മേഴത്തോള്‍ അഗ്നിഹോത്രി
മേഴത്തോള്‍ അഗ്നിഹോത്രിയുടെ ഇല്ലം മലബാര്‍ ജില്ലയില്‍ പൊന്നാനിത്താലൂക്കില്‍ മേഴത്തോള്‍ അംശത്തിലാകുന്നു. ആ കുടുംബക്കാര്‍ ഇന്നും വന്നേരിയില്‍ ഉണ്ടത്രേ. അദ്ദേഹമാണ് നമ്പൂരിമാരുടെ ഇടയില്‍ ആദ്യമായി ഋതുമതീവിവാഹം ചെയ്തത് എന്നു പറയാറുള്ളതു സത്യമല്ലെന്നു ഞാന്‍ മുന്‍പു സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹമത്രേ കേരളത്തില്‍ ആദ്യമായി യാഗം ചെയ്തത് എന്നും കേള്‍വിയുണ്ട്. അഗ്നിഹോത്രി വളരെ യാഗങ്ങള്‍ അനുഷ്ഠിച്ചു എന്നുള്ളതു വാസ്തവമാണ്. അദ്ദേഹം തൊണ്ണൂറ്റൊന്‍പതു യാഗങ്ങള്‍ നിര്‍വഹിച്ചു എന്നും ക്രി.പി. 378-ല്‍ മുപ്പത്താറാമത്തെ വയസ്സില്‍ ആണ് ഒടുവിലത്തെ യാഗം അവസാനിപ്പിച്ചതെന്നും പറഞ്ഞുവരാറുണ്ട്. അദ്ദേഹം ‘അധ്വരസമ്പ്രദായം’കൊടുന്തമിഴില്‍ ഭാഷപ്പെടുത്തീട്ടുണ്ടെന്നു ചിലര്‍ പ്രസ്താവിക്കുന്നതില്‍ വല്ല വാസ്തവാംശവുമുണ്ടോ എന്നറിഞ്ഞുകൂടാ. ആ ഗ്രന്ഥം ഇതുവരെ കണ്ടുകിട്ടീട്ടില്ല. ഏതായാലും കേരളത്തില്‍ പൂര്‍വമീമാംസാമതത്തിന്റെ പ്രചാരത്തിനുവേണ്ടി ഇദംപ്രഥമമായി പ്രയത്നിച്ചവരില്‍ അദ്ദേഹം ഒരു പ്രാമാണികനായിരുന്നു എന്നു നിര്‍ണ്ണയിക്കാം.
“മുന്‍പന്തി പുഷ്പിണിയൊടുക്കമൊരമ്മിയാരീ-
ത്തന്‍പത്തനാടികളുമൊത്തെഴുമഗ്നിഹോത്രീ
വന്‍പത്തമോടൊരു കുറേശ്ശതമധ്വരം സല്‍-
സമ്പത്തിയന്ന വിഭു ചെയ്തുനിരത്തി നാട്ടില്‍.”
ത്തന്‍പത്തനാടികളുമൊത്തെഴുമഗ്നിഹോത്രീ
വന്‍പത്തമോടൊരു കുറേശ്ശതമധ്വരം സല്‍-
സമ്പത്തിയന്ന വിഭു ചെയ്തുനിരത്തി നാട്ടില്‍.”
എന്ന പദ്യത്തില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ഏതദ്വിഷയകമായ ഒരു ഐതിഹ്യം തന്റെ കേരളം എന്ന വിശിഷ്ടമായ കാവ്യത്തില്‍ സങ്ഗ്രഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ പത്നിയായ ‘പത്തനാടി’ (ആധാനം ചെയ്ത നമ്പൂരിയുടെ അന്തര്‍ജ്ജനം) യില്‍ വെളുത്ത പട്ടേരിയുടേയും മൂന്നാമത്തെ പത്നിയായ അമ്യാരില്‍ (തമിഴ്ബ്രാഹ്മണി) വേമഞ്ചേരി, കൂടല്ലൂര്‍, കൂടലാറ്റുപുറം ഈ മനകളിലെ നമ്പൂരിമാരുടേയും കുടുംബങ്ങള്‍ ഉത്ഭവിച്ചു എന്നും രണ്ടാമത്തെ ഭാര്യയായ ഋതുമതിയില്‍ ഉണ്ടായ സന്തതിപരമ്പര അന്യംനിന്നുപോയി എന്നും ആ മഹാകവി തന്നെ രേഖപ്പെടുത്തീട്ടുണ്ട്.
No comments:
Post a Comment