അതു നമ്മുടെ കൈ പൊള്ളിക്കുമ്പോള്‍ നാം അതിനെ കുറ്റം പറയുന്നു. എങ്കിലും സ്വതവേ അഗ്‌നി നല്ലതോ ചീത്തയോ അല്ല. നാം അതിനെ ഉപയോഗപ്പെടുത്തുന്ന രീതിയനുസരിച്ചു നല്ലതെന്നോ ചീത്തയെന്നോ ഉള്ള തോന്നല്‍ അതു നമ്മളില്‍ ഉണ്ടാക്കുന്നു. ഈ ലോകത്തിന്റെ കഥയും അതുതന്നെ. അതു സമ്പൂര്‍ണ്ണമാണ്: എന്നുവെച്ചാല്‍ അതിന്റെ ഉദ്ദേശ്യത്തെ സമ്പൂര്‍ണ്ണം നിറവേറ്റുവാന്‍ മതിയായതാണ്. നമ്മെ കൂടാതെ തന്നെ ലോകം ഭംഗിയായി മുന്നോട്ടു പൊയ്‌ക്കൊള്ളുമെന്നു നമുക്കെല്ലാവര്‍ക്കും ഉറപ്പായി വിശ്വസിക്കാം. അതിനെ സഹായിക്കുന്ന കാര്യം ആലോചിച്ച് നാം തല പുണ്ണാക്കണമെന്നില്ല.
janmabhumi

No comments:

Post a Comment