Thursday, May 31, 2018

അഭിനവ ഗുപ്തന്റെ ഭാരതീയ ദര്‍ശനം, തത്വചിന്ത, സൗന്ദര്യശാസ്ത്രം എന്നീ മേഖലകളിലെ സംഭാവനകള്‍ അദ്വിതീയമാണ്. ഇത്രയും ഗ്രന്ഥങ്ങള്‍ ഒരാള്‍ക്ക് എങ്ങനെ എഴുതാന്‍ കഴിയും എന്നാണ് ചിലരുടെ ശങ്ക. ചിലര്‍ അദ്ദേഹത്തെ സാങ്കല്‍പിക കഥാപാത്രമായി കരുതാനും ശ്രമിക്കുന്നു.
ഏകദേശം ഇതേ കാലഘട്ടത്തില്‍, തമിഴ്നാട്ടിലെ ചോള സാമ്രാജ്യത്തിലെ രാജരാജ ചോളന്‍ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചു കഴിഞ്ഞിരുന്നു. തഞ്ചാവൂരില്‍ എല്ലാവരെയും ആകര്‍ഷിച്ച്‌ ബൃഹദീശ്വര ക്ഷേത്രം ഇന്നും നിലകൊള്ളുന്നു.
ശൈവാരാധനയും ശാക്തേയാരാധനയും നാടെങ്ങും പ്രചരിച്ചു. ജ്ഞാനസമ്ബാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് കശ്മീരായിരുന്നു. ഒരു തലമുറ മൊത്തം ചോദിക്കുന്നു. ആരായിരുന്നു അഭിനവഗുപ്തന്‍? ഭാരത ഭൂമിയിലെ ഏറ്റവും വിവാദഭരിതമായ പ്രദേശമാണ് കശ്മീര്‍.
കശ്മീരിന്റെ സമ്ബന്നമായ ഭൂതകാലം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്. സാംസ്കാരികമായും സാഹിത്യപരമായുമുള്ള കശ്മീരിന്റെ സംഭാവനകളെക്കുറിച്ച്‌ നാം ബോധവാന്മാരാകേണ്ടതുണ്ട്.
ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിനെ 'ശാരദദേശം' എന്നും വിളിച്ചിരുന്നു. അറിവിന്റെ ദേവതയായ സരസ്വതി ദേവിയുടെ ഒരു ക്ഷേത്രം കശ്മീരിലുണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് പാക്കധീന കശ്മീരിലാണ്. സരസ്വതീ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്.
"നമസ്തേ ശാരദേ ദേവീ, കശ്മീരപുര വാസിനീ"
അറിവിനെ ആരാധിക്കുന്നവരുടെ പ്രേരണാസ്രോതസ്സായിരുന്നു ഒരുകാലത്ത് കശ്മിര്‍. ഒരുവശത്ത് ഹിമാലയവും, പരിശുദ്ധമായ ജലമൊഴുകിയിരുന്ന വിതസ്താ നദി (ഝലം നദി)യും. എല്ലാറ്റിനുമുപരി വാക്കുകള്‍ക്കു വിവരിക്കാനാവാത്ത പ്രകൃതി സൗന്ദര്യവും. നാടിന്റെ നാനാഭാഗത്തുമുള്ള കവികളും പണ്ഡിന്മാരും ജ്ഞാനം തേടി കശ്മീരിലെത്തി ചേര്‍ന്നു. പല രാജവംശങ്ങളും കശ്മീരില്‍ ഭരണം കയ്യാളിയിട്ടുണ്ട്.
കശ്മീരിന്റെ പ്രൗഢമായ സാഹിത്യ ചരിത്രം തേടി നടന്നാല്‍ എത്തിച്ചേരുന്നത് എ. ഡി. അഞ്ചാം നൂറ്റാണ്ടിലാണ്. മാതൃഗുപ്തനായിരുന്നു അന്ന് കശ്മീര്‍ ഭരിച്ചിരുന്നത്. അദ്ദേഹം ഒരു സംസ്കൃത കവികൂടിയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന പ്രവരസേനന്‍ രണ്ടാമനും സാഹിത്യാദികലകളെ പോഷിപ്പിക്കുന്ന ആളായിരുന്നു. സേതുബന്ധകാവ്യം അദ്ദേഹത്തിന്റെ കൃതിയാണ്.
12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്‍ഹണന്‍ രചിച്ച രാജതരംഗിണി എന്ന ഗ്രന്ഥത്തില്‍ നിന്നാണ് കശ്മീരിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ഈ സംസ്കൃതഗ്രന്ഥം കശ്മീര്‍ ഭരിച്ച രാജവംശങ്ങളെക്കുറിച്ച്‌ വളരെ വിശദമായി പറയുന്നു.
രാജാക്കന്മാരെ കുറിച്ചു മാത്രമല്ല അവരുടെ സൈനിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും രാജതരംഗിണിയിലുണ്ട്. രാജകൊട്ടാരത്തിലെ ജീവിതരീതികളെക്കുറിച്ചും ദര്‍ബാറിനെ അലങ്കരിച്ച പണ്ഡിതന്മാരെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിശദമായി പറയുന്നുണ്ട്.
കല്‍ഹണനും മുന്‍പ് പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ സംസ്കൃത പണ്ഡിതനും കവിയുമായിരുന്നു ബില്‍ഹണന്‍. ഖോമുച് എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഖോന്‍മുശയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാജസദസ്സിലെ കവിയായിരുന്ന ബില്‍ഹണന്‍ രാജ്യമൊട്ടുക്കും യാത്രചെയ്യുകയും രാജകുമാരിയായിരുന്ന യാമിനിപൂര്‍ണതിലകവുമായി പ്രണയത്തിലാവുകയും ചെയ്തത്രെ.
അങ്ങനെ ബില്‍ഹണന്‍ തടവറയ്ക്കുള്ളിലായി. രാജാകുമാരിയോടുള്ള പ്രണയം തുളുമ്ബുന്ന അന്‍പത് കവിതകള്‍ അദ്ദേഹം അഴികള്‍ക്കുള്ളിലിരുന്നു എഴുതി. അന്‍പതാമത്തെ കവിതയായപ്പോഴേക്കും തന്റെ മകളെ ബില്‍ഹണന്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ രാജാവ് ബില്‍ഹണനു മാപ്പുകൊടുത്ത് തടവറയില്‍നിന്നും മോചിപ്പിച്ചു.
കഥ എന്തായാലും സംസ്കൃതസാഹിത്യത്തിലെ പ്രധാനപ്പെട്ട കൃതിയായ 'ചോരപഞ്ചാശിക' ഇന്ന് നമ്മുടെ കൈയിലുണ്ട്. ഈ ഗ്രന്ഥത്തെക്കുറിച്ച്‌ ഒരുപാടു പേര്‍ പഠിക്കുകയും ഗവേഷണ പ്രബന്ധം രചിക്കുകയും ചെയ്തിട്ടുണ്ട്. വിക്രമാംഗദേവ ചരിതം, കര്‍ണ്ണസുന്ദരി എന്നീ കൃതികളും ബില്‍ഹണന്റേതാണ്. കവിതയും കുങ്കുമവും ശാരദദേശത്തിന്റെ അതിമനോഹര സൃഷ്ടികളാണെന്ന് തന്റെ കാവ്യത്തില്‍ ബില്‍ഹണന്‍ പറയുന്നുണ്ട്.
മാതൃഗുപ്തരാജാവിന്റെ കാലത്തു ജീവിച്ചിരുന്ന പ്രശസ്തനായ ഭാതൃമേന്‍ഠന്‍ എന്ന കവിയെക്കുറിച്ച്‌ കല്‍ഹണന്‍ എഴുതിയിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് മാതൃഗുപ്ത രാജാവിന്റെ ഭരണകാലം. ഗവേഷകരുടെ അഭിപ്രായത്തില്‍ ഭാതൃമേന്‍ഠന്‍ രചിച്ച ഹയഗ്രീവവധം നഷ്ടപ്പെട്ടിരിക്കുന്നു.
ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ അങ്ങ് ഉജ്ജയിനിയില്‍ കവി കാളിദാസന്‍ സംസ്കൃതകാവ്യ രചനയില്‍ മുഴുകിയിരിക്കുന്നുണ്ടായിരുന്നു. ഭര്‍തൃഹരി തന്റെ പ്രശസ്തമായ 'ശതകത്രയി'യുടെ രചന നിര്‍വഹിച്ചതും ഇതേ കാലത്താണ്. ഏഴാം നൂറ്റാണ്ടില്‍ കശ്മീരില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനാണ് ഭാമഹന്‍. കാവ്യാലങ്കാരം അദ്ദേഹത്തിന്റെ കൃതിയാണ്.
എട്ടാം നൂറ്റാണ്ടിലെ മഹാനായ സംസ്കൃത പണ്ഡിതനായിരുന്നു രത്നാകരന്‍. ഹരവിജയം, ധ്വനിഗത പഞ്ജിക, വക്രോക്തി പഞ്ചാശിക എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. ചിപ്പട ജയപീഠന്റെയും അവന്തി വര്‍മ്മന്റെയും സദസ്യനായിരുന്നു രത്നാകര കവി.
ആദി ശങ്കരന്‍ എന്നു പുകള്‍പെറ്റ ശങ്കര ഭഗവദ്പാദരുടെ കാലഘട്ടം എട്ടാം നൂറ്റാണ്ടായിരുന്നു. സനാതന ധര്‍മ്മത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെ കാലടിയില്‍നിന്നാണ് തന്റെ ഭാരതപര്യടനം അദ്ദേഹം ആരംഭിച്ചത്. തത്വചിന്തകനായ ശ്രീശങ്കരന്‍ അദ്വൈത വേദാന്തം അവതരിപ്പിച്ചു. ഭാരതത്തിലുടനീളം സഞ്ചരിച്ചു ആചാര്യന്‍ സനാതനധര്‍മ്മ സന്ദേശം പതിനായിരങ്ങള്‍ക്ക് പകര്‍ന്നുകൊടുത്തു. ശ്രീശങ്കര ഭഗവദ്പാദര്‍ സംന്യാസി മഠങ്ങള്‍ സ്ഥാപിച്ചു.
വിജ്ഞാന കേന്ദ്രങ്ങളായിരുന്നു അവ. കശ്മീരിലെ പുരാതന ക്ഷേത്രങ്ങളില്‍നിന്നും പ്രചോദനം നേടിയ ആചാര്യന്‍ സംസ്കൃത ഭാഷയില്‍ വളരെ മനോഹരമായ സ്തോത്രങ്ങള്‍ രചിച്ചു.
ന്യായം, മീമാംസ, തര്‍ക്കം, വൈശേഷികം തുടങ്ങി വിവിധ ശാഖകളിലെ പണ്ഡിതരുമായി ശ്രീശങ്കരന്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടതും വിജയിച്ചതും കശ്മീരില്‍ വച്ചായിരുന്നു. ശ്രീശങ്കരന്‍ ജഗദ്ഗുരു എന്നു പിന്നീട് അറിയപ്പെട്ടു. കശ്മീരില്‍ വച്ചാണ് ശാരദാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ശാരദാ ഭുജംഗം ആചാര്യന്‍ രചിച്ചത്.
പാസ്പഹാര്‍ പര്‍വ്വതത്തിനു മുകളില്‍ ജ്യേഷ്ടേശ്വര ക്ഷേത്രം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അതിന്റെ സുവര്‍ണകാലത്ത് ആ ക്ഷേത്രം ഉത്തമ വിജ്ഞാനകേന്ദ്രവുമായിരുന്നു ആ ക്ഷേത്രം. ശങ്കരാചാര്യസ്വാമികള്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചെന്നും അതിനുശേഷം അത് ശങ്കരാചാര്യക്ഷേത്രം എന്നറിയപ്പെട്ടു തുടങ്ങിയെന്നുമാണ് ഐതിഹ്യം. ചില ഗവേഷകരുടെ അഭിപ്രായം ശങ്കരാചാര്യര്‍ കശ്മീരില്‍വച്ചാണ് സൗന്ദര്യലഹരി രചിച്ചതെന്നത്രെ.
ശങ്കരാചാര്യരുടെ കാലഘട്ടത്തിനുശേഷവും അനവധി പ്രതിഭാശാലികളായ എഴുത്തുകാരും കവികളും സംസ്കൃത ഭാഷയെ സമ്ബന്നമാക്കി തീര്‍ത്തു. ഒന്‍പതാം നൂറ്റാണ്ടിലാണ് ആനന്ദവര്‍ധനന്‍ ജീവിച്ചിരുന്നത്.
'ധ്വന്യാലോകം' എന്ന മഹദ്കൃതിയുടെ കര്‍ത്താവാണദ്ദേഹം.
രാജാ അവന്തി വര്‍മ്മന്റെ സദസ്സിലെ അംഗമായിരുന്നു ആനന്ദവര്‍ധനന്‍ എന്ന് രാജതരംഗിണിയില്‍ പറയുന്നു. ധ്വന്യാലോകം ഒട്ടും നഷ്ടമാകാതെ അതിന്റെ മുഴുവന്‍ രൂപത്തില്‍ ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്.
പിന്നീട് വന്ന പണ്ഡിതന്മാരില്‍ പ്രമുഖനായിരുന്നു ക്ഷേമേന്ദ്രന്‍. അദ്ദേഹത്തിന്റെ കൃതികളെല്ലാം ചേര്‍ത്തുവച്ചാല്‍ കൃത്യമായ ജീവചരിത്രമാകും. അഭിനവഗുപ്തന്റെ മുഖ്യ ശിഷ്യനായിരുന്ന ക്ഷേമേന്ദ്രന്‍ രാജാ അനന്തന്റെയും (1028-1063) അദ്ദേഹത്തിന്റെ പിന്‍ഗാമിയായ രാജാകലശന്റെയും (1063-1089) കാലത്താണ് ജീവിച്ചിരുന്നത്.
രാമായണം, മഹാഭാരതം എന്നിവയെ അധികരിച്ച്‌ ഒരുപാടുകൃതികള്‍ അദ്ദേഹം രചിച്ചു. ദശാവതാര ചരിതം, അവധാന കല്‍പലത, സമയമാതൃക, സുവൃതതിലകം, കവികാന്താഭരണ എന്നിവ ക്ഷേമേന്ദ്രന്റെ രചനകളാണ്. അദ്ദേഹത്തിന്റെ കവിതയായ ദര്‍പദാലനം ഈയടുത്ത് തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഹക്സറിനെപ്പോലുള്ള പണ്ഡിതര്‍ ക്ഷേമേന്ദ്രന്റെ കൃതികള്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിലെ പ്രശസ്തരായ കവികളായിരുന്നു കുണ്ഡകന്‍, മമ്മടന്‍, രാജാംഗ മഹിമഭട്ടന്‍ എന്നിവര്‍. വക്രോക്തി ജീവിതം കുണ്ഡകന്റെയും, കാവ്യപ്രകാരം മമ്മടന്റെയും, വ്യക്തിവിവേകം രാജാംഗ മഹിമഭട്ടന്റെയും കൃതികളാണ്.
പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ജീവിതം നയിച്ച അഭിനവഗുപ്തന്‍ എന്ന പ്രതിഭാശാലിയെക്കുറിച്ച്‌ അവ്യക്തമായ വിവരങ്ങള്‍ മാത്രമേ നമ്മുടെ പക്കലുള്ളൂ. ഭരതന്റെ നാട്യശാസ്ത്രത്തിനു അഭിനവഗുപ്തന്‍ അപ്രതിമതനായ കവിയും പണ്ഡിതനും മാത്രമായിരുന്നില്ല. താന്ത്രിക വിദ്യകളുടെയും ശൈവമതത്തിന്റെയും പ്രചാരകനും ആയിരുന്നു.
ഈവിഷയങ്ങളില്‍ അദ്ദേഹം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. തന്ത്രലോകം, തന്ത്രസാരം, പരമാര്‍ത്ഥസാരം, ഗീതാര്‍ത്ഥസാര സംഗ്രഹം, ഭഗവദ്ഗീതാ ഭാഷ്യം, ഈശ്വരപ്രത്യഭിനയ വിമര്‍ശിനി എന്നിവ അവയില്‍ ചിലതാണ്. 2017 അദ്ദേഹത്തിന്റെ ആയിരാമത് ജന്മവാര്‍ഷികമായി നമ്മള്‍ ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഇന്നും ലഭ്യമാണെങ്കില്‍ കൂടിയും ഒരു വലിയവിഭാഗം മുഖ്യധാരാ മാധ്യമങ്ങളും അക്കാദമിക ലോകവും അദ്ദേഹത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്...
janmabhumi

No comments:

Post a Comment