Sunday, May 27, 2018

ഗണപതി
രുദ്രപുത്രനായ ഗണപതിയെ വിഘ്‌നേശ്വരനായും സമസ്ത സൃഷ്ടിയുടേയും പാലകനായും ആരാധിക്കുന്നു. മൂലധാരസ്ഥിതനായ ദേവനായി ഗണപതിയെ സങ്കല്‍പ്പിക്കുന്നതിനാല്‍ ഗണപതി പൂജയോടുകൂടിുയാണ് എല്ലാ ഈശ്വരീയ പൂജകളും ആരംഭിക്കുന്നത്. ഹരിഃശ്രീ ഗണപതയേ നമഃ എന്ന് സ്മരിച്ചുകൊണ്ടാണ്  വിദ്യാരംഭം കുറിക്കുന്നത്. ഒറ്റക്കൊമ്പന്‍, അഹിഭൂഷണന്‍, മഹോദരന്‍ എന്നീ പേരുകളില്‍ ഗണപതിയെ ആരാധിക്കുന്നു. ഓം എന്ന രൂപത്തില്‍നിന്നാണ് ഗണപതിരൂപം ഉണ്ടായതെന്ന് ചില ജ്ഞാനികള്‍ സിദ്ധാന്തിക്കുന്നു. ഗണപതി അഗ്‌നിസ്വരൂപനാണ്. അതിനാല്‍ ഗണപതിഹോമം അതിവിശിഷ്ടമായി കാണണം. ആനത്തല ബുദ്ധിയെ സൂചിപ്പിക്കുന്നു. സകല ദേവഗണങ്ങളുടെ പതി എന്ന അര്‍ത്ഥത്തില്‍ വര്യഗണപതി, സിദ്ധിഗണപതി, ക്ഷിപ്രഗണപതി, ഹേരാംബഗണപതി, ശക്തിഗണപതി, ജനമോഹന ഗണപതി, ലക്ഷ്മീവിനായക ഗണപതി എന്നീ വ്യത്യസ്ത ഭാവത്തോടെ ഗണപതിയെ ഉപാസിക്കുന്നു. നൃത്തം വയ്ക്കുന്ന ഗണേശന്റെയും ബിംബങ്ങള്‍ കാണാം. ശക്തിഗണപതിയുടെ കഴുത്തിനു മുകളില്‍ ആനയുടെ മുഖവും, ശരീരം സ്ത്രീശരീരവുമായി കാണപ്പെടുന്നു. ഗണപതിയെ പ്രതിഷ്ഠിക്കുന്നത് നിരൃതി കോണിലാണ്. (തെക്ക് പടിഞ്ഞാറേ കോണ്‍). ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥി ദിവസം ഗണപതിയുടെ ജന്മദിനമായി കണക്കാക്കി ആചരിച്ചുവരുന്നു. ഗണപതിക്ക് വയ്ക്കുക, ഗണപതി കുറിക്കുക, ഗണപതിയുടെ വിവാഹം പോലെ എന്നീ ചൊല്ലുകള്‍ സര്‍വ്വസാധാരണമാണ്. സിദ്ധിയുടെയും ബുദ്ധിയുടേയും ഉപാസനാ ദേവനാണ് ഗണപതി. ഏത്തമിട്ട് തൊഴല്‍ ഗണപതിക്ഷേത്രത്തിലെ ആചാരമാണ്. കറുകമാലയും ഉണ്ണിയപ്പ നിവേദ്യവും ചുവന്ന പട്ട് സമര്‍പ്പിക്കലും നാളികേരം ഉടയ്ക്കലും പ്രധാന വഴിപാടുകളാണ്. മലയാളമാസത്തിലെ ആദ്യ വെള്ളിയാഴ്ചയും മാസത്തിലെ രണ്ട് ചതുര്‍ത്ഥിയും പൂജയ്ക്ക് പ്രധാനമാണ്. ഗണപതിക്ക് ഒരു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്.
വിഷ്ണു
എവിടെയും വ്യാപിച്ചിരിക്കുന്നവന്‍ വിഷ്ണു. സത്വഗുണ പ്രധാനിയായി വിഷ്ണുവിനെ സങ്കല്‍പിച്ചിരിക്കുന്നു. വിഷ്ണുവിന്റെ നാഭിയില്‍നിന്ന് രജോഗുണ പ്രധാനിയായ ബ്രഹ്മാവും ഭ്രൂമദ്ധ്യത്തില്‍നിന്ന് തമോഗുണ പ്രധാനിയായ ശിവനും ജനിച്ചു. സത്വരജതമോഗുണങ്ങളുടെ ഈശനും, സൃഷ്ടിസ്ഥിതിസംഹാരത്തിന്റെ നാഥനുമാണ് വിഷ്ണു എന്ന് വിരാട്‌രൂപ ധ്യാനത്തിലൂടെ സൂചിപ്പിക്കുന്നു.
സുദര്‍ശനം എന്ന ചക്രം ധരിച്ച് ദുഷ്ടനിഗ്രഹം നടത്തുന്നു. ദേവന്റെ ശംഖ്, ബലം, കീര്‍ത്തി, വിശുദ്ധി, ന്യായം, സത്യം എന്നീ ഗുണങ്ങളുടെ പ്രതീകമാണ്. കൗമോദകം എന്ന ഗദ മേധാശക്തിയുടെ പ്രതീകമാണ്. താമര ശാന്തിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. നന്ദകം എന്ന വാളും ശാര്‍ഗ്ങം എന്ന വില്ലും കൗസ്തുഭം എന്ന രത്‌നവും വൈജയന്തി എന്ന മാലയും ധരിക്കുന്നു. ശ്രീവത്‌സാങ്കിതനാണ്, ഗരുഡധ്വജനാണ്, വാസസ്ഥാനം വൈകുണ്ഠമാണ്. ലക്ഷ്മിയും ഭൂമിദേവിയും പത്‌നിമാരാണ്. വിഷ്ണുക്ഷേത്രത്തിലെ നാല് പ്രദക്ഷിണം പ്രധാനം. വ്യാഴാഴ്ച, തിരുവോണം, അഷ്ടമിരോഹിണി ദിവസങ്ങള്‍, രണ്ട് വാവുകള്‍ എന്നിവ വിഷ്ണുപൂജക്ക് ഉത്തമ ദിനങ്ങളാണ്. തുളസി പൂജയ്ക്ക് വിശിഷ്ട പുഷ്പമാണ്. വിഷ്ണുവിന്റെ പൂജയ്ക്ക് ഉത്തമശിലയാണ് സാളഗ്രാമം. സാത്വിക ഭാവത്തോടുകൂടിയുള്ള ദേവനായ വിഷ്ണുവിനെ ആരാധിക്കുന്നത് സാത്വികഭാവം ഭക്തനില്‍ വളര്‍ത്തും. അതിനാല്‍ എല്ലാ നികൃഷ്ട ഭാവങ്ങളേയും ഉച്ചാടനം ചെയ്ത് ആത്മശാന്തി പ്രദാനം ചെയ്യുന്ന ദേവനായി വിഷ്ണുവിനെ കരുതുന്നു. ശിവനും വിഷ്ണുവും ബ്രഹ്മാവും ഏകമെന്നുകൊണ്ട് വിഷ്ണു 'ശങ്കരനാരായണരൂപം' ധരിച്ചിരിക്കുന്നു...janmabhumi

No comments:

Post a Comment