Saturday, May 05, 2018

രാജന സാമത്തെക്കുറിച്ചാണ്ഇ നി പറയുന്നത്-
അഗ്‌നി ഹിംകാരവും വായു പ്രസ്താവവും ആദിത്യന്‍ ഉദ്ഗീഥവും നക്ഷത്രങ്ങള്‍ പ്രതിഹാരവും ചന്ദ്രന്‍ നിര്‍ധനവുമാണ്. രാജനമെന്ന ഈ സാമം ദേവതകളില്‍ പ്രതിഷ്ഠിതമാണ്.
ഇന്ദ്രിയങ്ങളുടെയും അവയവങ്ങളുടെയുമൊക്കെ അധിഷ്ഠാന ദേവതകളായി അഗ്‌നി മുതലായവയെ കാണാറുണ്ട്. അവയവ സംബന്ധിയായ യജ്ഞായജ്ഞീയത്തിന് ശേഷം ദേവതാ പ്രതിഷ്ഠിതമായ രാജനത്തെ പറഞ്ഞത് അതുകൊണ്ടാണ്. ദേവതകളില്‍ ആദ്യമായത് അഗ്‌നിയാണ്. അതിനാല്‍ ഹിംകാരം. രണ്ടാമത്തേതായ വായു പ്രസ്താവം. പ്രധാനിയായതുകൊണ്ട് ആദിത്യന്‍ ഉദ്ഗീഥം. നക്ഷത്രങ്ങള്‍ ചിതറി കിടക്കുന്നതിനാല്‍ പ്രതിഹാരം. കര്‍മ്മികള്‍ ചെന്നു ചേരുന്നത് ചന്ദ്രനിലായതിനാല്‍ അത് നിധനം. ഈ സാമ്യതയുള്ളതിനാല്‍ രാജനം എന്ന സാമം ദേവതകളില്‍ പ്രതിഷ്ഠിതമാണ്. രാജനം എന്നാല്‍ പ്രകാശിക്കുന്നത്. ദേവതകളും പ്രകാശമുള്ളവരാണ്.
ദേവതകളില്‍ പ്രതിഷ്ഠിതമായ രാജനം എന്ന ഈ സാമത്തെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ അഗ്‌നി തുടങ്ങിയ ദേവതകളുടെ ലോകത്തേയോ അവര്‍ക്കു തുല്യ ഐശ്വര്യത്തേയോ അവരുടെ ഐക്യത്തേയോ പ്രാപിക്കും. ആയുസ്സ് മുഴുവന്‍ പ്രശസ്തിയോടെ കഴിയും. സന്തതി, സമ്പത്ത്, കീര്‍ത്തികളാല്‍ മഹാനാകും. ബ്രാഹ്മണനെ നിന്ദിക്കരുത് എന്നത് അവരുടെ വ്രതമാണ്. ഭൂമിയിലെ ദേവതമാരാണ് ബ്രാഹ്മണര്‍.
ഋക്ക്, സാമം, യജുസ്സ് എന്നീ മൂന്ന് വേദങ്ങള്‍ ഹിംകാരമാണ്. ഭൂ, ഭുവഃ, സ്വഃ എന്നീ മൂന്ന് ലോകങ്ങള്‍ പ്രസ്താവമാണ്. അഗ്‌നി, വായു, ആദിത്യന്‍ എന്നീ മൂന്ന് ദേവതകള്‍ ഉദ്ഗീഥമാണ്. നക്ഷത്രങ്ങളും പക്ഷികളും രശ്മികളും പ്രതിഹാരമാണ്. സര്‍പ്പങ്ങളും ഗന്ധര്‍വ്വന്മാരും പിതൃക്കളും നിധനമാണ്. ഈ സാമ സമുദായം എല്ലാറ്റിലും പ്രതിഷ്ഠിതമാണ്.
എല്ലാ കര്‍മ്മങ്ങളുടേയും മൂലമായതിനാല്‍ ദേവത്രയം പ്രഥമ ഹിംകാരമാണ്. ത്രിലോകങ്ങള്‍ ത്രയീ വിദ്യയുടെ കാര്യമായതിനാല്‍ പ്രസ്താവമാണ്. അഗ്‌നി തുടങ്ങിയ ദേവതകള്‍ ശ്രേഷ്ഠമായതിനാല്‍ ഉദ്ഗീഥം. നക്ഷത്രങ്ങളും പക്ഷികളും രശ്മികളും ചിതറി കിടക്കുന്നതിനാല്‍ പ്രതിഹാരം.ഇതില്‍ സമഗ്രമായ സാമ ഉപാസനയാണ് വിവരിച്ചത്. എല്ലാറ്റിലും പ്രതിഷ്ഠിതമായ ഈ സാമത്തെ അറിയുന്നയാള്‍ എല്ലാറ്റിന്റേയും നാഥനാകും. ഇതിനെ സംബന്ധിച്ച് ഒരു മന്ത്രമുണ്ട്. മൂന്ന് വീതം അഞ്ച് വിധത്തില്‍ പറഞ്ഞ ഈ സാമത്തില്‍ നിന്ന് ഭിന്നമായും ശ്രേഷ്ഠമായും മറ്റൊന്നില്ല. എല്ലാറ്റിലും പ്രതിഷ്ഠിതമായ ഈ സാമത്തെ അറിഞ്ഞുപാസിക്കുന്നയാള്‍ എല്ലാം അറിയുന്നവനാകും. ഞാന്‍ എല്ലാമാകുന്നു എന്ന ഭാവനയോടുകൂടി ഉപാസിക്കണമെന്നുള്ളത് അയാളുടെ വ്രതമാണ്. ഞാന്‍ സര്‍വ്വവും ആകുന്നു എന്ന ഭാവനയോടെയുള്ള ഉപാസനയാണ് ഏറ്റവും ശ്രേഷ്ഠം. അങ്ങനെ ഉപാസിക്കുന്നയാള്‍ക്ക് എല്ലാ ദിക്കിലും ഉള്ളവര്‍ അധീനരാകുന്നു. അവിടെയുള്ള ദേവന്മാരും മനുഷ്യരും അയാള്‍ക്ക് അതിനാല്‍ ബലികൊടുക്കണം. ഇതോടെ സാമോപാസനാ വിധി കഴിഞ്ഞു.
സാമോപാസനത്തിന്റെ ഉദ്ഗീഥവുമായി ബന്ധപ്പെട്ട സ്വരം, ഗാനം എന്നിവയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്. യജമാനനോ ഉദ്ഗാതാവോ അനുയോജ്യമായ സാമഗാനത്തെ വരിക്കണം. ഓരോ ദേവതയ്ക്കും ഓരോ സാമഗാനം ഓരോന്നിനും പ്രത്യേക ഫലവുമുണ്ട്.
അഗ്‌നി ദേവതയുടെ ഉദ്ഗീഥം കാളയുടെ ശബ്ദം പോലെയാണ്. പ്രജാപതിയുടേത് ഏത് തരത്തിലുള്ളതാണെന്ന് പറയാനാവാത്ത വിധമാണ്. സോമനുമായി ബന്ധപ്പെട്ട ഉദ്ഗീഥം സ്പഷ്ടമായതാണ്. വായുവിന്റേത് മൃദുവും മനോഹരവുമാണ്. ഇന്ദ്രന്റെ ഉദ്ഗീഥം സുന്ദരവും ബലവത്തുമാണ്. ബൃഹസ്പതിയുടെ ഉദ്ഗീഥം ക്രൗഞ്ചപക്ഷിയുടെ ശബ്ദം പോലെയാണ്. വരുണന്റേത് പൊട്ടിയ ഓടിന്റെ നാദം പോലെയുണ്ടാകും. വരുണന്‍ ദേവതയായ ഉദ്ഗീഥത്തിന്റെ പ്രയോഗം മാത്രം ഒഴിവാക്കണം എന്ന് ഇവിടെ നിര്‍ദ്ദേശിക്കുന്നു.
ദേവന്മാര്‍ക്ക് അമൃതത്വവും പിതൃക്കള്‍ക്ക് സ്വധയേയും മനുഷ്യര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേയും പശുക്കള്‍ക്ക് പുല്ലും വെള്ളവും യജമാനന് സ്വര്‍ഗ്ഗലോകവും തനിക്ക് അന്നത്തേയും സാമഗാനം കൊണ്ട് സാധിക്കണം എന്ന് കരുതി ശ്രദ്ധയോടെ പിഴവില്ലാതെ ഗാനം ചെയ്യണം.
അകാരം മുതലായ സ്വരങ്ങള്‍ ഇന്ദ്രന്റെ ആത്മാക്കളാണ്. ഉൗഷ്മാക്കള്‍ പ്രജാപതിയുടെ ആത്മാക്കളാണ്. വ്യഞ്ജനങ്ങള്‍ മൃത്യുവിന്റേയും. ഇത് ഉദ്ഗാഥാവിന് അറിയണം. നീ സ്വരം തെറ്റിച്ചു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഇന്ദ്രനെ ശരണം പ്രാപിച്ചുവെന്നും ആ ദേവന്‍ അതിന് ഉത്തരം നല്‍കും എന്നും പറയണം. ഊഷ്മാക്കളാണ് തെറ്റിയത് എന്ന് പറഞ്ഞാല്‍ പ്രജാപതിയെയും വ്യഞ്ജനങ്ങളാണെങ്കില്‍ മൃത്യുവിനെയും ചൂണ്ടിക്കാണിക്കണം. 'പ്രജാപതി പൊടിച്ചുകളയും', 'മൃത്യു ഭസ്മമാക്കും' എന്നിങ്ങനെയാകും മറുപടി.
ഇന്ദ്രന് ബലം കൊടുക്കട്ടെ എന്ന വിചാരത്താല്‍ സ്വരങ്ങള്‍ മുഴക്കത്തോടും ബലത്തോടും ഉച്ചരിക്കണം. പ്രജാപതിക്ക് ആത്മദാനം എന്ന വിചാരത്താല്‍  ഊഷ്മാക്കളെ ഉള്ളിലേക്ക് വിഴുങ്ങാതെ വേഗമില്ലാതെ ഇരുന്ന് ചൊല്ലണം. മൃത്യുവില്‍ നിന്ന് ആത്മാവിന് പരിഹാരമാകട്ടെ എന്ന് കരുതി വ്യഞ്ജനങ്ങളെ സാവധാനം മറ്റുള്ളവരോട് കൂടിക്കലരാതെ ഉച്ചരിക്കണം. ഇങ്ങനെയൊക്കെ സാമഗാനം ചെയ്താല്‍ ബലവും വിജയവും മൃത്യുജയവുമൊക്കെ ഉണ്ടാകും.
janmabhumi

No comments:

Post a Comment