Saturday, June 23, 2018

കുക്കുടാസനം
പത്മാസനംതു സംസ്ഥാപ്യ
ജാനുര്‍വോരന്തരേ കരൗ
നിവേശ്യ ഭൂമൗ സംസ്ഥാപ്യ
വ്യോമസ്ഥം കുക്കുടാസനം (1-23)
പത്മാസനത്തിലിരുന്ന്, കാല്‍വണ്ണയ്ക്കും തുടയ്ക്കും ഇടയിലൂടെ (ജാനു-ഊരു-അന്തരേ) കൈകള്‍ (കരൗ) താഴോട്ട് എടുത്ത് ഭൂമിയില്‍ പതിച്ച് ഉടല്‍ (പത്മാസനമടക്കം) പൊ
ക്കി ആകാശത്തിലിരിക്കുന്നത് (വ്യോമസ്ഥം) കുക്കുടാസനം.
കുക്കുടം എന്നാല്‍ കോഴി. കോഴി നില്‍ക്കുന്ന രീതിയിലാണ് ഈ ആസനം. ഈ ആസനം ഒരു വ്യത്യാസവുമില്ലാതെയാണ് ഇപ്പോഴും എല്ലാവരും ചെയ്യുന്നത്.
സാധാരണയായി നാം കാലിലാണ് നില്‍ക്കുന്നത്. ഇവിടെ കൈകളിലാണ്. കാലിന് വിശ്രമവും. അരക്കെട്ടിലും അടിവയറിലുമാണ് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്. കൈകള്‍ക്കും ചുമലുകള്‍ക്കും  ബലം നല്‍കുന്ന ആസനമാണിത്. കൈകള്‍ കാലിനടിയിലൂടെ താഴ്ത്താന്‍ തുടക്കക്കാര്‍ എണ്ണ ഉപയോഗിക്കേണ്ടിവരാം.
ജാനു എന്നാല്‍ കാല്‍മുട്ടാണ്. കാല്‍മുട്ടിനു സമീപം. അതായത് കാല്‍വണ്ണ. ശരീരമുയര്‍ത്തുമ്പോള്‍ ശ്വാസമെടുക്കണം. സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ സാധാരണ നിലയില്‍ ശ്വാസോച്ഛ്വാസം ചെയ്യണം.
ഉത്താനകൂര്‍മാസനം
കുക്കുടാസന ബന്ധസ്ഥോ-
ദോര്‍ഭ്യാം സംബദ്ധ്യ കന്ധരാം
ഭവേത് കൂര്‍മവേദുത്താന
ഏതദുത്താന കൂര്‍മകം  -1-24
കുക്കുടാസനസ്ഥിതിയിലിരുന്ന് രണ്ട് കൈകള്‍ കൊണ്ടും കഴുത്തില്‍ പിടിച്ച് മലര്‍ന്നുകിടക്കുന്നത് ഉത്താനകൂര്‍മാസനം.
ഇത് ഇരുന്നുകൊണ്ട് അതായത് മലര്‍ന്ന് കിടക്കാതെയായാ
ല്‍ ഗര്‍ഭാസനം എന്നു പറയും. പക്ഷെ ഗര്‍ഭാസനത്തില്‍ കൈകള്‍കൊണ്ട് ചെവിയാണ് പിടിക്കുക എന്നു മാത്രം. ഗര്‍ഭപിണ്ഡാസനം എന്നും പറയും. ഗര്‍ഭസ്ഥ ശിശുവിനെ ഓര്‍മ്മിപ്പിക്കുന്നതുകൊണ്ടാണ് ഈ പേരു വന്നത്.
എന്നാല്‍ മലര്‍ന്നു കിടക്കുമ്പോള്‍ (ഉത്താനം) ആമ മലര്‍ന്നുകിടക്കുന്ന പ്രതീതിയുൻ്റാവുന്നുണ്ട്. കൂര്‍മാസനത്തില്‍ അത്രയും സാമ്യം കാണുന്നില്ല. ഇതില്‍ പറയാത്ത കൂര്‍മാസനത്തിനാണ് കൂടുതല്‍ സാമ്യം. എന്നാല്‍ ഉത്താന (മലര്‍ന്നത്) കൂര്‍മാസനത്തിന് ആകൃതിസാമ്യമുണ്ട്.
പാദാംഗുഷ്ഠൗതു പാണിഭ്യാം
ഗൃഹീത്വാ ശ്രവണാവധി
ധനുരാകര്‍ഷണം കുര്യാദ്-
ധനുരാസനമുച്യതേ -1-25
കൈകള്‍ കൊണ്ട് കാല്‍പ്പെരുവിരലുകള്‍ പിടിച്ച് ചെവിവരെ വില്ലുപോലെ വലിച്ചുനീട്ടുന്നത് ധനുരാസനം.ധനു എന്നുവെച്ചാല്‍ വില്ല്. ധനുസ്സിന്റെ ആകൃതിയില്‍ വരുന്ന ആസനമാണിത്. കാലു നീട്ടിയിരുന്ന് കാലിന്റെ പെരുവിരല്‍ പിടിക്കണം. ഇടതുകൈകൊണ്ട് ഇടതു പെരുവിരല്‍. വലത്തേതുകൊണ്ട് വലത്തും. കൈയ്യിന്റെ പെരുവിരലും ചൂണ്ടുവിരലുമാണ് പിടിക്കാന്‍ സാധാരണ ഉപയോഗിക്കുന്നത്. പിന്നെ ഇടതുകാല്‍ അനക്കാതെ വലതുകാല്‍ വലിച്ച് പെരുവിരല്‍ ചെവിയോടടുപ്പിക്കണം. അല്‍പസമയം നിന്നശേഷം മറുകാലില്‍ ആവര്‍ത്തിക്കണം. ആകര്‍ഷണം എന്നു പറഞ്ഞാല്‍ വലിച്ചടുപ്പിക്കലാണ്. അരക്കെട്ടിന് നല്ല ആയാസം കൊടുക്കുന്ന ആസനമാണിത്. ഇതിന് ആകര്‍ണ (ചെവിവരെ) ധനുരാസനമെന്നും പേരുണ്ട്. അമ്പ് തൊടുത്ത് അമ്പോടുകൂടി കാതു വലിച്ചു നീട്ടിയാല്‍ അമ്പു വിടുന്നത് അതാണിവിടെ സൂചിപ്പിച്ചത്.
ആകര്‍ണ പൂര്‍ണ ധന്വാനൗ
രക്ഷേതാം രാമലക്ഷ്മണൗ
ചെവിവരെ വലിച്ചുനിര്‍ത്തിയ അമ്പുമായി രാമനും ലക്ഷ്മണനും എന്നെ രക്ഷിക്കട്ടെ എന്നാണ് ശ്ലോകതാല്‍പര്യം.
സാധാരണ പ്രസിദ്ധമായിട്ടുള്ള ധനുരാസനം ഇതല്ല. അത് ഘേരണസംഹിതയില്‍ വരുന്ന ധനുരാസനമാണ്.
പ്രസാര്യ പാദൗ ഭുവിദണ്ഡരൂപൗ
കരൗ ച പൃഷ്‌ഠേ ധൃതപാദയുഗ്മം
കൃത്വാ ധനുര്‍വത് പരിവര്‍ത്തിതാംഗം
നിഗദ്യതേ വൈ ധനുരാസനം തത്.
കാലുകള്‍ വടിപോലെ ഭൂമിയില്‍ പരത്തി (കമിഴ്ത്തികിടന്ന് എന്നു താല്‍പര്യം) കൈകള്‍ പിന്‍ഭാഗത്തേക്കുകൂടി (പൃഷ്‌ഠേ) എടുത്ത് രണ്ടു കാലുകളും പിടിച്ച് ശരീരത്തെ വില്ലുപോലാക്കുന്നത് ധനുരാസനം. കൈകള്‍ ആണിക്കെട്ടില്‍ പിടിച്ചാണ് ഇത് ചെയ്യുന്നത്. പാദം ഇഷ്ടം പിടിക്കണമെന്നു പറയുന്നില്ല. എന്നാല്‍ പൂര്‍ണധനുരാസനത്തില്‍ അംഗുഷ്ഠം (പെരുവിരല്‍) പിടിച്ച് കൈകള്‍ തലക്കു മേലെക്കൂടി എടുത്ത് വലിച്ചുമുറുക്കും.
ഹഠയോഗ പ്രദീപിക-12
വ്യാഖ്യാനം: കൈതപ്രം വാസുദേവന്‍ നമ്പൂതിരി
(പതഞ്ജലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)    

No comments:

Post a Comment