Wednesday, May 02, 2018

വാല്മീകി രാമായണവും അദ്ധ്യാത്മരാമായണവും രണ്ടു വ്യത്യസ്ത കൃതികളാണ്. കഥാതന്തു ആദികവിയുടെ രാമായണം തന്നെയെങ്കിലും ആവിഷ്‌കാരത്തില്‍ വ്യത്യസ്തതയാര്‍ന്ന വ്യക്തിത്വം രണ്ടിനുമുണ്ട്. വാല്മീകി രാമനെ മനുഷ്യപുത്രനായാണ് അവതരിപ്പിക്കുന്നതെങ്കില്‍ അദ്ധ്യാത്മരാമായണ കര്‍ത്താവായ വ്യാസന്‍(?) തന്റെ കൃതിയില്‍ ശ്രീരാമനെ പൂര്‍ണ്ണാവതാരമായിട്ടുതന്നെയാണ് തുറന്നു പ്രസ്താവിക്കുന്നത്. അദ്ധ്യാത്മ രാമായണത്തില്‍ സച്ചിതാനന്ദ പരബ്രഹ്മം അവതരിച്ച് ധര്‍മ്മ സംസ്ഥാപനം ചെയ്യുന്നതായി ശ്രീരാമന്‍ ചിത്രീകരിക്കപ്പെടുമ്പോള്‍, വാല്മീകി രാമായണത്തില്‍ മനുഷ്യപുത്രനായിട്ടാണ് രാമനെ ആദികവി അവതരിപ്പിക്കുന്നത്. എന്നാല്‍ കേവലം ഒരു സാധരണ മനുഷ്യനായിട്ടല്ല, ഒരു ഉത്തമ പുരുഷനായിട്ടാണ്, മാതൃകാ പുരുഷനായിട്ടാണ്. ആദികവിയുടെ രചനാരംഭംതന്നെ നാരദമുനിയോടുള്ള ഒരു ചോദ്യവുമായിട്ടാണ്. ചോദ്യം അല്‍പ്പം നീണ്ടതാണെങ്കിലും അത് ജീവിച്ചിരിക്കുന്ന ഒരു മാതൃകാപുരുഷനെപ്പറ്റിയാണ്. വാല്മീകിയുടെ സങ്കല്‍പ്പത്തില്‍ - അതായത് മഹാമനീഷിയായ ഒരു ഋഷിപുംഗവന്റെ സങ്കല്‍പ്പത്തിലെ ഉത്തമപുരുഷന്‍. വാല്മീകി കല്‍പ്പിക്കുന്ന നീണ്ട ഗുണവൈശിഷ്ട്യങ്ങളുടെ നിര - അവയുടെ പൂര്‍ണ്ണതയില്‍ ആവിഷ്‌കൃതമാകുന്ന ഒരു അത്യപൂര്‍വ വ്യക്തിത്വം-അങ്ങനെയൊരാള്‍ നാരദമുനിയുടെ അറിവില്‍ അപ്പോള്‍ ലോകത്ത് ജീവിച്ചിരിപ്പുണ്ടോയെന്നായിരുന്നു ചോദ്യം. നാരദമുനിയുടെ ഉത്തരം വാല്മീകിയുടെ ചോദ്യത്തിലെ ഓരോ ഗുണവൈശിഷ്ട്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ്, മാത്രമല്ല, വീണ്ടും കുറെക്കൂടി കൂട്ടിച്ചേര്‍ത്തുംകൊണ്ടുള്ളതാണ്. അത്തരത്തിലുള്ള ഒരു വിശ്വമാതൃകാപുരുഷനാണ് വാല്മീകിയുടെ രാമന്‍. ഭാരതീയ സംസ്‌കൃതിയുടെ സഹസ്രാബ്ദങ്ങളിലൂടെയുള്ള അഭംഗുരമായ നിലനില്‍പ്പിന്റെ, അതിജീവനത്തിന്റെ കാരണം അനേ്വഷിച്ചു ചെല്ലുമ്പോള്‍ നാം ചെന്നെത്തുന്നത് ലോകോത്തരമായ നമ്മുടെ രണ്ടിതിഹാസങ്ങളിലാണ് - രാമായണവും മഹാഭാരതവും. കര്‍മ്മോന്മുഖമായ ലോകത്ത് കര്‍മ്മത്തെ നയിക്കേണ്ടത്, ഭരിക്കേണ്ടത് ധര്‍മ്മമാണ്. ആ ധര്‍മ്മ മാതൃകയാണ് ഈ ഇതിഹാസ കാവ്യങ്ങളിലൂടെ നമുക്ക് കൈവന്നിരിക്കുന്നത്. വാല്മീകിയുടെ ചോദ്യത്തില്‍ ഇത്തരത്തിലുള്ള, സര്‍വ്വര്‍ക്കും അനുകരണീയനായ ഒരു മാതൃകാപുരുഷനെ കണ്ടെത്താനുള്ള വ്യഗ്രത, വെമ്പല്‍ പ്രകടമാണ്. 'രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്‍പ്പിച്ചതും പാലെ'ന്നപോലെ നാരദമുനിയുടെ വിസ്തരിച്ച ഉത്തരത്തില്‍ വാല്മീകിയുടെ ചോദ്യത്തിലുള്ള ഗുണവൈശിഷ്ട്യങ്ങളെ അതിശയിപ്പിക്കുന്ന ഗുണങ്ങളോടുകൂടിയ ഒരു വ്യക്തിത്വവിവരണമാണ് നാരദന്‍ നല്‍കുന്നത്. എല്ലാവര്‍ക്കും അനുകരണീയനും ധര്‍മ്മത്തിന്റെ അവസാനവാക്കുമായ ശ്രീരാമ വ്യക്തിത്വ വര്‍ണ്ണന വാല്മീകി രാമായണത്തിന് ഒരു അത്യുജ്ജ്വലശോഭായമാനമായ തുടക്കം കുറിക്കുന്നു. എല്ലാം തികഞ്ഞ ഒരു പൂര്‍ണപുരുഷന്റെ വാങ്മയ ചിത്രമാണ് നാരദന്‍ വരയ്ക്കുന്നത്. മനുഷ്യജീവിതം കര്‍മ്മമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നു. അവന്റെ കര്‍മ്മങ്ങളെ നയിക്കേണ്ടത്, സ്വാധീനിക്കേണ്ടത് ധര്‍മ്മമാണ്. ധര്‍മ്മത്തെ ലംഘിച്ചുള്ള കര്‍മങ്ങള്‍ അവന് എപ്പോഴും വിനയാകും. അലംഘനീയമായ ഈ നിയമത്തെയാണ് രാമായണത്തിലൂടെ ഋഷി വെളിപ്പെടുത്തുന്നത്. രാമായണം രാമന്റെ അയനമാണ്, ഗതിയാണ്, നടത്തമാണ്. അതു ധര്‍മ്മത്തിന്റെ ഗതിയാണ്. അതു പിന്തുടര്‍ന്നാല്‍ മനുഷ്യന് ആദ്ധ്യാത്മികവും ഭൗതികവുമായുള്ള നേട്ടങ്ങള്‍ കൈവരും. ആ വഴി തെറ്റി സഞ്ചരിച്ചാലോ സര്‍വനാശം തീര്‍ച്ചയാണ്. രാമായണം രാമന്റെ ലക്ഷ്യവുമാണ്. അത് മനഷ്യരാശിയുടെ അഭ്യുദയവും നിശ്രേയസ്സുമാണ് - അതായത് ഭൗതിക ജീവിതവിജയവും ആദ്ധ്യാത്മിക ധന്യതയും. ഇതു രണ്ടും ഉറപ്പുവരുത്തുന്നു രാമായണം - രാമമാര്‍ഗ്ഗം - അല്ലെങ്കില്‍ ധര്‍മ്മമാര്‍ഗം. ജീവിതത്തെ മൊത്തം ഉദാത്തീകരിക്കുന്ന, സംശുദ്ധീകരിക്കുന്ന ധര്‍മ്മമാര്‍ഗ്ഗം, മനുഷ്യരാശി അനുവര്‍ത്തിക്കേണ്ട ഒരേയൊരു മാര്‍ഗ്ഗം. 

No comments:

Post a Comment