Friday, May 25, 2018

സര്‍ഗഞ്ച പ്രതിസര്‍ഗച്ച വംശോമന്വന്തരാമി ച വംശോനുചരിതം ചൈവ പുരാണം പഞ്ചലക്ഷണം
വംശചരിതം പ്രപഞ്ചോത്പത്തി ദാര്‍ശനികതത്ത്വങ്ങളുടെ പ്രതീകങ്ങള്‍ വഴിയുള്ള വിശദീകരണം തുടങ്ങി പുരാണങ്ങള്‍ക്ക്‌ അഞ്ചുലക്ഷണം പറയുന്നു. വൈദീകതത്ത്വ പ്രചരണാര്‍ഥം രചിക്കപ്പെട്ടതാണത്രേ പുരാണങ്ങള്‍. അതി പ്രാചീനങ്ങളായ വേദഭാഷ പണ്ഡിതന്മാര്‍ക്കു പോലും പൂര്‍ണമായി ഗ്രഹിക്കുവാന്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പുരാണങ്ങളിലേക്കിറങ്ങി വന്നപ്പോള്‍ ഭാഷ ആധുനിക സംസ്കൃത ഭാവം കൈക്കൊണ്ടു. 
പുരാണങ്ങള്‍ രചിക്കപ്പെട്ടത്‌ പണ്ഡിതന്മാര്‍ക്കു വേണ്ടിയായിരുന്നില്ല. ദാര്‍ശനികത സുസാധ്യമല്ലാത്ത സാധാരണക്കാര്‍ക്കു വേണ്ടി - ദാര്‍ശനീക അനുഭവങ്ങള്‍ സ്ഥൂലരൂപത്തില്‍ ഋഷികളുടെയും രാജാക്കന്മാരുടെയും ചരിതങ്ങളും ഉപയോഗപ്പെടുത്തി. ചിത്രങ്ങളും ചെറിയ പ്രതീകങ്ങളും കാണിച്ച്‌ ചെറിയകുട്ടികളെ പഠിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നു. അതേപോലെ വേദപ്രതിപാദിതസത്യങ്ങളെ ഗ്രഹിക്കാന്‍ മാനവീകവും ഭാഷാപരവുമായ വികാസം പ്രാപിച്ചിട്ടില്ലാത്ത സാധാരണക്കാരെ ബോധവത്കരിക്കാന്‍ വേണ്ടി രചിച്ചിട്ടുള്ളതാണ്‌ പുരാണങ്ങള്‍.
ബഹുസഹസ്രാബ്ധങ്ങള്‍ക്കു മുന്‍പ്‌ പുരാണങ്ങള്‍ രചിച്ചകാലത്തെ ജനങ്ങളുടെ ആസ്വാദന മനോഭാവമല്ല ആധുനിക ജനതയുടെത്‌. കഥയുടെയും മറ്റും സഹായം കൂടാതെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ട മാനസിക വളര്‍ച്ച ആധുനിക മനസ്സിന്‌ കൈവന്നിട്ടുണ്ട്‌.
എന്നാല്‍ പുരാണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. ആരും പറഞ്ഞു പ്രവര്‍ത്തിച്ചു എന്നതിലുപരി എന്തു പ്രവര്‍ത്തിച്ചു കാണിച്ചു എന്നതിനാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്‌. ഋഷികള്‍ പറഞ്ഞു. ദേവന്‍ എന്നെല്ലാം പറയുന്നത്‌ അനുവാചകരില്‍ വിശ്വാസ്യത വളര്‍ത്താന്‍ വേണ്ടിയാണ്‌. അതുകൊണ്ട്‌ ആ സന്ദേശം സ്വീകരിച്ചു. സന്ദേശത്തിന്റെ പ്രഭവസ്ഥാനത്തെ ഉപേക്ഷിക്കണം. കഥ കരുത്തെത്തിക്കാനുപയോഗിച്ച മാധ്യമമായിക്കണ്ട കഥ കളയണം.
അതുകൊണ്ടുകൂടിയാണ്‌ പുരാണമിത്യേവ നസാധുസര്‍വം എന്ന്‌ ശുക മഹര്‍ഷി പറഞ്ഞുവച്ചത്‌. നിര്‍ഭാഗ്യവശാല്‍ കഥയ്ക്ക്‌ കൊടുക്കുന്ന പ്രാധാന്യം സന്ദേശത്തിന്‌ ഇന്നും ജനങ്ങള്‍ കൊടുക്കുന്നില്ല. ഈ രീതി നമ്മെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ തടസം സൃഷ്ടിക്കുന്നു. കരുത്തു സ്വീകരിച്ച്‌ പ്രാവര്‍ത്തികമാക്കാതെ അനുഭൂതിയിലേക്കുയരാന്‍ നമുക്ക്‌ സാധിക്കാതെ വരുന്നു. പൂര്‍വ ഭാരതീയ കര്‍മശേഷിയുടെ സിംഹഭാഗവും ആധ്യാത്മിക തൃഷ്ണാ പുരസ്കാരങ്ങള്‍ക്കായി നീക്കിവച്ചവരാണ്‌ നമ്മുടെ പൂര്‍വ്വികര്‍. വേദം, ഉപനിഷത്ത്‌ ശ്രുതി, സ്മൃതി, ആഗമം, പുരാണം, ഇതിഹാസം, തന്ത്രം എന്നിങ്ങനെ ഹിന്ദുവിന്‌ ഗ്രന്ഥങ്ങള്‍ അനവധിയാണ്‌. ആന മുതല്‍ അമീബ വരെയുള്ള പുല്ലും പുഴുവുമടങ്ങുന്ന സകല ജീവികളിലും ഈശ്വരനെ കാണുകയും ആ ദര്‍ശനം എല്ലാവരിലും എത്തിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു ജനതയ്ക്ക്‌ മറ്റുമതങ്ങള്‍ക്കെന്ന പോലെ ഒറ്റ ഗ്രന്ഥം മതിയാവില്ല തന്നെ.
ഈ ഗ്രന്ഥബാഹുല്യമാണ്‌ ഒട്ടനവധി മതവിഭാഗങ്ങളും ഉപവിഭാഗങ്ങളും നമ്മില്‍ രൂപം കൊള്ളാന്‍ കാരണമായത്‌. ഇത്രയല്ലേ ഉണ്ടായുള്ളൂ, ഇതില്‍ കൂടുതല്‍ ഉണ്ടായില്ലല്ലോ എന്ന്‌ നമുക്ക്‌ ആശ്വസിക്കാം എന്ന്‌ വിവേകാനന്ദന്‍ പറയുന്നു..
janmabhumi

No comments:

Post a Comment