Tuesday, May 01, 2018

മന്ത്രാനുസന്ധാനം :-
*******************
മനുഷ്യന്റെ സത്തയുടെ അത്യുച്ചാവസ്ഥയാണ് ഈശ്വരഭാവം. അതുപോലെ ഈശ്വരചൈതന്യത്തിന്റെ ബാഹ്യസ്ഫുരണമാണ് മനുഷ്യസത്ത. ഈ ആന്തരീകസത്തയുടെ പ്രകാശനം ഓരോരൂത്തരിലും വ്യത്യസ്ഥമാണ്. ഏതെങ്കിലും മന്ത്രയോഗത്തിന്റെ സഹായത്താൽ സ്വന്തം അന്തഃസത്തയെ ഉത്തേജിപ്പിക്കുകയും, ദീപ്തിമത്താക്കുകയും ചെയ്യാനാണ് മന്ത്രശാസ്ത്രം നിർദ്ദേശിക്കുന്നത്. ഈ മാർഗ്ഗമാണ് ജപസാധന..... മനനം ചെയ്യുന്നവനെ ത്രാണം ചെയ്യുകയും ഈശ്വരസ്വരൂപത്തെ അവബോധപ്പെടുത്തുകയും ചെയ്യുന്നതാണ്, മന്ത്രം എന്നാണ് നിർവചിച്ചിരിക്കുന്നത്. ഉപാസനാഭേദമനുസരിച്ച് മന്ത്രങ്ങൾ അനവധിയുണ്ട്..... പലവയും പ്രചുരപ്രചാരമുള്ളവയും ഫലസിദ്ധിദായകങ്ങളും ആണ്. മന്ത്രം എന്തുകൊണ്ട് പണ്ടത്തേപ്പോലെ പൂർണ്ണഫലസിദ്ധി നൽക്കുന്നില്ല? ഇത് മന്ത്രത്തിന്റെ ന്യൂനതയല്ല തീർച്ച. ഇന്ന് പണ്ടത്തെക്കാൾ ജീവിതവ്യവഹാരം കൂടുതൽ സങ്കീർണവും വിഷയനിബിഡവും ആയി. കൂടാതെ മറ്റൊരു കാരണം ഏതോരു മന്ത്രത്തിന്റെയും ,ഘടനയെക്കുറിച്ചും പ്രയോഗസമ്പ്രദായങ്ങളെക്കുറിച്ചും സുവ്യക്തമായ ഒരു കാഴ്ച്പ്പാട് പണ്ടുണ്ടായിരുന്നു. ഇന്നിതൊന്നും അറിയാനുള്ള സമയവുമില്ല വ്യഗ്രതയും ഇല്ല. മന്ത്രശാസ്ത്രത്തിൽ , മന്ത്രസാധന(പുരശ്ചരണം), പ്രയോഗം, ഫലസിദ്ധി, എന്നു തുടങ്ങി നാനാവശങ്ങളെ കുറിച്ചും വ്യക്തമായി പരമർശിച്ചിട്ടുണ്ട്. ശാരദാതിലകം, തന്ത്രസാരം, പ്രയോഗസാരം, മന്ത്രമഹോദധി എന്നി പൗഢഗ്രന്ഥങ്ങളെയാണ് ഇന്നും അന്വേഷണ കുതുകികൾ ആശ്രയിക്കുന്നത്. ഗായത്രി തുടങ്ങി പഞ്ചാക്ഷരം വരെയുള്ള ചില നിത്യാനുഷ്ഠാന മന്ത്രങ്ങൾ പോലും വെറും അധര വ്യായാമമായി വർത്തിക്കുന്നു. എന്നതും മറ്റൊരു ന്യൂനതയാണ്. മന്ത്രപ്രയോക്താവും മന്ത്രവും രണ്ടു വ്യത്യസ്ഥ സത്തകളായിത്തന്നെ ഇരിക്കുന്നു. മന്ത്രവും ജപിക്കുന്ന ആളും മന്ത്രവും തമ്മിലുള്ള സഹവർത്തിത്വമാണ് ഇവിടെ നഷ്ട്പ്പെടുന്നത് .
'മന്ത്രസാധകയോരൈക്യ'മാണ് മന്ത്രസിദ്ധി.
rajeev kunnekkat

No comments:

Post a Comment