Monday, June 11, 2018

ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെയുള്ള പരിണാമത്തിന്റെ ഫലമാണ് മനുഷ്യന്റെ ഇന്നുകാണുന്ന ശാരീരിക-മാനസിക വികാസം. ശാരീരികപരിണാമത്തിന് വേഗത വളരെ കുറവാണ്. എന്നാല്‍ മാനസികപുരോഗതി അങ്ങനെയല്ല. ചില യുഗസന്ധികളില്‍ അത് അതിവേഗമാര്‍ജ്ജിക്കും. ചിലപ്പോള്‍ കുറേക്കാലം മന്ദഗതിയായി തുടരും.  മറ്റു ചിലപ്പോള്‍ അതല്‍പം അധോഗതി പ്രാപിക്കുകയും ചെയ്യും.  യാന്ത്രിക -വ്യവസായ-ഇലക്ട്രോണിക്-കമ്പ്യൂട്ടര്‍ യുഗത്തിനു മുമ്പുവരെ  മാനസികശേഷി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാനവികസനമാണ് നടന്നത്. മസ്തിഷ്‌കത്തിന്റെ ശരീരബാഹ്യപരിപൂരകമായി കമ്പ്യൂട്ടര്‍ സഹവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ മനുഷ്യന്‍ സ്വന്തം മസ്തിഷ്‌ക ക്ഷമത ഉപയോഗപ്പെടുത്തുന്ന കാര്യത്തിലും വികസിപ്പിക്കുന്ന കാര്യത്തിലും ചെറുതല്ലാത്ത അലംഭാവം പുലര്‍ത്തുവാന്‍ ആരംഭിച്ചു. സാഹിത്യം, ഗണിതം, ബ്രഹ്മാണ്ഡവിജ്ഞാനം എന്നീ വിഷയങ്ങളില്‍ മേധാശക്തി കൊണ്ട് ഇന്ദ്രജാലം കാണിച്ചിരുന്നവര്‍ ഇന്ന് പഴങ്കഥകളായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ മനുഷ്യവംശത്തിന്റെ ഇനിയുണ്ടാകാന്‍ പോകുന്ന പുരോഗതി ഉപകരണങ്ങളോടൊപ്പം മസ്തിഷ്‌കശേഷിയെക്കൂടി പരമാവധി വികസിപ്പിച്ച് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും. മടിപിടിച്ചിരിക്കുന്ന മനുഷ്യമനീഷയെ പതിന്മടങ്ങു കരുത്തോടെ ഉണര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു എന്നതാണ് ഇന്നത്തെ വെല്ലുവിളി. ഇവിടെ വിജയിക്കണമെങ്കില്‍  ആദ്യംതന്നെ വേണ്ടത്  ശരിയായ മാനസിക ആരോഗ്യമാണ്. ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തില്‍ അതിനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍ ശരീരത്തിന്റെ ശുദ്ധീകരണവും പോഷണവുമാണ്. അനേകതലത്തിലും തരത്തിലുമുള്ള മലിനാവസ്ഥകളും പോഷണാഭാവങ്ങളുമാണ് അസുഖങ്ങളുടെ മൂലകാരണം. ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തില്‍ ഈ ലളിതമായ തത്ത്വത്തിന്റെ വിശദവും സമഗ്രവുമായ പഠനങ്ങളും പ്രയോഗങ്ങളുമാണുള്ളത്. ശരീരത്തെ സംബന്ധിച്ചിടത്തോളം പോഷണക്രിയകള്‍ക്കു മുന്നോടിയായുള്ള ശുദ്ധീകരണം ഏറ്റവും ലഘുവായിട്ടെങ്കിലും നിര്‍ബന്ധമാണ്. എന്നാല്‍ ശരീരജന്യമല്ലാത്ത മാനസികദോഷങ്ങളുടെ കാര്യത്തില്‍ പോഷണം തന്നെയാണ് ശുദ്ധീകരണം. മനസ്സിന്റെ നല്ലഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതനുസരിച്ച് ദോഷങ്ങള്‍ സ്വയം ഒഴിവായിക്കൊള്ളും എന്നതാണതിനു കാരണം. ‘'എന്റെ മോന് നല്ല ബുദ്ധി തോന്നണേ'’ എന്നായിരിക്കും പ്രാര്‍ത്ഥന. ചീത്തബുദ്ധി പോകണേ എന്ന് പ്രാര്‍ത്ഥിക്കേണ്ടതില്ല. ദുര്‍ബുദ്ധി എന്നത് ബുദ്ധിയുടെ അഭാവമാണ്. നന്മയ്ക്കാണു വെളിച്ചമുള്ളത്. തിന്മയ്ക്ക് അതില്ല. അത് ഇരുട്ടുതന്നെയാണ്. വെളിച്ചം പരത്തുന്ന വിളക്കുകളേയുള്ളൂ. ഇരുട്ടു പരത്തുന്ന വിളക്കുകളില്ല. വെളിച്ചം വരുമ്പോള്‍ ഇരുട്ടു തനിയെ പൊയ്‌ക്കൊള്ളും. ശരീരത്തെ സംബന്ധിച്ചിടത്തോളം പോഷണത്തിനു പരിധിയുണ്ട്. അധികമായാല്‍ അമൃതും വിഷം എന്നതാണവിടെ പ്രമാണം. ശരീരത്തിന്റെ വളര്‍ച്ചയ്ക്കുപരിധിയുള്ളതാണതിനുകാരണം. എന്നാല്‍ മനസ്സിന്റെ വളര്‍ച്ചയ്ക്ക് പരിധി ഇല്ല. ഈ കാരണങ്ങളാലാണ് മാനസികദോഷങ്ങളകറ്റി സ്വസ്ഥത വീണ്ടെടുക്കുന്നതിന്പ്രത്യേകം ശുദ്ധീകരണക്രിയകള്‍ പറയാതെ മനസ്സിനു പോഷണകരമായ കാര്യങ്ങള്‍ മാത്രം പറയുന്നത്. ധീ(ബുദ്ധി), ധൈര്യം, ആത്മാദിവിജ്ഞാനം എന്നിവയാണ് മനോദോഷങ്ങള്‍ക്ക് മാനസികതലത്തില്‍ത്തന്നെയുള്ള പോഷണ ഔഷധങ്ങള്‍. “'ധീധൈര്യാത്മാദിവിജ്ഞാനം മനോദോഷൗഷധംപരം'”. എന്നാണ് അഷ്ടാംഗഹൃദയവാക്യം. ഈ മൂന്നുകാര്യങ്ങള്‍ എന്താണെന്നും അവയിലൂടെ മാനസികപുരോഗതി നേടുന്നതെങ്ങനെയെന്നും പരിശോധിക്കാം. മനസ്സിന്റെ മൂന്നുകഴിവുകളാണ് ധാരണാശേഷി, ഓര്‍മശക്തി, ബുദ്ധി എന്നിവ. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവാണ്-കാര്യഗ്രഹണശേഷിയാണ് ധാരണ.  മനസ്സിലാക്കിയ കാര്യങ്ങള്‍ വിട്ടുപോകാതെ സൂക്ഷിക്കുന്നതിനുള്ള ശേഷിയാണ് ഓര്‍മ ശക്തി അഥവാ സ്മൃതി. ഓര്‍മ്മയിലുള്ള കാര്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി ചിന്തിച്ചോ ചിന്തിയ്ക്കാതെതന്നെയോ പുതിയ നിഗമനങ്ങളിലും നിശ്ചയങ്ങളിലും എത്തിച്ചേരുന്നതിനുള്ള കഴിവാണ് ബുദ്ധി അഥവാ ‘ധീ’. എന്നാല്‍ ഈ മൂന്നു കഴിവുകളെയും ഒന്നിച്ചു സൂചിപ്പിയ്ക്കുന്നതിനും ബുദ്ധി എന്ന പദത്തെ ഉപയോഗിക്കാറുണ്ട്. ധാരണാ സ്മൃതികളുടെ തുടര്‍ച്ചയായ അന്തിമഫലം തന്നെയാണ് ബുദ്ധി. അത് മസ്തിഷ്‌കത്തിന്റെ ഉപയോഗക്ഷമമായ ഇടങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ധാരണാശേഷിയെയും സ്മൃതിയെയും വീണ്ടും വീണ്ടും മെച്ചപ്പെടുത്തുന്നു. അങ്ങനെ ഇവ മൂന്നും പരസ്പരം അനന്തമായി പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. മസ്തിഷ്‌കത്തെ ഒരു വൃത്തമായും അതില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള അറിവുകളെ വൃത്തപരിധിയിലെ ബിന്ദുക്കളായും സങ്കല്‍പ്പിക്കുക. ഈ ഓരോബിന്ദുക്കളെയും പരസ്പരം യോജിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായും സങ്കല്‍പ്പിക്കുക. അങ്ങനെ ബന്ധപ്പെടുത്തി വരയ്ക്കാവുന്ന രേഖകളുടെ എണ്ണം മനുഷ്യമസ്തിഷ്‌കത്തിന്റെ കാര്യത്തില്‍ തിട്ടപ്പെടുത്താനാകാത്തവിധം അനന്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതു പ്രപഞ്ചത്തിലെ മൊത്തം പരമാണുക്കളുടെ എണ്ണത്തിന്റെ നൂറുമടങ്ങാണെന്ന് പറയുമ്പോള്‍ അതുവിശ്വസിയ്ക്കാന്‍ പ്രയാസം തന്നെയാണ്. പക്ഷേ വിശ്വസിച്ചേമതിയാകൂ. ഈ ബന്ധരേഖകളുടെ രചനാശേഷിയാണ് ബുദ്ധി എന്നതിനാല്‍ മനുഷ്യബുദ്ധിവികാസത്തിന് പരിധി കല്‍പ്പിക്കാനാവില്ല. ലോകം മുഴുവനും ഇന്ന് ഇതറിഞ്ഞ് അംഗീകരിച്ച് ആ തലത്തിലേക്ക് മസ്തിഷ്‌കശേഷിയെ ഉണര്‍ത്തിയുയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മനുഷ്യവംശത്തിന്റെ ഇനിയുള്ള പുരോഗതി ഇത്തരത്തില്‍ പരിണമിച്ച മഹാമസതിഷ്‌കങ്ങളെ ആശ്രയിച്ചായിരിക്കും. വിപ്ലവകരമായ ആ ബൗദ്ധികവിസ്‌ഫോടനത്തില്‍ പങ്കുചേര്‍ന്ന് സ്വയം വളര്‍ന്നുയരാന്‍ തയ്യാറാകാത്ത വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുതന്നെയും സമീപഭാവിയില്‍ത്തന്നെ ഈ ഭൂമിയിലെ അതിജീവനശേഷി നഷ്ടപ്പെടും. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിജ്ഞാന വിനിമയത്തോടൊപ്പം ധാരണ, സ്മൃതി, ബുദ്ധി എന്നീ മാനസിക ശേഷികളെ വികസിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതിനുള്ള സാമാന്യമായ മാര്‍ഗ്ഗങ്ങള്‍ പലതും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലും ഇല്ലാതില്ല. പക്ഷേ പോരാ; തീവ്രപരിശീലനമാണ് കാലം ആവശ്യപ്പെടുന്നത്. പഠനത്തോടൊപ്പം കലകളും കളികളും ഈ വഴിയ്ക്ക് ഉപയോഗപ്പെടുത്താം. ശ്രദ്ധയോടെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള അതിവേഗത്തിലുള്ള വായന ധാരണാശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ആഴത്തില്‍, കൂടുതല്‍ സമയം തുടര്‍ച്ചയായി വായിച്ചു പഠിയ്ക്കുന്നതിനുള്ള കഴിവ് ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കാന്‍ ശ്രമിയ്ക്കുന്നതിലൂടെ  കാലക്രമേണ ധാരണാശേഷി വര്‍ദ്ധിച്ചുവരും. ബാല്യത്തില്‍ അക്ഷരാഭ്യാസം തുടങ്ങുമ്പോള്‍ ഓരോരോ അക്ഷരമായാണ് വായിക്കുന്നത്. പിന്നീട് ഒറ്റനോട്ടത്തില്‍ ഒരു വാക്കുമുഴുവനും തിരിച്ചറിയുന്ന അവസ്ഥയാകും. മുന്‍പറഞ്ഞവിധത്തില്‍ വായനാശീലം തുടരുന്നതായാല്‍ ഒറ്റനോട്ടത്തില്‍ പൂര്‍ണ്ണവാക്യവും ക്രമത്തില്‍ ഒരു പൂര്‍ണ്ണഖണ്ഡിക അവസാനം ഒരു മുഴുവന്‍ പേജ് എന്നിങ്ങനെ ധാരണയുടെ വേഗം വര്‍ദ്ധിപ്പിക്കാനാകും വിധം വികസനക്ഷമമാണ് നമ്മുടെ മസ്തിഷ്‌കശേഷി. അക്ഷരരൂപത്തിലല്ലാത്ത ആശയങ്ങളുടെ വായനയാണ് നിരീക്ഷണം. ചിത്രങ്ങള്‍, സജീവദൃശ്യങ്ങള്‍ എന്നിവ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ശീലത്തിലൂടെ ധാരണാശേഷിയെ മെച്ചപ്പെടുത്താം. നേത്രത്തിലൂടെ മാത്രമല്ല എല്ലാ ഇന്ദ്രിയങ്ങളിലൂടെയും അറിവുകളെ പരസ്പരം ബന്ധപ്പെടുത്തി ശ്രദ്ധയോടെ മനസ്സിലാക്കുന്നശീലം വികസിപ്പിക്കണം. ഒരു വിഷയം തന്നെ കൂടുതല്‍ സമയം തുടര്‍ച്ചയായി പഠിക്കാനുള്ള കഴിവിനെ പിരീഡുകള്‍തോറുമുള്ള മണിയടികൊണ്ട് ഇല്ലാതാക്കുന്ന വിദ്യാഭ്യാസരീതിയാണ് ഇന്ന് നിലവിലുള്ളത്. ഇത് ആഴത്തിലുള്ള, ഏകാഗ്രമായ ചിന്തയോടുകൂടിയുള്ള പഠനത്തെ നിരുത്സാഹപ്പെടുത്തുന്നു. പക്ഷെ ഒരേവിഷയം ദീര്‍ഘനേരം പഠിപ്പിക്കുന്ന സമ്പ്രദായം പ്രാവര്‍ത്തികമാക്കുന്നതിന് അദ്ധ്യാപക പരിശീലനത്തില്‍ മാറ്റം വരുത്തേണ്ടതായിവരും. കുട്ടികളുടെ വാസനകളെ (വൊക്കേഷന്‍) തിരിച്ചറിയുന്നതിന്  ഈ സമ്പ്രദായം സഹായകരമാകും. ഏതുവിഷയമാണോ ഒരു വിദ്യാര്‍ത്ഥി ലേശവും മുഷിവു പ്രകടിപ്പിയ്ക്കാതെ ദീര്‍ഘനേരം ഫലപ്രദമായി അഭ്യസിക്കാന്‍ തയ്യാറാകുന്നത്. ആ വിഷയത്തിലായിരിക്കും ആ വിദ്യാര്‍ത്ഥിക്ക് വാസന. വാസനകളെ എത്രയും നേരത്തേതന്നെ തിരിച്ചറിഞ്ഞ് ഓരോ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസകാലത്തുതന്നെ പ്രത്യേകം പരിഗണന നല്‍കേണ്ടതാണ്.ധാരണാശേഷിയുടെ കാര്യത്തില്‍ മാത്രമല്ല ഓര്‍മയുടെയും ബുദ്ധിയുടെയും കാര്യത്തിലും വാസന പ്രസക്തമാണ്. ധാരണാശേഷികൊണ്ട് മനസിലെത്തിയ കാര്യങ്ങളില്‍ നിന്നും നമുക്കാവശ്യമുള്ളവയെ തിരിച്ചറിയുന്നതോടെയാണ് സ്മൃതിയുടെ ജോലി ആരംഭിക്കുന്നത്. ഒരു കാര്യം ഓര്‍മയില്‍ സൂക്ഷിക്കുവാനുള്ള ശ്രമം നടത്തുമ്പോള്‍ ആ കാര്യം മനസ്സില്‍ പതിയുന്നതോടൊപ്പം നമ്മുടെ ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നു. ആവര്‍ത്തനത്തിലൂടെയാണ് ആശയങ്ങള്‍ മനസ്സില്‍ പതിയുന്നത്. വിദ്യാഭ്യാസമെന്ന പദത്തിലെ അഭ്യാസത്തിന് ആവര്‍ത്തനമെന്നാണര്‍ത്ഥം. പലവിധ ഗവേഷണങ്ങളിലൂടെ ഈ ആവര്‍ത്തനത്തിന് യോജ്യമായ ഫലപ്രദമായ ഇടവേളകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം പഠിച്ചത് അന്നുതന്നെ പിന്നീടെപ്പോഴെങ്കിലും ഒരിക്കല്‍ക്കൂടി പഠിക്കുക. പിന്നീട് തൊട്ടടുത്ത ദിവസം; പിന്നെ ഒരാഴ്ച കഴിഞ്ഞ്; ഒരുമാസത്തിനുശേഷം; ആറുമാസം കഴിയുമ്പോള്‍; അവസാനമായി ഒരു വര്‍ഷം തികയുമ്പോള്‍ എന്നിങ്ങനെയുള്ള ഇടവേളകളില്‍ മനസ്സിരുത്തി മനസ്സിലുറപ്പിക്കുന്ന കാര്യങ്ങള്‍ ദീര്‍ഘകാലസ്മരണയിലേക്ക് സ്ഥിരപ്രതിഷ്ഠിതമാകും. ഒരു പാഠഭാഗം ആദ്യം പഠിക്കുന്ന ദിവസംതന്നെ അതിന്റെ താളുകളില്‍ തുടര്‍ന്ന് ആവര്‍ത്തിച്ചുപഠിക്കേണ്ട ദിവസങ്ങള്‍ വ്യക്തമായി അടയാളപ്പെടുത്തുക. കാണാപ്പാഠം പഠിക്കേണ്ട കാര്യങ്ങള്‍ മുന്‍പറഞ്ഞ എല്ലാ ആവര്‍ത്തനങ്ങളിലും കാണാപ്പാഠം തന്നെ പഠിക്കണം. ഒരു കവിതയുടെ അര്‍ത്ഥം, വൃത്തം, സൗന്ദര്യം എന്നിവ മനസ്സിലാക്കുന്നതിന് അത് മനപ്പാഠമാക്കേണ്ടതില്ല. കാണാപ്പാഠം പഠിയ്ക്കുന്ന ശീലം  പൊതുവായ ഓര്‍മ്മശക്തി  വര്‍ദ്ധിക്കുന്നതിന് സഹായകരമാണ്. അതിനു വേണ്ടിത്തന്നെയാണ് കാണാപ്പാഠം പഠിക്കേണ്ട ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പഠനകാലത്തേതുപോലെ കാണാതെ പഠിക്കുന്ന ശീലം മുതിരുമ്പോഴും തുടര്‍ന്നില്ലെങ്കില്‍ ഓര്‍മശക്തി കുറയുന്നതിനെച്ചൊല്ലി പരാതി പറഞ്ഞിട്ടുകാര്യമില്ല. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിന് പല ആധുനിക മാര്‍ഗ്ഗങ്ങളും പ്രചാരത്തിലുണ്ട്. ഒന്നിനുപുറമെ ഒന്നായി വരുന്നകാര്യങ്ങളെ സംഖ്യാനാമങ്ങളുമായി ബന്ധപ്പെടുത്തി ഓര്‍മയില്‍ സൂക്ഷിക്കുന്നതാണ് ഒരു രീതി. ഒരുവിഷയത്തിലെ ആശയങ്ങള്‍ ഒന്നിന് പുറകെ ഒന്നായി മനസ്സില്‍ അടുക്കുന്നതിനുപകരം പ്രധാനവിഷയത്തെ ഒരുവൃക്ഷത്തിന്റെ തായ്ത്തടിയായും അതില്‍നിന്നും ശാഖകളും ചില്ലകളും ഇലകളും പൂവും കായും ഉണ്ടാകുന്നതുപോലെ അനുബന്ധ വിഷയങ്ങളെയും ക്രമീകരിച്ച് ഓര്‍ത്തുവയ്ക്കുന്നതാണ് കൂടുതല്‍ എളുപ്പം. മസ്തിഷ്‌കത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനരീതിയുമായി പൊരുത്തപ്പെട്ടുപോകുന്നതിനാലാണ് ഇത് കൂടുതല്‍ അനായാസമായിത്തീരുന്നത്. ഇത്തരം പരിശീലനങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. janmabhumi

No comments:

Post a Comment