Tuesday, June 19, 2018

യോഗത്തിന്റെ അഷ്ടാംഗങ്ങള്‍ അനുഷ്ഠിച്ചാല്‍ ജ്ഞാനം ദീപ്്തമാവും; വിവേക ബുദ്ധി ഉണരുകയും ചെയ്യും എന്ന ആമുഖത്തോടെയാണ് പതഞ്ജലി മുനി പ്രസിദ്ധമായ അഷ്ടാംഗ യോഗം അവതരിപ്പിക്കുന്നത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ടംഗങ്ങള്‍. അംഗങ്ങള്‍ വളരുന്നത് ഒന്നിനു ശേഷം ഒന്നായിട്ടല്ല. കൈ പൂര്‍ണ വളര്‍ച്ചയെത്തിയ ശേഷമല്ല കാല്‍ വളരാന്‍ തുടങ്ങുന്നത്. അതുപോലെ യോഗാംഗങ്ങളും ഒരുമിച്ച് പുരോഗമിക്കണമെന്ന് ചില ആചാര്യന്മാര്‍ പറഞ്ഞു വെച്ചിട്ടുണ്ട്. 
  മനസ്സ്‌കൊണ്ടും വാക്കു കൊണ്ടും കര്‍മം കൊണ്ടും ഉള്ള അഹിംസ, സത്യം മാത്രം പറയുക, മറ്റുള്ളവന്റെ മുതല്‍ അവന്റെ സമ്മതമില്ലാതെ എടുക്കാതിരിക്കുക (അസ്‌തേയം), മനസാ വാചാ കര്‍മണാ ഉള്ള ബ്രഹ്മചര്യം, സ്വത്ത് കൂട്ടി വെക്കാതിരിക്കുക(അപരിഗ്രഹം) ഇവയാണ് യമങ്ങള്‍. 
ബാഹ്യവും ആന്തരവുമായ ശൗചം, തൃപ്തിയില്‍ നിന്നുണ്ടാകുന്ന സന്തോഷം, സാധ്യത്തെ നേടാനുതകുന്ന അതിതീവ്രമായ പരിശ്രമം (തപസ്സ്), ശാസ്ത്രം പഠിക്കുകയും പഠിച്ചത് ഓര്‍മ്മിക്കുകയും ചെയ്യുന്ന സ്വാധ്യായം, തന്നില്‍  നിന്ന് അതീതമായുള്ള ഉയര്‍ന്ന ശക്തിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക (ഈശ്വര പ്രണിധാനം) ഇവയൊക്കെ നിയമങ്ങള്‍. 
സമൂഹം ശാന്തമായും സ്വസ്ഥമായും ഇരിക്കാന്‍ വ്യക്തികള്‍ നന്നാവണം. വ്യക്തിയുടെ സംസ്‌കരണത്തിനാണ് മേല്‍ പറഞ്ഞ യമ നിയമങ്ങള്‍. യമങ്ങള്‍ അരുതുകളെ പറ്റി പറയുമ്പോള്‍ നിയമങ്ങള്‍ കര്‍ത്തവ്യങ്ങളെ പറ്റി പറയുന്നു. യോഗാഭ്യാസത്തിനുള്ള അനുകൂലവാതാവരണം സൃഷ്ടിക്കുകയാണിവിടെ. സാമൂഹ്യമായ സ്വാസ്ഥ്യത്തിന്റെ അസ്ഥിവാരം ഇതാണ്. യോഗാസനങ്ങള്‍, പ്രാണായാമം, പ്രത്യാഹാരം, എന്നിവയിലൂടെ വ്യക്തി കൂടുതല്‍ ശുദ്ധിനേടും. പിന്നെ ആന്തരികയാത്രയാണ്. ധാരണാ-ധ്യാന-സമാധികള്‍. യോഗ ഒരു ജീവിത പദ്ധതിയായിത്തീരുമ്പോള്‍ നന്മ നിറഞ്ഞ, സമാധാനപ്രിയരായ, സച്ചിന്തകളില്‍ മുഴുകുന്ന ജനങ്ങളുണ്ടാകും. അത്തരം ജനങ്ങളുടെ സമൂഹം തീര്‍ച്ചയായും ശാന്തി നിറഞ്ഞതാവും.
ഒരാഴ്ച മുമ്പ് മുഹമ്മ പഞ്ചായത്തില്‍ ഒരു അപൂര്‍വ്വ ചടങ്ങ് നടന്നു. കേന്ദ്ര ആയുഷ് മന്ത്രിയും കേരള ആരോഗ്യ മന്ത്രിയും അതില്‍ പങ്കെടുത്തു. മുഹമ്മയെ ''യോഗ ഗ്രാമ''മായി പ്രഖ്യാപിക്കാനായിരുന്നു ഈ ആഘോഷം. വലിയ ഒരു ജനാവലി അതില്‍ പങ്കെടുത്തു. മുഹമ്മയിലെ മുപ്പതിനായിരത്തോളം വരുന്ന ജനസംഖ്യയില്‍ 14000 പേര്‍ യോഗ കേന്ദ്രങ്ങളില്‍ എത്തി പരിശീലനം നേടിയെന്നു സംഘാടകര്‍ പറഞ്ഞു. അത്തരം ഗ്രാമങ്ങളില്‍ തീര്‍ച്ചയായും ലൗകിക ജീവിതശൈലി രൂപപ്പെടും, കാലക്രമത്തില്‍ അത് പോലീസ് സ്‌റ്റേഷനിലെ കുറ്റവാളികളുടെ പട്ടികയുടെ നീളം കുറയ്ക്കും. പ്രകൃതിയിലെ മലിനീകരണം കുറയും. നിത്യ ജീവിതം സരളമാകും, ആരോഗ്യപൂര്‍ണമാകും. ''യോഗ ലോകശാന്തിക്കും സമാധാനത്തിനും'' എന്നു പറുമ്പോള്‍ ഇതുതന്നെയാണ് അര്‍ഥമാക്കുന്നത്. അത് ഒരു എത്താക്കൊമ്പല്ല. സഹസ്രാബ്ദങ്ങളായി ഭാരതീയ ജീവിതം ഇത്തരത്തിലായതിനാലാണ് ഭാരതീയ സംസ്‌കാരം രൂപപ്പെടുന്നത്. അഷ്ടാംഗത്തിലേക്കുതിരിച്ചുവരാം. യമ-നിയമങ്ങള്‍ കഴിഞ്ഞാല്‍ ആസനമാണ്. അടുത്തു പറയുന്ന അംഗമായ പ്രാണായാമത്തിന് ശരീരത്തെ, ഇരിപ്പിനെ തയ്യാറാക്കലാണ് ആസനത്തിന്റെ പ്രയോജനം. സ്ഥിരമായും സുഖമായും ഏറെ നേരം ഇരിക്കാന്‍ പറയണം. അതിന് ധ്യാനാസനങ്ങളായ പത്മാസം, സിദ്ധാസനം മുതലായവയാണ് വേണ്ടതും. പക്ഷെ മറ്റ് ആസനങ്ങളിലൂടെ ശരീരത്തിന്റെ വിവിധ പേശികളും സന്ധികളും നാഡികളും സ്വസ്ഥമാക്കിയാേെല ഈ ഇരുത്തം സാധ്യമാവൂ. അങ്ങനെ സമഗ്രമാക്കിയെടുത്ത ഒരു പദ്ധതിയാണ് പല ആസനങ്ങളുടെ യോഗമായ സൂര്യനമസ്‌കാരം. മറ്റാസനങ്ങളും പ്രയോജനകരം തന്നെ. തിരഞ്ഞെടുപ്പ് യോഗിയുടേതാണ്. 
പ്രാണായാമം ശരീരത്തിലെ സൂക്ഷ്മ നാഡികളിലൂടെ ഒഴുകുന്ന പ്രപഞ്ച ശക്തികളെ വരുതിയിലാക്കുക തന്നെയാണ്. ശ്വാസക്രമമാണ് ഇതില്‍ മാധ്യമമായി വരുന്നത്. ശ്വാസ നിയന്ത്രണത്തിലൂടെ സിദ്ധിക്കുന്നത് ഈ സൂക്ഷ്മവും പ്രചണ്ഡവുമായ ശക്തിയെ യോഗിയുടെ ആന്തരിക യാത്രയ്ക്ക് വേണ്ടി മെരുക്കിയെടുക്കലാണ്. ഇതോടൊപ്പം ബാഹ്യേന്ദ്രിയങ്ങളുടെ വെളിയിലേക്കുള്ള ചാട്ടം അവസാനിപ്പിക്കുകയും. ആമ തന്റെ കൈകാലുകളും തലയും ഉള്ളിലേക്കു വലിച്ച് സുരക്ഷിതനായിരിക്കുന്ന പോലെ യോഗി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കും- ഇതാണ് പ്രത്യാഹാരം. ഇത്രയുമാകുമ്പോള്‍ ആന്തരിക സാധനയ്ക്കായി സാധകന്‍ തയ്യാറാകും. 
ധാരണ എന്നത് ഏകാഗ്രത തന്നെ. ''ചിത്തസ്യ ദേശബന്ധഃ ധാരണാ''
മനസ്സിനെ ഒരു ദേശത്തു ബന്ധിക്കുന്നതാണ് ധാരണ. ചിന്തകളുടെ പ്രവാഹമാണ് മനസ്സ്. മനസ്സിനെ നിയന്ത്രിക്കുക എന്നാല്‍ ചിന്തകളെ നിയന്ത്രിക്കുക തന്നെ. അതിന്റെ മുന്നോടിയായി ചിന്തകളുടെ എണ്ണം കുറച്ച് ഒന്നില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ധാരണ. ഇത് അത്ര എളുപ്പവുമല്ല. 
പക്ഷെ ഇങ്ങനെ ധാരണയില്‍ പരിശ്രമിക്കുമ്പോള്‍ മനസ്സ് അതില്‍ തന്നെ ''തൈലധാര'' പോലെ ഉറച്ച് നില്‍ക്കും. ഇതാണ് ധ്യാനം- തൈലം(എണ്ണ) ഒരു പാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഒഴിക്കുമ്പോള്‍ ധാരമുറിയില്ലല്ലോ. മനസ്സ് വീണ്ടും മുഴുകി മനസ്സില്ലാത്ത പൂര്‍ണലയത്തിന്റെ അവസ്ഥ വരുമ്പോള്‍ ആണ് സമാധി പ്രാപ്തമാവുന്നത്. ഇത്രയുമാണ് പതഞ്ജലി മുനി സാധാരണക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ അഷ്ട-അംഗ-യോഗ പദ്ധതി. ഇച്ഛാശക്തിയോടെ മുന്നേറുന്നവര്‍ക്ക് ഇത് ഉത്തമ മാര്‍ഗ്ഗമാണ്. സംശയമില്ല. എന്നാല്‍, ''ഭിന്ന രുചിര്‍ഹിലോകഃ'' - മനുഷ്യരുടെ രുചി, ശ്രദ്ധ, വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഒരേ പാത എല്ലാവര്‍ക്കും യോജിക്കില്ല. നേരത്തെ പറഞ്ഞ ശാരീരിക പദ്ധതിക്കു പ്രാധാന്യം കൊടുക്കുന്ന ഹഠയോഗവും മനസ്സിന്റെ അടക്കത്തിന്നു പ്രാധ്ാന്യം കൊടുക്കുന്ന രാജയോഗവും ചിലര്‍ക്ക്ുരസിച്ചില്ലെന്നു വരാം.
എല്ലാറ്റിനെയും വികാരപരമായി കാണുന്ന ചിലരുണ്ട്. അവര്‍ക്ക് മനസ്സിന്റെ ലയം, വികാരങ്ങളുടെ ഉദാത്തീകരണമാണ് മാര്‍ഗം. ഭക്തി യോഗത്തിന്റെ പ്രസക്തി ഇവിടെയാണ്. എല്ലാ വിപരീത ചിന്തകളെയും അകറ്റി ഭാവാത്മകമായ ചിന്തകളെ നിറയ്ക്കാന്‍ പറ്റിയ വഴി സ്‌നേഹത്തിന്റേതാണ്. അതാണ് ഹൃദയത്തെ ദ്രവീകരിക്കുന്നത് തനിസ്വാര്‍ഥപരമായ കാമംതന്നെ ഉദാത്തവല്‍ക്കരിക്കപ്പെടുമ്പോള്‍ സ്‌നേഹമാവും. എല്ലാം തന്റേതാക്കണമെന്നുള്ള ചിന്തില്‍ ത്യാഗത്തിന്റെ മധുരം ചേരുമ്പോള്‍ അത് സ്‌നേഹമാവും- മറ്റുള്ളവനെ സഹിക്കാനും അവനെ സഹായിക്കാനും തോന്നും. ഈ സ്‌നേഹം നിസ്വാര്‍ഥമാവുമ്പോള്‍ തന്റേതെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറാവും. വാസ്തവത്തില്‍ ഇതാണ് ഭക്തി. സേവനമൊക്കെ വിശാലാര്‍ഥത്തില്‍ ഭക്തിഭാവം തന്നെയാണ്. മനസ്സിന്റെ ലയമാണ് ഇവിടെയും സംഭവിക്കുന്നത്. 
ബുദ്ധിയില്‍ മാത്രം വിശ്വാസമര്‍പ്പിക്കുന്ന ചിലരുണ്ട്. പ്രപഞ്ചയാഥാര്‍ത്ഥ്യത്തെ അറിയുക തന്നെ ജീവിത ലക്ഷ്യമാക്കിയവര്‍. വേദാന്തികളൊക്കെ അത്തരമാണ്. ഭാവനാ ലോകത്തോടോ കര്‍മ്മത്തോടു പോലുമോ വലിയ താത്പര്യമില്ലാത്തവര്‍. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ പരിമിതമെന്നുകണ്ട് സത്യത്തെ കാണാന്‍ ഉള്ളിലേക്ക് നോക്കുന്നവരാണവര്‍. ആവൃത്തചക്ഷുവായ ഇവര്‍ നാശമില്ലാത്ത വസ്തുവിനെ തേടുന്നു എന്ന് കഠോപനിഷത്ത്. താനും പ്രപഞ്ചശക്തിയും ഒന്നു തന്നെ എന്ന അദ്വൈതത്തിലേക്കുയരുന്ന ഇത്തരക്കാരെ ജ്ഞാനയോഗികള്‍ എന്നു പറയാം. 
കര്‍മം ചെയ്യാതിരിക്കാന്‍ വയ്യല്ലോ. എന്നാല്‍ ചെയ്യുമ്പോള്‍ മനസ്സ് അസ്വസ്ഥമാവുകയും ചെയ്യും. മനസ്സ് അസ്വസ്ഥമാവാതെ കര്‍മം ചെയ്യാന്‍ കര്‍മയോഗികള്‍ വഴി അന്വേഷിക്കുന്നു. കര്‍മ്മവും, പ്രവൃത്തിയുമല്ല, മനസ്സിനെ ബന്ധിക്കുന്നത്, അതിന്റെ ഫലത്തിലുള്ള ശ്രദ്ധയാണ് എന്ന് ഭഗവദ്ഗീത പറയുന്നു. മാത്രമല്ല ആ ശ്രദ്ധ കാരണം കര്‍മത്തിന് പൂര്‍ണത കിട്ടാതെ വരാം കര്‍മഫലത്യാഗം തന്നെ കര്‍മത്തിന്റെ മര്‍മം.'' കര്‍മത്തെ സമര്‍ഥമായി ചെയ്യുകയും അതിന്റെ ഫലത്തില്‍ ആശയും നിരാശയും ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് വാള്‍മുനയില്‍ നടക്കുന്നതുപോലെയാണ്. പക്ഷെ ആ കൗശലം സ്വായത്തമാക്കിയാലേ കര്‍മയോഗം കൈവരൂ. യോഗ എല്ലാവര്‍ക്കും വേണ്ടിയാണ് എന്നതാണ് ചുരുക്കം...janmabhumi

No comments:

Post a Comment