ഭക്തന്മാരുടെ വാക്കുകളെ സത്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുമ്പോഴും അതിനുള്ള ബദ്ധപ്പാടുകളൊന്നും മഹാവിഷ്ണുവിന്റെ മുഖത്തില്ല. ഭഗവാന്‍ ശുദ്ധസത്വസ്വരൂപമാണ്. ഇക്കാര്യത്തില്‍ പല വട്ടം വൈകുണ്ഠം കണ്ട ബ്രഹ്മദേവന്‍ തന്നെ സാക്ഷി.
പ്രവര്‍ത്തതേ യത്ര രജസ്തമയോഃ
സത്വം ചമിശ്രം ന ച കാലവിക്രമഃ
നയത്ര മായാ കിമുതാപരേ ഹരേ-
രനുവ്രതാ യത്ര സുരാസുരാര്‍ചിതഃ
കാരണം ശ്രീവൈകുണ്ഠത്തില്‍ രജോഗുണത്തിന്റെയോ തമോഗുണത്തിന്റെയോ സ്വാധീനം ഏല്‍ക്കുന്നില്ല. ഭഗവാന്‍ ഗുണാതീതനായ നിര്‍ഗുണ പരബ്രഹ്മമാണ്. അതിനാല്‍ കാലപരിണാമങ്ങളൊന്നും അവിടെ ഫലിക്കുന്നില്ല. സുരാസുരന്മാരാല്‍ പോലും ബഹുമാനിക്കപ്പെടുന്ന ഹരിപാര്‍ഷദന്മാരാണ് അവിടെ വിഹരിക്കുന്നത്.
അതിനാല്‍ വൈകുണ്ഠത്തില്‍ ശുദ്ധസത്വസ്വരൂപത്തിനാണ് സ്ഥാനം. അവിടെയുള്ളവരെല്ലാം നിര്‍മല ശ്യാമവര്‍ണന്മാര്‍.എല്ലാവരും പങ്കജനേത്രന്മാര്‍ സകലരും മഞ്ഞപ്പട്ടുടുത്തിരിക്കുന്നു. എല്ലാവരുംതന്നെ നാലുകൈകളുള്ളവര്‍. വൈകുണ്ഠത്തില്‍ ഭഗവാന്റെ പാദപത്മങ്ങളിലും തുടകൡലുമെല്ലാം സാക്ഷാല്‍ ശ്രീഭഗവതി തന്നെ പൂജ നടത്തിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കു മന്ത്രജപമാകാമോ പൂജകള്‍ ആകാമോ ഇത്യാദി ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി.
ശ്രീര്യത്രരൂപിണ്യുരുഗായ പാദയോഃ
കരോതി മാനം ബഹുധാ വിഭുതിഭിഃ
പക്ഷികളും മറ്റും ശ്രീഭഗവതിയെ സ്തുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീഭഗവതി വിഷ്്ണുവിനെ പൂജിക്കുന്നു.
ദദര്‍ശ തത്രാഖില സാത്വതാം പതിം
ശ്രിയഃ പതിം യജ്ഞപതിം ജഗത്പതിം
എല്ലാ സാത്വികന്മാര്‍ക്കും നാഥനായ, യജ്ഞേശ്വരനായ, ജഗതീശ്വരനായ ശ്രീപതിയെ ബ്രഹ്മാവ് അവിടെ കണ്ടു.
ആ ശ്രീനാഥനെക്കണ്ട് ആഹ്ലാദം നിറഞ്ഞ ചിത്തത്തോടെ ആ സൃഷ്ടാവ് ആനന്ദ ഹര്‍ഷത്താല്‍ പുളകിതഗാത്രനായി. പ്രേമഭാരത്താല്‍ കണ്ണീരണിഞ്ഞ് ആ ഭഗവാനെ നമസ്‌കരിച്ചു. അഹങ്കാരം വരാതിരിക്കാനും ജ്ഞാനത്തിനും ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. ഹേ, ഭഗവന്‍, എന്റെ സൃഷ്ടികര്‍മങ്ങളെല്ലാം അങ്ങയ്ക്കുള്ള സേവയായിത്തീരണമേ.
ബ്രഹ്മദേവന്റെ അപേക്ഷ തന്നെ എല്ലാവര്‍ക്കും വേണ്ടിയാണ്. എല്ലാവരും ഇതേ അപേക്ഷ തന്നെയാണ് ഭഗവാനോട് ഉന്നയിക്കുന്നതെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഭഗവദര്‍ച്ചനയായിത്തീരുമായിരുന്നു.
ഭഗവാന്‍ മഹാവിഷ്ണുന്റെ അനുഗ്രഹവും എല്ലാവര്‍ക്കും കൂടി വേണ്ടിയാണ്. ഭഗവാന്‍ മഹാവിഷ്ണു അനുഗ്രഹബുദ്ധിയോടെ മറുപടി നല്‍കി.
ജ്ഞാനം പരമഗുഹ്യം മേ
യദ് വിജ്ഞാനസമന്വിതം
സരഹസ്യം തദംഗം ച
ഗ്രഹാണ ഗദിതം മയാ
പരമരഹസ്യമായ അജ്ഞാനത്തെ, എല്ലാ വിജ്ഞാനങ്ങളോടും കൂടി ഞാന്‍ പറഞ്ഞുതരാം. അതിന്റെ അവാന്തര ഭാഗങ്ങളുമടക്കം ഞാന്‍ പറയുന്ന എല്ലാ കാര്യങ്ങളെയും താങ്കള്‍ ഗ്രഹിച്ചാലും. നിനക്കു ഞാന്‍ ആത്മജ്ഞാനം പകര്‍ന്നുതരാം. അതോടൊപ്പം വിജ്ഞാനവും (വിവേചനജ്ഞാനം) നല്‍കാം. അതിന്റെ വേദാംഗങ്ങളെയും ഗുഹ്യാര്‍ത്ഥസഹിതം പറഞ്ഞുതരാം. ഞാന്‍ പറയുന്നതു ശ്രദ്ധിച്ചാലും. ഇതു രഹസ്യമായതിനാല്‍ത്തന്നെ എല്ലാവരില്‍ നിന്നും ലഭിക്കുന്നതല്ലെന്നും മനസ്സിലാക്കുക.
ഇതില്‍ ജ്ഞാനവും വിജ്ഞാനവും തമ്മില്‍ വ്യത്യാസമുണ്ട്. ജ്ഞാനം അറിവാണെങ്കില്‍ വിജ്ഞാനം വിശേഷപ്പെട്ട ജ്ഞാനവും വിവേചിച്ചറിയാനുള്ള ജ്ഞാനവുമാണ്.
എ.പി. ജയശങ്കര്‍
No comments:
Post a Comment