Friday, June 29, 2018

സര്‍ഗ്ഗാദ്യാ മൃതജീവാനാം 
സര്‍വത്രൈവാംഗുലൈംഗുലൈ
അസംഖ്യാ: സന്ത്യസംഖ്യാനാമദൃശ്യാപ്രതിഘാമിഥ: 

ശുദ്ധജ്ഞാനദൃഷ്ടിയില്‍ നോക്കിയാല്‍ എല്ലാം ക്ഷണത്തില്‍ മനസ്സിലാവും എന്ന് ജ്ഞാനികള്‍ക്കറിയാം. 'ഞാന്‍ അജ്ഞാനി' എന്നൊരു ചിന്ത അനന്തബോധത്തില്‍ ഉണ്ടായതുമൂലമാണ് ലോകമെന്ന കാഴ്ച ഉരുത്തിരിഞ്ഞത്. വാസ്തവത്തില്‍ അജ്ഞാനത്തിന്റെയും സ്രോതസ്സ് അനന്തബോധം തന്നെയാകുന്നു. ആരുമിവിടെ മരിക്കുന്നില്ല, ജനിക്കുന്നുമില്ല. ഈ രണ്ടു ചിന്തകള്‍ ബോധത്തില്‍ ഉല്‍പ്പന്നമാവുന്നതിനാല്‍ അവയ്ക്ക് യാഥാര്‍ഥ്യത്തിന്റെ ഭാവം കൈവരുന്നുവെന്നു മാത്രം. മരണം എന്നൊരു പരിസമാപ്തി യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുവരികില്‍ അതെത്ര സന്തോഷകരമാണ്! എന്നാല്‍ മരിച്ച ഒരാളെ വീണ്ടും കാണാനാകുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണര്‍ഥം.
അതായത് മരണം എന്നൊന്നില്ല. അങ്ങനെയെങ്കില്‍ ജനനവും ഇല്ല. ബോധത്തിലെ സഞ്ചാരമാണ് ഈ രണ്ടു 'സംഭവങ്ങളും' സത്യമെന്ന് തോന്നിപ്പിക്കുന്നത്. അവ സത്യമെന്ന് നിരൂപിച്ചാല്‍ സത്യം; അല്ലെങ്കില്‍ അവ മിഥ്യ. അപ്പോള്‍ ചിന്തകള്‍ മാത്രമാണ് ഉണ്മ എന്ന് വരുന്നു. ബോധത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഏതെങ്കിലും ജീവിതമുണ്ടോ? ആ ശുദ്ധബോധത്തില്‍ ആകുലതകളോ മരണമോ ഇല്ല. അപ്പോള്‍പ്പിന്നെ ആരാണീ ദുഖമനുഭവിക്കുന്നത്? ആരാണ് മരണപ്പെടുന്നത്?
ദേഹവും പരംപൊരുളുമായുള്ള ബന്ധം ചുഴികള്‍ ജലധികള്‍ക്കെങ്ങനെയോ അങ്ങനെയാണ്.
കാഴ്ചകളെ ഒക്കെയും ചൂഴ്ന്നു നിലകൊള്ളുന്നത് ഉണ്മയാണ്. എന്നാല്‍ കാഴ്ചയെന്നത്, വെറും വിക്ഷേപമാണ്. അതില്‍ സത്യമായി ഒന്നുമില്ല. അതിനു സ്വയമൊരു നിലനില്‍പ്പുമില്ല. അവ തമ്മില്‍ യാതൊരു വിധത്തിലുള്ള വൈരുദ്ധ്യങ്ങളും ഇല്ല. എന്നാല്‍ ഇതേ ബോധമാണ് സൃഷ്ടികളില്‍ വൈരുദ്ധ്യമെന്ന തോന്നല്‍ ഉണ്ടാക്കുന്നത്. എത്ര വിസ്മയകരം!
ഈ ലോകമെന്ന വിക്ഷേപത്തെ അങ്ങനെതന്നെ സാക്ഷാത്ക്കരിച്ചാലും അങ്ങനെ അത് വെറും മിഥ്യയായ കാഴ്ച മാത്രമാണെന്ന് തിരിച്ചറിഞ്ഞാലും. അനന്തവും അവിഭാജ്യവുമായ ബോധം മാത്രമാണ് എല്ലായിടവും എല്ലാക്കാലത്തും ഉള്ളത്. അപ്പോള്‍പ്പിന്നെ നാനാത്വമോ ഏകത്വമോ എങ്ങനെയുണ്ടാകാനാണ്? ഇതില്‍ വൈരുദ്ധ്യമേതുമില്ല. അല്ലെങ്കില്‍ ഇതില്‍ വൈരുദ്ധ്യമില്ലായ്മയും ഇല്ല. സത്യം സാക്ഷാത്ക്കരിച്ചവര്‍ക്ക് പരംപൊരുളെന്നത് സത്തോ അസത്തോ അല്ലെന്നറിയാം. അതിനാലവര്‍ പരമനിശ്ശബ്ദതയായാണ് സത്യത്തെ സാക്ഷാത്ക്കരിക്കുന്നത്.
വിഷയപ്രപഞ്ചമായി കാണപ്പെടുന്നത് പരബ്രഹ്മമാണ്. പരബ്രഹ്മം പലപല സങ്കല്‍പ്പങ്ങള്‍ കൈക്കൊണ്ട് വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളായി പ്രഭാസിക്കുകയാണ്. എന്നാല്‍ ആ ബോധത്തില്‍ വിഭജനാത്മകതയുടെ ചിന്താലേശം പോലും ഇല്ലാത്തതിനാല്‍ 'കാണപ്പെട്ട' വൈവിദ്ധ്യ വിഷയങ്ങള്‍ വെറും മിഥ്യയാണ്.
''മരിച്ചുകഴിഞ്ഞ ജീവികളാല്‍ ആകാശം നിറഞ്ഞിരിക്കുന്നു. അനിനെയുള്ള ലോകങ്ങള്‍ അസംഖ്യമുണ്ട്. അവ ഗോചരമല്ലെങ്കിലും തന്നില്‍ വൈരുദ്ധ്യമേതും കൂടാതെ അവയെല്ലാം ഒന്നിച്ചു നിലകൊള്ളുന്നു.''
അവ പരസ്പരം കാണുന്നില്ല. ദൃഷ്ടി പ്രതീതിക്ക് പാത്രങ്ങളാവുന്ന പ്രപഞ്ചം വാസ്തവത്തില്‍ ശുദ്ധവിഹായസ്സാണ്. സ്വപ്‌നത്തില്‍ ഒരാള്‍ വിവിധ പദാര്‍ഥങ്ങളെ കാണുന്നതുപോലെ ബോധമാണ് എല്ലാറ്റിനെയും കാണുന്നത്. സ്വയം പ്രബുദ്ധമാണെങ്കിലും പ്രഭാതമാവുന്നതുവരെ ഇരുട്ട് തുടരുന്നതുപോലെ ബോധത്തില്‍ വിഷയങ്ങള്‍ കാഴ്ചകളായി തുടരുന്നു.
എന്നാല്‍ ലോകമെന്നത് സത്തോ അസത്തോ ആകട്ടെ സത്യം തെളിയുമ്പോള്‍ പരമപ്രശാന്തി അനുഭവപ്പെടും. അനുനിമിഷം കടലില്‍ തിരകളും മലരികളും ഉണ്ടായി മറയുന്നു. അതുപോലെ ബ്രഹ്മത്തില്‍ ലോകങ്ങള്‍ അനുനിമിഷം ഉണ്ടായി മറയുന്നു. ബ്രഹ്മം മാത്രമാണ് സത്യം. ജഗത്ത് മിഥ്യയാകുന്നു...jamabhumi

No comments:

Post a Comment