Monday, June 25, 2018

തന്ത്രം- നാടോടിയും നായാടിയും ഫലമൂലാദികള്‍ ശേഖരിച്ചും ജീവിച്ചുപോന്നിരുന്ന പൂര്‍വികഹിന്ദുക്കളുടെ ആ അതിപ്രാചീനകാലഘട്ടത്തിലെ ചിന്താധാരകളേയും ആചാരാനുഷ്ഠാനങ്ങളേയും, കാലക്രമത്തില്‍ പിന്‍തലമുറക്കാര്‍, ജീവിതത്തേയും ചുറ്റുപാടുകളേയും കുറിച്ചുള്ള അറിവുകള്‍ കൂടി വന്നതനുസരിച്ചു, കൂടുതല്‍ കൂടുതല്‍ പരിഷ്‌കരിക്കുകയാണല്ലോ ഇവിടെ ചെയ്തുവന്നത്. ഇത് ഹിന്ദുസമൂഹത്തിന്റെ പ്രത്യേകതയായി സൂരേന്ദ്രനാഥ് ദാസ്ഗുപ്
ത (എ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യന്‍ ഫിലോസഫി) യും  ദേബീപ്രസാദ് ചട്ടോപാധ്യായ (ഇന്‍ഡ്യന്‍ ഫിലോസഫി എ പോപ്പുലര്‍ എഡിഷന്‍) യും ചൂണ്ടിക്കാണിച്ചതു നാം കണ്ടതാണ്. തത്വചിന്തയുടെ തലത്തിലെന്നപോലെ ആചാരാനുഷ്ഠാനങ്ങളുടെ തലത്തിലും ഈ പ്രത്യേകത ഇവിടെ കാണാം. അതുകൊണ്ട് സ്വാംശീകരിച്ചു, സ്വീകരിച്ചു, ഉള്‍ക്കൊണ്ടു എന്നെല്ലാം പറയുന്നതിനേക്കാള്‍ പരിഷ്‌കരിച്ചു നിലനിര്‍ത്തി എന്നു പറയുന്നതാവും കൂടുതല്‍ ശരി എന്നു തോന്നുന്നു.
  തന്മൂലം വൈദികവും അവൈദികവും ആയ ഏതു സമ്പ്രദായത്തിലും അതിപ്രാചീനകാലത്തെ ഗോത്രതലത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്നും തുടരുന്നതായി കാണാം. ചില പൂജാസമ്പ്രദായങ്ങളില്‍ അതിഥിസത്കാരം, ഭക്തി എന്നിവയുടെ കൂടെ മദ്യമാംസമീനങ്ങളുടെ ഉപയോഗവും കാണപ്പെടുന്നതിനു കാരണം മറ്റൊന്നല്ല. ശാക്തസമ്പ്രദായത്തിലെ വാമാചാരം എന്ന മകാരസാധനയുടെ കാര്യത്തിലും ഇതു ശരിയാണെന്നു കാണാന്‍ കഴിയും.
എന്‍. എന്‍. ഭട്ടാചാര്യ തന്റെ ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍ എന്ന പുസ്തകത്തിലെ ദി പ്രിമിറ്റീവ് സബ്‌സ്ട്‌റാറ്റം എന്ന അധ്യായത്തില്‍ വാമാചാരത്തിന്റെ വേരുകള്‍ അതിപ്രാചീനകാലത്തെ കൃഷിയും പ്രജനനവും ആയി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലാണെന്നു സമര്‍ത്ഥിക്കുന്നുï്. വാമാചാരത്തിലെ വാമാ എന്ന പദത്തിന് സ്ത്രീ എന്നാണ് അര്‍ത്ഥം. അതനുസരിച്ച് സ്ത്രീയുമായി ബന്ധപ്പെട്ട, സ്ത്രീക്കു മുഖ്യപങ്കാളിത്തമുള്ള ആചാരമാണത്രേ വാമാചാരം. 
ദേവീഭാഗവതം, പരാനന്ദസൂത്രം, ശക്തിസംഗമതന്ത്രം, കുലാര്‍ണ്ണവതന്ത്രം, കൗളാവലീനിര്‍ണ്ണയം എന്നീ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളുടെയും ആര്‍. ജി. ഭണ്ഡാര്‍ക്കര്‍, എം. എം. ബോസ് എന്നിവരുടെ നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ ശാക്തതന്ത്രസമ്പ്രദായത്തില്‍ സ്ത്രീയ്ക്കു നല്‍കപ്പെട്ട അത്യുന്നതമായ പദവിയെ വിവരിക്കുന്നു. തുടര്‍ന്ന് പഞ്ചതത്വം, ഖപുഷ്പം 
മുതലായവയാല്‍ കുലയോഗിനിയെ പൂജിക്കണം എന്നും സാധകന്‍ സ്ത്രീഭാവം പൂണ്ട് പരാരൂപിണിയെ ഭജിക്കണം (വാമാ ഭൂത്വാ യജേല്‍ പരാം) എന്നുമുള്ള ആചാരഭേദതന്ത്രത്തിലെ നിര്‍ദേശം ചൂണ്ടിക്കാണിക്കുന്നു.
തുടര്‍ന്ന് ദാസ്ഗുപ്ത, ബാഗ്ചി എന്നിവര്‍ നടത്തിയ ചര്യാഗീതങ്ങള്‍, ജയദ്രഥയാമളം, ഹേവജ്രതന്ത്രം, ഗുഹ്യസമാജതന്ത്രം (ഇവ രണ്ടും ബൗദ്ധതന്ത്രങ്ങള്‍ ആണ്), സമ്മോഹനതന്ത്രം എന്നിവയുടെ പഠനത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രങ്ങളില്‍ പ്രാധാന്യത്തോടെ വിവരിക്കുന്ന ഭൈരവികള്‍, യോഗിനികള്‍, രൂപികാ, ചുംബികാ എന്നീ ലാമാവര്‍ഗങ്ങള്‍, ശാകിനികള്‍, ഡാകിനികള്‍, രാകിനികള്‍, ലാകിനികള്‍, ഹാകിനികള്‍, വിദ്യകള്‍ എന്നീ ശക്തിസങ്കല്‍പങ്ങള്‍, പ്രജ്ഞാഭിഷേകം എന്ന ബൗദ്ധതന്ത്രത്തിലെ ദീക്ഷാചടങ്ങ് മുതലായവയെ ചൂണ്ടിക്കാണിച്ച് സ്ത്രീയ്ക്കു തന്ത്രത്തില്‍ കാണുന്ന ഗുരു ആകാനും പൗരോഹിത്യം വഹിക്കാനും വരെയുള്ള പ്രാമുഖ്യത്തിന് സാമൂഹ്യമായ ഒരു അടിസ്ഥാനം ഉണ്ടാകണം എന്നു പറയുന്നു. 
 സ്റ്റാര്‍ബക്ക്, ഫ്രേസര്‍, റോബര്‍ട്‌സണ്‍ സ്മിത്ത് തുടങ്ങിയവരെ ഉദ്ധരിച്ചുകൊണ്ട് മാതൃദായക്രമം എന്ന സാമൂഹ്യവ്യവസ്ഥിതിയില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള ആധികാരികപദവി കൈവരുന്നത് എന്നു സമര്‍ത്ഥിക്കുന്നു. സാംഖ്യസിദ്ധാന്തത്തില്‍ പുരുഷനു നല്‍കിയിരിക്കുന്ന താരതമ്യേന പ്രാധാന്യം കുറഞ്ഞ പങ്കിനും
 ( ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരാചാര്യരും- ഉദാസീനനായ പുരുഷന് പ്രധാനത്തെ അതായത് പ്രകൃതിയെ എങ്ങിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും (കഥം ച ഉദാസീന: പുരുഷ: പ്രധാനം പ്രവര്‍ത്തയേല്‍)- എന്നാരായുന്നുïല്ലോ) ഈ മാതൃദായക്രമം ആണെന്നു ചൂണ്ടിക്കാണിക്കുന്നു.
 സ്ത്രീക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യംനല്‍കുന്ന അത്തരം സമൂഹങ്ങള്‍ പുരാതനഭാരതത്തില്‍ ഉണ്ടായിരുന്നത്രേ. വടക്കു-പടിഞ്ഞാറ്, വടക്ക്-കിഴക്ക് അതിരുകളിലും തെക്ക് പാണ്ഡ്യദേശത്തും സ്ത്രീകള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ നിലവിലിരുന്നിരുന്നു. മെഗസ്തനീസ്, അറിയന്‍, പോളിയേനസ്, സോളിനസ്, ഹുയാന്‍ സാങ്ങ് എന്നീ വിദേശസഞ്ചാരികള്‍ ഇവയെ പരാമര്‍ശിക്കുന്നുണ്ട്. ഗരുഡപുരാണം, വിക്രമാങ്കദേവചരിതം, മഹാഭാരതം, വാത്സ്യായനന്റെ കാമശാസ്ത്രം തുടങ്ങിയവയിലും സ്ത്രീരാജ്യങ്ങളെ പറയുന്നുണ്ട് എന്നു ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. ബാരണ്‍ റോള്‍ഫ് ഏണ്‍ഫെല്‍സിന്റെ അഭിപ്രായത്തില്‍ മാതൃദായക്രമം ഭാരതത്തിലാണ് ഏറ്റവും കൂടുതല്‍ വ്യാപകവും ആഴമാര്‍ന്നതും. 
മേഘാലയത്തിലെ ഘാസികളുടെ ഇടയില്‍ ഇത്തരത്തിലുള്ള ക്രമമാണ് ഉള്ളത്. അവിടെ പുരോഹിതന്‍ (ലിങ്‌ദോ) പുരോഹിതയായ സ്ത്രീയുടെ സഹായി മാത്രമാണ്. വേïതരത്തില്‍ ബന്ധമുള്ള സ്ത്രീയെ സഹായത്തിനു കിട്ടിയില്ലെങ്കില്‍ അയാള്‍ പദവി ഒഴിയണമത്രേ. ഗാരോകള്‍ക്കിടയിലും വസ്തുവകകള്‍ക്ക് എല്ലാം അമ്മ വഴിക്കാണ് അവകാശം. അമ്പട്ടന്‍, അമ്പലവാസി, ചാക്കിയാര്‍, കുറവ, കുരുക്കള്‍, മലയരയന്‍, മറവന്‍, പാണന്‍, പരവന്‍, പുഷ്പകന്‍, പറയന്‍, പുലയന്‍, ഉള്ളാടന്‍, കമ്പാര, വാര്യര്‍, ഹോളെയാ, ബേഡര്‍ഡ, വെസ്താ, പെലവാ, വണ്ണാന്‍, ചെറുമന്‍, മന്നന്‍, ഗൗഡ, തീയന്‍, ബെഡിയ, ഹലബാ, കൈകരി, കുര്‍മി എന്നിങ്ങനെ നിരവധി ഹിന്ദുവിഭാഗങ്ങള്‍ മാതൃദായക്രമം പുലര്‍ത്തുന്നവരാണെന്നു ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു.
ഭാരതത്തില്‍ പണ്ടുമുതലേ ഗോത്രജീവിതത്തിന്റെ ഘടന ഈ മാതൃദായക്രമത്തില്‍ അധിഷ്ഠിതമായിരുന്നു എന്നും അതുകൊണ്ടാണ് സ്ത്രീപ്രധാനമായ ലോകവീക്ഷണം, ദേവന്മാരേക്കാള്‍ ദേവികള്‍ക്ക് മുന്‍തൂക്കമുള്ള, ശാക്തതന്ത്രം, കുമാരീപൂജാ എന്നിവ ഇവിടെ രൂഢമൂലമായത് എന്ന് ഭട്ടാചാര്യ സമര്‍ത്ഥിക്കുന്നു. കന്യാകുമാരീസങ്കല്പം, നേപ്പാളിലെ നേവാറുകളുടെ കുമാരിയെ വാഴിക്കല്‍ ചടങ്ങ് തുടങ്ങിയവയും ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗര്‍ഭധാരണവും മൈഥുനവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനും മുമ്പുള്ള കാലഘട്ടത്തിലാകണം മാതൃദായക്രമം ഉടലെടുത്തത് എന്ന് അദ്ദേഹം അനുമാനിക്കുന്നു. ഈ ദായക്രമം ഉള്ള ഇടങ്ങളിലെല്ലാം തന്നെ സ്ത്രീത്വത്തിനും മാതൃത്വത്തിനും ദൈവികത്വം കല്‍പ്പിച്ചുകൊണ്ടുള്ള മതങ്ങളും കാണപ്പെടുന്നു എന്ന ബാകോഫെന്റെ  അഭിപ്രായവും ഭട്ടാചാര്യ ഉദ്ധരിക്കുന്നുണ്ട്. 
(തുടരും..)
കെ.കെ.വാമനന്‍

No comments:

Post a Comment