Tuesday, June 05, 2018

ഈ പ്രപഞ്ചത്തെ മുഴുവനും ഉള്‍ക്കൊള്ളുന്ന ഒരു സാമാന്യ പ്രതീകം ഓങ്കാരശബ്ദം പോലെ മറ്റൊന്നില്ല. 'സ്ഫോടം' എന്നത്‌ എല്ലാ വാക്കുകളുടെയും അടിസ്ഥാനഘടകമാണ്‌. എങ്കിലും അത്‌ പൂര്‍ണരൂപം പ്രാപിച്ച ഒരു പ്രത്യേക നിര്‍ദ്ദിഷ്ഠപദമല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു പദത്തെ മറ്റൊരു പദത്തില്‍നിന്ന്‌ വേര്‍തിരിക്കുന്ന സര്‍വ പ്രത്യേകതകളും നീങ്ങിയാല്‍ അവശേഷിക്കുന്നതോ അതാണ്‌ 'സ്ഫോടം'. അതുകൊണ്ടാണ്‌ സ്ഫോടത്തെ 'നാദബ്രഹ്മം' അഥവാ 'ശബ്ദബ്രഹ്മം' എന്നുപറയുന്നത്‌. അനിര്‍വാച്യമായ സ്ഫോടത്തെ പ്രകടമാക്കാനുള്ള മറ്റേതൊരു പ്രതീകശബ്ദവം സ്ഫോടമല്ലാത്ത ഒന്നിനെ കുറിക്കുവാന്‍ മാത്രമേ ശക്തമാവുകയുള്ളൂ. ചുരുങ്ങിയ നിലയിലെങ്കിലും അതിനെ സവിശേഷം പ്രകടമാക്കുകയും അതിന്റെ സ്വഭാവത്തെ കണിശമായും വിശദമാക്കുകയും ചെയ്യുന്നതേതോ അതാണ്‌ അതിന്റെ ഏറ്റവും യഥാര്‍ഥമായ പ്രതീകം. അത്‌ ഓങ്കാരമാണ്‌. ഓങ്കാരം മാത്രമാണ്‌.
'അകാരോകാരമകാര'ങ്ങള്‍ കൂട്ടായി ഉച്ചരിക്കപ്പെടുന്നതാണ്‌ ഓങ്കാരം. അതിന്‌ മാത്രമേ എല്ലാ ശബ്ദങ്ങളുടെയും സാമാന്യ പ്രതീകമായി ഇരിക്കാന്‍ കഴിയുകയുള്ളൂ. അകാരം എല്ലാ ശബ്ദങ്ങളിലും ലേശം മാത്രം വേര്‍തിരിക്കാന്‍ കഴിയാത്ത വിധത്തില്‍ അടങ്ങിയിരിക്കുന്നു. സ്പഷ്ടമായ എല്ലാ ശബ്ദങ്ങളും വക്ത്രാന്തരത്തില്‍ നിന്ന്‌ വെളിയില്‍ വരുന്നത്‌ രസനയുടെ മൂലസ്ഥാനത്തുനിന്ന്‌ പുറപ്പെട്ട്‌ അധരപര്യവസായിയായിട്ടാണ്‌. 'അ' കാരം കണ്ഠശബ്ദവും 'മ' കാരം ഓഷ്ഠശബ്ദവും ആണ്‌. 'ഉ' കാരം രസനാമൂലത്തില്‍ നിന്ന്‌ പുറപ്പെട്ട്‌ ഓഷ്ഠ ത്തില്‍ ചെന്നവസാനിക്കുന്ന ശബ്ദസാമാന്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ശരിക്കും പ്രതിനിധീകരിക്കുന്നു. - സ്വാമി ചിന്മയാനന്ദന്‍

No comments:

Post a Comment