Wednesday, June 06, 2018

എന്നാല്‍ ഈ യോഗ്യതകള്‍തന്നെ ദുര്‍ജനങ്ങള്‍ക്ക് അഹങ്കാരം വര്‍ദ്ധിക്കാനും, തന്നേക്കാള്‍ ശ്രേഷ്ഠന്മാരെ കാണാനുള്ള വിനയം നഷ്ടപ്പെടാനും, പലപ്പോഴും കാരണമായിത്തീരാറുണ്ട്. ഇങ്ങനെയുള്ള അഹങ്കാരികളുടെ ഗൃഹങ്ങളിലേക്ക് ക്ഷണിച്ചാല്‍പോലും പോകാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. സ്വന്തം ഗൃഹത്തിലേക്കു വരുന്നവരെ ആ തരക്കാര്‍ വക്രദൃഷ്ടിയോടെ നോക്കും. ആ നോട്ടം കണ്ടില്ലെന്നു നടിച്ചുകൂടേ എന്നാണെങ്കില്‍ പിന്നീട് അവര്‍ കഠിനമായ വാക്കുകളെക്കൊണ്ടു നമ്മുടെ ഹൃദയം പിളര്‍ക്കും. ശത്രുവിന്റെ ബാണമേറ്റ് യുദ്ധക്കളത്തില്‍ വീണുപിടയുമ്പോള്‍ അനുഭവപ്പെടുന്ന വേദന, സഹിക്കാന്‍ സാധിച്ചു എന്നുവരാം. എന്നാല്‍ ദുര്‍ജനങ്ങളുടെ ദുര്‍വാക്കുകളെക്കൊണ്ടു ഹൃദയം പിളരുമ്പോളുണ്ടാവുന്ന വേദന താങ്ങാന്‍ കഴിയില്ല. ഭവതി ദക്ഷപ്രജാപതിയുടെ വാത്സല്യഭാജനമായ ഓമനപ്പുത്രിതന്നെ. പക്ഷെ ഇപ്പോള്‍ അവിടെച്ചെന്നാല്‍ സ്‌നേഹവും വാത്സല്യവുമല്ല. തിരസ്‌കാരവും അപമാനവും ആയിരിക്കും കിട്ടുക. സതി എന്നെ ഭര്‍ത്താവായി വരിച്ചതിനെപ്പറ്റിപ്പോലും ദക്ഷന്‍ ദുഃഖിതനാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും ദക്ഷന് എന്റെ നിലയിലേക്ക് (ആത്മാരാമാവസ്ഥയിലേക്ക്) ഉയരാന്‍ കഴിയുന്നില്ല. അതിനാലുള്ള അസൂയകൊണ്ടാണ് അദ്ദേഹം എന്നെ ദ്വേഷിക്കുന്നത്. വിഷ്ണുഭഗവാനെ അകാരണമായി അസുരന്മാര്‍ ദ്വേഷിക്കുന്നതുപോലെയാണത്. ദക്ഷനെതിരായി ഞാനൊന്നും ചെയ്തിട്ടില്ല. പ്രജാപതികളുടെ യാഗത്തില്‍വെച്ച് ഞാന്‍ അദ്ദേഹത്തെ എഴുന്നേറ്റു ബഹുമാനിച്ചില്ല എന്നതാണ് എനിക്കെതിരായ ആക്ഷേപം. മറ്റുള്ളവരെക്കണ്ടാല്‍ എഴുന്നേല്‍ക്കല്‍ തൊഴല്‍ അഭിവാദനം ചെയ്യല്‍ നമസ്‌കരിക്കല്‍ ഇവയെല്ലാം അന്തര്യാമിയായ ആത്മാവിനെ ഉദ്ദേശിച്ചാണ് ചെയ്യുന്നത്. അല്ലാതെ, ശരീരാഭിമാനികളെ പ്രീണിപ്പിക്കാന്‍ വേണ്ടിയല്ല. സത്വഗുണപ്രധാനമായ അന്തഃകരണത്തില്‍ പ്രതിഫലിപ്പിക്കുന്ന പരമാത്മ ചൈതന്യമാണ് വാസുദേവന്‍. ഇന്ദ്രിയജ്ഞാനത്തിന് അതീതനും, സര്‍വ്വേശ്വരനുമായ ഭഗവാന്‍ വാസുദേവനെ, ഞാനെപ്പോഴും മനസ്സുകൊണ്ട് നമസ്‌കരിക്കുന്നുണ്ട്. അങ്ങനെയുള്ള എനിക്ക് ദക്ഷനെ വണങ്ങേണ്ട ആവശ്യമില്ല. പ്രജാപതികളുടെ യാഗശാലയില്‍വെച്ച് എന്നെ നിന്ദിച്ച ദക്ഷനും അദ്ദേഹത്തിന്റെ അനുകൂലികളും എന്നെ വെറുതെ ദ്വേഷിക്കുന്നവരാണ്. അതിനാല്‍ ദക്ഷന്റെ യാഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഉചിതമല്ലെന്നാണ് എന്റെ ഉറച്ച അഭിപ്രായം. ഏതായാലും ഞാന്‍ വരുന്നില്ല. ഞാന്‍ പറയുന്നത് വിശ്വസിക്കാതെ യാഗത്തിനു ചെന്നാല്‍, ഭവതിക്ക് ക്ഷേമമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. സ്‌നേഹവാത്സല്യങ്ങളെ പ്രതീക്ഷിക്കുന്നവര്‍ക്ക് ബന്ധുക്കളില്‍ നിന്ന് നേരിടേണ്ടിവരുന്ന അപമാനം, മരണത്തിനുപോലും വഴിതെളിയിച്ചേക്കാം.
janmabhumi

No comments:

Post a Comment