Saturday, June 30, 2018

വേദവ്യാസമഹര്‍ഷിയുടെ വിശ്വോത്തര രചനയായ മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിലെ നായകനുംധര്‍മ്മമൂര്‍ത്തിയുമായ യുധിഷ്ഠിരനു തുല്യം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കഥാപാത്രമാണ് ഭീഷ്മര്‍. കുരുവൃദ്ധനായ പിതാമഹന്‍ എന്ന നിലയിലും അപ്രതിമപ്രതാപവാനായ മഹാരഥി എന്ന നിലയിലും മഹാധര്‍മ്മജ്ഞനെന്നും ഭഗവദ് ഭക്തനെന്നും മറ്റുമുള്ള പല നിലകളിലും എല്ലാവരാലും സമാദരണീയമായ വ്യക്തിത്വമാണ് ഭീഷ്മരുടേത്. അദ്ദേഹം കഥയുടെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ പ്രാപ്തനെന്ന ധാരണ മറ്റ് പാത്രങ്ങളില്‍ എന്നല്ല, അനുവാചകരിലും വ്യാപിപ്പിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ കൗരവരുടെ ജനനത്തിനു ശേഷമെങ്കിലും തന്റെ മുന്നിലൂടെ കടന്നുപോകുന്ന നിരവധി കഥാസന്ദര്‍ഭങ്ങളില്‍ കേവലം സാക്ഷിരൂപേണ മാത്രം തന്റെ സാന്നിധ്യം പ്രകടമാക്കി വളരെ അപ്രഭാവിയായാണ് അനുഭവപ്പെടുന്നത്.
അദ്ദേഹം പരോക്ഷമായി ധര്‍മ്മപക്ഷമായ പാണ്ഡവപക്ഷത്തിന്റെ ശുഭചിന്തകനും പക്ഷപാതിയും ആണെങ്കിലും പ്രകടമായി അധര്‍മ്മപക്ഷമായ കൗരവപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന അതികായനായ യോദ്ധാവുമാണ്. കഥാഗതിയില്‍ ഭീഷ്മരുടെ സാന്നിധ്യം അനുഭവവേദ്യമാകുന്നത് സ്വപിതാവായ ശാന്തനുവിന് സത്യവതിയെ നേടിക്കൊടുക്കുന്നതുമുതല്‍ക്കാണ്.
ഭീഷ്മപ്രതിജ്ഞ
ദാശകന്യകയില്‍ മോഹിതനായെങ്കിലും ശാന്തനു മഹാരാജാവ് സകല യോഗ്യതകളും തികഞ്ഞ തന്റെ പു്രതനോട്, ഏകപുത്രത്വം അനപത്യതയ്ക്കു തുല്യമാണെന്നും അതുകൊണ്ട് താന്‍ ചിന്തിതനാണെന്നും മറ്റും പറഞ്ഞതല്ലാതെ ഏതു വിധേനയും എന്തു സത്യം ചെയ്തിട്ടാണെങ്കിലും തന്റെ ആഗ്രഹം സാധിപ്പിച്ചുതരണമെന്ന് പറഞ്ഞിട്ടില്ല. വൃദ്ധാമാത്യനില്‍നിന്ന് അദ്ദേഹത്തിന്റെ വിഷാദത്തിനുള്ള കാരണം ദാശകന്യാ-വിഷയത്തിലുള്ള അഭിനിവേശമാണെന്നു മനസ്സിലാക്കി ഗംഗാപുത്രനായ ദേവവ്രതന്‍ മറ്റു ചില രാജാക്കന്മാരുമൊത്ത് ദാശരാജന്റെ സവിധത്തില്‍ ചെല്ലുകയാണുണ്ടായത്. അയാള്‍ തന്റെ പുത്രിയില്‍ ശാന്തനുവിന് ഉണ്ടാകുന്ന പുത്രനെ രാജാവാക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നു. അതു സാധിപ്പിച്ചുതരാമെന്ന് സമ്മതിച്ചപ്പോള്‍ ഭാവിയില്‍ ഗാംഗേയനുണ്ടാകുന്ന പുത്രന്മാരും ഇക്കാര്യം സമ്മതിച്ചു തരുമെന്ന് ഉറപ്പുതരാമോ എന്നായി മുക്കുവമൂപ്പന്‍.
ആ ഉറപ്പ് നല്‍കാന്‍ വേണ്ടിയാണ് ഗംഗാപുത്രന്‍ ത്രിലോകങ്ങളിലും അസാധാരണമായ ആ സത്യപ്രതിജ്ഞ- താന്‍ ജീവിതം മുഴുവന്‍ അവിവാഹിതനായി കഴിയുന്നതാണ്, എന്നുള്ളതാണ് ആ ഭീഷ്മപ്രതിജ്ഞ- സ്വീകരിച്ചത്. അങ്ങനെയാണ് അദ്ദേഹം തന്റെ അച്ഛന് പ്രിയം ചെയ്യാന്‍ മാതൃസ്ഥാനീയയായി ദാശപുത്രിയായ സത്യവതിയെ വരിച്ച് സ്വഗൃഹത്തിലേക്ക് ആനയിച്ചത്. അച്ഛനുവേണ്ടി അദ്ദേഹത്തിന്റെ രണ്ടാംഭാര്യയെ പുത്രന്‍ വരിച്ചു കൊണ്ടുവരുന്ന അത്യസാധാരണമായ നടപടിയായി ഇത്.
സത്യത്തിന്റെ സ്ഥൂലമായ അക്ഷരാര്‍ത്ഥത്തില്‍ പിടിമുറുക്കിയ ഭീഷ്മര്‍ ആ സത്യപ്രതിജ്ഞ ലോകം മുഴുവന്‍ വാഴ്ത്തപ്പെട്ടു. ആ ശപഥം കഥാഗതിയിലാകെ പുതിയ വഴിത്തിരിവുണ്ടാക്കി. പിന്നീടങ്ങോട്ട് ഭീഷ്മര്‍ എന്ന പേരിലറിയപ്പെട്ട ദേവവ്രതന്‍ ഈ സത്യം അണുവിട വ്യതിചലിക്കാതെ ഏതു നിലയിലും പാലിക്കുന്നതിന് വ്യഗ്രനായാണ് ജീവിതം കഴിച്ചുകൂട്ടിയത്.
ധര്‍മ്മമെന്ന സര്‍വ്വോത്കൃഷ്ട ജീവിതമൂല്യം
ജീവിതസാഫല്യത്തിനുവേണ്ടി സതതം ഉദ്യമിച്ചുകൊണ്ടിരിക്കുന്നവരായ നിങ്ങള്‍ക്ക് ധര്‍മ്മത്തില്‍ താല്‍പര്യബുദ്ധിയുണ്ടാകട്ടെ, ''ധര്‍മ്മേ മതിര്‍ഭവതുവസ്സത തോത്ഥിതാനാം'' എന്ന ആശംസയോടെ ആരംഭിക്കുന്ന ഈ ഇതിഹാസകാവ്യത്തില്‍ ധര്‍മ്മപാലനത്തിനും ധര്‍മ്മവിജയത്തിനും പരമമായ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു. ''യതോധര്‍മ്മസ്തതോജയ.'' ''ധര്‍മ്മ ഏവ ഹതോഹന്തി'' ''ധര്‍മ്മോ രക്ഷതി രക്ഷിതഃ'' എന്നും മറ്റും എടുത്തെടുത്തു പറയപ്പെട്ടിട്ടുള്ള ഈ കാവ്യത്തില്‍ സത്യത്തെക്കാള്‍ പോലും മഹത്വം ധര്‍മ്മത്തിനു നല്‍കപ്പെട്ടിരിക്കുന്നു എന്നു കാണാവുന്നതാണ്.
മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ മാര്‍ക്കണ്‌ഡേയ മഹര്‍ഷി യുധിഷ്ഠിരനു വേണ്ടി പല ധര്‍മ്മോപദേശങ്ങളും ചെയ്യുന്ന കൂട്ടത്തില്‍ പറയുന്ന ധര്‍മ്മവ്യാധന്റെ വാക്കുകളില്‍കൂടി മഹര്‍ഷിപുംഗവനായ മാര്‍ക്കണ്ഡേയന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ തത്വം വളരെ സൂക്ഷ്മമാണെന്നും അനൃതം (അസത്യം) പോലും ചിലപ്പോള്‍ ഋതം (സത്യം) ആയി വരുമെന്നും സത്യംപോലും അസത്യമായി വന്നു ഭവിച്ചേക്കാം എന്നുമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ഭൂതഹിതമാണ് യഥാര്‍ത്ഥ സത്യം എന്നു ധരിക്കണം. ഇതിനു വിപരീതമായാല്‍ അധര്‍മ്മം ആകും എന്നും ധര്‍മ്മത്തിന്റെ രൂപം അത്യന്തം സൂക്ഷ്മമാണ് എന്നും തിരിച്ചറിയണം എന്നാണ്, മഹര്‍ഷി ഇവിടെ പറഞ്ഞുതരുന്നത്.
ഇതുതന്നെ കവി വാക്യത്തില്‍:-
''അനൃതേന ഭവേത സത്യം 
സത്യേനൈവാനൃതം ഭവദ്
യദ്ഭൂത ഹിതമത്യന്തം 
തത് സത്യമിതിധാരണാ
വിപര്യയേകൃതോ/ധര്‍മ്മഃ 
പശ്യധര്‍മ്മസ്യ സൂക്ഷമതാം''
(വനപര്‍വ്വം 209- 3,4)
മനുഷ്യ ജീവിതത്തില്‍ സത്യവും ധര്‍മ്മവുമാണ് സര്‍വ്വോത്കൃഷ്ടമൂല്യങ്ങള്‍. എന്നാല്‍ അവയ്ക്കും സീമകളുണ്ട്. സത്യം ചിലപ്പോള്‍ അസത്യമായും ധര്‍മ്മം അധര്‍മ്മമായും അവ തിരിച്ചു വരാം. ഇക്കാര്യം മഹാഭാരതത്തില്‍ പല സ്ഥലങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സത്യധര്‍മ്മങ്ങള്‍ തമ്മിലും സംഘര്‍ഷം സംഭവിക്കുന്ന ചുറ്റുപാടുകള്‍ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ ധര്‍മ്മത്തിനുതന്നെയാണ് മുന്‍തൂക്കം. 'സത്യംവദ' (സത്യം പറയണം) എന്നും 'ധര്‍മ്മം ചര' (ധര്‍മ്മമാണ് ആചരിക്കേണ്ടത്) എന്നുമാണല്ലോ ആര്‍ഷമായ ആപ്തവചനം. ഇതിനു വിപരീതമായി സത്യത്തിന്റെ സ്ഥൂലമായ വാഗര്‍ത്ഥത്തില്‍ മാത്രം ഉറച്ചുനിന്ന ഭീഷ്മരുടെ അനുഭവം ലോകത്തിനു മുഴുവന്‍ സാധനാപാഠമാണ്.janmabhumi

No comments:

Post a Comment