Friday, June 01, 2018

🌹👏സജ്ജനങ്ങള്‍👏🌹
”ന പര: പാപമാദത്തേ പരേഷാ പാപകര്‍മ്മണാം സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണ:”
ഒരു കരടി, പുലിയോടു പറഞ്ഞ ശ്‌ളോകമാണിത്.
ആദികാവ്യമായ രാമായണത്തില്‍ സീത ഹനൂമാനോട് പറയുന്നു.
തന്നെദ്രോഹിച്ചവരോടു പോലും ക്ഷമിക്കുന്നവരാണ് സജ്ജനങ്ങള്‍.
സല്‍ പ്രവൃത്തിയാണ് സജ്ജനങ്ങള്‍ക്കലങ്കാരം. എന്നു ഒരുകരടി പുലിയോടു പറഞ്ഞകഥ ….!!
വനത്തില്‍ നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി പ്രാണരക്ഷാര്‍ത്ഥം അയാള്‍ ഒരു മരത്തില്‍ അള്ളിപ്പിടിച്ചുകയറി രക്ഷപ്പെട്ടു. പക്ഷേ, തൊട്ടു മുകളിലെ കൊമ്പിലിരിക്കുന്ന ഒരു കരടി, താഴെ മരച്ചുവട്ടില്‍ കാത്തു നില്‍ക്കുന്ന പുലിയും…! ഭയന്നു വിറച്ചു നില്‍ക്കുന്ന വേടനോടു കരടി പറഞ്ഞു: ”സ്‌നേഹിതാ കേറി എന്നരികില്‍ ഇരുന്നോളൂ.ഞാന്‍ ഉപദ്രവിക്കില്ല.”വേടന്‍ പതുക്കെ കരടിക്കരികില്‍ ഇരുന്നു. ഉറക്കം വന്നപ്പോള്‍ തന്റെ മടിയില്‍ തല വച്ചുറങ്ങാനും സമ്മതിച്ചു. താഴെയിരുന്ന പുലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവന്‍ കരടി യോടു വിളിച്ചു പറഞ്ഞു. ”നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടുതരൂ. ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം.നിന്നെ ഞാന്‍ ഉപദ്രവിക്കില്ല. നാം ഒരേ വര്‍ഗ്ഗക്കാരല്ലേ?” ”ഞാന്‍ പറഞ്ഞിട്ടാണ്,എന്നെ വിശ്വസിച്ചാണ് ഇയാള്‍ കിടക്കുന്നത്.വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ?” കരടിയുടെ മറുപടികേട്ട് പുലി നിരാശനായി അല്‍പ്പം കഴിഞ്ഞപ്പോള്‍ വേടന്‍ ഉണര്‍ന്നു. കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അതിനാല്‍ അവന്‍ വേടന്റെ മടിയില്‍ തല വച്ചുറക്കമായി. അതുശ്രദ്ധിച്ച പുലിതന്ത്ര പൂര്‍വ്വം വേടനോടു പറഞ്ഞു. ”എടോ വേടാ ആതടിമാടന്‍ കരടിയെ തള്ളിയിടൂ, ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം.നിനക്കു നിന്റെ വീട്ടിലേക്കും പോകാം. ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നണ്ടാവില്ലേ?” വേടന്റെ മനസ്സിളകി. കരടിയെ അവന്‍ ശക്തമായി തള്ളി. പക്ഷേ,മരക്കൊമ്പില്‍പിടിച്ചിരുന്നതിന്നാല്‍ വീണില്ല.! അപ്പോഴും പുലി വിളിച്ചു പറഞ്ഞു: ഹേ, കരടി! നിന്റെ സ്‌നേഹത്തെമറന്നു, നിന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ച ആ നീചനെ ഇനിയും നീരക്ഷിക്കണോ? തള്ളിയിടൂ താഴെ,എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ.” അപ്പോള്‍ കരടി ചൊല്ലിയ മറുപടി കേട്ടോളൂ: ”ന പര: പാപമാദത്തേ പരേഷാപാപ കര്‍മ്മണാം സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണാ:” സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം. തനിക്കുദ്രോഹം ചെയ്തവരോടുപോലും അവര്‍ പ്രതികാരം ചെയ്യില്ല എന്നാണിതിന്റെ സാരം…
ഈ കഥയിലെ കരടിയുടെ മാന്യതപോലും ഇന്നത്തെ മനുഷ്യനില്ലാതെപോയതിനാലാവും കഥാകാരൻ അവിടെപോലും മൃഗത്തിന്‌ ആ സ്ഥാനം കൊടുത്തത്…. മനുഷ്യൻ സ്വാർത്ഥ താത്പര്യംകൊണ്ട് ആരെയും ചതിക്കാൻ മടിക്കില്ല…..sanathanadharmam.

No comments:

Post a Comment