Tuesday, May 29, 2018

രസോ വൈ സഃ

ഭാരതീയ കാവ്യമീമാംസയുടെ ആത്മസാരഥ്യം വഹിക്കുക രസശാസ്ത്രമാണ്. അദ്ധ്യാത്മചിന്തയുടെ അതീതതലവും ലാവണ്യ വിഷയത്തിന്റെ അനുഭൂതിതലവും രസാനന്ദത്തിന്റെ ആത്മാംശത്തിലലിയുന്നു. രസവാദാചാര്യന്മാരില്‍ പ്രമുഖര്‍ ബ്രഹ്മാനന്ദ സോദരമായ ദൈവികാനുഭവമായി കാവ്യാനുഭവ സാക്ഷാത്ക്കാരത്തെ അടയാളപ്പെടുത്തിയവരാണ്. ഭാരതീയ രസാനന്ദ ദര്‍ശനം ലൗകികാലൗകികമായ വ്യത്യസ്തബിന്ദുക്കളെ ഏകാത്മകമായി രേഖപ്പെടുത്തുന്നുണ്ട്. 'സര്‍വം രസമയം ജഗത്', 'സര്‍വം ബ്രഹ്മമയം ജഗത്' എന്നീ ഉപനിഷദ് വാക്യം ബ്രഹ്മം തന്നെ 'രസ'മെന്ന് ദര്‍ശിക്കുന്നു. 'അവന്‍ രസമാണ്' (രസോ വൈ സഃ) എന്ന തൈത്തരീയോപനിഷത്ത് ലളിതമായി ഗഹനസത്യം ആവിഷ്‌കരിച്ചിട്ടുണ്ട്. രസാനുഭവം തന്നെ ആനന്ദമായിത്തീരുന്നു എന്ന് ഈ ആശയം വിശദീഭൂതമാകുന്നു. രസശബ്ദം 'കാമശാസ്ത്ര'ത്തില്‍ സമാനാര്‍ത്ഥഗരിമയിലാണ് പ്രയോഗിക്കുന്നത്. ഭരതമുനി 'നഹി രസാമൃതേ കശ്ചിദര്‍ത്ഥഃ പ്രവര്‍ത്തതേ' എന്ന് ചൊല്ലിയാണ് രസത്തെ 'രസരാജ'നാക്കുന്നത്. രസം എന്ന പദത്തില്‍നിന്ന് ആനന്ദത്തെയോ, ആനന്ദം എന്ന വാക്കില്‍നിന്ന് രസത്തെയൊ പിരിച്ചെടുക്കുക സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ രസം ബ്രഹ്മാനന്ദരസമായും ആനന്ദം സച്ചിദാനന്ദമായും ഉപനിഷത്തിന്റെ അതിഭൗതിക ലാവണ്യശാസ്ത്രത്തില്‍ ബിംബകല്‍പനയെന്നോണം ശരീരവും ആത്മാവും കടന്നുവരുന്നുണ്ട്. കാവ്യശരീരവും കാവ്യാത്മാവും യഥാക്രമം ലയാത്മകമായ 'രാസപ്രക്രിയ'യിലൂടെ രസവും ആനന്ദവുമായി സഹൃദയനില്‍ ഉണരുന്നു. സര്‍ഗതലവും ആസ്വാദനരഥ്യയും സമ്മേളിക്കുന്ന അപൂര്‍ണ രസവിചാരത്തെ ചൈതന്യവത്താക്കുന്നുണ്ട്. 'കവിഹൃദയാഖ്യ'മാണ് സാരസ്വത തത്വമെന്ന് പൈതൃകം സൂചിപ്പിക്കുന്നത് ഈയര്‍ത്ഥത്തില്‍ തന്നെ. സൂക്ഷ്മശരീരവും സ്ഥൂലശരീരവും ചേര്‍ന്നു നില്‍ക്കുന്നതുപോലെ നടനും കഥാപാത്രവും മേളിക്കുകയാണെന്ന ചിന്ത സാംഖ്യകാരികയില്‍ കാണാം. കവി, കാവ്യം, സഹൃദയന്‍ എന്നീ ത്രിത്വത്തിന്റെ അരങ്ങില്‍ രസശാസ്ത്രം അനന്തമായി നടനം ചെയ്യുന്നു. അഭിനവഗുപ്തന്‍ 'രസം തന്നെയാണ് നാട്യ'മെന്ന് ഔചിത്യപൂര്‍വം ഇത് കണ്ടെത്തുന്നുണ്ട്. ഭരതമുനിയുടെ രസസൂത്രമാണ് രസദര്‍ശനത്തിന് പിന്നീടുണ്ടായ അപൂര്‍വങ്ങളായ വ്യാഖ്യാനങ്ങള്‍ക്കും വ്യാഖ്യാനഭേദങ്ങള്‍ക്കും പ്രഭവമായി പ്രകാശിക്കുക. 'വിഭാവാനുഭാവ വ്യഭിചാരി സംയോഗാദ്രസ നിഷ്പത്തി' എന്ന നാട്യശാസ്ത്രസൂത്രം കലാചിന്തകരില്‍ തീപ്പൊരിയായി. ധൈഷണിക ചിന്തയില്‍ അത് വിസ്മയദീപ്തിയായി പ്രശോഭിച്ചു. രചനയിലെ സ്ഥായീഭാവം വിഭാവാനുഭാവ സഞ്ചാരി ഭാവങ്ങളാല്‍ പരിപോഷിക്കപ്പെട്ട് സഹൃദയ ഹൃദയത്തില്‍ ജനിക്കുന്ന രസത്തെ കാവ്യശാസ്ത്രത്തിന്റെ പ്രഭവ പ്രചുരിമയായി മനീഷികള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. നാട്യശാസ്ത്ര രസസൂത്രമനുസരിച്ച് വിഭാവം രണ്ടുവിധമുണ്ട്. ആലംബന വിഭാവവും ഉദ്ദീപന വിഭാവവും. ഭാവം ആരെ ആശ്രയിച്ചാണോ ഉണ്ടാകുന്നത് അത് (അയാള്‍) ആലംബനും, ജാഗരിത ഭാവത്തെ ഉദ്ദീപിപ്പിക്കുന്നത് ഉദ്ദീപനം. ശകുന്തളക്ക് ദുഃഷ്യന്തനും ദുഃഷ്യന്തന് ശകുന്തളയും, സഹൃദയന് ആ കഥാപാത്രങ്ങളും ഭാവാലംബനങ്ങളത്രെ. നിലാവും പൂക്കളും സംഗീതവും മറ്റും രതിഭാവത്തെ ഉദ്ദീപിപ്പിക്കുന്ന ഉദ്ദീപന വിഭാവങ്ങളാണ്. 'വിഭാവം' കാരണമാണ്, 'അനുഭാവം' കാര്യമാണ്. കടാക്ഷം, രോമാഞ്ചം തുടങ്ങിയവ അനുഭാവങ്ങളാണ്. ഇവയുടെ സംയോഗത്താല്‍ രസം നിഷ്പന്നമാകുന്നു. ലാവണ്യത്തിന്റെ സര്‍ഗതലവും ആസ്വാദനതലവും ബന്ധിപ്പിക്കുന്ന രസസംജ്ഞ ഭാരതീയമീമാംസയുടെ അപൂര്‍വായ മാനബിന്ദുവാണ്. ഫ്രഞ്ച് ഇന്തോളജിസ്റ്റായ ലൂയി റെനൗ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കവി, കാവ്യം, സഹൃദയന്‍ എന്നീ ത്രിത്വങ്ങളെ ഏകീഭവിപ്പിക്കാന്‍ രസചര്‍ച്ചയില്‍ ആലങ്കാരികന്മാര്‍ക്ക് സാധ്യമാവുന്നു എന്നര്‍ത്ഥം. 'രസം തന്നെ നാട്യം,' 'കാവ്യവും നാട്യം തന്നെ' എന്ന അഭിനവഗുപ്തന്റെ വചനം വിഖ്യാതമാണ്. ശൃംഗാരം കരുണം വീരം രൗദ്രം ഹാസ്യം ഭയാനകം ബീഭത്സം അദ്ഭുതം ശാന്തം എന്നീ നവരസചര്‍ച്ച തന്നെ സാഹിത്യസംസ്‌കൃതിയുടെ സമഗ്രരസത്തെയും ആവിഷ്‌കരിക്കുകയായിരുന്നു. രസശാസ്ത്രം രസദര്‍ശനമായി വളര്‍ച്ച പൂണ്ടത് കശ്മീരദേശീയരായ നാല് ആചാര്യ പ്രമുഖരിലൂടെയാണ്. ഭട്ടലോല്ലടന്‍, ശ്രീശങ്കുകന്‍, ഭട്ടനായകന്‍, അഭിനവഗുപ്തന്‍ എന്നീ മനീഷികള്‍ 'രസ'ത്തിന്റെ രസച്ചരട് മുറുക്കി കലാദര്‍ശന സമീക്ഷയില്‍ കാലാതീതമായ ആശയങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. അഭിനവഗുപ്തന്റെ അഭിവ്യക്തിവാദവും ഇതോടൊപ്പം പ്രസക്തമാണ്. ഭട്ടലോല്ലടന്റെ 'ഉല്‍പത്തി വാദം' വിഭാവനുഭാവ വ്യഭിചാരികളിലൂടെ പരിപോഷിക്കപ്പെടുന്ന സ്ഥായിഭാവം തന്നെയാണ് രസമെന്ന് ഉപദര്‍ശിക്കുന്നു. രസം നടനിലും പ്രതീതമാണെന്ന് ആചാര്യന്‍ വാദിച്ചു. വിഭാവാനുഭാവ വ്യഭിചാരികളിലൂടെ അനുമിതിയായി നടനിലൂടെ സ്ഥായിഭാവമാകുന്ന രസം നിഷ്പന്നമാകുന്നു എന്നാണ് ശ്രീശങ്കുകന്റെ 'കാവ്യാനുശാസന'ത്തിലെ അനുമിതി വാദം. ലോല്ലടനും ശങ്കുകമതാനുസാരിയായി രസം വിഷയസ്ഥിതമാണെന്ന് പറയുന്നു. ഭട്ടതൗതനാകട്ടെ പ്രേക്ഷകനിലാണ് രസനിഷ്പത്തിയെന്ന് കണ്ടെത്തുകയാണ്. ആംഗിക വാചിക ആഹാര്യ സാത്വികാഭിനയത്തിലൂടെ നടനരൂപം ആച്ഛാദിതമായിത്തീര്‍ന്ന് സഹൃദയന്‍ നാട്യത്തില്‍ തന്മയീഭവിക്കുകയാണെന്ന് ആചാര്യന്‍ പറയുന്നു. ഇന്ദ്രിയജ്ഞാനത്തിനുമേല്‍ ധ്യാനസ്ഥമാകുന്ന മനസ്സിന്റെ സാക്ഷാത്കാരമാണ് 'അനുവ്യവസായ'മെന്ന് ദര്‍ശിക്കാം. ഭട്ടനായകന്റെ ഭുക്തിവാദം രസചര്‍ച്ചയുടെ വേദാന്തമുഖം പ്രദര്‍ശിപ്പിക്കുന്നു. അഭിധ, ലക്ഷണ, വ്യഞ്ജന എന്നീ ശബ്ദമൂല്യങ്ങളില്‍ അഭിധയെ മാത്രമാണ് ഈ ആചാര്യന്‍ അംഗീകരിക്കുക. സ്ഥായി തന്നെ ഭാവിതമായിത്തീര്‍ന്ന് രസത്വം പ്രാപിക്കുകയാണെന്നാണ് ഭുക്തിവാദമതം. ബ്രഹ്മാനന്ദ സദൃശം മാത്രമാണ് രസാനന്ദം. യഥാര്‍ത്ഥ രസാനുഭവം പ്രകാശാനന്ദമയമാകുന്നു എന്ന് ചുരുക്കം. ചോറ് ഉണ്ണുക എന്ന് പറയണമെങ്കില്‍ അതിനുമുന്‍പെ അത് പാകം ചെയ്യണം. യഥാര്‍ത്ഥത്തില്‍ രസം മുമ്പേ തയ്യാറാണ്. ആ സിദ്ധരസമാണ് സഹൃദയന്‍ ആസ്വദിക്കുന്നത്. ആത്മനിഷ്ഠമാണ് രസം എന്ന് താല്‍പര്യം. രസശാസ്ത്ര വ്യാഖ്യാന ചരിത്രത്തില്‍ അഭിനവഗുപ്തന്റെ അഭിവ്യക്തിവാദം അപൂര്‍വതകൊണ്ടും യുക്തികടാക്ഷത്തിലും സമഗ്രതയാവഹിക്കുന്നു. 'അഭിനവഭാരതി'യും 'ധ്വന്യാലോകലോചനവും' എഴുതിയ ആചാര്യന്റെ രസമീമാംസാ തത്വത്തിന്റെ കേന്ദ്രാശയം സ്ഥായിഭാവത്തിനപ്പുറമായി രസം പ്രതീതി സമയത്തു മാത്രമെ അനുഭവവേദ്യമാകൂ എന്നാണ്. രത്യാദിസ്ഥായിഭാവങ്ങള്‍ സാധരണീകൃതമായ നിലയില്‍ വ്യഞ്ജിച്ച് ശൃംഗാരം തുടങ്ങിയ രസങ്ങളായി അഭിവ്യക്തമാവുകയാണെന്ന് അഭിനവഗുപ്തന്‍ സിദ്ധാന്തിക്കുന്നു. രസികനില്‍ സ്ഥായിഭാവം വാസനാ പ്രകൃതിയായി ലയിച്ചുകിടക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ രസാസ്വാദം ആത്മാസ്വാദം തന്നെയാണെന്നുമുള്ള ആചാര്യവാദം ആത്മാവിനെയും ജന്മപരമ്പരകളെപ്പറ്റിയുമുള്ള മനഃശാസ്ത്രാപഗ്രഥന മാനങ്ങളില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. സുഖദുഃഖാദികളല്ല രസം. അത് ബോധലയമായ 'സംവിദ് വിശ്രാന്തി'യെന്ന അനന്താനന്ദമാണെന്ന് അഭിനവ ഗുപ്തനറിയുന്നു. രസസിദ്ധാന്തത്തിന്റെ ആധാരശിലയായി രസത്തെ ജ്ഞാനമാക്കുന്ന അഭിവ്യക്തിവാദമാണ് ആധുനിക മീമാംസകര്‍ പൊതുവെ സ്വീകരിക്കുന്നത്. ഭരതമുനിയുടെ 'രസസൂത്രം', അരിസ്റ്റോട്ടിലിന്റെ 'കഥാര്‍സിസ്', ബുച്ചറിന്റെ 'സാധാരണീകരണം' ഐ.എ. റിച്ചാര്‍ഡ്‌സിന്റെ 'ഒബ്ജക്ടീവ് കോറിലേറ്റീവ്' തുടങ്ങിയ അനന്വയ ജ്ഞാനപഥങ്ങള്‍ രസദര്‍ശനത്തെ രസികരസനയില്‍ അനശ്വരമാക്കുന്നു. നാളെ: ധ്വനിസിദ്ധാന്തത്തിന്റെ അനന്തസാധ്യതകള്‍

No comments:

Post a Comment