ശക്തിഭദ്രന്‍ — ഒരൈതിഹ്യം
ഭഗവതല്‍പാദരുടെ കാലം സുമാര്‍ ക്രി.പി. ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലായിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. ശക്തികവിയെ അദ്ദേഹവുമായി ഘടിപ്പിക്കുന്ന ഒരൈതിഹ്യം കേരളത്തില്‍ പ്രചരിക്കുന്നുണ്ടു്. ഭഗവല്‍പാദര്‍ തിരുവിതാംകൂറില്‍ ദിഗ്വിജയം ചെയ്ത അവസരത്തില്‍ ചെങ്ങന്നൂരില്‍ വെച്ചു ശക്തിഭദ്രന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും തന്റെ ആശ്ചര്യചൂഡാമണി എന്ന നാടകം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. അന്നു മൗനവ്രത്തിലിരുന്ന ആചാര്യന്‍ ആ ഗ്രന്ഥത്തെപ്പറ്റി ഒരഭിപ്രായവും പറയാത്തതിനാല്‍ കവി ഭഗ്നോത്സാഹനായി അതു തീയിലിട്ടു ചുട്ടുകളഞ്ഞു. സ്വാമികള്‍ ദേശാടനം കഴിഞ്ഞു തിരിയെ ചെങ്ങന്നൂരിലെത്തി ശക്തിഭദ്രനെ വരുത്തി ʻʻനിന്റെ ʻഭുവനഭൂതിʼ എവിടെˮ എന്നു ചോദിച്ചു. ചൂഡാമണി രണ്ടാമങ്കത്തില്‍
ʻʻത്രിഭുവനരിപുരസ്യാ രാവണഃ പൂര്‍വജശ്ചേ-
ദ്സുലഭ ഇതി നൂനം വിശ്രമഃ കാര്‍മ്മുകശ്യ;
രജനിചരനിബദ്ധം പ്രായശോ വൈരമേതദ്
ഭവതു ഭുവനഭൂത്യൈ ഭൂരിരക്ഷോവധേന.ˮ
ദ്സുലഭ ഇതി നൂനം വിശ്രമഃ കാര്‍മ്മുകശ്യ;
രജനിചരനിബദ്ധം പ്രായശോ വൈരമേതദ്
ഭവതു ഭുവനഭൂത്യൈ ഭൂരിരക്ഷോവധേന.ˮ
എന്നൊരു പദ്യമുണ്ടു്. അതിന്റെ സ്മരണത്തില്‍നിന്നു ജനിച്ച ആനന്ദാതിശയം നിമിത്തമാണു് അവിടുന്നു് ആ ചോദ്യം ചോദിക്കുവാനിടയായതു്. കവി കാര്യം മനസ്സിലായപ്പോള്‍ താന്‍ അതു് നശിപ്പിച്ചു എന്നു പറയുകയും ആചാര്യന്റെ മുഖത്തു നിന്നു് ആ നാടകം മുഴുവന്‍ വീണ്ടും കേട്ടു് എഴുതിയെടുത്തു ചരിതാര്‍ത്ഥനാകുകയും ചെയ്തു. ഇതാണു് ആ ഐതിഹ്യം. ഇതു് എത്രമാത്രം വിശ്വസനീയമാണെന്നു പറവാന്‍ നിവൃത്തിയില്ല. രാജശേഖരന്‍ എന്ന കേരളരാജാവിന്റെ മൂന്നു നാടകങ്ങളെപ്പറ്റിയും ഇത്തരത്തില്‍ ഒരു കഥ ശങ്കരവിജയത്തില്‍ കാണുന്നുണ്ടു്. അതുപോലെതന്നെ മേല്പാഴൂരില്ലത്തില്‍ ഭഗവല്‍പാദര്‍ പൂജിക്കുവാന്‍ കൊടുത്തിരുന്ന ബ്രഹ്മസൂത്രഭാഷ്യം മീമാംസകനായ അദ്ദേഹത്തിന്റെ മാതുലന്‍ ദഹിപ്പിച്ചു എന്നും പത്മപാദന്‍ ʻʻപുസ്തം ഗതം ബുദ്ധിരവസ്ഥിതാ മേˮ എന്നു പറഞ്ഞുകൊണ്ടു് അതു വീണൂമെഴുതിയെന്നും അതേ ഗ്രന്ഥത്തില്‍ത്തന്നെ പറയുന്നു.
പ്രാചീനത
ശക്തിഭദ്രന്‍ ഭഗവല്‍പാദരുമായി സന്ധിച്ചാലുമില്ലെങ്കിലും അക്കാലത്തു ജീവിച്ചിരുന്നിരിക്കാവുന്ന ഒരു കവി തന്നെയാണെന്നുള്ളതിനു സംശയമില്ല. ചൂഡാമണിയുടെ സ്ഥാപനയില്‍ സൂത്രധാരനും നടിയുമായി ഇങ്ങനെ ഒരു സംഭാഷണമുണ്ടു്:
ʻʻസൂത്ര:— ആര്യേ, ദക്ഷിണാപഥാദാഗതമാശ്ചര്യചൂഡാമണിം നാമ നാടകമഭിനയാമ്രേഡിതസൗഭാഗ്യമഭിലഷാമ ഇത്യാര്യമിശ്രാണം ശാസനം.
നടീ:— (ഛായ) — അത്യാഹിതം ഖല്വേതല്‍, ആകാശം പ്രസൂതേ പുഷ്പം, സികതാസ്തൈലമുല്‍പാദയന്തി, യദി ദക്ഷിണാസ്യാ ദിശ ആഗതം നാടകനിബന്ധനം.
സൂത്ര:— ആര്യേ മാ മൈവം, ഉപചിനു ഗുണം. അപഹസ്തയ ജന്മാഭിനിവേശം, പശ്യ.
ഗുണാഃ പ്രമാണം ന ദിശാം വിഭാഗോ
നിദര്‍ശനം നന്വിദമേവ തത്ര;
സ്തനദ്വയേ തേ ഹരിചന്ദനഞ്ച
ഹാരശ്ച നീഹാരമരീചിഗൗരഃ.
നിദര്‍ശനം നന്വിദമേവ തത്ര;
സ്തനദ്വയേ തേ ഹരിചന്ദനഞ്ച
ഹാരശ്ച നീഹാരമരീചിഗൗരഃ.
നടീ:— (ആത്മാനാം വിലോക്യ) യുജ്യതേ. രത്നാകരഃ ഖലു സ ദേശഃ. ആര്യ, കതമഃ പുനസ്സ കവിഃ, യ ആത്മനഃ പ്രജ്ഞാരൂപം നിബന്ധനവ്യാജേന ദേശാന്തരം പ്രേഷിതു കാമഃ?
സൂത്ര:— ആര്യേ, ശ്രുയതാം ഉന്മാദവാസവദത്താപ്രഭൃതീനാം കാവ്യാനാം കര്‍ത്തുഃ കവേശ്ശക്തിഭദ്രസ്യേദം പ്രജ്ഞാവിലസിതം.ˮ
ഇതില്‍നിന്നു ദക്ഷിണാപഥവാസികളായ പണ്ഡിതന്മാരാരും അദ്ദേഹത്തിന്റെ കാലം വരെ നാടകം നിര്‍മ്മിച്ചിരുന്നില്ലെന്നും അങ്ങനെ ഒരു സംഭവത്തെ ആകാശത്തില്‍ കുസുമോല്പത്തിപോലെയും മണല്‍ത്തരികളില്‍ തൈലപ്രവാഹം പോലെയും ആണു് ഔത്തരാഹന്മാര്‍ കരുതിയിരുന്നതെന്നും ശക്തിഭദ്രന്‍ ചൂഡാമണി രചിച്ചതിന്റെ ഉദ്ദേശങ്ങളില്‍ ഒന്നു ആ അപവാദത്തിന്റെ നിര്‍മ്മാര്‍ജ്ജനമായിരുന്നു എന്നും സ്പഷ്ടമായി കാണാവുന്നതാണു്. ചൂഡാമണി ആറാമങ്കത്തിലെ
ʻവേണീം കരേണ തവ മോക്ഷ്യതി ദേവി, ദേവഃʼ എന്നു് അവസാനിക്കുന്ന പദ്യത്തില്‍ ഭട്ടനാരായണന്റെ വേണീസംഹാരത്തിലെ ʻഉത്തംസയിഷ്യതി കചാംസ്തവ ദേവി, ഭീമഃʼ എന്നു് അവസാനിക്കുന്ന പദ്യത്തിന്റെ അനുരണനം കേള്‍ക്കാവുന്നതുകൊണ്ടു ഭട്ടനാരായണനെ അപേക്ഷിച്ചു ശക്തിഭദ്രന്‍ അര്‍വാചീനനാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ഭട്ടനാരായണന്റെ കാലം ക്രി. പി. ഏഴാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തില്‍ ഉത്ഭവിച്ചതായി വിചാരിക്കാവുന്ന ʻനടാങ്കുശംʼ എന്ന ഗ്രന്ഥത്തില്‍ ʻʻഅസ്മാകം പ്രബന്ധകൃദപി മഹാനേവ,
യല്‍കൃതന്നാടകം ചൂഡാമണിശ്ചൂ ഡാമണിസ്സതാം
സ കൈസ്യവ ന മാന്യോയം ശക്തിഭദ്രോ മഹാവകവിഃ?
സ കൈസ്യവ ന മാന്യോയം ശക്തിഭദ്രോ മഹാവകവിഃ?
എന്നും ചൂഡാമണിപ്രഭൃതിനാടകാനാം വീരരസപ്രധാനത്വാല്‍ˮ എന്നും പ്രസ്താവിച്ചിട്ടുണ്ട്. ശക്തിഭദ്രന്റെ കാലത്തിനുമുമ്പ് ദാക്ഷിണാത്യന്മാരുടെ കൃതികളായി രണ്ടു പ്രഹസനങ്ങള്‍ മാത്രമേ കാണുന്നുള്ളു. അവയില്‍ ഒന്നു ബോധായനന്റെ ഭഗവജ്ജൂകീയവും (ഭഗവദജ്ജുകം എന്നും പറയും) മറ്റേതു മഹേന്ദ്രവിക്രമപല്ലവന്റെ മത്തവിലാസപ്രഹസനവുമാണു്, മഹേന്ദ്രവിക്രമനു മത്തവിലാസനെന്നും ബിരുദമുണ്ടായിരുന്നു. അദ്ദേഹം ക്രി. പി. 610-ല്‍ തന്റെ മാമണ്ടൂര്‍ശാസനത്തില്‍ ഭഗവദജ്ജുകീയത്തെ സ്മരിക്കുന്നു. ഭഗവദജ്ജുകീയത്തിനു ദിങ്മാത്രദര്‍ശിനി എന്ന പേരില്‍ വെള്ളാങ്ങല്ലൂര്‍ നാരായണഭട്ടതിരി എഴുതിയ ഒരു വ്യാഖ്യാനമുണ്ടു്.
No comments:
Post a Comment