Monday, May 28, 2018

വര്‍ണ്ണാശ്രമധര്‍മ്മത്തെക്കുറിച്ചാണ് മറ്റൊരു പ്രധാന ആക്ഷേപം . ഗോവിന്ദപാദരോടുള്ള ശങ്കരന്റെ 'ദശശ്ലോകി' എന്ന സംഭാഷണത്തില്‍ ശങ്കരന്‍ താന്‍ ആരാണ് എന്ന വ്യക്തമാക്കുന്നത് തന്നെ 'ന വര്‍ണ്ണാന വര്‍ണ്ണാശ്രമാചാരധര്‍മ്മാ' എന്നും 'ശിവഃകേവലോഹം' എന്നുമാണ്. ശങ്കരന്‍ തന്റെ സ്വത്വമായി കണ്ടതു ശിവചൈതന്യമാണ് എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 'ബ്രഹ്മസൂത്ര'ത്തിലെ അപശൂദ്രാധികരണസൂത്രത്തിന്റെ ഭാഷ്യത്തിന്റെ വിമര്‍ശനങ്ങള്‍ ശ്രദ്ധേയമാണ്. സ്വാമി വിവേകാനന്ദനും നാരായണ ഗുരുവും ശങ്കരനെ വിമര്‍ശിക്കുമ്പോഴും അദ്ദേഹം മുന്നോട്ടുവെച്ച അദ്വൈത ദര്‍ശനത്തെ സ്വീകരിക്കുന്നു. അദ്വൈതത്തെ അവര്‍ സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തിയാക്കി. കാലോചിതമായി അദ്വൈതത്തെ സ്വാമി വിവേകാനന്ദനും നാരായണഗുരുവും പുനരവതരിപ്പിക്കുകയാണ് ചെയ്തത്. ഇവിടെ മേല്‍സൂത്രത്തിന് ഭാഷ്യമെഴുതിയപ്പോള്‍ ശൂദ്രത്വം എന്നതിന്റെ ആധാരം ജന്മാനുസാരിയാണോ അതോ കര്‍മ്മാനുസാരിയാണോ എന്നു വ്യക്തമാക്കിയിട്ടില്ല എന്നതുനേരുതന്നെ. എന്നാല്‍ ഭഗവദ്ഗീതയുടെ ഭാഷ്യത്തിലെ പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന ബ്രഹ്മസൂത്രത്തിനും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുക്കള്‍ക്കും ഭഗവത്ഗീതക്കും അദ്ദേഹം എഴുതിയ ഭാഷ്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനയാണ്.  ആചാര്യസ്വാമികള്‍ ഭാഷ്യരചനയിലൂടെ തെറ്റിദ്ധാരണകള്‍ക്ക് ഇടം നല്‍കാത്ത രീതിയില്‍ അദ്വൈതത്തെ സ്ഥാപിച്ചു. 
''ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം'' എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ ശങ്കരഭാഷ്യം ശ്രദ്ധിച്ചാല്‍ എപ്രകാരമാണ് വര്‍ണ്ണം നിശ്ചയിക്കപ്പെടുന്നത് എന്ന് വ്യക്തമാകും. ആചാര്യസ്വാമികളുടെ ഭാഷ്യം ശ്രദ്ധിക്കുക: ''ഇതി ഏവം ഗുണ കര്‍മ്മവിഭാഗശഃ ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഇത്യര്‍ത്ഥഃ'' (ഇങ്ങനെ ഗുണങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കുമനുസരിച്ചാണ് ചാതുര്‍വര്‍ണ്ണ്യം സൃഷ്ടിക്കപ്പെട്ടത്) ഗുണകര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് ഒരാള്‍ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആകുന്നത്. ഈ സത്യം വിശദമാക്കിയ ശങ്കരന്‍ എങ്ങനെയാണ് ജാതീയതയുടെ വക്താവാകുന്നത്? ചാതുര്‍വര്‍ണ്ണ്യവും ജാതിയും ഭിന്നമാണ്. ചാതുര്‍വര്‍ണ്ണ്യത്തെ തകിടം മറിച്ചാണ് ജാതി ഉണ്ടാക്കിയത്. മനുസ്മൃതി, ഗൗതമസ്മൃതി എന്നിങ്ങനെയുള്ള പില്‍ക്കാലനിയമങ്ങള്‍ ഇതിന്റെ കരാളത വ്യക്തമാക്കുന്നു. ശ്രുതിയിലെ (വേദം)ചാതുര്‍വര്‍ണ്ണ്യമല്ല സ്മൃതികളിലെ ജാതിനിയമങ്ങളില്‍ ഉള്ളത്. വര്‍ണ്ണാശ്രമധര്‍മ്മത്തിന്റെ തനിമയെ ജാതിസമ്പ്രദായം നശിപ്പിച്ചു. ജാതി തിരിച്ചുള്ള ശ്മശാനങ്ങള്‍ വരെയായി അതു ഭാരതത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്നു. ജാതിയുടെ പേരില്‍ നടക്കുന്ന ചൂഷണത്തിന് ആദിശങ്കരന്‍ അനുകൂലിയായിരുന്നില്ല. ഗീതാഭാഷ്യത്തില്‍ത്തന്നെ ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടി വരെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആത്മാവ് ചൈതന്യസ്വരൂപമായ തന്റെ ആത്മാവ് തന്നെയാണെന്ന ദര്‍ശനമുള്ള കര്‍മ്മയോഗിയെക്കുറിച്ച് പറയുന്നുണ്ട്.
ശങ്കരന്റെ വിശാലമായ ബുദ്ധി ഇവിടെ കാണാം. എന്നാല്‍ ശങ്കരന്റെ പേരില്‍ 'ശാങ്കരസ്മൃതി' എന്നൊരു സ്മൃതി ചമച്ച് ജാതിചൂഷണം നടത്തി എന്നത് ദുഃഖകരമാണ്. എത്ര ഘോരമായ അപരാധമായിരുന്നു അത്. ഉപദേശ സാഹസ്രി, മനീഷാ പഞ്ചകം എന്നീ കൃതികളില്‍ ആചാര്യസ്വാമികള്‍ ബ്രഹ്മവിദ്യയ്ക്ക് ഏവരും അധികാരികളാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. അദ്വൈതദര്‍ശനത്തെ സര്‍വ്വര്‍ക്കുമായി അവതരിപ്പിച്ച ആചാര്യസ്വാമികളെ ആ ഒരു വിശാലതയില്‍ മനസ്സിലാക്കിയവര്‍ കുറവാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും ഒരേ പോലെ മിക്കപ്പോഴും കാലിടറിക്കൊണ്ടിരുന്നു. ചണ്ഡാലരൂപിയായ കാശിവിശ്വനാഥനെ സാഷ്ടാംഗം വീണു വന്ദിച്ച ശങ്കരന്‍ ജാതിവാദിയല്ല. ചണ്ഡാളനെ ഗുരുവായി വരിച്ച ശങ്കരന്‍ പാടുന്നു.
''ചണ്ഡാലോസ്തുസതു ദ്വിജോസ്തു ഗുരുരിത്യേഷാ മനീഷാ മമ''. ഈ ബ്രഹ്മതത്ത്വത്തെ സംഗ്രഹിക്കുകയാണ് ശങ്കരന്‍ 'മനീഷാ പഞ്ചക'ത്തില്‍ ചെയ്തത്.
ആദിശങ്കരന്‍ പുതിയ മതം സ്ഥാപിച്ചില്ല, അദ്ദേഹം വേദവിദ്യയായ അദ്വൈതത്തെ സ്ഥാപിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ സാരം ഇതാണ്:- ''ബ്രഹ്മസത്യം ജഗന്മിഥ്യാ ജീവോ ബ്രഹ്മൈവ നാപരഃ ബ്രഹ്മമാണ് സത്യമായത്. മിഥ്യ എന്നാല്‍ മാറിക്കൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം. ഇതിന്റെ പിന്നിലുള്ളത് മാറാത്ത ബ്രഹ്മതത്ത്വമാണ്. ഇതാണ് ശങ്കരന്റെ മായാവാദം. ഉള്ളത് ബ്രഹ്മം മാത്രമാണ്. എന്നാല്‍ വ്യവഹാര സത്യത്തെ അദ്ദേഹം അംഗീകരിക്കുന്നു. എന്നാല്‍ ആത്യന്തികമായ പരമാര്‍ത്ഥസത്യം ബ്രഹ്മം തന്നെ. അസ്തിത്വമുണ്ട്. ഉള്ളതുതന്നെ ഉപനിഷത്ത് പറയുന്നു: ''സത്യം ജ്ഞാനം അനന്തം ബ്രഹ്മ'' എന്ന്.
ഈ അനന്തതയെയാണ് ആദിശങ്കരന്‍ തന്റെ ജീവിതത്തിലൂടെയും കൃതികളിലൂടെയും ചൂണ്ടിക്കാണിച്ചത്. കര്‍മ്മം അടക്കമുള്ള വ്യാവഹാരികതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ആചാര്യര്‍ കൊടുത്തിട്ടുണ്ട്. എല്ലാം മായയാണ് കര്‍മ്മം വേണ്ട എന്ന് ശാങ്കരദര്‍ശനത്തെ ദുര്‍വ്യാഖ്യാനിച്ചതാണ് പ്രശ്‌നമായത്. ബ്രഹ്മം, മായ എന്നീ തത്ത്വങ്ങള്‍ വേദത്തിലുള്ളതാണ്. മായ എന്നത് അനിര്‍വചനീയമാണ് എന്ന് ആചാര്യര്‍ പഠിപ്പിച്ചു. ബ്രഹ്മത്തില്‍ മായ അടങ്ങിയിരിക്കുന്നു. ശാങ്കരദര്‍ശനത്തിന്റെ ഈ ഊന്നലിനെ മനസ്സിലാക്കാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ നിരീക്ഷണങ്ങള്‍ സഹായകമാണ്. ശാങ്കരദര്‍ശനത്തെ ദുര്‍വ്യാഖ്യാനിച്ചതാണ് പ്രശ്‌നമായത്. എല്ലാം മായയാണ് പക്ഷേ ബ്രഹ്മം സത്യമാണ്. സത്യദര്‍ശനമാണ് ശാങ്കരദര്‍ശനം. ജ്ഞാനത്തിന്റെ ലഹരി ശാങ്കരകൃതികളില്‍ അന്തര്‍ലീനമാണ്.
ആസ്തിക ദര്‍ശനങ്ങളില്‍ ഒന്നായ ഉത്തരമീമാംസയെ ഉജ്ജ്വലമായ രീതിയില്‍ പുനരവതരിപ്പിക്കുക വഴി ലോകദാര്‍ശനികമേഖലയെ ശങ്കരന്‍ മാറ്റി മറിച്ചു. ഓരോ കൃതിയിലും അദ്ദേഹം ഉപയോഗിച്ച ബിംബങ്ങള്‍, രൂപകങ്ങള്‍, ഉപമകള്‍ എന്നിവയൊക്കെ അവയ്ക്ക് രൂപഭംഗിയേകി. മാര്‍ക് ആന്റണിയെയും, സിസറോവിനെയും അതിശയിപ്പിക്കുന്ന രീതിയിലാണ് ഓരോ വാക്കിനെയും ചാട്ടുളി പോലെ ശങ്കരന്‍ ഉപയോഗിച്ചത്. ദര്‍ശനത്തെ കാവ്യരൂപത്തില്‍ അവതരിപ്പിച്ചതിലൂടെ സംസ്‌കൃതഭാഷയ്ക്ക് തന്നെ ഉണര്‍വേകി. ഇപ്രകാരമുള്ള ഈ മഹാദാര്‍ശനികനെ നാം വേണ്ടവിധത്തില്‍ ആദരിക്കുന്നുണ്ടോ എന്ന വിഷയത്തില്‍ ഹൈന്ദവര്‍ ആത്മപരിശോധന വേണം. ജ്ഞാനിയെ ആദരിക്കുക വഴി ജ്ഞാനത്തിലേക്കാണ് അടുക്കുക. ആദിശങ്കരന്‍ ദാര്‍ശനികതയുടെ നിത്യഹരിതപ്രതിഭയാണ്. അദ്വൈതദര്‍ശനം അനന്തതയുടെ സൂചകവും...janmabhumi

No comments:

Post a Comment