Saturday, June 30, 2018

ആഗ്രഹങ്ങളാണ് ദുഃഖത്തിനു കാരണം എന്നു പറയും. നമ്മെ ഇന്ന് അലട്ടുന്ന ഏതു ദുഃഖത്തിന്റെയും കാരണം അന്വേഷിച്ചാല്‍ അത് ചെന്നെത്തുന്നത് നമ്മുടെ ഏതെങ്കിലും ഒരാഗ്രഹത്തിലായിരിക്കും. ആഗ്രഹങ്ങള്‍ എത്രമാത്രം കുറയുന്നുവോ അത്രമാത്രം ദുഃഖങ്ങളും ദുരിതങ്ങളും കുറയുമെന്നതു മക്കളുടെ ഓരോരുത്തരുടെയും അനുഭവങ്ങളില്‍ നിന്നു തന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. അപ്പോള്‍ ആഗ്രഹങ്ങളെ ഒഴിവാക്കുകയല്ലേ ദുഃഖത്തെ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം എന്നു തോന്നാം.
എന്നാല്‍ ഇവിടെ ചിന്തിക്കേണ്ട ഒരു വിഷയം ആഗ്രഹങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് നമുക്കു ജീവിക്കുവാന്‍ സാധിക്കുമോ എന്നതാണ്. വാസ്തവത്തില്‍ ആഗ്രഹങ്ങളല്ലേ നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്? ആഗ്രഹം ഒരിക്കലും തെറ്റാണെന്ന് അമ്മയ്ക്കു തോന്നുന്നില്ല; ആഗ്രഹത്തിനെ ഉപേക്ഷിക്കണമെന്നും അമ്മ പറയില്ല. എന്നാല്‍ ആഗ്രഹം ധര്‍മ്മത്തില്‍ ഉറച്ചതായിരിക്കണം. നമ്മുടെ ശാസ്ത്രങ്ങളും അതുതന്നെയാണ് പറയുന്നത്  ആഗ്രഹം ധര്‍മ്മത്തിനു വിരുദ്ധമാകരുതെന്ന്. ധര്‍മ്മവിരുദ്ധമായ ആഗ്രഹങ്ങള്‍ സഫലീകരിക്കുവാനുള്ള ശ്രമങ്ങളാണ് ദുഃഖത്തിനു കാരണമായിത്തീരുന്നത്. ധര്‍മ്മത്തിന് അനുസരിച്ച് അര്‍ത്ഥം സമ്പാദിച്ച്, അതുവഴി നേടാന്‍ കഴിയുന്ന ആഗ്രഹങ്ങള്‍ മാത്രം സഫലീകരിക്കുവാനാണ് ശാസ്ത്രങ്ങള്‍ ഉപദേശിക്കുന്നത്. അങ്ങനെ ജീവിക്കുന്നവര്‍ക്ക് തൃപ്തിയും സന്തോഷവും ഉണ്ടാകും.  ക്രമേണ അവര്‍ക്ക് മോക്ഷവും കൈവരും. ഒരാള്‍ക്ക് ചോക്ലേറ്റ് ഇഷ്ടമാണെന്നിരിക്കട്ടെ. അത് കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ആവശ്യത്തിനു മാത്രം കഴിക്കുക. ഒരു നിയന്ത്രണവുമില്ലാതെ ചോക്ലേറ്റ് തിന്നാല്‍ അത് അസുഖത്തിനും ദുഃഖത്തിനും വഴി തെളിക്കും. അപ്പോള്‍ ചോക്ലേറ്റിനോടുള്ള ആഗ്രഹമല്ല തെറ്റ്. അമിതമായി കഴിക്കുന്നതാണ് പ്രശ്‌നം. ഏതിനും ഒരു അതിരുണ്ട്. അത് ലംഘിക്കാന്‍ പാടില്ല. ധര്‍മ്മം അതാണ് പഠിപ്പിക്കുന്നത്. അസുഖം മാറുവാനായി മരുന്നു കഴിക്കേണ്ടത് ആവശ്യമാണ്, എന്നാല്‍ അതും അമിതമായി കഴിച്ചാല്‍ അപകടമാണ്. പ്രഷറിന് ഒരു ഗുളിക കഴിക്കേണ്ടിടത്ത് പത്ത് ഗുളിക കഴിച്ചാല്‍ ചിലപ്പോള്‍ ആള് മരിച്ചുപോകും. 
ആഗ്രഹങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് നമുക്കു ജീവിക്കുവാന്‍ സാധിക്കുകയില്ല.  നീല്‍ ആംസ്‌ട്രോങ്ങിന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു ചന്ദ്രനില്‍ പോകണമെന്നത്. അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ദിവസം പൂന്തോട്ടത്തില്‍ അമ്മയുടെ മടിയിലിരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, 'അമ്മേ, ഒരിക്കല്‍ ഞാന്‍ അവിടെ എത്തും.' ഒടുവില്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍ എന്ന പദവി അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. അപ്പോള്‍ ആഗ്രഹമാണ് നമുക്ക് പ്രയത്‌നിക്കാനുള്ള പ്രേരണ തരുന്നത്. മനുഷ്യന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം ആഗ്രഹമാണ്. ആഗ്രഹമാണ് അവന്റെ പ്രയത്‌നത്തിന് ശക്തി പകരുന്നത്.
നമ്മുടെ ശരീരത്തില്‍ രക്തത്തില്‍ ശ്വേതാണുക്കള്‍ ആവശ്യമാണ്. പക്ഷെ അത് അമിതമാകുമ്പോള്‍ അത് രക്താര്‍ബുദത്തിനു കാരണമാകുന്നു. എന്തിനും ഒരു മിതമുണ്ട്. ആഗ്രഹം ആകാം. എന്നാല്‍ അത് ദുരാഗ്രഹം ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. 
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു സ്ത്രീ ഒരിക്കല്‍ ഒരു ചിത്രകാരനെ കൊണ്ട് തന്റെ ചിത്രം വരപ്പിച്ചു. ആ ചിത്രകാരന്‍ വളരെ മനോഹരമായി തന്നെ അവരുടെ ചിത്രം വരച്ചു. ചിത്രം കണ്ട് ആ സ്ത്രീ ചിത്രകാരനോട് പറഞ്ഞു, 'എന്റെ ചിത്രത്തില്‍ ഒരു വൈരമാല കൂടെ വരക്കണം'. ചിത്രകാരന്‍ അവരോടു ചോദിച്ചു. 'അതെന്തിനാണ്? നിങ്ങള്‍ക്ക് വൈരമാല ഇല്ലല്ലോ?'. ആ സ്ത്രീ പറഞ്ഞു, 'ഞാന്‍ മാരകമായ ഒരു രോഗത്തിന്റെ പിടിയിലാണ്. എന്റെ മരണശേഷം എന്റെ ഭര്‍ത്താവ് തീര്‍ച്ചയായും വേറെ ഒരുത്തിയെ വിവാഹം കഴിക്കും. അവള്‍ ഈ ചിത്രത്തിലെ വൈരമാല ചോദിച്ചു എന്റെ ഭര്‍ത്താവിന്റെ സൈ്വരം കെടുത്തും. അങ്ങനെ എന്റെ ഭര്‍ത്താവ് വേറൊരുത്തിയുമായി സുഖിച്ചു ജീവിക്കേണ്ട'. നമ്മുടെ മനസ്സും ആഗ്രഹങ്ങളും പലപ്പോഴും ഈ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവര്‍ സന്തോഷിക്കുന്നത് നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല. 'ഞാന്‍ സന്തോഷിച്ചില്ലെങ്കില്‍ അവരും സന്തോഷിക്കണ്ട. അതുകൊണ്ട് അവരുടെ സന്തോഷം എങ്ങനെ ഇല്ലാതാക്കും?' ഇതാണ് മനോഭാവം. അസൂയയും വിദ്വേഷവും കൊണ്ട് മനസ് അസ്വസ്ഥമാകുമ്പോള്‍, ആഗ്രഹങ്ങള്‍ ധര്‍മ്മാനുസൃതമാകില്ല. അത്തരം ആഗ്രഹങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ദുഃഖത്തിനും ദുരിതത്തിനും കാരണമാകും.
അതിനാല്‍ ഓരോ ആഗ്രഹവും മനസ്സില്‍ ഉടലെടുക്കുമ്പോള്‍ മക്കള്‍ അതിനെ ശ്രദ്ധയോടെ നിരീക്ഷിക്കണം. മറ്റുള്ളവര്‍ക്കു വേദനയുളവാക്കാന്‍ സാദ്ധ്യതയുള്ള ആഗ്രഹങ്ങളെ വളര്‍ത്താതിരിക്കാന്‍ ശ്രമിക്കണം. അവയെ തുടക്കത്തില്‍ത്തന്നെ ഉപേക്ഷിക്കണം. ആഗ്രഹങ്ങള്‍ മനസ്സില്‍ മുള പൊട്ടുമ്പോള്‍ത്തന്നെ അത് തനിക്കും മറ്റുള്ളവര്‍ക്കും നന്മയുണ്ടാക്കുന്നതാണൊ എന്ന് ആത്മാര്‍ത്ഥമായി ചോദിച്ച്പരിശോധന നടത്തണം.  ചിന്തകളേയും ആഗ്രഹങ്ങളേയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ചുരുക്കത്തില്‍, ആഗ്രഹങ്ങള്‍ തെറ്റല്ല. തനിക്കും മറ്റുള്ളവര്‍ക്കും നന്മ വരുത്തുന്ന, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ആഗ്രഹിക്കാനും, അവ സഫലമാക്കാനും വേണ്ടിയുള്ളതാണ് ജീവിതം. ഈ തിരിച്ചറിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും, ജീവിതസാഫല്യത്തിലേക്ക് അവനെ നയിക്കുന്നതും...janmbhumi

No comments:

Post a Comment