Tuesday, May 29, 2018

യജ്ഞങ്ങള്‍ ഒന്നുപോലും ശ്രൗതവിധിക്ക് അനുസൃതമായിരിക്കില്ല. യുധിഷ്ഠിര മഹാരാജാവ് നടത്തിയ-രാജസൂയം-എന്ന യാഗം പതിനേഴര മാസംകൊണ്ടാണ് പൂര്‍ണമായിരുന്നത്. ആസുരീകന്മാര്‍-ഏഴ് ദിവസംകൊണ്ട് രാജസൂയം നടത്തും. സ്ഥലത്തിന്റെ പരിശുദ്ധിയോ സമയത്തിന്റെ പരിശുദ്ധിയോ ഋത്വിക്കുകളുടെ പരിശുദ്ധിയോ യജമാനന്റെ- യാഗം ചെയ്യുന്ന വ്യക്തിയുടെ-യോഗ്യതയോ, പരിഗണിക്കുകയേ ഇല്ല. പട്ടാഭിഷേകം ചെയ്ത്, രാജ്യഭരണം ഏറ്റെടുത്ത രാജാക്കന്മാര്‍ക്ക് മാത്രമേ രാജസൂയം അനുഷ്ഠിക്കാനുള്ള 'അധികാരം' ഉള്ളൂ.
(വേദങ്ങളിലും ധര്‍മ്മശാസ്ത്രങ്ങളിലും കാണുന്ന അധികാരം എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം ''യോഗ്യത, അര്‍ഹത'' എന്നാണ്.)
''യജ്ഞം ചെയ്യാനുള്ള അര്‍ഹത സിദ്ധിക്കുന്നതിനുവേണ്ടി, അതിനു മുന്‍പേ ചെയ്യേണ്ട ചില അനുഷ്ഠാനങ്ങളാണ്. സാവിത്രീ വ്രതാനുഷ്ഠാനം (കുശ്മാണ്ഡി ഹോമം) ആധാനം എന്നിവ. ഇവ ചിത്തശുദ്ധിക്കുള്ളതാണ്. അതുപോലെ തന്നെ ആധാനവും. ആന്തരിക പരിശുദ്ധി സമ്പാദിക്കുകയാണ് ലക്ഷ്യം.''
(കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി- 'യജ്ഞങ്ങള്‍ എന്ത്? എന്തിന്?'' പേജ്-18-ഖണ്ഡിക 11)
മേല്‍പ്പറഞ്ഞ വിധത്തിലുള്ള അനുഷ്ഠാനക്രമങ്ങളൊന്നും ആസുര സ്വഭാവികള്‍ അറിയുകയേ ഇല്ല. അവര്‍ നാട് നീളെ യാഗങ്ങള്‍ നടത്തി പേരും പണവും സമ്പാദിക്കും. അതുകൊണ്ടാണ് നാമയജ്ഞങ്ങള്‍ (പേരു മാത്രമുള്ള യജ്ഞങ്ങള്‍) എന്ന്  പറയുന്നത്. ആസുരസ്വഭാവികള്‍ യജ്ഞങ്ങളുടെ പുണ്യഫലങ്ങള്‍ കിട്ടാതെ മരണാനന്തരം, പാപകര്‍മ്മങ്ങളുടെ ഫലമായി, നരകത്തില്‍ പതിക്കുന്നു-എന്നും കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ.
ആസുരസ്വഭാവികള്‍ ഭഗവാനെ ദ്വേഷിക്കുന്നു; നിന്ദിക്കുന്നു (16-18)
ആസുരസ്വഭാവികളുടെ ചിന്തയ്ക്കും വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അടിസ്ഥാനമായി നിലനില്‍ക്കുന്നത്- അഞ്ചു വസ്തുതകളാണ്. 
(1) അഹങ്കാരം-പഞ്ചഭൂതാത്മകമായ ഈ ശരീരം തന്നെയാണ് ഞാന്‍ എന്ന വിചാരമാണ് അഹങ്കാരത്തിന്റെ ഒരു ഘടകം. തനിക്ക് ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന ഭാവമാണ് രണ്ടാമത്തെ ഘടകം.
(2) ബലം-മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള സാമര്‍ത്ഥ്യം, ശരീരബലം, ആയുധബലം, അനുയായികളുടെ ബലം മുതലായവയും ബലത്തില്‍ ഉള്‍പ്പെടുന്നു.
(3) ദര്‍പ്പം-തന്നെ എല്ലാവരും പൂജിക്കണം. മറ്റു യോഗ്യന്മാരെ അനാദരിക്കുക, നിന്ദിക്കുക, ഗുരുനാഥന്മാരെയും ഭരണകര്‍ത്താക്കന്മാരെയും, അതിക്രമിക്കുകയും ദര്‍പ്പത്തിന്റെ രൂപങ്ങളാണ്; മനസ്സിന്റെ ദോഷഗുണങ്ങളുമാണ്. 
(4) കാമം-സ്ത്രീകള്‍, ധനം, ഭവനം, കൃഷിയിടങ്ങള്‍, സുഹൃത്തുക്കള്‍, അനുയായികള്‍ ഇവ ധാരാളം  വേണം എന്ന ആഗ്രഹം.
(5) ക്രോധം- തനിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞാന്‍ കൊല്ലും എന്ന ക്രൂരഭാവം മനസ്സില്‍ കത്തിജ്വലിക്കുന്ന അവസ്ഥ.
''ക്രോധം ച''- എന്ന ഭാഗത്തിലെ 'ച' എന്ന അവ്യയ പദം അക്ഷരത്തിന്റെ എണ്ണം തികയ്ക്കാന്‍ വേണ്ടി വെറുതെ പ്രയോഗിച്ചതല്ല-മറ്റുള്ളവരുടെ ഗുണങ്ങളെ സഹിക്കാന്‍ കഴിയാത്ത അവസ്ഥ ഈ ദുര്‍ഗുണമാണ് സൂചിപ്പിക്കുന്നത് എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു. വാക്കുകളുടെ പാരുഷ്യവും- (കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥ) ആ ദുര്‍ഗുണങ്ങളില്‍ ഉള്‍പ്പെടുത്താം എന്ന് രാഘവേന്ദ്രയതി എന്ന ആചാര്യനും പറയുന്നു.
മേല്‍പ്പറഞ്ഞ മാനസിക ദുര്‍ഗുണങ്ങളെ ആശ്രയിച്ചാണ് ആസുരസ്വഭാവികളായ മനുഷ്യര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
 9961157857

No comments:

Post a Comment