Monday, May 07, 2018

യജ്ഞവിഷയങ്ങള്‍, യജ്ഞാംഗഭൂതങ്ങളായ സാമഹോമങ്ങള്‍ തുടങ്ങിയവയെ വിവരിച്ചു ഇതുവരെ. ഇനി എല്ലാ യജ്ഞങ്ങളുടേയും ഫലരൂപനായ സൂര്യ ഉപാസനയെ പറയുന്നു.
ഓം അസൗ വാ ആദിത്യോ ദേവമധു.....
ഈ ആദിത്യന്‍ ദേവന്മാര്‍ക്ക് മധുവാകുന്നു. ദ്യോവ് ആ മധുവിന്റെ വിലങ്ങനെയുള്ള മുളയാണ്. അന്തരീക്ഷം അതില്‍ തൂങ്ങിക്കിടക്കുന്ന തേന്‍കൂടാണ്. രശ്മികളില്‍ കാണുന്ന ജലാംശം അതില്‍ കുഞ്ഞുങ്ങള്‍ വിരിയാനുള്ള മുട്ടകളാണ്.
എല്ലാ ജീവികളുടേയും കര്‍മ്മങ്ങളുടെ ഫലമായ ഈ ആദിത്യനെ പ്രത്യക്ഷമായി ഏവരും ആദരിക്കുന്നു. എല്ലാ പുരുഷാര്‍ത്ഥങ്ങളുടേയും വളരെ ശ്രേഷ്ഠമായ ഫലത്തെ നല്‍കുന്നതാണ് ആദിത്യ ഉപാസനം. തേന്‍ എല്ലാവര്‍ക്കും ഇഷ്ടമാകുന്നതുപോലെയാണ് സൂര്യനും. ദേവന്മാര്‍ക്ക് ആനന്ദത്തെ നല്‍കുന്നതിനാലാണ് സൂര്യനെ ദേവന്മാരുടെ മധു എന്ന് വിശേഷിപ്പിച്ചത്.
ആദിത്യനെ മധു എന്ന് പറയാനുള്ള ലക്ഷണങ്ങളെക്കൂടി പറയുന്നു. തേന്‍കൂടുകള്‍ തൂങ്ങിക്കിടക്കുന്ന മുളപോലെയാണ് മേലെയുള്ള ആകാശം. ആകാശത്തിനു താഴെയാണല്ലോ സൂര്യന്‍ ഉള്ളതായി തോന്നുന്നത്. അന്തരീക്ഷത്തെയാണ് തൂങ്ങിക്കിടക്കുന്ന തേന്‍കൂടായി പറഞ്ഞത്. രശ്മികളിലെ ജലാംശത്തെ തേനീച്ചകള്‍ വിരിയുവാനുള്ള മുട്ടകളായി സങ്കല്‍പ്പിച്ചിരിക്കുന്നു.
മുട്ടകള്‍ തേന്‍കൂടുകളിലിരിക്കുന്നതുപോലെ ജലാംശങ്ങള്‍ സൂര്യരശ്മികളിലിരിക്കുന്നു. ഉപാസനാസൗകര്യത്തിനായി കല്‍പ്പിക്കുന്ന രൂപമാണ്.
ആ ആദിത്യന്റെ കിഴക്കോട്ടുള്ള രശ്മികള്‍തന്നെയാണ് ഈ ദേവമധുവിന്റെ കിഴക്കോട്ടുള്ള നാഡികള്‍. ഋക്കുകളാണ് ഈച്ചകള്‍. ഋഗ്വേദമാണ് പുഷ്പം. അതിലെ അപ്പുകള്‍ അമൃതമാണ്. ഋക്കുകളാകുന്ന ഈച്ചകള്‍ ഋഗ്വേദമാകുന്ന പൂക്കളെ ചൂടുപിടിപ്പിച്ചു. അതില്‍നിന്നും കീര്‍ത്തിയും തേജസ്സും ഇന്ദ്രിയബലവും വീര്യവും അന്നവും രസമായി ഉണ്ടായി.
തേനീച്ചകളുണ്ടാക്കുന്ന തേനറകളെപ്പോലെയാണ് സൂര്യോദയത്തിലെ ആദ്യത്തെ ചുവന്ന രശ്മികള്‍. ഇത് ഋക്കുകളാലാണ് ഉണ്ടാകുന്നത്. ഋഗ്വേദത്തിലെ കര്‍മ്മങ്ങളെയാണ് ഋഗേ്വദം എന്ന് പറഞ്ഞത്. ഋക്കുകള്‍ തേനീച്ചകളെപ്പോലെ ഋഗ്വേദത്തിലെ കര്‍മ്മങ്ങളാകുന്ന പൂക്കളില്‍ നിന്ന് അപ്പുകളെയെടുത്ത് തേന്‍ ഉണ്ടാക്കുന്നു. അവയാണ് അഗ്‌നിയില്‍ ഹോമിക്കുമ്പോള്‍ അമൃതത്വത്തിന് കാരണമാകുന്നത്. ഋക്കുകളാകുന്ന ഈച്ചകള്‍ ഋഗേ്വദവിഹിത കര്‍മ്മങ്ങളെ ചൂടുപിടിപ്പിച്ചപ്പോള്‍ കീര്‍ത്തിയായ ദേഹത്തിന് തേജസ്സും ഇന്ദ്രിയങ്ങള്‍ക്ക് വീര്യവും അന്നവും രസമായി ഉണ്ടായി.
യശസ്സ് മുതലായ രസം കര്‍മ്മങ്ങളില്‍നിന്നും ഒഴുകി അത് ആദിത്യന്റെ മുന്‍ഭാഗത്തെ, കിഴക്കുഭാഗത്തെ ആശ്രയിച്ചു. ആദിത്യനില്‍ കാണുന്ന ചുവന്ന രൂപം അതാണ്. യശസ്സ് മുതലായ ഫലങ്ങള്‍ അനുഭവിക്കാനായാണ് കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ആ കര്‍മ്മങ്ങള്‍ സൂര്യനില്‍ ഒന്നിച്ചുചേര്‍ന്ന് തങ്ങള്‍ക്ക് വേണ്ട സമയം കിട്ടുമെന്നും കര്‍മ്മികള്‍ കരുതുന്നു. ആദിത്യന്റെ ചുവന്ന രൂപം ആ കര്‍മ്മഫലമാണെന്ന് പറയുന്നത് കര്‍മ്മികള്‍ക്ക് ഉണ്ടാകാനാണ്.
ആദിത്യന്റെ തെക്കോട്ടുള്ള രശ്മികള്‍തന്നെയാണ് തെക്കോട്ടുള്ള മധുനാഡികള്‍. യജുസ്സുകള്‍ തേനിച്ചകളാണ്. യജുര്‍വേദ വിഹിതങ്ങളായ കര്‍മ്മങ്ങളാണ് പൂക്കള്‍.  അതില്‍ നിന്നുണ്ടാകുന്ന കര്‍മ്മഫലങ്ങളായ അപ്പുകള്‍ അമൃതങ്ങളാണ്.
ഈ യജുസ്സുകള്‍ യജുര്‍വേദത്തെ ചൂടുപിടിപ്പിച്ചു. അപ്പോള്‍ അതില്‍നിന്ന് കീര്‍ത്തിയും തേജസ്സും ഇന്ദ്രിയബലവും വീര്യവും അന്നവും രസമായി ഉണ്ടായി. യശസ്സ് മുതലായ രസം കര്‍മ്മങ്ങളില്‍നിന്നും ഒഴുകി. അത് ആദിത്യന്റെ ഒരു വശത്തെ-തെക്ക് ഭാഗത്തെ ആശ്രയിച്ചു. ആദിത്യനില്‍ കാണുന്ന വെളുത്ത രൂപം ഈ തേനാണ്.
ആദിത്യ ഉപാസനയ്ക്കുള്ള സൗകര്യത്തിനായാണ് ഇത്രയും മനോഹരമായ രീതിയില്‍ കല്‍പനകളെ ചെയ്തിരിക്കുന്നത്. ഇനി പടിഞ്ഞാറോട്ടും വടക്കോട്ടുമുള്ള രശ്മികളെക്കുറിച്ച് പറയുന്നു.
പടിഞ്ഞാറോട്ടുള്ള രശ്മികളാണ് പടിഞ്ഞാറെ മധുനാഡികള്‍. സാമങ്ങളാണ് തേനീച്ചകള്‍. സാമവേദ വിഹിതങ്ങളായ കര്‍മ്മങ്ങളാണ് പൂക്കള്‍. അതിലെ കര്‍മ്മഫലമാകുന്ന അപ്പുകള്‍ അമൃതങ്ങളാണ്.
ഈ സാമങ്ങള്‍ സാമവേദത്തെ ചൂടുപിടിപ്പിച്ച് അതില്‍നിന്ന് കീര്‍ത്തിയും തേജസ്സും ഇന്ദ്രിയബലവും വീര്യവും അന്നവും രസമായി ഉണ്ടായി. യശസ്സ് മുതലായ രസം കര്‍മ്മങ്ങളില്‍നിന്ന് ഒഴുകി. അത് ആദിത്യന്റെ പടിഞ്ഞാറ് വശത്തെ ആശ്രയിച്ചു. ആദിത്യനിലെ കറുത്ത രൂപം ഈ തേനാണ്.
സൂര്യന്റെ വടക്കേ രശമികളാണ് വടക്കേ മധുനാഡികള്‍. അഥര്‍വ്വാംഗിരസ്സുകളാണ് തേനീച്ചകള്‍. ഇതിഹാസ പുരാണങ്ങളില്‍ പറഞ്ഞ കര്‍മ്മങ്ങളാണ് പൂക്കള്‍.  അതില്‍നിന്നുള്ള കര്‍മ്മഫലങ്ങളാകുന്ന അപ്പുകള്‍ അമൃതങ്ങളാണ്. അഥര്‍വ്വവേദത്തിലെ കര്‍മ്മങ്ങളെയാണ് ഇവിടെ പറഞ്ഞത്. വളരെക്കാലം നീണ്ടുനില്‍ക്കുന്ന ഈ യജ്ഞങ്ങള്‍ക്കിടയ്ക്ക് പറയുന്ന കഥകള്‍ ഇതിഹാസ പുരാണ തുല്യമാണ്. ഇവ വേദ ഭാഗങ്ങളും ആവാം.
അഥര്‍വവേദത്തിലെ ഈ മന്ത്രങ്ങള്‍ ഇതിഹാസ പുരാണങ്ങളെ ചൂടുപിടിപ്പിച്ചു. അവയില്‍നിന്ന് കീര്‍ത്തിയും േതജസ്സും ഇന്ദ്രിയ ബലവും വീര്യവും അന്നവും രസമായി ഉണ്ടായി. യശസ്സ് മുതലായ രസം കര്‍മ്മങ്ങളില്‍നിന്നും ഒഴുകി. അത് സൂര്യന്റെ വടക്ക് ഭാഗത്തെ ആശ്രയിച്ചു. സൂര്യനിലെ കറുത്ത ഭാഗം ഈ തേനാണ്.
janmabhumi

No comments:

Post a Comment