Tuesday, June 19, 2018

വിദുരര്‍ തീര്‍ത്ഥാടനത്തിനു പോകുന്നു, ഉദ്ധവരെ കാണുന്നു – ഭാഗവതം (32)

മൂന്ന‍ാം സ്കന്ദം ആരംഭം
നൂനം നൃപാണ‍ാം ത്രി മദോത്പഥാന‍ാം
മഹീം മുഹുശ്ചാലയത‍ാം ചമൂഭിഃ
വധാത്‌ പ്രപന്നാര്‍ത്തിജിഹീര്‍ഷയേശോ
പ്യുപൈക്ഷതാഘം ഭഗവാന്‍ കുരൂണ‍ാം (3-1-43)
ശുകമുനി തുടര്‍ന്നു:
അല്ലയോ പരീക്ഷിത്തേ, അന്ധനായ ധൃതരാഷ്ട്രര്‍ ദുഷ്ടരായ സ്വപുത്രന്മ‍ാരോടുളള സ്നേഹത്തിന്റെ അന്ധതകൊണ്ട്‌ സ്വന്തം സഹോദരപുത്രന്മ‍ാരായ പാണ്ഡവരെ ഒന്നടങ്കം നശിപ്പിക്കാന്‍ ശ്രമിച്ച കഥ നിങ്ങള്‍ക്കറിയാമല്ലോ. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച്‌ അതു തീയിട്ട്‌ നശിപ്പിച്ചു. ഭഗവല്‍കൃപയാല്‍ അവിടെനിന്നും രക്ഷപ്പെട്ട പാണ്ഡവരെ കൗരവര്‍ ചൂതില്‍ തോല്‍പ്പിച്ച്‌ ദ്രൗപദിയെ സഭാമദ്ധ്യത്തിലേക്ക്‌ വലിച്ചിഴച്ചപമാനിക്കുകയും ചെയ്തു. ദ്രൗപദിയുടെ കണ്ണുനീര്‍ പോലും അന്ധയായ രാജാവിന്റെ മനസ്സിളക്കാന്‍ പര്യാപ്തമായില്ല. പിന്നീട്‌ പാണ്ഡവരെ വനവാസത്തിനയച്ചുവല്ലോ. വനവാസത്തിനുശേഷം തിരിച്ചുവന്ന പാണ്ഡവര്‍ക്കവകാശപ്പെട്ട രാജ്യമോ നിയമപ്രകാരമുളള മറ്റവകാശങ്ങളോ കൊടുക്കുവാന്‍ കൗരവര്‍ ഒരുക്കമായിരുന്നില്ല. ഭഗവാന്‍ കൃഷ്ണന്‍തന്നെ സ്വയം ദൂതനായിവന്നു്‌ ദുര്യോധനനോട് അപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ല. മാത്രമല്ല ഭഗവാനെ പരിഹസിച്ച്‌ അപമാനിച്ചയക്കുകയും ചെയ്തു. ദുര്യോധനന്‍ അതുവരെയാര്‍ജ്ജിച്ച സല്‍ഫലങ്ങള്‍ മുഴുവനും നശിച്ചുകഴിഞ്ഞതിന്റെ തെളിവായിരുന്നു അത്‌. ഈ സമയത്ത്‌ സഹോദരനായ വിദുരരെ വിളിച്ച്‌ ധൃതരാഷ്ട്രര്‍ ഉപദേശമാരായുകയുണ്ടായി.
പരീക്ഷിത്തേ, വിദുരര്‍ അപ്പോള്‍ നല്‍കിയ ഉപദേശങ്ങള്‍ ഗഹനവും വിജ്ഞാനം നിറഞ്ഞതുമായ ഒരു വിശ്വോത്തരതത്ത്വസംഹിതത്തന്നെയാണ്‌. ദുര്യോധനന്‍ തിന്മയുടെ മൂര്‍ത്തീഭാവമാണെന്നും അതുകൊണ്ടാണ്‌ ഭഗവാന്‍ സ്വയം സുഹൃത്തായിരിക്കുന്നതെന്നും പാണ്ഡവരെ അപമാനിക്കാനും നിന്നിക്കാനും തുനിഞ്ഞതെന്നും വിദുരര്‍ പറഞ്ഞു. ധൃതരാഷ്ട്രര്‍ക്ക്‌ ഇതുകേട്ട്‌ ദേഷ്യം വരികയും വിദുരരെ അപമാനിച്ച്‌ നാടുവിടാന്‍ ആജ്ഞാപിക്കുകയും ചെയ്തു. വിജ്ഞാനിയായ വിദുരര്‍ക്ക്‌ വിഷമം തോന്നിയെങ്കിലും എല്ലാത്തിലും ഹീനപ്രവൃത്തികള്‍ക്ക്‌ പിന്നില്‍പ്പോലും ഭഗവല്‍ക്കരങ്ങള്‍ സ്വയം ദര്‍ശിച്ച്‌ ആയുധങ്ങളെ നഗരവാതില്‍ക്കല്‍ ഉപേക്ഷിച്ച്‌ അദ്ദേഹം തീര്‍ത്ഥാടനത്തിനു പുറപ്പെട്ടു.
നാടുമുഴുവന്‍ വേഷംമാറി ചുറ്റിനടന്ന് വിദുരര്‍ ജീവിതത്തിന്റേയും ഭഗവാന്റേയും മഹിമകള്‍ ആസ്വദിച്ചു. ഭാരതത്തിന്റെ പടിഞ്ഞാറണ്‍ നാടുകളും യാത്രചെയ്യുമ്പോള്‍ മഹാഭാരതയുദ്ധത്തെപ്പറ്റിയും കൗരവരുടെ അന്ത്യത്തെപ്പറ്റിയും അദ്ദേഹം കേട്ടിരുന്നു. പിന്നീടദ്ദേഹം ശ്രീകൃഷ്ണഭക്തനും തന്റെ മിത്രവുമായ ഉദ്ധവരെ കണ്ടു. അദ്ദേഹം ഉദ്ധവരോട്‌ തന്റെ ബന്ധുമിത്രാദികളുടെ ക്ഷേമം അന്വേഷിച്ചു. പാണ്ഡവരെപ്പറ്റിയും ധൃതരാഷ്ട്രരെപ്പറ്റിയുമെല്ല‍ാം. പിന്നീട്‌ അദ്ദേഹം പറഞ്ഞു. “ഉദ്ധവരേ, ഭഗവാനു വേണമെങ്കില്‍ കൗരവരെ അപ്പോള്‍ അവിടെവെച്ചുതന്നെ ശിക്ഷിക്കാമായിരുന്നു. പക്ഷെ അവരുടെ പാപപ്രവൃത്തികളെ കുറേസമയത്തേക്ക്‌ അദ്ദേഹം കണ്ടില്ലെന്നുനടിച്ചു. കുലം, വിജ്ഞാനം, സമ്പത്ത്‌ ഇവയേപ്പറ്റി ദുരഭിമാനിളും അഹങ്കാരികളുമായ രാജാക്കന്മ‍ാരെ സ്വയം ഉന്മ‍ൂലനം ചെയ്യിപ്പിക്കയും ചെയ്തു. ഭഗവാന്റെ മാര്‍ഗ്ഗങ്ങള്‍ അത്യന്തം നിഗൂഢമത്രെ. അദ്ദേഹം അവതാരമെടുക്കുന്നത് ദുഷ്ടനിഗ്രഹത്തിനും നന്മയെ തന്നിലേക്ക്‌ ആകര്‍ഷിക്കുന്നതിനും മാത്രമാണെന്നു തോന്നുന്നു. അദ്ദേഹത്തെ വെറുമൊരു മനുഷ്യനായി മാത്രം കാണുന്നവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്‌.”

No comments:

Post a Comment