Tuesday, June 26, 2018

ചിലർ  ശങ്കര ഭഗവദ് പാദരുടേയും ചണ്ഡാലൻറെയും തമ്മിലുണ്ടായ സംഭാഷണത്തിന്റെ കഥ കേട്ടിട്ടുണ്ടാവും. ആദി ശങ്കരാചാര്യർക്ക് താൻ ബ്രാഹ്മണൻ ആണെന്നുള്ള അഹങ്കാരം ഉണ്ടായിരുന്നുവെന്നും, മുൻപിൽ നിൽക്കുന്ന, വൃത്തിലേശം ഇല്ലാത്ത ശ്വപചനായ, പട്ടിയെ വേവിച്ചുതിന്നുന്ന, ശവം ദഹിപ്പിക്കുന്ന ജോലിചെയ്യുന്നയാൾ, തൻറെ ശരീരത്തിൽ മുട്ടിയാൽ കാശിവിശ്വനാഥക്ഷേത്രത്തിലേക്ക് പോകുന്ന തൻറെ ശരീരം അശുദ്ധമാകുമെന്നുള്ള ധാരണ ഉണ്ടായിരുന്നു എന്നും, അതിനാൽ അദ്ദേഹത്തിൻറെ ജാതിചിന്തയും അഹങ്കാരം തുടച്ചുനീക്കുവാനായിട്ടാണ് സാക്ഷാൽ പരമശിവൻ ചണ്ഡാലവേഷത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നൊക്കെയാണ് .

ശങ്കര ഭഗവദ് പാദർ സാക്ഷാൽ ശങ്കര ഭഗവാൻറെ അവതാരം തന്നെ. അല്ലെങ്കിൽ 8 വയസ്സിനുള്ളിൽ സകല വേദങ്ങളും ഹൃദിസ്ഥമാക്കുവാനും 12 വയസ്സോടെ സകല ശാസ്ത്രങ്ങളും പുരാണങ്ങളും ഉപപുരാണങ്ങളും പഠിച്ചുതീർക്കുവാനും 16 വയസ്സിൽ ഭാഷ്യങ്ങൾ രചിക്കുവാനും 32 വയസ്സോടെ മുനിയായി ഈ സംസാരത്തിൽ നിന്ന് കടന്നുപോകുവാനോ കഴിയുമായിരുന്നില്ല.
തനിക്ക് ഒരു തെറ്റുപറ്റി എന്ന രീതിയിലുള്ള കൃതി ശങ്കരഭഗവദ്‌ പാദരുടെ ക്ഷമാപണം സ്തോത്രത്തിലും നമുക്ക് കാണുവാൻ കഴിയും. അത് നമ്മളെ ഉദ്ബോധിപ്പിക്കുവാനുള്ള ഒരു മാർഗ്ഗം മാത്രമാണ്, കവിയുടെ ഭാവനയാണത്.
എത്രയോ ചിത്തശുദ്ധിയുള്ള മഹാത്മാവായിരിക്കണം ഭഗവാനെ ദർശിക്കാനും ചണ്ഡാലവേഷത്തിൽ വന്നിട്ടും ചോദ്യങ്ങൾ കേട്ടതും ആരാണ് വന്നിരിക്കുന്നത് എന്ന് തിരിച്ചറിയുവാനും കഴിഞ്ഞത്! (നമ്മുടെ മുൻപിലാണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടതെങ്കിൽ നമ്മുടെ സംശയങ്ങൾ തീരില്ല, ആദ്യം മനസ്സിൽ തോന്നുന്നത് പത്രത്തിൽ ഈയിടെ വായിക്കാറുള്ളപോലെ വല്ല തട്ടിപ്പും ആയിരിക്കുമോ എന്നായിരിക്കും. ഭഗവാനെ തിരിച്ചറിയുവാനുള്ള ചിത്തശുദ്ധിയോ ശാസ്ത്രത്തിലോ ഗുരുവാക്യത്തിലോ ശ്രദ്ധയോ നമുക്ക് വേണ്ടത്രയില്ലതന്നെ).
വാസ്തവത്തിൽ മഹാത്മാക്കളുടെ ചെയ്തികൾ നമുക്ക് മനസ്സിലാക്കാവുന്ന തലത്തിൽ നിന്നും വളരെ ഉയരത്തിലാണ്. ഇങ്ങനെയൊരു കഥ നടന്നിട്ടുണ്ടെങ്കിൽ തന്നെ ശങ്കര ഭഗവദ് പാദരുടെ അത് നമ്മളെപ്പോലുള്ളവരോടുള്ള കാരുണ്യം കൊണ്ട് മാത്രമാണ്. വെറും അഞ്ചു ശ്ലോകങ്ങളിലൂടെ സർവവേദാന്ത സാരങ്ങളായ മഹാവാക്യങ്ങളുടെ സാരവും അതും ദൃഷ്ടാന്തസഹിതം, പരമഗുരുവായ സാക്ഷാൽ പരമശിവൻറെ ഗുണഗണങ്ങളും വർണ്ണിക്കുവാൻ കഴിയുമായിരുന്നോ ..ഗുരുവിനു പ്രണാമം...vnaja ravi nair

No comments:

Post a Comment